Image

തൃപ്‌തിക്ക്‌ കോണ്‍ഗ്രസ്‌- ബി ജെ പി ബന്ധം; ചെന്നിത്തലയും ശ്രീധരന്‍ പിള്ളയും പറഞ്ഞാല്‍ തിരിച്ചു പോകും: മന്ത്രി കടകംപള്ളി

Published on 16 November, 2018
തൃപ്‌തിക്ക്‌ കോണ്‍ഗ്രസ്‌- ബി ജെ പി ബന്ധം; ചെന്നിത്തലയും ശ്രീധരന്‍ പിള്ളയും പറഞ്ഞാല്‍ തിരിച്ചു പോകും: മന്ത്രി കടകംപള്ളി

നിലയ്‌ക്കല്‍: ശബരിമലയില്‍ ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന ഉറച്ച നിലപാടില്‍ നില്‍ക്കുന്ന ഭൂമാതാ ബ്രിഗേഡ്‌ നേതാവ്‌ തൃപ്‌തി ദേശായിക്ക്‌ കോണ്‍ഗ്രസ്‌- ബി ജെ പി ബന്ധമുണ്ടെന്നും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌ പി എസ്‌ ശ്രീധരന്‍ പിള്ളയും പറഞ്ഞാല്‍ അവര്‍ തിരിച്ചുപോകുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ .

മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റിയില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച്‌ പരാജയപ്പെട്ടയാളാണ്‌ തൃപ്‌തി ദേശായി. കോണ്‍ഗ്രസ്‌ വിട്ട്‌ ഇപ്പോള്‍ ബി.ജെ.പിയുമായും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തി കൂടിയാണ്‌ തൃപ്‌തി ദേശായിയെന്നും കടകംപള്ളി വ്യക്തമാക്കി.

നിലയ്‌ക്കലില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിനായി എത്തിയതാണ്‌ തൃപ്‌തി ദേശായി.

തൃപ്‌തി ദേശായി കൊച്ചിയില്‍ എത്തി ശബരിമല ദര്‍ശനത്തിനായി പുറപ്പെടുന്നു എന്ന വാര്‍ത്തയാണ്‌ രാവിലെ മുതല്‍ കേള്‍ക്കുന്നത്‌. സുപ്രീം കോടതി വിധിയുടെ ബലത്തിലാണ്‌ അവര്‍ വന്നിരിക്കുന്നത്‌.

സുരക്ഷ ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രിയ്‌ക്ക്‌ അയച്ച കത്തിന്റെ കോപ്പിയാണ്‌ കേരള മുഖ്യമന്ത്രിക്ക്‌ നല്‍കിയത്‌.

മഹാരാഷ്ട്രയിലെ മുഖ്യമന്ത്രിക്കും അവര്‍ കത്ത്‌ നല്‍കിയിട്ടുണ്ട്‌. സുരക്ഷിതമായ ദര്‍ശനം സാധ്യമാക്കണമെന്നാണ്‌ അവര്‍ കത്തില്‍ ആവശ്യപ്പെട്ടതെന്നും കടകംപള്ളി പറഞ്ഞു.

അവരുടെ സഞ്ചാര സ്വാതന്ത്രം നിഷേധിക്കരുത്‌ .അതിന്‌ ആര്‍ക്കും അവകാശമില്ല. വിമാനത്താവളത്തിലെ പ്രതിഷേധം കാരണം അവരോട്‌ തിരിച്ച്‌ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു.

കേരളത്തിന്റെ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയും പറഞ്ഞാല്‍ തൃപ്‌തി ദേശായി സ്വന്തം നാട്ടിലേക്ക്‌ മടങ്ങിപ്പോകുമെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക