Image

എന്റെ മകനെ നോക്കണം, സോറി: ഡി.വൈ.എസ്‌.പി ഹരികുമാറിന്റെ ആത്മഹത്യാ കുറിപ്പ്‌

Published on 14 November, 2018
എന്റെ മകനെ നോക്കണം, സോറി: ഡി.വൈ.എസ്‌.പി ഹരികുമാറിന്റെ ആത്മഹത്യാ കുറിപ്പ്‌
നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന്‌ മുന്നിലേക്ക്‌ തള്ളിയിട്ട്‌ കൊന്ന കേസിലെ പ്രതി ഹരികുമാറിന്റെ ആത്മഹത്യാ ക്കുറിപ്പ്‌ കണ്ടെടുത്തു.

ഒരു വരി മാത്രമാണ്‌ കുറിപ്പിലുള്ളത്‌. `എന്റെ മകനെ നോക്കണം, സോറി, സോറി' യെന്നാണ്‌ ഹരികുമാര്‍ ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്‌. ജ്യേഷ്‌ഠനെ അഭിസംബോധന ചെയ്‌താണ്‌ കുറിപ്പ്‌.

ഇന്നലെ രാവിലെ ഒമ്പതിനാണ്‌ ഹരികുമാറിനെ കല്ലമ്പലത്തെ വീടിനു പുറകിലെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്‌.

അതേസമയം സനലിന്റെ കൊലപാതകത്തെ തുടര്‍ന്ന്‌ ഡിവൈഎസ്‌പി ഹരികുമാര്‍ തമിഴ്‌നാട്ടിലേക്ക്‌ ഒളിവില്‍ പോയതായി അന്വേഷണ സംഘം പറഞ്ഞിരുന്നു. ഇദ്ദേഹം തിരിച്ച്‌ എപ്പോള്‍ വീട്ടില്‍ വന്നുവെന്ന്‌ കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്‌.

നേരത്തെ ഹരികുമാര്‍ കുറ്റക്കാരന്‍ തന്നെയെന്ന്‌ ക്രൈം ബ്രാഞ്ച്‌ കണ്ടെത്തിയിരുന്നു. പ്രതി ഹരികുമാര്‍ സനലിനെ മനപ്പൂര്‍വം കൊലപ്പെടുത്തിയതാണ്‌.

ഇത്‌ തെളിയിക്കുന്ന സാക്ഷിമൊഴികളും ക്രൈം ബ്രാഞ്ചിന്‌ ലഭിച്ചിട്ടുണ്ട്‌. വാഹനം വരുന്നത്‌ കണ്ട പ്രതി സനല്‍കുമാറിനെ മനപ്പൂര്‍വം തള്ളിയിട്ട്‌ അപായപ്പെടുത്തിയെന്നാണ്‌ ക്രൈം ബ്രാഞ്ച്‌ കണ്ടെത്തിയിരിക്കുന്നത്‌.

ഡിവൈഎസ്‌പിക്ക്‌ ജാമ്യം നല്‍കരുതെന്ന ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട്‌ ക്രൈം ബ്രാഞ്ച്‌ ഇന്ന്‌ തിരുവനന്തപുരം ജില്ലാ സെഷന്‍സ്‌ കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ്‌ ആത്മഹത്യ ചെയ്‌ത നിലയില്‍ ഹരികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക