Image

ദക്ഷിണേന്ത്യയില്‍ കാവി പടര്‍ത്താന്‍ ശബരിമല ഉപയോഗപ്പെടുത്തണമെന്ന്‌ അമിത്‌ഷായുടെ ആഹ്വാനം

Published on 16 November, 2018
ദക്ഷിണേന്ത്യയില്‍ കാവി പടര്‍ത്താന്‍ ശബരിമല ഉപയോഗപ്പെടുത്തണമെന്ന്‌ അമിത്‌ഷായുടെ ആഹ്വാനം
ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ അജണ്ട പുറത്ത്‌. സുപ്രീം കോടതിയുടെ യുവതീ പ്രവേശന വിധിക്ക്‌ ശേഷം ശബരിമല വിഷയം പരമാവധി ഉപയോഗപ്പെടുത്താന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക്‌ ദേശീയ അധ്യക്ഷന്‍ അമിത്‌ഷായും നിര്‍ദേശം നല്‍കി.

മാംഗ്ലൂരില്‍ നടന്ന ആര്‍എസ്‌എസിന്റെ പ്രത്യേക യോഗത്തിലാണ്‌ ശബരിമല വിഷയം കത്തിച്ച്‌ രാഷ്ട്രീയ മുതലെടുപ്പ്‌ നടത്താനുള്ള ആഹ്വാനം ബിജെപി, ആര്‍എസ്‌എസ്‌ നേതാക്കളോട്‌ അമത്‌ഷാ നടത്തിയത്‌.

ആര്‍എസ്‌എസ്‌ ദേശീയ ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി, ഓര്‍ഗനൈസിങ്‌ ജനറല്‍ സെക്രട്ടറി രാംലാല്‍, നാഷണല്‍ ജോയിന്റ്‌ ഓര്‍ഗനൈസിങ്‌ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ്‌ തുടങ്ങിയവരാണ്‌ യോഗത്തില്‍ പങ്കെടുത്തത്‌.

ദക്ഷിണേന്ത്യയില്‍ കാര്യമായ വേരോട്ടം ലഭിക്കാത്ത ബിജെപി ശബരിമല വിഷയം പരമാവധി കത്തിച്ച്‌ മുതലെടുപ്പിനൊരുങ്ങുകയാണെന്ന്‌ നേരത്തെയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരേ പ്രതിഷേധം നടത്തി അതുവഴി രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്നാണ്‌ ബിജെപി കരുതുന്നത്‌. ഇതിനായുള്ള തന്ത്രങ്ങള്‍ മെനയണമെന്നും അമിത്‌ഷാ നേതാക്കള്‍ക്ക്‌ നിര്‍ദേശം നല്‍കിയതായാണ്‌ റിപ്പോര്‍ട്ടുകള്‍.

ഇതിനായി ആര്‍എസ്‌എസ്‌ ശാഖകള്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ്‌ സൂചനകള്‍.

ഇതിന്റെ ഭാഗമായാണ്‌ കര്‍ണാടക, തമിഴ്‌നാട്‌, ആന്ധ്രപ്രദേശ്‌, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള 250 ഓളം പൂര്‍ണസമയ തീവ്ര ആര്‍എസ്‌എസ്‌ പ്രവര്‍ത്തകരെ ഉള്‍പ്പെടെ പങ്കെടുത്ത `റിഫ്രഷര്‍ കോഴ്‌സ്‌' നടത്തിയിരുന്നത്‌.

ശബരിമല വിഷയത്തോടെ ദക്ഷിണേന്ത്യയില്‍ അടിത്തറപാകാന്‍ മികച്ച അവസരമാണ്‌ ലഭിച്ചതെന്ന നിഗമനത്തിലാണ്‌ കഴിഞ്ഞ ദിവസം മംഗളൂരുവില്‍ ചേര്‍ന്ന ആര്‍എസ്‌എസിന്റെ ദക്ഷിണേന്ത്യന്‍ യോഗം എത്തിച്ചേര്‍ന്നതെന്നാണ്‌ ദ ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ നല്‍കുന്ന സൂചന.

കേരളത്തിന്‌ പുറമെ കര്‍ണാടക, ആന്ധ്രപ്രദേശ്‌, തമിഴ്‌നാട്‌ എന്നീ മൂന്ന്‌ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്‌ ശബരിമലയിലെത്തുന്ന ബഹുഭൂരിപക്ഷം ഭക്തരും.

ഈ സംസ്ഥാനങ്ങളിലെ ഓരോ ബൂത്ത്‌ തലത്തിലും ആറ്‌ അയ്യപ്പ ഭക്തരെങ്കിലും ഉണ്ടാകുമെന്നാണ്‌ കരുതുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക