Image

എയര്‍ ഫോഴ്‌സ് വണിനെ കുറിച്ച് ചില രഹസ്യങ്ങള്‍ (പകല്‍ കിനാവ് : ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 16 November, 2018
 എയര്‍ ഫോഴ്‌സ് വണിനെ കുറിച്ച് ചില രഹസ്യങ്ങള്‍  (പകല്‍ കിനാവ് : ജോര്‍ജ് തുമ്പയില്‍)
അമേരിക്കന്‍ പ്രസിഡന്റിന് ലോകത്തിന്റെ ഏതുഭാഗത്തും   അപ്രതീക്ഷിതവേളകളില്‍, യാത്ര ചെയ്യേണ്ട ആവശ്യം വന്നേക്കാം. ഇത്തരം സാഹചര്യങ്ങളില്‍, തിരക്കിട്ട് പ്ലെയിന്‍ കയറുന്നതിനായി എയര്‍പോര്‍ട്ടില്‍ കാത്തുകെട്ടി നില്‍ക്കുന്ന അമേരിക്കന്‍ പ്രസിഡന്റിനെ കുറിച്ച് നമുക്ക് സങ്കല്‍പിക്കാനാകുമോ?, ഇല്ലേയില്ല, അതിന്റെയൊന്നും കാര്യവുമില്ല, ലോകത്തെവിടെയും, ഏതുനിമിഷവും പറന്നെത്താനായി അമേരിക്കന്‍ പ്രസിഡന്റിന് സ്വന്തമായി പ്ലെയിനുണ്ട്-എയര്‍ ഫോഴ്‌സ് വണ്‍ എന്നാണത് അറിയപ്പെടുക. 
 അമേരിക്കന്‍ പ്രസിഡന്റ് യാത്ര ചെയ്യുന്ന എയര്‍ ഫോഴ്‌സ് വണ്‍ അത്ര നിസാരക്കാരനൊന്നുമല്ല.  അഡ്വാന്‍സ്ഡ് ഏരിയല്‍ സെക്യൂരിറ്റി മെക്കാനിസം അല്ലെങ്കില്‍ പറക്കുന്ന പ്രതിരോധകോട്ട എന്ന് എയര്‍ ഫോഴ്‌സ് വണ്‍നെ വിശേഷിപ്പിക്കാം.  മേരിലാന്‍ഡ്‌സ് നാഷണല്‍ ഹാബറില്‍ എയര്‍ഫോഴ്‌സ് വണ്‍ന്റെ മോഡല്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് നിങ്ങള്‍ക്ക് അടുത്ത് കാണാനാകും. എയര്‍ഫോഴ്‌സ് വണ്‍ന് കൂടുതല്‍ അടുത്തേക്ക്  ചെല്ലുന്നതിനനുസരിച്ച് നിങ്ങളെത്രയോ ചെറുതെന്ന് നിങ്ങള്‍ക്ക് സ്വയം തോന്നിപ്പോകും. 

 ഉദ്യോഗസ്ഥര്‍ക്കും ജേണലിസ്റ്റുകള്‍ക്കും താമസിക്കാനാവശ്യമായ മുറികള്‍ക്കൊപ്പം അവരുടെ ലഗേജുകളും പ്രത്യേകിച്ച് ഫസ്റ്റ് ലേഡിയുടെ ലഗേജുകളും സൂക്ഷിക്കാനും 'എയര്‍ ഫോഴ്‌സ് വണ്‍'നുള്ളില്‍  ഇടമുണ്ട്. 

എയര്‍ ഫോഴ്‌സ് വണ്‍ വിമാനങ്ങള്‍ രണ്ടെണ്ണമുണ്ട്. പ്രസിഡന്റിന് ഇവയില്‍ ഏതില്‍ വേണമെങ്കിലും യാത്ര ചെയ്യാം.  ആദ്യവിമാനത്തിന്  അകമ്പടി സേവിച്ച് രണ്ടാമത്തേത് പിന്നാലെയുണ്ടാവും. എയര്‍ ഫോഴ്‌സ് വണ്‍നെ കുറിച്ച് വേറെയും വിശേഷങ്ങള്‍ പറയാനുണ്ട്,  മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് ഈ വിമാനത്തിന് മൂന്ന് ഫ്‌ളോറുകളുണ്ട്. പ്രസിഡന്റ് സെക്കന്‍ഡ് ഫ്‌ളോറിലാണ് കയറുക. ജേണലിസ്റ്റുകള്‍ ഫസ്റ്റ് ഫ്‌ളോറിലും. സ്പീഡിന്റെ കാര്യത്തില്‍ അമ്പരപ്പിക്കുന്ന പ്രകടനമാണ് പ്രസിഡന്റിന്റെ പ്ലെയിന്‍ കാഴ്ചവയ്ക്കുക. മണിക്കൂറില്‍ 650 മൈലാണ് ശരാശരി വേഗമെങ്കിലും മണിക്കൂറില്‍ 700 മൈലിലേറെ സ്പീഡില്‍ പറന്ന ചരിത്രവുമുണ്ട് എയര്‍ ഫോഴ്‌സ് വണ്‍ന്. 

 53,000 ഗാലന്‍സാണ് ഇതിന്റെ ഫ്യുവല്‍ കപ്പാസിറ്റി. ഫുള്‍ ലോഡായ  എയര്‍ ഫോഴ്‌സ് വണ്‍ന് 800,000 പൗണ്ടിലേറെ തൂക്കമുണ്ടാകും. ഏകദേശം 65 ആഫ്രിക്കന്‍ കൊമ്പന്‍മാരുടെയത്ര തൂക്കം വരുമിത്.  വളരെ ഉയര്‍ന്ന ആള്‍റ്റിറ്റിയൂഡിലൂടെ, അതായത് 45,000അടിക്ക് മേലേ ഈ വിമാനത്തിന് കടന്നുപോകാനാകും. കൊമേഴ്‌സ്യല്‍ എയര്‍ക്രാഫ്റ്റുകളേക്കാള്‍ 10,000അടി ഉയരത്തിലാണിതെന്നറിയുക.  ആറുനില കെട്ടിടത്തിലുമേറെ ഉയരവുമുണ്ട് എയര്‍ ഫോഴ്‌സ് വണ്‍ന്. നാലായിരം സ്‌ക്വയര്‍ ഫീറ്റ് ഇന്റീരിയല്‍ ഫ്‌ളോര്‍ സ്‌പെയിസുണ്ട്. കോണ്‍ഫറന്‍സ് റൂം, ഡൈനിംഗ് റൂം, പ്രസിഡന്റിന്റെ പ്രൈവറ്റ് ക്വാര്‍ട്ടേഴ്‌സ്, സീനിയര്‍ സ്റ്റാഫ് മെമ്പേഴ്‌സിനുള്ള ഓഫിസ് റൂമുകള്‍, ഒരു മെഡിക്കല്‍ ഓപ്പറേറ്റിംഗ് റൂം-ഒരു ഡോക്ടര്‍, പ്രസ് ഏരിയ ഇവയ്ക്ക് പുറമേ നൂറ് പേര്‍ക്ക് ഒരേ സമയം ഭക്ഷണം തയാറാക്കാനാവശ്യമായ സ്ഥലസൗകര്യവും എയര്‍ ടു എയര്‍, എയര്‍ ടു ഗ്രൗണ്ട് കമ്യൂണിക്കേഷനുവേണ്ടി  മള്‍ട്ടി ഫ്രീക്വന്‍സി റേഡിയോകളും  പ്‌ളെയിനിലുണ്ട്. 1789-1797 കാലയളവില്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് വാഷിംഗ്ടണ്‍ കുതിരവണ്ടിയിലായിരുന്നു സഞ്ചരിച്ചിരുന്നത്, മണിക്കൂറില്‍ അഞ്ച് മൈല്‍ സ്പീഡായിരുന്നു കുതിരയ്ക്ക്. . 1829-1837 കാലത്ത് അധികാരത്തിലിരുന്ന ആന്‍ഡ്രൂ ജാക്‌സനാണ്  ട്രെയിനില്‍ സഞ്ചരിച്ച് ഓഫിസ് കാര്യങ്ങള്‍ നിര്‍വഹിച്ച ആദ്യ പ്രസിഡന്റ്. വില്യം മെക്കിന്‍ലി(1897-1901)യാണ് ഓഫിസ് കാര്യങ്ങള്‍ക്കായി ആദ്യമായി കാറില്‍ സഞ്ചരിച്ച പ്രസിഡന്റ്. ഫ്രാങ്ക്‌ലിന്‍ ഡി റൂസ്‌വെല്‍റ്റ് (1933-1945)ആയിരുന്നു ബിസിനസ് കാര്യങ്ങള്‍ക്കായി വായുമാര്‍ഗം സഞ്ചരിച്ച ആദ്യ പ്രസിഡന്റ്.  

പ്രസിഡന്റുമായി പോകുന്ന ഏത് എയര്‍ക്രാഫ്റ്റിനെയും എയര്‍ഫോഴ്‌സ് വണ്‍ എന്ന് വിളിച്ച്   1953ല്‍ എയര്‍ഫോഴ്‌സ് കണ്‍ഫ്യൂഷന്‍ ഒഴിവാക്കി. പ്രസിഡന്റുമായി പോകുന്ന ഏത് എയര്‍ഫോഴ്‌സ്  എയര്‍ക്രാഫ്റ്റിനെയും സാങ്കേതികമായ അര്‍ഥത്തില്‍ എയര്‍ ഫോഴ്‌സ് വണ്‍ എന്നു വിളിക്കാമെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് പ്രത്യേക പ്‌ളെയിനുകള്‍ പ്രസിഡന്റിന്റെ യാത്രയ്ക്കായി ഉപയോഗിച്ചുതുടങ്ങിയത്. 
28000, 29000  ടെയില്‍ കോഡുകളുള്ള രണ്ട് ബോയിംഗ് 747 -200 ആ (VC -25A) സീരീസ് എയര്‍ക്രാഫ്റ്റുകളാണ് പ്രസിഡന്റിന്റെ വിമാനമായി ഉപയോഗിക്കുന്നത്. കൊമേര്‍ഷ്യല്‍ ബോയിംഗ് 747ജെറ്റിന്റെ മിലിട്ടറി വേര്‍ഷനായ  ബോയിംഗ്  (VC -25A)) ആദ്യമായി ഉപയോഗിച്ചത് പ്രസിഡന്റ് ജോര്‍ജ് ഡബ്ലിയു ബുഷ് ആയിരുന്നു-1990ല്‍. 

യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്ന പേരും അമേരിക്കന്‍ ഫ്‌ളാഗും  അമേരിക്കന്‍ പ്രസിഡന്റിന്റെ സീലും ആലേഖനം ചെയ്ത എയര്‍ ഫോഴ്‌സ് വണ്‍  അത് പറന്നുചെല്ലുന്ന ഇടങ്ങളിലെല്ലാം പ്രൗഢിയുടെയും  അധികാരത്തിന്റെയും പ്രതീകമായി നിറയുന്നു. ഏറ്റവും അഡ്വാന്‍സ്ഡായ സെക്യുവര്‍ കമ്യൂണിക്കേഷന്‍ സൗകര്യങ്ങളെല്ലാം ഈ 'ഫ്‌ളൈയിംഗ് ഓവല്‍ ഓഫിസി'നുള്ളില്‍ സാധ്യമാണ്. റിമോട്ട് പ്രദേശങ്ങളില്‍ പ്രസിഡന്റിന് എന്തെങ്കിലും ആവശ്യങ്ങള്‍ വേണ്ടതു മുന്‍കൂട്ടികണ്ട് നിറവേറ്റുന്നതിനായി  എയര്‍ ഫോഴ്‌സ് വണ്‍ന് മുന്നിലായി  നിരവധി കാര്‍ഗോ പ്ലെയിനുകള്‍ സഞ്ചരിക്കാറുണ്ട്.
എയര്‍ ഫോഴ്‌സ് വണ്‍ന് 30 ഫ്‌ളൈറ്റ് അറ്റന്‍ഡര്‍മാരുണ്ട്. റൊട്ടേഷനിലാണ് ഇവരുടെ ഡ്യൂട്ടി. സേഫ്റ്റി, റസ്‌ക്യു കാര്യങ്ങളില്‍ ഇവര്‍ വിദഗ്ധരാണ്.  പ്ലെയിനിലാകെ 85 ഫോണുകളും 25 ടി വികളും  സജ്ജീകരിച്ചിട്ടുണ്ട്. പ്രസിഡന്റിന്റെ സ്യൂട്ടിലാവട്ടെ സ്‌ളീപ്പിംഗ് ക്വാര്‍ട്ടേഴ്‌സ്, ഷവര്‍, ലവേറ്ററി, ജിം തുടങ്ങി എല്ലാ സംവിധാനങ്ങളും ലഭ്യമാണ്. 
ന്യൂക്ലിയര്‍ ആക്രമണത്തെപോലും പ്രതിരോധിക്കാനാവും വിധമാണ് പ്ലെയിനിന്റെ ബോഡി നിര്‍മിച്ചിരിക്കുന്നത്. 

എയര്‍ഫോഴ്‌സ് വണ്‍ ഒരു സംഭവം തന്നെ, എന്തായാലും മേരിലാന്‍ഡ് ഹാബറില്‍ വരെയൊന്ന് പോയി നോക്കാമല്ലേ...

 എയര്‍ ഫോഴ്‌സ് വണിനെ കുറിച്ച് ചില രഹസ്യങ്ങള്‍  (പകല്‍ കിനാവ് : ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക