Image

പെലോസിക്ക് വെല്ലുവിളി നേരിടാന്‍ കഴിയുമോ? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 13 November, 2018
പെലോസിക്ക് വെല്ലുവിളി നേരിടാന്‍ കഴിയുമോ? (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇനിയും പൂര്‍ണ്ണമായി പ്രഖ്യാപിച്ച് കഴിഞ്ഞിട്ടില്ല. സെനറ്റിലെയും ജനപ്രതിനിധി സഭയിലെയും ഏതാനും ഫലങ്ങള്‍ അന്തിമതീരുമാനമായിട്ടില്ല. പുതുവര്‍ഷത്തില്‍ രണ്ട് സഭകളും സമ്മേളനക്കുമ്പോള്‍ സെനറ്റില്‍ റിപ്പബ്ലിക്കുന്‍ പാര്‍്ട്ടിക്കും ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കും ഭൂരിപക്ഷം ഉണ്ടാവും എന്ന് ഉറപ്പാണ്. ഏറ്റവുമധികം ധ്രുവീകരണ ഏറ്റവും അധികം പണത്തിന്റെ ഒഴുക്കും ദൃശ്യമായ ഒരു തിരഞ്ഞെടുപ്പായിരുന്നു ഇത്്.  ടെക്‌സസിലെ സെനറ്റ് മത്സരത്തില്‍ ദൃശ്യമായത് പോലെ സംസ്ഥാനത്തിന്റെ പുറത്ത് നിന്ന് തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് ധനം ഒഴുകി എന്ന് ആരോപണം ഉണ്ടായതും ആദ്യമായാണ്.

തിരഞ്ഞെടുപ്പ് ഫലങ്ങളും ദൃശ്യമായ പ്രവണതകളും ആഴത്തില്‍ പരിശോധിക്കേണ്ടതുണ്ട്. ഈ ലേഖനത്തില്‍ അതിന് മുതിരുന്നില്ല. ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് 24 സീറ്റും, റിപ്പബ്ലിക്കനുകള്‍ക്ക് 201 സീറ്റും ഉണ്ടാവുമെന്നാണ് ചില പ്രലംബങ്ങള്‍(പ്രൊജക്ഷന്‍സ്) പറയുന്നത്. അന്തിമഫലങ്ങളില്‍ മാറ്റം ഉണ്ടായേക്കാം.
ജനപ്രതിനിധി സഭയിലെ ഭൂരിപക്ഷം സ്പീക്കര്‍ പദവി ഡെമോക്രാറ്റുകള്‍ക്ക് നല്‍കുന്നു. അമേരിക്കന്‍ ഭരണഘടന ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സിന്റെ സ്പീക്കര്‍ക്ക് ഭരണനിര്‍വഹണത്തില്‍ മൂന്നാം സ്ഥാനമാണ് നല്‍കുന്നത്. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ഏതെങ്കിലും കാരണത്താല്‍ കൃത്യനിര്‍വഹണം കഴിയാതെ വന്നാല്‍ സ്പീക്കറാണ് പ്രസിഡന്റായി അധികാരമേല്‍ക്കുക. സ്പീക്കര്‍ പദവിക്ക് സഭയുടെ അദ്ധ്യക്ഷന്‍ എന്നതില്‍ ഉപരി ഇങ്ങനെ ഒരു പ്രാധാന്യം കൂടിയുണ്ട്. ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സില്‍ മുന്‍പ് ഭൂരിപക്ഷം ഡെമോക്രാറ്റുകള്‍ക്കായിരുന്നപ്പോള്‍ കാലിഫോര്‍ണിയായില്‍ നിന്നുള്ള പ്രതിനിധി നാന്‍സി പെലോസിയായിരുന്നു സ്പീക്കര്‍. ഈ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ സജീവമാവുകയും ഡെമോക്രാറ്റിക് പാര്‍ട്ടി ഭൂരിപക്ഷം നേടും എന്ന് പ്രവചനങ്ങള്‍ ഉണ്ടാവുകയും ചെയതപ്പോള്‍ മുതല്‍ പെലോസി സ്പീക്കറാവും എന്ന പ്രവചനം ഉണ്ടായി.
വിജയാഘോഷങ്ങള്‍ക്കിടയില്‍ തന്നെ സ്പീക്കറാവാന്‍ തനിക്ക് ഉദ്ദേശമുണ്ടെന്ന് പെലോസി പറഞ്ഞു. പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പും പാര്‍ട്ടി അതിരുകള്‍ മറികടന്ന് പെലോസി ഈ ജോലിക്ക് യോഗ്യയാണെന്ന് പറഞ്ഞു. അടുത്ത ഊഴത്തില്‍ താന്‍ മുന്‍ഗണന നല്‍കുക, ആരോഗ്യപരിക്ഷാ ചെലവുകള്‍ കുറയ്ക്കുക, കുറിപ്പടി മരുന്നുകളുടെ വില താഴേയ്ക്ക് കൊണ്ടുവരിക, വേതനം ഉയര്‍ത്തുക, റോഡുകളും പാലങ്ങളും കൂടുതല്‍ മെച്ചപ്പെടുത്തുക, അഴിമതി തുടച്ച് നീക്ക്ി അമേരിക്ക നിഷിപ്ത താല്‍പര്യക്കാര്‍ക്ക് വേണ്ടി അല്ലാതെ അമേരിക്കക്കാര്‍ക്ക് വേണ്ടിയാണ് എന്ന് ഉറപ്പ് വരുത്തുക എന്നിവയ്ക്കായിരിക്കും എന്ന് പെലോസി പറഞ്ഞു. ഈ ലക്ഷ്യങ്ങള്‍ ഭരണസംവിധാനങ്ങള്‍ മാറിവന്നിട്ടും അപ്രാപ്യമായി തന്നെ നില്‍ക്കുകയാണ്. ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പ് ട്രമ്പ് പറഞ്ഞപ്പോഴാണ് കുതിച്ചുയരുന്ന മരുന്നുകളുടെ വില കുറയ്ക്കണം എന്ന ആവശ്യം നേതൃതലത്തില്‍ ഉന്നയിച്ചു കണ്ടത്.

പെലോസി 78 വയസുകാരിയാണ്. ഡെമോക്രാറ്റിക് പാര്‍ട്ടി ജനപ്രതിനിധികളില്‍ രണ്ടാം സ്ഥാനമായ ഭൂരിപക്ഷ കക്ഷി നേതൃസ്ഥാനത്തേയ്ക്ക് മത്സിരിക്കുക മെരിലാന്‍ഡില്‍ നിന്നുള്ള സ്റ്റെനി ഹോയര്‍ ആയിരിക്കും. മൂന്നാം സ്ഥാനമായ വിപ്പ് പദവിയിലേയ്ക്ക് മത്സരിക്കുവാന്‍ സൗത്ത് കരോലിന പ്രതിനിധി ജെയിംസ് ക്ലൈബണ്‍ രംഗത്തുണ്ട്. മൂവര്‍ക്കും പ്രായം 70ന് മുകളില്‍.

അമേരിക്കയുടെ 116-മ്ത് കോണ്‍ഗ്രസാണ് 2019 ജനുവരിയില്‍ സമ്മേളിക്കുക. പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങളിലേയ്ക്ക് യുവരക്തം  ആവശ്യമാണെന്ന് മുറവിളി ഉയര്‍ന്നിട്ടുണ്ട്. ട്രമ്പിനെ ഇംപീച്ച് ചെയ്യണം എന്ന മുദ്രാവാക്യം ഡെമോക്രാറ്റുകള്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഉയര്‍ത്തിയില്ല. ഇപ്പോള്‍ ട്രമ്പും പെലോസിയും സഹവര്‍ത്തിത്വത്തിലാണ്. പ്രഖ്യാപനങ്ങളിലൂടെ സൗഹൃദങ്ങള്‍ അവസാനിപ്പിക്കുവാനും ശത്രുക്കളെ സൃഷ്ടിക്കുവാനും ട്രമ്പിനുള്ള കഴിവ് പ്രസിദ്ധമാണ്. ഇക്കാര്യത്തില്‍ പെലോസിയും കുറവ് പ്രദര്‍ശിപ്പിച്ചിട്ടില്ല.

ശീതസമരങ്ങള്‍ മറ നീക്കി പുറത്തേയ്ക്ക് വരുന്നതും ഭരണസ്തംഭനത്തില്‍ കലാശിക്കുന്നതും കാണാറുണ്ട്. അടുത്ത രണ്ട് വര്‍ഷവും വ്യത്യസ്തമായിരിക്കില്ല. ഇതിനിടയില്‍ 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രൈമറികള്‍ ആരംഭിക്കുകയായി. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ പ്രത്യാശികളുടെ ഒരു വലിയ സേന പ്രത്യക്ഷപ്പെട്ടേക്കാം. പെലോസി, ഹിലരി, എലിസബെത്ത് വാറന്‍ തുടങ്ങിയ വനിതകള്‍ മുന്നിലുണ്ടാവും. ഒട്ടും പിറകിലല്ലാതെ മറ്റുള്ളവരും. ടെക്‌സസില്‍ ചരിത്രം സൃഷ്ടിച്ച സെനറ്റ് മത്സരത്തില്‍ ധനശേഖരണത്തിലും റിക്കാര്‍ഡ് ഇട്ട ബീറ്റോ ഒ റൗര്‍കി, ഒരു രാഷ്ട്രീയ ഭീമനെ തറപറ്റിച്ച കൊളിന്‍ ആല്‍റെഡ് എന്നിവരുടെ പേരുകളും കേള്‍ക്കുന്നുണ്ട്.

പെലോസിക്ക് വെല്ലുവിളി നേരിടാന്‍ കഴിയുമോ? (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക