Image

'മമ്മൂട്ടി ചോദിച്ചു: നമുക്ക് ഭൂതത്തിന് ഒരു രണ്ടാം ഭാഗം ആലോചിച്ചാലോ'? ജോണി ആന്റണി പറയുന്നു

Published on 13 November, 2018
'മമ്മൂട്ടി ചോദിച്ചു: നമുക്ക് ഭൂതത്തിന് ഒരു രണ്ടാം ഭാഗം ആലോചിച്ചാലോ'? ജോണി ആന്റണി പറയുന്നു

മമ്മൂട്ടി തീര്‍ത്തും വ്യത്യസ്തമായ വേഷത്തിലെത്തിയ കോമഡി ഫാന്റസി ചിത്രമായിരുന്നു 'ഈ പട്ടണത്തില്‍ ഭൂതം'. ജോണി ആന്റണി സംവിധാനം ചെയ്ത് 2009 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ ഇരട്ട വേഷത്തിലായിരുന്നു  മമ്മൂട്ടി എത്തിയത്. സാധാരണക്കാരനായ നായകനായും കുപ്പിയില്‍ നിന്നു വന്ന ഭൂതമായും എത്തിയ മമ്മൂട്ടിയെ കുട്ടികള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയതെന്ന് ജോണി ആന്റണി പറഞ്ഞിട്ടുള്ള ചിത്രത്തില്‍ വ്യത്യസ്ത മേക്കോവറുമായിരുന്നു മമ്മൂട്ടിയുടേത്. കോമഡി ഫാന്റസി വിഭാഗത്തില്‍ പെടുന്ന 'പട്ടണത്തില്‍ ഭൂത'ത്തിന്റെ രണ്ടാം ഭാഗം ചെയ്താലോ എന്ന് മമ്മൂട്ടി ഈയിടെ തന്നോട് ചോദിച്ചെന്ന് ജോണി ആന്റണി പറയുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജോണി ഇക്കാര്യം വ്യക്തമാക്കിയത്. 

ഇപ്പോഴും ചാനല്‍ റേറ്റിങ്ങില്‍ മുന്നിലുള്ള സിനിമയാണ് 'പട്ടണത്തില്‍ ഭൂതം 'റേറ്റിങ് ഉള്ളതുകൊണ്ടായിരിക്കുമല്ലോ. ആ സിനിമ ചാനലുകളില്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുന്നത്. ചിത്രം റിലീസ് ചെയ്തത് ജൂലൈയിലെ ഒരു മഴക്കാലത്തായിരുന്നു. മലബാറിലൊക്കെ നല്ല മഴയുള്ള സമയത്താണ്. എങ്കിലും തരക്കേടില്ലാത്ത ഷെയര്‍ ലഭിച്ചിട്ടുണ്ട് സിനിമയ്ക്ക്. ഈയിടെ മമ്മൂക്ക എന്നെ കണ്ടപ്പോള്‍ ചോദിച്ചു, നമുക്ക് ഭൂതത്തിന് ഒരു രണ്ടാം ഭാഗം ആലോചിച്ചാലോ എന്ന്. അപ്പോള്‍ അത്രയ്ക്ക് ആവേശമുണ്ട് മമ്മൂക്കയ്ക്ക്', ജോണി ആന്റണി പറയുന്നു.

ഉദയ്കൃഷ്ണയും സിബി കെ തോമസും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രത്തില്‍ കാവ്യ മാധവനായിരുന്നു നായിക. ഇന്നസെന്റ്, ജനാര്‍ദനന്‍, രാജന്‍ പി ദേവ്, സുരേഷ് കൃഷ്ണ, സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഗിന്നസ് പക്രു തുടങ്ങി വലിയ താരനിരയുമുണ്ടായിരുന്നു ചിത്രത്തില്‍. ഷാന്‍ റഹ്മാന്റേതായിരുന്നു സംഗീതം. 2009 ജൂലൈ ആറിനാണ് ചിത്രം റിലീസ് ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക