Image

നവകേരളം നമ്മില്‍ നിന്ന് തുടങ്ങുമ്പോള്‍ (മുരളി തുമ്മാരുകുടി)

Published on 13 November, 2018
നവകേരളം നമ്മില്‍ നിന്ന് തുടങ്ങുമ്പോള്‍ (മുരളി തുമ്മാരുകുടി)
ശബരിമലയിലെ വിധി വന്നപ്പോള്‍ എല്ലാവരും ഏതാണ്ട് കുന്തം വിഴുങ്ങിയത് പോലെ ആയതു കൊണ്ട് ഇന്ന് വേറെന്തെങ്കിലും പറയാന്‍ ചാന്‍സുള്ളതിനാല്‍ ദുരന്ത സീരീസ് തുടരാം.

ദുരന്തത്തിന് ശേഷം നവകേരളം എന്നൊക്കെ നമ്മള്‍ നന്നായി പറഞ്ഞു തുടങ്ങിയെങ്കിലും ശബരിമലപ്രശ്‌നം കാരണം ആ ചിന്ത പാളം തെറ്റിപ്പോയി. നവകേരളം ഉണ്ടാക്കണമെങ്കില്‍ അത് എങ്ങനെയാണ് നിര്‍മ്മിക്കേണ്ടത്, എത്ര പണച്ചെലവ് വരും, ഏതൊക്കെ നയങ്ങളും നിയമങ്ങളുമാണ് മാറ്റേണ്ടത് എന്നൊക്കെയുള്ള കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തതയില്ല. സര്‍ക്കാര്‍ ഇത്തരം പ്ലാനുകള്‍ ഉണ്ടാക്കും, എവിടെ നിന്നെങ്കിലും പണം കണ്ടെത്തും, നമുക്ക് വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാതെ നവകേരളത്തിലെത്താം എന്നൊക്കെയാണ് നമ്മുടെ ചിന്ത. പത്തായം പെറും, ചക്കി കുത്തും, അമ്മ വെക്കും, ഉണ്ണി ഉണ്ണും എന്ന് വിശ്വസിച്ചിരുന്ന ഉണ്ണികളുടെ ഗതിയാകും നമുക്കും.

ഓഖി, പ്രളയം, നിപ, മണ്ണിടിച്ചില്‍ തുടങ്ങി ചുറ്റുമുണ്ടായ ദുരന്തങ്ങള്‍ നമ്മില്‍ ഏറെപ്പേരെ നേരിട്ട് ബാധിച്ചില്ലെങ്കിലും നമുക്ക് നല്ല ഒരവസരമാണ് തന്നിരിക്കുന്നത്. നേരിട്ട് സാന്പത്തികമോ മറ്റു വിധത്തിലോ നഷ്ടങ്ങള്‍ ഉണ്ടാകാത്തവര്‍ക്ക് ഇതൊരു മുന്നറിയിപ്പായി കരുതാം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയാലും ഇല്ലെങ്കിലും നമുക്ക് നമ്മുടെ വ്യക്തിജീവിതത്തില്‍ തീര്‍ച്ചയായും മാറ്റങ്ങള്‍ വരുത്താനാകും. കേരളത്തിലെ എല്ലാ പ്രശ്‌നങ്ങളും നമ്മുടെ വ്യക്തിപരമായ തീരുമാനങ്ങള്‍ കൊണ്ട് മാറ്റാന്‍ പറ്റില്ല. എന്നാല്‍ നമ്മുടെ ഭാവിജീവിതത്തിലും മക്കളുടെയും കൊച്ചുമക്കളുടെയും കാര്യത്തിലും നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്താന്‍ നമുക്ക് സാധിക്കും.

ദുരന്തങ്ങളുണ്ടാകാന്‍ പോകുന്നത് മറ്റുള്ളവര്‍ക്ക് മാത്രമല്ല നമുക്കും കൂടിയാണെന്ന് ആദ്യമേ ആത്മാര്‍ഥമായി മനസിലാക്കുക. അങ്ങനെ ചെയ്യാത്തത് ഇപ്പോഴത്തെ മലയാളിയുടെ മാത്രം പ്രശ്‌നമല്ല. ലോകത്തെ ഏറ്റവും അതിശയകരമായ വസ്തുത എന്തെന്ന് ചോദിച്ച യക്ഷനോട് ‘ജനനം മുതല്‍ ചുറ്റുമുള്ള ആളുകള്‍ മരിക്കുന്നത് കണ്ടിട്ടും അത് തനിക്ക് ബാധകമല്ല എന്ന തരത്തില്‍ മനുഷ്യന്‍ ജീവിക്കുന്നതാണ്’ എന്നാണ് യുധിഷ്ഠിരന്‍ പറഞ്ഞത്. ദിവസേന പത്തുപേര്‍ റോഡപകടത്തില്‍ മരിച്ചിട്ടും അത് തനിക്ക് സംഭവിക്കില്ല എന്ന മട്ടില്‍ റോഡിലേക്കിറങ്ങുന്ന മലയാളി, യുധിഷ്ഠിരന്‍റെ ഉത്തരത്തിന്റെ കാലിക പ്രസക്തിയാണ് കാണിക്കുന്നത്.

ദുരന്തങ്ങള്‍ എന്നാല്‍ പ്രളയം പോലെ വന്‍ ദുരന്തങ്ങള്‍ മാത്രമല്ല. റോഡപകടം, റെയില്‍ പാലം ക്രോസ് ചെയ്യുന്നത്, ഫ്‌ളാറ്റിലെ അപകടം, മുങ്ങിമരണം, നിപ പോലുള്ള പകര്‍ച്ചവ്യാധികള്‍, പേപ്പട്ടി കടിക്കുന്നത് തുടങ്ങി കേരളത്തിലെ ദൈനംദിന ജീവിതത്തില്‍ നമ്മള്‍ നേരിടുന്ന അനവധി ദുരന്ത സാധ്യതകളുണ്ട്. ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഭൂമികുലുക്കത്തിലാണ്, അല്ലാതെ മുറ്റത്തെ തെങ്ങില്‍ നിന്നും തേങ്ങ തലയില്‍ വീണിട്ടല്ല നമ്മള്‍ മരിച്ചത് എന്നത് മരണത്തില്‍ യാതൊരു വ്യത്യാസവും ഉണ്ടാക്കുന്നില്ല. നമുക്ക് ചുറ്റുമുള്ള ദുരന്ത സാദ്ധ്യതകളെ നേരിടാന്‍ നാം എപ്പോഴും തയ്യാറായിരിക്കണം.

കേരളത്തില്‍ ജീവിക്കുന്ന ആസ്തിബാധ്യതകള്‍ ഉള്ള ഏതൊരാളും ആദ്യം ചെയ്യേണ്ടത് ഒരു വില്‍പത്രം എഴുതിവെക്കുകയാണ്. നിങ്ങള്‍ക്ക് പതിനെട്ട് വയസേ ആയുള്ളൂ എന്നതോ വലിയ സന്പാദ്യങ്ങള്‍ ഇല്ല എന്നതോ ഇതിന് തടസമല്ല. നിങ്ങള്‍ക്കുള്ള ആസ്തി ബാധ്യതകള്‍ എങ്ങനെയാണ് നിങ്ങളുടെ കാലശേഷം കൈകാര്യം ചെയ്യേണ്ടതെന്ന് നിങ്ങളുടെ കൈപ്പടയിലെഴുതിയോ ടൈപ്പ് ചെയ്‌തോ രണ്ടു സാക്ഷികളെക്കൊണ്ട് ഒപ്പ് ഇടീച്ചാല്‍ നിയമപരമായ വില്‍പത്രമായി. കൂടുതല്‍ ആസ്തിബാധ്യതകളും സങ്കീര്‍ണ്ണമായ പിന്തുടര്‍ച്ച സംവിധാനങ്ങളും വേണ്ടവര്‍ക്ക് ഒരു വക്കീലിനെ വെച്ച് വില്‍പത്രം രജിസ്റ്റര്‍ ചെയ്യുകയും ആകാം. വിഷമിപ്പിക്കാന്‍ പറയുകയാണെന്ന് തെറ്റിദ്ധരിക്കരുത്, മരണശേഷം നിങ്ങളുടെ ശരീരാവയവങ്ങള്‍ ദാനം ചെയ്യും എന്നൊന്ന് പറഞ്ഞുവെക്കുന്നതും സമൂഹത്തിനു ഗുണകരമാണ്.

നിങ്ങളുടെ വ്യക്തിജീവിതത്തില്‍ എവിടെയാണ് അപകടസാധ്യത എന്ന് ചിന്തിക്കണം. വീടിനുള്ളില്‍ അടുക്കളയിലെ ഗ്യാസോ വൈദ്യുതിയോ പോലും കാരണമായേക്കാം. പ്രായമാകുന്‌പോള്‍ വീടുകളിലെ ചെറിയ കയറ്റിറക്കമുള്ള സ്‌റ്റെപ്പുകള്‍ പോലും അപകട കാരണമാകാം. വീടിനോടു ചേര്‍ന്നുനില്‍ക്കുന്ന മരങ്ങള്‍, വീടിനടുത്തുള്ള കുളം, വഴി, പുഴ ഇവയെല്ലാം അപകടം വരുന്ന വഴികളാണ്.

വീടിനു പുറത്തു നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളും അപകടമുണ്ടാക്കാം. യാത്ര, പ്രധാനമായും രാത്രിയാത്രകള്‍, പ്രത്യേകിച്ച് ഓഫീസ് അല്ലെങ്കില്‍ നിങ്ങളുടെ തൊഴില്‍ സ്ഥലത്തെ അപകടസാധ്യതകള്‍, ദൂരയാത്ര ചെയ്യുന്നതില്‍ നിന്നുണ്ടാകാവുന്ന പ്രത്യേക പ്രശ്‌നങ്ങള്‍ (ഉദാഹരണം: മലന്പനിയുള്ള പ്രദേശത്തേക്കുള്ള യാത്ര, ഡല്‍ഹിയിലേക്ക് യാത്ര ചെയ്താലുള്ള വായൂമലിനീകരണം) ഇതെല്ലാം ചിന്തിക്കണം.

ആരോഗ്യ സംരക്ഷണത്തിന്റെ ചെലവ് കേരളത്തില്‍ ഏറെ വര്‍ധിച്ചുവരികയാണ്. ഒരു അപകടമോ രോഗമോ നിങ്ങളുടെ ജീവിതകാല സന്പാദ്യം തീര്‍ത്ത് കിടക്കുന്ന വീട് വരെ കടത്തിലാക്കുന്ന ഒരു സാഹചര്യം ഉണ്ട്. യു കെ യിലെ പോലെ എല്ലാവര്‍ക്കും ഫ്രീയായി കിട്ടുന്ന വിശ്വസനീയമായ ആരോഗ്യ സംരക്ഷണ സംവിധാനം ഉണ്ടാകുന്നത് വരെ നല്ലൊരു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കണം.

നിങ്ങളുടെ ഉറ്റവരെ ജീവിതശേഷം സംരക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ നല്ല ഒരു ലൈഫ് ഇന്‍ഷുറന്‍സ് എടുക്കുന്നതും നല്ലതാണ്.

സുരക്ഷാവിഷയങ്ങളെക്കുറിച്ച് നിങ്ങളുടെ കുടുംബാംഗങ്ങളോട് സംസാരിക്കണം. വാസ്തവത്തില്‍ സ്വന്തം മരണത്തെപ്പറ്റിയും സംസാരിച്ചു വെക്കേണ്ടതാണ്. ഇതിന് സഹായിക്കാന്‍ തന്നെ അമേരിക്കയില്‍ ഠവല രീി്‌ലൃമെശേീി ുൃീഷലര േഎന്നൊരു പദ്ധതിയുണ്ട്. ഒന്ന് വായിച്ചു നോക്കുന്നത് നല്ലതാണ്.

വീടിനകത്തോ യാത്രയിലോ എന്തെങ്കിലും ചെറിയ അപകടമുണ്ടായാല്‍ എങ്ങനെ ഇടപെടണമെന്നോ എങ്ങനെ പ്രാഥമിക ശുശ്രൂഷ ചെയ്യണമെന്നോ നിര്‍ബന്ധമായും പഠിക്കണം. അപകടം എപ്പോള്‍ എവിടെ ഉണ്ടാകുമെന്ന് ആര്‍ക്കും ഒരുറപ്പുമില്ല.

നിങ്ങള്‍ പുതിയതായി സ്ഥലം വാങ്ങുകയോ വീട് വെക്കുകയോ ചെയ്യുന്‌പോള്‍ ദുരന്ത സാധ്യതകളെ പ്രത്യേകം ശ്രദ്ധിക്കണം. പുഴയോരത്ത് വീടുവെക്കുന്നതിനേക്കാള്‍ അപകടമാണ് ഹൈവേയുടെ അടുത്ത് വീടുവെക്കുന്നത്. പുഴ പതിറ്റാണ്ടുകളില്‍ ഒരിക്കലാണ് പടികടന്നു വരുന്നതെങ്കില്‍ റോഡില്‍ നിന്നുള്ള മലിനീകരണം ഓരോ ദിവസവും വീട്ടിലെത്തുന്നു. അത് നിങ്ങളുടെ ജീവിത നിലവാരവും ആയുര്‍ദൈര്‍ഘ്യവും കുറക്കും.

കേരളത്തില്‍ ഭൂമിയുടെ ഉപയോഗത്തിന് കൂടുതല്‍ നിയന്ത്രണങ്ങളുണ്ടാകാന്‍ പോകുകയാണ്. സ്ഥലവില മിക്കയിടത്തും കുറയും. സ്വന്തം ആവശ്യത്തിനല്ലാതെ നിക്ഷേപമായി ഭൂമിയെ കാണുന്നത് നവകേരള നിര്‍മ്മാണത്തിന് ഭൂഷണമല്ല.

വീടുകള്‍ പ്ലാന്‍ ചെയ്യുന്നത് ദുരന്ത സാധ്യതകള്‍ അറിഞ്ഞുവേണം. കോതമംഗലത്ത് വീട് വെക്കുന്നതുപോലെ അടിമാലിയില്‍ വീടുവെക്കരുത്. കോട്ടയത്തെപ്പോലെ അല്ല കുട്ടനാട്ടില്‍ വീടുവെക്കേണ്ടത്. സര്‍ക്കാര്‍ തലത്തില്‍ തന്നെ നിര്‍ദ്ദേശങ്ങള്‍ വരാന്‍ പോകുകയാണ്. മുന്നേ കണ്ട് മാറുന്നതാണ് ബുദ്ധി.

ഫ്‌ളാറ്റുകളിലെ ജീവിതം അഗ്‌നിബാധ, ഉയരത്തില്‍ നിന്നുള്ള വീഴ്ച തുടങ്ങി വ്യത്യസ്തമായ ദുരന്തസാധ്യതകള്‍ ഉണ്ടാക്കുന്നു. കുട്ടികള്‍ ഉള്ളവരും ശാരീരിക അസ്വസ്ഥതകള്‍ ഉള്ളവരും പ്രായമായവരും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

നമുക്ക് ഒരപകടം സംഭവിച്ചാല്‍ ആദ്യം അറിയിക്കേണ്ടത് ആരെയാണ് എന്ന് ചിന്തിച്ചുവെക്കണം. ഇക്കാര്യം നമ്മുടെ ഫോണില്‍ കഇഋ#1, കഇഋ #2 (കി ഇമലെ ീള ഋാലൃഴലിര്യ) എന്നിങ്ങനെ സേവ് ചെയ്യുകയും വേണം.

ചുറ്റും സംഭവിക്കുന്ന അപകടത്തെപ്പറ്റി വായിച്ച് ‘കഷ്ടം’ എന്ന് പറയുന്നത് കൂടാതെ അത് സ്വന്തം ജീവിതത്തില്‍ എങ്ങനെ ഒഴിവാക്കാം എന്നുകൂടി ചിന്തിക്കണം. ബാലഭാസ്കറിന്റെ അപകടത്തെപ്പറ്റി വായിക്കുന്‌പോള്‍ രാത്രി യാത്ര ഒഴിവാക്കല്‍, സീറ്റ് ബെല്‍റ്റ്, കുട്ടികളുടെ സീറ്റ് ഇവയുടെ പ്രാധാന്യം മനസിലാക്കി നമ്മുടെ ജീവിതത്തില്‍ പ്രയോഗികമാക്കിയില്ലെങ്കില്‍ നമ്മള്‍ നവകേരളത്തിലേക്ക് നീങ്ങുന്നില്ല എന്ന് തന്നെയാണ് അതിന്റെയര്‍ത്ഥം.

കാലാവസ്ഥ വ്യതിയാനം എന്നത് ലോകത്ത് മറ്റിടങ്ങളില്‍ സംഭവിക്കുന്ന ഒന്നല്ലെന്നും അതിനെ പറ്റി എന്തെങ്കിലും ചെയ്യാന്‍ പ്രധാനമന്ത്രിമാര്‍ക്കും പ്രസിഡന്റുമാര്‍ക്കും മാത്രമല്ല ഉത്തരവാദിത്തം എന്നും മനസ്സിലാക്കണം. സൗരോര്‍ജ്ജം കൂടുതല്‍ ഉപയോഗിക്കുക, സാധിക്കുമ്പോളെല്ലാം പൊതുഗതാഗതം ശീലമാക്കുക, വീട്ടില്‍ ലൈറ്റ് തൊട്ട് ഫ്രിഡ്ജ് വരെ വാങ്ങുമ്പോള്‍ ഊര്‍ജ്ജ ക്ഷമത ശ്രദ്ധിക്കുക എന്നിങ്ങനെ ദൈനംദിന ജീവിതത്തില്‍ നമുക്കു ചെയ്യാവുന്ന പലതുമുണ്ട്.

നവ കേരളം എന്നത് മുകളില്‍ നിന്നും കെട്ടിയിറക്കുന്ന ഒന്നല്ല. മലയാളികളുടെ മനസ്സിലാണ് ആദ്യത്തെ നവീകരണം ഉണ്ടാകേണ്ടത്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തന്തിന് അത് സാധിച്ചില്ലെങ്കില്‍ ഇതിലും വലിയ ദുരന്തമാകും നമ്മള്‍ നേരിടേണ്ടി വരിക. സ്വന്തം വീട്ടിലും, റെസിഡന്റ് അസോസിയേഷനിലും, പണി സ്ഥലത്തും, സ്കൂളിലും, ആശുപത്രിയിലും ദുരന്തങ്ങളെ നേരിടാന്‍ എങ്ങനെ തയ്യാറാവാം എന്ന് അടുത്ത ദിവസങ്ങളില്‍ പറയാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക