Image

സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ശബരിമലയില്‍ രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല - ഡിജിപി

Published on 15 November, 2018
സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ശബരിമലയില്‍ രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല - ഡിജിപി


നിലയ്ക്കല്‍: മണ്ഡല  മകരവിളക്ക് തീര്‍ഥാടന കാലത്ത് ശബരിമലയില്‍ കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്. നട അടച്ചശേഷം സന്നിധാനത്ത് തങ്ങാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. നിലയ്ക്കലില്‍ നടന്ന പോലീസിന്റെ ഉന്നതതല അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പുരോഹിതര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമാവും നട അടച്ചശേഷം സന്നിധാനത്ത് തങ്ങാന്‍ അനുമതി. ശബരിമലയിലെ ഏത് സാഹചര്യവും നേരിടാന്‍ പോലീസ് എല്ലാ തയ്യാറെടുപ്പും നടത്തിക്കഴിഞ്ഞുവെന്നും ഡിജിപി പറഞ്ഞു. തൃപ്തി ദേശായി മെയില്‍ അയച്ചിരുന്നു. എന്നാല്‍, അവരുടെ സന്ദര്‍ശനം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല.

700 ഓളം സ്ത്രീകള്‍ ശബരിമല ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശബരിമലയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാല്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും ഡിജിപി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക