Image

സര്‍ദാരി ഇന്നെത്തും; മന്‍മോഹനുമായി കൂടിക്കാഴ്ച; സയ്യിദ് വിഷയം ചര്‍ച്ച ചെയ്യില്ലെന്ന് സര്‍ദാരി

Published on 07 April, 2012
സര്‍ദാരി ഇന്നെത്തും; മന്‍മോഹനുമായി കൂടിക്കാഴ്ച; സയ്യിദ് വിഷയം ചര്‍ച്ച ചെയ്യില്ലെന്ന് സര്‍ദാരി
ന്യൂഡല്‍ഹി: പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയും സംഘവും അനൗപചാരിക സന്ദര്‍ശനത്തിനായി ഞായറാഴ്ച ഡല്‍ഹിയിലെത്തും. മൂന്നു മണിക്കുറോളം നഗരത്തില്‍ ചെലവിടുന്ന അദ്ദേഹം പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഉഭയകക്ഷി ബന്ധങ്ങളാവും പ്രധാനമായും ചര്‍ച്ചാവിഷയമാവുക.

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സയ്യിദിന്റെ തലയ്ക്ക് അമേരിക്ക ഒരു കോടി ഡോളര്‍ ഇനാം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടിക്കാഴ്ച പ്രാധാന്യമര്‍ഹിക്കുന്നു. എന്നാല്‍, സയ്യിദ് വിഷയം ചര്‍ച്ചയില്‍ ഉന്നയിക്കപ്പെടില്ലെന്നാണ് തന്റെ പ്രതീക്ഷയെന്ന് സര്‍ദാരി ലാഹോറില്‍ പറഞ്ഞു. ''ഈ വിഷയത്തില്‍ എന്റെ നിലപാട് പാക് സര്‍ക്കറിന്‍േറതില്‍നിന്ന് ഭിന്നമല്ല. മതപരമായ കാര്യത്തിനാണ് എന്റെ യാത്ര''അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ മന്‍മോഹനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സര്‍ദാരിയും സംഘവും സൂഫിവര്യന്‍ ഖ്വാജ മൊയ്‌നുദ്ദീന്‍ ചിസ്തിയുടെ ദര്‍ഗയില്‍ പ്രാര്‍ഥിക്കുന്നതിനായി അജ്‌മേറിലേക്ക് പോകും. സര്‍ദാരിയുടെ മകനും പാക്പീപ്പിള്‍സ് പാര്‍ട്ടി അധ്യക്ഷനുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുള്‍പ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങളും ഉന്നതനേതാക്കളും സംഘത്തിലുണ്ടാകും. 

കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് പാക് രാഷ്ട്രത്തലവന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. 2005ല്‍ പര്‍വെസ് മുഷറഫാണ് ചര്‍ച്ചയ്ക്കായി ഡല്‍ഹിയിലെത്തിയ ഒടുവിലത്തെ പാക് പ്രസിഡന്റ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് മന്‍മോഹന്‍സര്‍ദാരി കൂടിക്കാഴ്ച. 

തുടര്‍ന്ന് നടക്കുന്ന ഉച്ചവിരുന്നില്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയുള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക്, വിദേശ കാര്യമന്ത്രി ഹിന റബ്ബാനി ഖര്‍ തുടങ്ങിയവര്‍ സര്‍ദാരിയുടെ സംഘത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. വ്യക്തമായ അജന്‍ഡയുടെ അടിസ്ഥാനത്തിലല്ല മന്‍മോഹന്‍സര്‍ദാരി ചര്‍ച്ചയെന്നും എല്ലാ ഉഭയകക്ഷി വിഷയങ്ങളും ചര്‍ച്ചാവിഷയമാവുമെന്നും വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക