Image

സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-24: ഏബ്രഹാം തെക്കേമുറി)

Published on 13 November, 2018
സ്വര്‍ണ്ണക്കുരിശ് (നോവല്‍- ഭാഗം-24: ഏബ്രഹാം തെക്കേമുറി)
അങ്ങകലെ കാറിന്റെ ഹോറണ്‍ കേട്ടു് പുനലൂരാന്‍ എത്തി നോക്കി. “റാഹേലേ അവന്‍ വരുന്നു” കാറടുത്തെത്തി. പ്രതീക്ഷയ്ക്കു വിപരീതമായി മരിയാ സന്യാസിനി മുമ്പില്‍. കൂട്ടത്തില്‍ രാജന്ം. പുനലൂരാന്റെ അകമൊന്നു കാളി. എന്താണു പറയേണ്ടതെന്നറിയാതെ പരുങ്ങി.
“സാറേ ഞാന്‍ കുട്ടിയുമായി വന്നതാണു്.നില്‍ക്കക്കള്ളിയില്ലാതായി. ക്ഷമിക്കണം. നിങ്ങളുടെ മരുമകനാണീ ആര്‍. എസു്. കെയെന്നതു് എനിക്കറിയില്ലായിരുന്നു.” സന്യാസിനി ദയനീയതയോടു് നോക്കി.
അറിഞ്ഞിരുന്നുവെങ്കില്‍ ഈ അവസ്ഥയില്‍ ഇവിടെ എത്തുകയില്ലായിരുന്നുവെന്നു സാരം.
സ്ഥലകാലബോധം വീണ്ടെടുത്ത പുനലൂരാന്‍ ഉപായേണ മുറ്റത്തേക്കിറങ്ങി. സന്യാസിനിയും മെല്ലെ പിന്തുടര്‍ന്നു.
ആരും കേള്‍ക്കുന്നില്ലെന്നു ചുറ്റുപാടും നോക്കി ഉറപ്പു വരുത്തിയ പുനലൂരാന്‍ വാക്കുകളെ തേടി വിതുമ്പുകയായിരുന്നു.
പുനലൂരാന്റെ മുഖഭാവം ശ്രദ്ധിച്ച മരിയാ സന്യാസിനി പറഞ്ഞു.
“ആരും ഒന്നും അറിഞ്ഞിട്ടില്ല. എല്ലാം ഇപ്പോഴും രഹസ്യമാണു്. കുട്ടിയുടെ രക്ഷാകര്‍തൃത്വം സാറിലാണെന്നുമാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളു. എന്തു കഥകള്‍ വേണമെങ്കിലും ധൈര്യമായി പറഞ്ഞു
പ്രശ്‌നപരിഹാരം ഉണ്ടാക്കിക്കൊള്ളു.എനിക്കൊരപേക്ഷ മാത്രം. ‘ഞാന്‍ കര്‍ത്താവിന്റെ മണവാട്ടി, എന്നെക്കൊണ്ടു് കള്ളം പറയിക്കല്ലേ’.”
ഇരുവരും കാറിനടുത്തേക്കു നടന്നു. പുനലൂരാന്റെ കണ്ണകളില്‍ തീപ്പൊരി പാറുകയായിരുന്നു. ‘അശുഭശകുനമേ! എന്റെ കൊച്ചിന്റെ ജീവന്‍ അപകടത്തിലാവുമെന്നു് അന്നു ്‌ഡോക്ടര്‍ പറഞ്ഞതാണു് നിന്റെയീ ജന്മത്തിന് കാരണം. അല്ലായിരുന്നെങ്കില്‍ ഒരു കഷണം പഴംതുണിയില്‍ നീ മണ്ണായി മാറിയേനേം.’ മനോഗതത്തിന്റെ ക്രുദ്ധഭാവത്തിലയാള്‍ കാറിനകത്തേക്കു തുറിച്ചുനോക്കി.
കാറിന്റെ പുറകിലത്തെ സീറ്റില്‍ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ക്ഷീണിതകോലമായി ഇരുന്ന പെണ്‍കുട്ടിയുടെ കൈയ്യില്‍പ്പിടിച്ചു് മരിയാ മാഡം വെളിയിലിറക്കി.
“കൊച്ചേ, രജനീ. . . ഈ അപ്പച്ചന്‍ ഇനിയും മോളെ നോക്കിക്കോളും. ഞാന്‍ പോകയാണു്. മോളു വലുതാകുമ്പോള്‍ ഈ മാഡത്തിനേക്കാണാന്‍ വരണേ.”
രംഗം വീക്ഷിച്ചുനിന്നിരുന്ന റാഹേലമ്മ മുന്നോട്ടു ചെന്നു് കുട്ടിയുടെ കൈയ്യില്‍ പിടിച്ചു.
“വാ. . .കുട്ടീ.”
ധൃതിയില്‍ മടക്കയാത്രയ്‌ക്കൊരുങ്ങിയ മരിയാമാഡത്തിനോടൊപ്പം ആര്‍. എസു്. കെയും യാത്ര പറഞ്ഞിറങ്ങി.
ഗെയിറ്റിന് വെളിയിലേക്കു് കടന്ന വാഹനത്തെനോക്കി മതിലിന്മേല്‍ പടര്‍ന്നുകിടക്കുന്ന ബോഗന്‍ വില്ലയുടെ തണലുചേര്‍ന്നു് ഒരു പ്‌ളാസ്റ്റിക് കവറിന്ള്ളിലെ ഉടുതുണിയുമായി രജനി നിന്നു. ആരെയും അറെപ്പിക്കുന്ന വേഷവും, വെറുപ്പിക്കുന്ന അനാഥയെന്ന മുഖവുമുള്ള രജനിയെ സ്വീകരിപ്പാന്‍ ആരുമുണ്ടായില്ല.
“സരോജിനി. . ഈ കൊച്ചിനെ വിളിച്ചോണ്ടു പോ. ഇന്നുമുതല്‍ നിനക്കൊരു കൂട്ടുകാരിയായി ഇവളിരിക്കട്ടെ.” മത്തായി പുനലൂരാന്‍ കല്‍പ്പിച്ചു.
“എന്തായാലും വലിയപ്രശ്‌നം ഒഴിവായിക്കിട്ടി.” പുനലൂരാന്‍ റാഹേലമ്മയുടെ ചെവിയില്‍ മന്ത്രിച്ചു.
“ഇനിയുമോ?” റാഹേലമ്മ ജിജ്ഞാസ പൂണ്ടു.
“കഥയൊന്നും വേണ്ടാ. അനാഥാലയത്തില്‍നിന്നും ഒരു കുട്ടിയെ നമ്മള്‍ ദത്തെടുത്തു. അത്രമാത്രം. ഒരു ദത്തുപുത്രിയായി ഇവളെ നമുക്കു ലിസിക്കു് സമ്മാനിക്കണം. അന്ത്യന്യായവിധി നാളില്‍ അത്രയും കുറച്ചു് കണക്കു് പറഞ്ഞാല്‍ മതിയല്ലോ!.”
രജനി സരോജിനിയുടെ പിന്നാലെ അടുക്കളവാതിലിലൂടെ അകത്തു കടന്നു. പരിചയമില്ലാത്ത മുഖങ്ങളുടെ മുമ്പില്‍ ഒരു ദീനതയുടെ മ്‌ളാനത ആ കൊച്ചുമുഖത്തു് നിഴലിച്ചു. ആരുടെയൊക്കെയോ ഔദാര്യത്തില്‍ മാത്രമുള്ള ജീവിതത്തിന്റെ ഭയാശങ്കകളില്‍ ആ പിഞ്ചുഹൃദയം തേങ്ങുകയായിരുന്നു. ‘അനാഥ’യെന്ന പദം അതിന്റെ സര്‍വവ്യാപ്തിയോടു് നിന്നു വിങ്ങുകയായിരുന്നു. ഈയാംപാറ്റ പോലെ വിറക്കുന്ന മാറില്‍ ഒരു കൊച്ചുഹൃദയം നിന്നുതേങ്ങി.
ആ തേങ്ങലിന്റെ ഈണം മനസിലാക്കാന്‍ സരോജിനിക്കും കഴിഞ്ഞില്ല. കാലത്തിന്റെ ഗതിയിലുള്ള ആരോപണങ്ങളെ അവളുടെ മനസും തൊടുത്തു. ‘ആരോ ആണുങ്ങള്‍ വഞ്ചിച്ചുണ്ടാക്കിയ ചതിവിന്റെ പര്യായ’മെന്നു് അവളും വിധിയെഴുതി. ഇരുളിന്റെ നിഷ്ഫല പ്രവര്‍ത്തികളില്‍ നിന്നും ഉരുവായ ഒന്നായിമാറി രജനി. ആ ചെറുകണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാരധാരയായി ഭൂതലത്തെ നനെയ്ക്കുന്നുണ്ടായിരുന്നു. ഓരോ തുള്ളികളും ഒരായിരം ചോദ്യങ്ങളായി അവിടെ പുനര്‍ജ്ജീവിക്കുംപോലെ.
ആ കണ്ണീര്‍ക്കണങ്ങളിലൂടെ സരോജിനി ഭൂതകാലത്തിലേയ്ക്കു് നയിക്കപ്പെടുകയായിരുന്നു.
തെറ്റിനെ ശരിയാക്കി രൂപപ്പെടുത്തിയ നാളുകളില്‍ ഓര്‍മ്മകള്‍ ഉടക്കവേ, ആവര്‍ത്തിക്കപ്പെടുന്ന തെറ്റിന്റെ ആവര്‍ത്തനങ്ങളെനോക്കി ആര്‍ത്തവപീഡയുള്ള കന്യകയുടെ മുഖഭാവത്തോടു് അവള്‍ നിന്നു.
‘നാളെയുടെലോകത്തു് കുഞ്ഞേ! നീയും ഒരു പെണ്ണിന്റെ ദുഃഖങ്ങള്‍ ഏറ്റുവാങ്ങാന്‍ വളരുന്നു മോളേ. സകല പ്രേമങ്ങളും, ഔദാര്യങ്ങളും, കരുണകളും, പരോപകാരവുമെല്ലാം പര്യവസാനിക്കുന്നതു് ഒരേ ബിന്ദുവിലാണു മോളേ.’ സരോജിനി വികാരത്തിന്റെ തീവ്രതയില്‍ തളരുകയായിരുന്നു. അവള്‍ രജനിയുടെ താടി പിടിച്ചുയര്‍ത്തി ആ കണ്ണുകളിലേയ്ക്കു് സൂക്ഷിച്ചു നോക്കി. നനവാര്‍ന്ന ആ കണ്ണകളെ തന്റെ വസ്ത്രാഗ്രംകൊണ്ടു് തുടച്ചു. അലക്ഷ്യമായിക്കിടന്ന മുടികളെ കൈവിരലുകള്‍ക്കൊണ്ടു് കോതിയൊതുക്കി മാതൃത്വത്തിന്റെ വാല്‍സല്യത്തോടു് അവളെ പുല്‍കുമ്പോള്‍ അലസിപ്പിച്ചഗര്‍ഭത്തിന് താരാട്ടു് പാടുന്ന മുഖഭാവമിയിരുന്നവള്‍ക്കു്.
ഓര്‍മ്മകള്‍ പണ്ടെങ്ങോ മിന്നിമറഞ്ഞ പ്രണയത്തിലേയ്ക്കു് മനസിനെ വലിച്ചിഴച്ചപ്പോള്‍ അവള്‍ അറിയാതെ കരയുകയായിരുന്നു. അതു കണ്ട രജനി ചോദിച്ചു.
“എന്താ ചേച്ചി കരയുകയാണോ?”
“അതേ മോളേ ! ജീവിതത്തിന്റെ ദുഃഖങ്ങള്‍ മാത്രം അന്ഭവിക്കാന്‍ വിധിക്കപ്പെട്ട എനിക്കു് കരയാന്‍ മാത്രമല്ലേ കഴിയൂ.” ഇതു പറയുമ്പോള്‍ നഷ്ടപ്പെട്ട ദിവാസ്വപ്നങ്ങള്‍ അവളുടെ കണ്ഠനാളങ്ങളെ ബന്ധിക്കയായിരുന്നു. പ്രതാപത്തിന്റെ ഉത്തുംഗതയില്‍ വഞ്ചകനായ കാമുകന്‍ ജ്വലിച്ചുനില്‍ക്കുമ്പോഴും, അയാള്‍ക്കു് മുഖം കൊടുക്കാതെ തരംതാഴ്ത്തപ്പെട്ട വേലക്കാരിയായി എച്ചില്‍ പാത്രങ്ങളുടെയിടയില്‍ ഒരു ഇത്തിള്‍ക്കണ്ണിയായി ജീവിതം തുടരുന്ന താന്‍. ഏതാണ്ടൊക്കെ തനിക്കും മനസിലായിരിക്കുന്നു. പണത്തിന്റെയും പ്രതാപത്തിന്റെയും പ്രശസ്തിയുടെയും ഈ കൊട്ടാരത്തിന്ള്ളില്‍ അരങ്ങേറുന്ന നിഴല്‍നാടകം. ‘രജനി’ രഹസ്യങ്ങളുടെ ഒരു പരസ്യമായി ഇന്നവള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കൊച്ചമ്മയോടു ചോദിച്ചാല്‍ ഉത്തരത്തിന് പകരം ശകാരങ്ങള്‍ മാത്രം. എന്തായാലും ബാബുവേട്ടന്‍ വരട്ടെ. മരിയാമാഡവും രാജന്‍സാറും കൂടി കൊണ്ടെത്തിച്ചതാ ണെന്നു പറയുമ്പോള്‍ എന്തെങ്കിലുമൊക്കെ സത്യം അയാള്‍ കണ്ടുപിടിക്കാതിരിക്കില്ല.
രാവിരുളുന്നതിനൊപ്പിച്ചു് അത്താഴത്തിന്ള്ള ഒരുക്കങ്ങള്‍ സരോജിനി നടത്തവേ രജനി കൂട്ടാളിയായി അടുക്കളയില്‍ വാക്കുകള്‍കൊണ്ടു് ഒരു ന്റുങ്ങുലോകം തീര്‍ക്കുകയായിരുന്നു. ‘ഏഴരക്കുഴിയാനകളുടെ കഥ, മണ്ണാംകട്ടയും കരിയിലയും കാശിക്കുപോയ കഥ’. എന്നിങ്ങനെ. കഥകള്‍ തീര്‍ന്നപ്പോള്‍ സരോജിനി ചോദിച്ചു.
“കുട്ടിക്കു് പാടാനറിയാമോ?”
“ അറിയാം ചേച്ചി. റാണി മിസു് പഠിപ്പിച്ചതാ. ഒത്തിരി അറിയില്ല.”
“എന്നാല്‍ പാടിക്കേ കേള്‍ക്കട്ടേ.”
പാവാടച്ചരടു് വിരല്‍തുമ്പില്‍ ചുറ്റിക്കൊണ്ടു് രജനി പാടുവാന്‍ തുടങ്ങി.
“പിഞ്ചുമനസിന്‍ നൊമ്പരങ്ങള്‍
ഒപ്പിയെടുക്കാന്‍ വന്നവനാം ഈശോയേ
ആശ്വാസം നീയല്ലോ. . . .”
കാറിന്റെ ഇരമ്പലു കേട്ട സരോജിനി കണ്ണുകളെ അമര്‍ത്തിത്തുടച്ചു. ടൈറ്റസു്‌സാര്‍ എത്തിയിരിക്കുന്നു. സരോജിനിക്കടക്കാന്‍ കഴിയുന്നില്ല. ആരുമാരുമറിയാത്തതെന്നു് നിനെച്ചിരിക്കുന്ന നിരവധി രഹസ്യങ്ങളുടെ ഊഹാപോഹങ്ങള്‍ അവളുടെ മനസില്‍ വീര്‍പ്പുമുട്ടി നില്‍ക്കുന്നു.
കാറിന്റെ ഇരമ്പലു കേട്ട റാഹേലമ്മ എത്തിനോക്കി. ടൈറ്റസു് മടങ്ങിയെത്തിയിരിക്കുന്നു. ‘എന്താണു് അവനോടിനി പറയുക? കഴുകന്റെ കണ്ണും പാമ്പിന്റെ ബുദ്ധിയുമാണവന്്. ബാബുവും മോശമല്ല. യാഥാര്‍ത്ഥ്യം മനസിലാക്കിയാല്‍ കുഴപ്പങ്ങളുടെ ഒരു നീണ്ട നിരതന്നെ.’
റാഹേലമ്മ ധൈര്യം അവലംബിച്ചു. കുറ്റം തെളിയിക്കപ്പെടുന്നതുവരെയും കുറ്റവാളി നിരപരാധി തന്നെ. വലിയ സൗധത്തിന്ള്ളിലെ അടുക്കളയില്‍ ഒരു ചെറിയ കുട്ടി തല്‍ക്കാലത്തേക്കു് ആരുടെയും കണ്ണില്‍പെട്ടില്ല.
എന്നിരുന്നാലും പ്രശ്‌നപരിഹാരം ഭംഗിയായി നിര്‍വഹിച്ചു് അഭിമാനം നിലനിര്‍ത്താന്ള്ള പോംവഴികള്‍ പുനലൂരാന്ം റാഹേലമ്മയും ചേര്‍ന്നിരുന്നു കാതോടു് കാതു് മന്ത്രങ്ങള്‍ ചൊല്ലി നെയ്‌തെടുക്കുകയായിരുന്നു.
“എടീ, നീ നാളെ അവളെയുംകൊണ്ടു് ലിസിയുടെ വീട്ടില്‍ വരെ പോകുക. അവിടെച്ചെന്നു് അവളോടു് പറയണം. എല്ലാംകൊണ്ടും ഒരു സഹായമല്ലേ ഒരു കൊച്ചു വീട്ടിലുള്ളതെന്നു്.” പുനലൂരാന്‍ ബുദ്ധി ഉപദേശിച്ചു.
“ശരിയാണു മന്ഷ്യാ. . പക്‌ഷേ ‘കണ്ടോന്റെ പുള്ളിന് പൂട പറിച്ചാല്‍ അവസാനം പുള്ളുമില്ല, പൂടേമില്ല’യെന്നു് അവള്‍ പറഞ്ഞൊഴിഞ്ഞാലോ?”
“അങ്ങനെ ഒഴിഞ്ഞാല്‍ കാര്യം നടക്കുമോ? ഗതികേടെന്നു തോന്നിയാല്‍ നീ കാര്യം തുറന്നങ്ങു പറയണം.”
“തുറന്നു പറഞ്ഞാല്‍ ബാബു ഇവിടുള്ളിടത്തോളം പ്രശ്‌നം ഗുരുതരമാകും. കാരണം എല്ലാ പെണ്ണുങ്ങള്‍ക്കും കൊച്ചിന്റെ തന്തയോടു് ഒരു സ്‌നേഹമുണ്ടാകും.”
“ നീയെന്താ പറഞ്ഞു തുടങ്ങുന്നതു്. അവന്റെ പിന്നാലെ അവളിനിയും പോകുമെന്നോ?”
“ചിലപ്പോള്‍ അങ്ങനെയും സംഭവിക്കാം.”
“പോടീ. . .ഈ പണവും പ്രതാപവുമൊക്കെ കളഞ്ഞിട്ടോ?. . . എന്നാല്‍പ്പിന്നെ ഭൂലോകമില്ലെല്ലോ?”
സ്വന്തകുഞ്ഞിനെ തള്ളയെ ഏല്‍പ്പിക്കാന്ള്ള ആലോചന നടക്കുമ്പോള്‍ പരിയംപുറത്തു് രജനിയും ബാബുവും സരോജിനിയും തമ്മില്‍ സമ്മേളിക്കയായിരുന്നു. അനാഥാലയത്തില്‍ ജീവിച്ച വിവരങ്ങള്‍ രജനി പറഞ്ഞു. രജനി വന്നെത്തിയ മാര്‍ക്ഷവും സമയവും സരോജിനി പറഞ്ഞു. അധികമൊന്നും വേണ്ടി വന്നില്ല ബാബുവിന്്. അയാള്‍ രജനിയുടെ മുഖത്തു് തറെപ്പിച്ചുനോക്കി. ആ പിഞ്ചുവിരലുകളില്‍ പിടിച്ചു് നിവര്‍ത്തുനോക്കി. അവളുടെ കാല്‍വണ്ണകളില്‍ നോക്കി. നീണ്ടുമെലിഞ്ഞ ശരീരഭാഗങ്ങളെയോരോന്നു് കാണുമ്പോഴും അയാളിലെ മന്ഷ്യന്‍ ഏതോ ലോകത്തിലേയ്ക്കു് ഉയരുകയായിരുന്നു.
“എന്താ അങ്കിളെന്നേ തുറിച്ചു നോക്കുന്നതു്?” രജനി ചോദിച്ചു.
“ഒന്നുമില്ല മോളേ. ”
“അങ്കിളിന്് എന്നേ ഇഷ്ടമായോ?”
ബാബുവിന്് പിടിച്ചു നില്‍ക്കാനായില്ല. ജഡങ്ങള്‍ തമ്മില്‍ അപരിചിത്വം നടിച്ചാലും സിരകളിലോടുന്ന രക്തം ഒരേ അന്പാതത്തില്‍ വേലിയേറ്റം നടത്തുന്നു. ബാബു പുറംതിരിഞ്ഞുനിന്നു് കണ്ണീര്‍ തുടെച്ചു. തന്റെ കണക്കുകൂട്ടലുകള്‍ ശരിയോ? അയാള്‍ ഒന്നുകൂടി ആലോചിച്ചു.
നിശബ്ദയാമങ്ങളിലൂടെ സന്ധ്യ രാവായി മാറുന്നു. യാത്രാക്ഷീണത്തില്‍ ടൈറ്റസും കുടുംബവും നിശബ്ദത പാലിക്കുന്നു. പുനലൂരാനെന്ന മുതലാളിയുടെ മുഖത്തു് ക്രൂരതയുടെ ഗംഭീരഭാവം തന്നെ. റാഹേലമ്മ എന്ന കൊച്ചമ്മയ്ക്കു് ഈ രാവില്‍ ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. അങ്ങനെ പലവിധ വികൃതിയുടെ ഭാവം പൂണ്ട ആ രാവില്‍ നരകതുല്യമായ ഒരു വെറുപ്പിന്റെ ആവിമണം തളംകെട്ടി നില്‍ക്കുന്നു. പറുദീസാജീവിതത്തിന്റെ സൈ്വരത നഷ്ടപ്പെടുത്തുന്ന ഷെയ്ത്താന്കളെ കണ്ടിട്ടെന്നവണ്ണം നായ്ക്കളും പുറംലോകത്തു് ഓലിയിടുന്നു.
സരോജിനിക്കിനിയേറെ കഥകള്‍ അറിയാന്‍ അവശേഷിക്കുന്നു. ബാബുവിന്റെ നേരെ അവള്‍ കുസൃതിത്തരങ്ങള്‍ നിറഞ്ഞ കണ്ണെയ്തു. ഫലിപ്പിക്കാന്‍ പ്രയാസമാണെന്നറിഞ്ഞുകൊണ്ടു തന്നെ. ബാബു തീര്‍ത്തും മാനസികമായി തളര്‍ന്നിരിക്കുന്നു. അയാളുടെ പുരുഷത്വത്തെ ഉണര്‍ത്തിയെടുത്തു വേണം കഥകളുടെ കലവറ തുറക്കപ്പെടാന്‍. കിടപ്പറയ്ക്കള്ളില്‍ ഇനിയൊരു അവസരം പ്രയാസമാകും. കാരണം രജനി ഇന്നുമുതല്‍ തന്റെ മുറിയില്‍ തഴപ്പായില്‍ തറയിലുണ്ടാകും.
അവള്‍ മുറ്റത്തേങ്ങിറങ്ങി. ആകാശമാകെ കറുത്തിരിണ്ടിരിക്കുന്നു. നക്ഷത്രങ്ങളുടെ രഹസ്യവേഴ്ചയുടെ സമയം. ഹാവൂ ആരും അവയെ ഇപ്പോള്‍ കാണില്ലല്ലോ. അങ്ങകലെയെവിടെയോ മിന്നുന്ന കൊള്ളിമീന്‍ തുലാമഴയുടെ ഭീകരതയെ വിളിച്ചറിയിച്ചു. മരച്ചില്ലകളെ ഇളക്കിമറിച്ചുകൊണ്ടുള്ള കാറ്റില്‍ ഇലകള്‍ പാറിപ്പറക്കുന്നു. പേടിച്ചരണ്ട പക്ഷികള്‍ കൂടുവിട്ടു് കൂടുതേടുന്നു. മഴയുടെ ഇരുളിമയും, കുളിരുമുള്ള രാവില്‍ മനസില്‍ വിടരുന്നതു വാടാമലരുകളല്ലേ? മഴക്കാറു് കണ്ടിളകുന്നതു് മണ്ഡൂകം മാത്രമോ?
“ബാബുവേട്ടാ മഴ വരുന്നു.” അവള്‍ വിളിച്ചു പറഞ്ഞു.
ബാബു വെളിയിലേക്കു് ഇറങ്ങി. കാറിന്റെ ഗ്‌ളാസുകള്‍ അടച്ചിട്ടുണ്ടോയെന്നു നോക്കി. പരിസരവീക്ഷണം നടത്തുമ്പോള്‍ സരോജിനി പുറകിലൂടെ മെല്ലെ കാതില്‍ മന്ത്രിച്ചു. “എപ്പഴാ?”
“എന്താ ഇപ്പോള്‍ വേണോ?”
“അല്ല, ഇന്നു് അകത്തു് എനിക്കു് കൂട്ടിന് വേറെ ആളുണ്ടെന്നു് അറിയാമല്ലേ?. ഒരു കാര്യം ചെയ്യു്. വീട്ടില്‍പ്പോവാണെന്നുംപറഞ്ഞു് പൊയ്‌ക്കോ. കുറച്ചുകഴിയുമ്പോള്‍ ഞാന്‍ പുറകിലത്തെ ബാത്ത് റൂമില്‍ വന്നേക്കാം.”
“മൂം. . . നീ പോയി ഒരു ഗ്‌ളാസും അല്‍പ്പം വെള്ളവും ആ പുറത്തെ പാതകത്തിലേയ്ക്കു് വയ്ക്കു്”
“മൂം. . .എന്തിനാ?”
“ഉണ്ടെടീ അല്‍പ്പം കൈയ്യില്‍! ഇന്നലത്തേതിന്റെ ബാക്കി. വേണേല്‍ ഒന്നു വിട്ടോ. ഞാനിപ്പം കൊണ്ടുവരാം.”
സരോജിനിയകത്തേക്കു് കടന്നു. കിടക്കാന്‍പോകുന്നുവെന്നതിന്റെ മുന്നോടിയായി അപ്പച്ചന്ം കൊച്ചമ്മയ്ക്കും ഓരോ ഗ്‌ളാസു് പാലുമായി അപ്‌സ്‌റ്റെയറിലേക്കു് തിരിച്ചു. കാതോര്‍ത്തു നിന്നു. എല്ലാം ശാന്തം. അവള്‍ കതകില്‍ മെല്ലെ മുട്ടി. കൊച്ചമ്മ വാതില്‍ത്തുറന്നു.
“ബാബു പോയോ?”
“പോയി കൊച്ചമ്മേ.” സരോജിനി പിന്‍തിരിഞ്ഞു നടന്നു.
അടുക്കളവാതില്‍ക്കലെത്തി അവിടെയെല്ലാം ബാബുവിനെ നോക്കി. ‘എന്നായിനി പോയതായിരിക്കാം’. ഗ്‌ളാസെടുത്തു വയ്ക്കാന്‍വേണ്ടി നോക്കുമ്പോള്‍ അതിലതാ ഒരു മഞ്ഞനിറമുള്ള ദ്രാവകം. ‘ ഓ. . . ഇതു തനിക്കു വച്ചിരിക്കുന്നതാ’. അവള്‍ മെല്ലെ ആ ഗ്‌ളാസു് എടുത്തു് ചുറ്റുപാടും ഒന്നുകൂടി നോക്കി. ഇതു വരെ മദ്യത്തിന്റെ രുചി അറിഞ്ഞിട്ടില്ല. ഏതായാലും ആരും കാണുന്നില്ലല്ലോ. അവള്‍ മെല്ലെ ചുണ്ടോടടുപ്പിച്ചു. ഇടതുകൈകൊണ്ടു് മൂക്കു് പൊത്തിപ്പിടിച്ചു. ഒരൊറ്റപ്പിടി.
“ഞാന്‍ നോക്കി നില്‍ക്കയായിരുന്നു. കളയുമോയെന്നറിയാന്‍. ഏതായാലും ആളു് കൊള്ളാം.” ബാബുവിന്റെ ശബ്ദത്തിങ്കല്‍ സരോജിനിക്കല്‍പ്പം നാണംതോന്നി.
“അങ്ങനെ കളയാന്‍ ഒക്കുമോ? പാലിനേക്കാള്‍ വിലയല്ലേ ബാവേട്ട.” സരോജിനി വാക്കുകള്‍ കൊണ്ടു് നാണം മറെച്ചു.
ലൈറ്റുകളെല്ലാം അണച്ചു് അവള്‍ ബെഡ്‌റൂമിലേക്കു് കടന്നു. രജനി ശാന്തമായി ഉറങ്ങുന്നു. ആ സൗധത്തിന്ള്ളിലെ അന്ത്യവെളിച്ചത്തിന്റെ കടയ്ക്കല്‍ അവളുടെ വിരല്‍ അമര്‍ന്നു. കൂരിരുള്‍ നിറഞ്ഞ ലോകം. പുറത്തു് മഴയുടെ താളം. ഇളംകുളിരിന്റെ തുടക്കം.
ഹാള്‍വേയിലൂടെ ബാത്ത്‌റൂമിനെ ലക്ഷ്യമാക്കി നടക്കുമ്പോള്‍ മാറിടം ഉയര്‍ന്നുപൊങ്ങി. നെഞ്ചിടിപ്പു് വര്‍ദ്ധിക്കന്നുവെന്നൊരു തോന്നല്‍. സിരകളിലൊക്കെയൊരു തരിപ്പു്. വിരലുകളിലൊക്കെ ഒരു പെരുപ്പു്. താന്‍ അറിയാതെ ഉയരങ്ങളിലേയ്ക്കു് പറന്നകലുംപോലെ. ബാബുവിന്റെ മാറിടത്തിലേയ്ക്കു് മുഖമമര്‍ത്തി ആ ഗന്ധം ആസ്വദിച്ചങ്ങനെ അവള്‍ നിന്നു.
“പറയൂ ബാവേട്ടാ. . . എല്ലാം എനിക്കു കേള്‍ക്കണം. ഒരു പുരുഷന്റെ മനസു് മനസിലാക്കാന്‍ ഈ ജന്മത്തു് എനിക്കിനി അവസരമുണ്ടാകില്ല ബാവേട്ടാ. സ്ത്രീഹൃദയത്തിന്റെ അഭിവാഞ്ചയാണു ബാവേട്ട പുരുഷന്‍. ആണായാലും പെണ്ണായാലും ഒരു ജന്മത്തില്‍ അറിയേണ്ടതെല്ലാം അറിഞ്ഞു് മരിക്കണം. ആത്മഹത്യയായാല്‍പ്പോലും. തുറന്നു പറയില്ലേ ബാബേട്ടാ. . .ആദ്യവികാരമൂര്‍ഛമുതല്‍, ആദ്യലൈംഗികബന്ധംമുതല്‍ ജീവിതത്തിന്റെ എല്ലാ പടവുകളുടെയും ആദ്യ അന്ഭൂതികള്‍ . അത്രത്തോളംപ്രകാശമുള്ള ഓര്‍മ്മകള്‍ മറ്റെന്തെങ്കിലുമുണ്ടോ ബാവേട്ടാ ?”
‘ഇവള്‍ക്കിനി വല്ല ചിത്തഭ്രമവും ആണോ? ആത്മഹത്യയ്ക്കുള്ള തയ്യാറെടുപ്പാണോ?’ ബാബു മനസില്‍ ഓര്‍ത്തു.
‘എന്റെ ദൈവമേ! അങ്ങനെ വല്ലതും സംഭവിച്ചാല്‍ “വേലക്കാരിയുടെ ആത്മഹത്യയില്‍ വേലക്കാരന്റെ പങ്കു്” നാളത്തെ പത്രവാര്‍ത്തയും, ഇന്നാട്ടിലെ പോലീസുകാരന്റെ കായികവിനോദം എന്റെ പുറത്തും, നാളെകഴിയുമ്പോള്‍ ഇരുട്ടറ എന്റെ വാസസ്ഥലവും.’
“സരോജിനീ. . . അവിവേകമൊന്നും കാണിക്കല്ലേ! എന്റെ പൊന്നേ .”
“അവിവേകം കാട്ടാതിരിക്കാന്ള്ള വിവേകം എനിക്കുമുണ്ടു് ബാവേട്ടാ. ഞാന്ം പ്രീഡിഗ്രി കഴിഞ്ഞവളാ. അതുകൊണ്ടാണു് വികാരത്തിന്റെ വിവേകം എനിക്കും ഉള്ളതു്. ഈ മന്ഷ്യജീവിതം എത്രയോ നിഗൂഢതകളുടെ കലവറയാണു ചേട്ടാ .സത്യം എത്രയോ കാതം അകലെ. . സ്വയംഭോഗം ചെയ്തിട്ടില്ലാത്ത ആണോ പെണ്ണോ ഈ ലോകത്തുണ്ടോ?. ശാരീരികമായും, മാനസികമായും, സ്വപ്നത്തിലൂടെയുമൊക്കെ ലൈംഗികസുഖത്തില്‍ ലയിച്ചവരല്ലേ എല്ലാ ജന്മങ്ങളും.”
“ശരിയാണു് സരോജിനി. ഏറെ നാളായി ഞാന്ം മനസില്‍പേറുന്ന ചിന്തകളെ നീ തുറന്നു കാട്ടുകയാണു്. നിന്റെ വികാരങ്ങളെ ഞാന്‍ മനസിലാക്കുന്നു. ഒരു പെണ്ണിനെ സംബന്ധിക്കുന്നിടത്തോളം അവളുടെ ലൈംഗീകബന്ധങ്ങളൊക്കെ പെണ്‍വാണിഭവും, വ്യഭിചാരവും, സ്ത്രീപീഡനവുമൊക്കെയായി ഇന്നാട്ടില്‍ നിലനില്‍ക്കുന്നതു് മന്ഷ്യന്റെ അജ്ഞതയാണു്. കാരണം എന്റെ പതിനാറാംവയസില്‍ എന്നേക്കാള്‍ പ്രായമുള്ള മകളുള്ള സ്ത്രീ സാഹചര്യം ഒത്തുവന്നപ്പോള്‍ ഒരു രാവു് മുഴുവന്‍ അവരുടെ ലൈംഗികദാഹശമനത്തിനായി എന്നെ ഉപയോഗിച്ചതു് എന്താ പുരുഷപീഡനമാ? എനിക്കുമൊരു രസമായിത്തോന്നി. എല്ലാക്കാര്യങ്ങളുടെയും പുറകില്‍ ഒരു കാരണമുണ്ടു സരോജിനി. ഇവിടെ ലൈംഗികതയുടെ കാര്യത്തില്‍ ആണും പെണ്ണും സമം സമം.”
“ലിസിച്ചേച്ചിയുമായുള്ള ബന്ധം എങ്ങനെയായിരുന്നു?” സമയവും സാഹചര്യവുമൊത്തു വന്നപ്പോള്‍ സരോജിനി വിഷയം എടുത്തിട്ടു.
“ എന്തു ബന്ധം?”
“ അല്ല, രജനിയെക്കണ്ടപ്പോള്‍ ബാബുവേട്ടന്‍ കരയുന്നതു കണ്ടതുകൊണ്ടു് ചോദിച്ചതാ.”
“നിന്റെ നിഗമനങ്ങള്‍ ശരിയാകാം. എന്റെ കണക്കുകൂട്ടലുകള്‍ തെറ്റാറില്ല സരോജിനി. ഇനിയും ചില ദിവസങ്ങള്‍ കൂടി വേണ്ടിവരും എല്ലാം കലങ്ങിത്തെളിയാന്‍.”
“ആ തെളിനീരില്‍ ഞാനൊന്നു മുങ്ങിത്തുടിക്കും ബാവേട്ടാ. .പ്രതിഫലം സ്വര്‍ക്ഷത്തില്‍ നിന്നു് വരുന്നുവെന്ന രാജന്‍സാറിന്റെ പ്രസംഗം നിവൃത്തിയാകുമ്പോള്‍. പിന്നെയെനിക്കൊരു ആഗ്രഹം കൂടിയുണ്ടു്. ഒരു ചെറുകഥ എഴുതണം. ‘ട്രാന്‍സ്‌പോര്‍ട്ടു് കണ്ടക്ടര്‍ ഈവാഞ്ചലിസ്റ്റായ കഥ’ അത്രമാത്രം.”
“നീയെന്തൊക്കെയാണീപ്പറയുന്നതു്?”
“ഒന്നുമില്ല ബാവേട്ടാ. . . കഥകള്‍ക്കുപിന്നിലെ കാലഹരണപ്പെട്ട കഥകള്‍ . അത്രമാത്രം. ബാബുവേട്ടന്‍ ഒന്നും പറഞ്ഞില്ലല്ലോ? ലിസിച്ചേച്ചയുമായുള്ള . . .”വിഷയത്തില്‍ നിന്നും അവള്‍ ഒരു ഒളിച്ചോട്ടം നടത്തി.
“കേള്‍ക്കട്ടെ ബാവേട്ടാ. . . ഇതൊക്കെ കേള്‍ക്കുന്നതു് ഒരു സുഖമാ.”
ബാബു കഥ പറയുവാന്‍ തുടങ്ങി. ഏച്ചുകെട്ടും ഏങ്കോണിപ്പുമില്ലാതെ. തുറന്ന പുസ്തകത്തിലെ എഴുതപ്പെട്ട വരികള്‍പോലെ.
കമിതാക്കളോ, ഭാര്യാഭര്‍ത്താക്കന്മാരോ കൈകാര്യം ചെയ്യാത്ത(ചെയ്താല്‍ അവിടെ പ്രേമഭംഗവും വിവാഹമോചനവും ഉണ്ടാകുന്ന) വിഷയങ്ങളിലേയ്ക്കു് ഇരുവരുടെയും ചിന്തകള്‍ കടന്നു. യാതൊരു ബാദ്ധ്യതകളുമില്ലാത്ത, ഒരു കടപ്പാടുമില്ലാത്ത, ഒരു നിയമസംഹിതയും ഉള്‍ക്കൊള്ളാത്ത തുറന്ന ലൈംഗികതയുടെ ന്യായപ്രമാണങ്ങള്‍. അതു സത്യവും വ്യക്തവും ആയിരുന്നു. അവിടെ സ്വാര്‍ത്ഥതയുടെ കറപുരളാത്ത, വഞ്ചനയുടെ കരാളിമയില്ലാത്ത, ആദ്ധ്യാത്മികതയുടെ മൂടുപടമില്ലാത്ത ഒരു കൊച്ചു സ്വര്‍ക്ഷം. അതേ ‘നരകത്തിന്ള്ളില്‍ വിരിഞ്ഞ ഒരു കൊച്ചുസ്വര്‍ക്ഷം.’

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക