Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-21: സാംസി കൊടുമണ്‍)

Published on 17 November, 2018
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍- ഭാഗം-21: സാംസി കൊടുമണ്‍)
നീണ്ട ഒന്‍പതുമണിക്കൂറിന്റെ കാത്തിരുപ്പ്. ഒരാണ്‍കുട്ടി. ഈ ലോകത്തിന്റെ ചതിക്കുഴികള്‍ അമ്മയുടെ ഗര്‍ഭത്തില്‍ വെച്ചുതന്നെ തിരിച്ചറിഞ്ഞവനെപ്പോലെ അവന്‍ ഭൂമിയിലേക്കിറങ്ങിവരാതെ അമ്മയുടെ ഗര്‍ഭത്തില്‍ അള്ളിപ്പിടിച്ചു കിടന്നു. അമ്മയും മകനും നീണ്ട സമരത്തില്‍ ആയിരുന്നു. ഒടുവില്‍ അവന്‍ തോറ്റു. നിലവിളിയുമായി ഈ ഭൂമിയിലേക്കു തള്ളപ്പെട്ടപ്പോള്‍, അവന്റെ അമ്മയുടെ മുഖത്ത് ആശ്വാസത്തിന്റെ നീര്‍ത്തുള്ളികള്‍.

“”കുട്ടിക്ക് ഇടാന്‍ എന്തെങ്കിലും കൊണ്ടു വന്നിട്ടുണ്ടോ?’’ നേഴ്‌സ് ചോദിക്കുന്നു.

ജോസ് പുതുതായി എന്തോ കേട്ടതുപോലെ കൈ മലര്‍ത്തി.

“”എന്നാല്‍ പോയി വല്ലതും വാങ്ങി വാ.’’ നേഴ്‌സിന്റെ മുഖത്ത് പുച്ഛ രസം. സിസിലിയുടെ മുഖത്ത് അലൗകികമായ ദീപ്തി. പൊരുതി ജയിച്ചവളുടെ ഭാവം. അവളുടെ കൈ വിരലുകളില്‍ തടവി അഭിനന്ദനത്തിന്റെ പൂച്ചണ്ട ുകള്‍. നെറ്റിയില്‍ ഒരു മുത്തം. അപ്പന്റെ കടമകള്‍ കൈകാലിട്ടടിക്കുന്നു. രാവിലെ ഒന്‍പതു മണിയേയായിട്ടുള്ളൂ. നല്ല ഉറക്കക്ഷീണം. വഴിയോരക്കടയില്‍ നിന്നും കടുപ്പത്തില്‍ കിട്ടിയ ഒരു ചായയുടെ ഉന്മേഷത്തില്‍ നടന്നു. അതിരാവിലെ തുറന്നു വെച്ച ഒരു തുണിക്കടയില്‍ നിന്നും എട്ടു കുട്ടിയുടുപ്പുകള്‍ വാങ്ങി. ഒരു പിതാവ്, പുത്രനുവേണ്ട ി ചെയ്യുന്ന ആദ്യത്തെ കടമ. കടമകളുടെ ഭാരവും തോളിലേറ്റി അയാള്‍ നടന്നു.

പ്രസവാനന്തരശുശ്രൂഷകള്‍ക്കായി അമ്മ അവളെ അങ്ങോട്ടു കൊണ്ട ുപോകുന്നു. സ്വന്തം വീട്ടിലെ അന്യതാ ബോധം ജോസിനെക്കൊണ്ട ് വേണ്ട എന്നു പറയിച്ചില്ല. അമ്മയുടെ കണ്ണില്‍ നിസ്സഹായതയുടെ നീര്‍ത്തടം. ആങ്ങള കണക്കുകളില്‍ അടയിരുന്നു. ഭാര്യവീട്ടിലെ പടലപ്പിണക്കങ്ങള്‍ക്കിടയില്‍ അവള്‍ നന്നായി നീറുന്നുണ്ടെ ന്ന് ജോസിന് അറിയാമായിരുന്നെങ്കിലും അങ്ങോട്ടുള്ള യാത്രകള്‍ കുറച്ചിരുന്നു. അവളേയും കുഞ്ഞിനേയും കാണാനുള്ള മോഹം അധികരിക്കുമ്പോള്‍ ഒന്നോടിപ്പോകും. അധികം നില്‍ക്കില്ല.

അമ്മ കുഞ്ഞിനെ ജോസിന്റെ മടിയില്‍ വെച്ചപ്പോള്‍ അവന്‍ വല്ലാതെ കരയുന്നു.

“”കുഞ്ഞിന് അപ്പനെ അറിയില്ല. കുഞ്ഞിനായാലും വല്ലപ്പോഴും കാണണം.... അതാ....’’ അകത്തുനിന്നും അവള്‍ പറഞ്ഞു. അവളുടെ സ്വരത്തില്‍ മറ്റനേകം ധ്വനികളുണ്ട ായിരുന്നു. കുഞ്ഞിനെ അമ്മയെ ഏല്പിച്ച് മുറിയിലേക്കു കടക്കുമ്പോള്‍ അവള്‍ കിടക്കുകയായിരുന്നു. ചാലു കീറിയ കണ്ണുകളുയര്‍ത്തി അവള്‍ നോക്കി. അവള്‍ക്ക് എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല. ചുണ്ട ുകള്‍ പൊട്ടിയ മുലക്കണ്ണുകള്‍. നാഭിയിലെ കുത്തിക്കെട്ടുകള്‍ പൊട്ടി അവിടെ പഴുപ്പ്.

“”എനിക്കാരുമില്ല....’’ അവള്‍ കേണു. “”നിനക്ക് എല്ലാവരുമുണ്ട ്. ഞാനുണ്ട ്, നമ്മുടെ കുഞ്ഞുണ്ട ്. നിന്റെ അമ്മയുണ്ട ്. നിന്റെ ആങ്ങളയുണ്ട ് എന്റെ അമ്മയുണ്ട ്. ഈ പ്രപഞ്ചം നിന്റേതാണ്. ആരും ഒറ്റയ്ക്കല്ല.’’ ആശുപത്രിയില്‍ നിന്നു മടങ്ങുമ്പോള്‍ അയാള്‍ സ്വയം ഉറപ്പിക്കാനായി പറഞ്ഞുകൊണ്ട ിരുന്നു. കാര്‍ സ്വന്തം ഭവനത്തിലേക്കു തിരിയുമ്പോള്‍ അയാള്‍ അമ്മയോടു പറഞ്ഞു “”ഞാന്‍ ഇവളേയും കുഞ്ഞിനെയുംകൊണ്ട ു പോകയാണ്.’’ അമ്മ തെല്ലു സംശയത്തോടെയും എന്നാല്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പോടെയും ചോദിച്ചു. “”നാട്ടുകാര്‍ എന്തു പറയും.’’

നാട്ടുകാര്‍.... സ്വന്തമായി അഭിപ്രായമില്ലാത്ത ജനക്കൂട്ടം. ഉച്ചത്തില്‍ പറയുന്നവന്റേതാണു ജനക്കൂട്ടത്തിന്റെ മനസ്സായി വായിക്കുന്നത്. അതുകൊണ്ട ് അവര്‍ പോയി തുലയട്ടെ.... തിരസ്കരിക്കപ്പെട്ടവരുടെ വേദനയുമായി അവര്‍ വീണ്ട ും സന്ധിച്ചു.

വീട് ഒരു സത്രം മാത്രമായിരുന്നു. തിണ്ണയില്‍ കുഞ്ഞിനെയും കളിപ്പിച്ച്, ഇടയ്ക്കിടയ്ക്കു മുറുക്കി തുപ്പി, ഗതകാലത്തിന്റെ ഓര്‍മ്മയില്‍ അമ്മ.

മദ്യം ദുഃഖങ്ങള്‍ക്കു കൂട്ടായി. വേണ്ട ത്ര വരുമാനമില്ലാത്ത സ്റ്റുഡിയോ നല്ല ഒരു മറയായിരുന്നു. കൂട്ടുകാര്‍ക്കു മാത്രം കുറവില്ലായിരുന്നു. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തതൊക്കെ അയാള്‍ ലഹരിയില്‍ മുക്കി. മദ്യം ഒരു ശീലമാകുന്നു എന്ന തിരിച്ചറിവ് ഇടയ്ക്കിടെ യുക്തിബോധത്തെ തൊട്ടുണര്‍ത്തുന്നു.

“”എന്തിനാ ഇങ്ങനെ കുടിയ്ക്കുന്നത്.’’ അവള്‍ ചോദിക്കുന്നു. സ്വയം ചോദിക്കുന്ന ചോദ്യം. നാശത്തിലേക്കുള്ള വഴിയാണെന്നു തിരിച്ചറിയുന്നു. പക്ഷേ.....

“”എന്നെ ഇഷ്ടമല്ലേ... നമ്മുടെ മോന്‍....’’ അവള്‍ കരയുകയാണ്. കരയാന്‍ മാത്രം അറിയുന്നവള്‍. തന്റെ ഉള്ളിലെ മനുഷ്യനെ അവള്‍ അറിയുന്നില്ലേ. മുറിവേറ്റ വ്യക്തിത്വത്തിന്റെ പിടച്ചില്‍.... എന്തൊക്കെയോ ആകാന്‍വേണ്ട ി ഡല്‍ഹി വിട്ടവന്‍.... എവിടെ എത്തി. പാതാളത്തിന്റെ അടിത്തട്ടില്‍.... കയറാന്‍ പറ്റാത്ത ആഴങ്ങളിലേക്ക്.... തിരഞ്ഞെടുത്ത വഴികള്‍ തെറ്റായിരുന്നുവോ? മനസ്സു പതറുന്നു. കിടയ്ക്കയില്‍ അവളോടു നീതി പുലര്‍ത്താന്‍ കഴിയുന്നില്ല എന്ന തോന്നല്‍. അവള്‍ അവളുടെ സങ്കടങ്ങളില്‍ നിന്നും ഉണര്‍ന്നു വരുമ്പോഴേക്കും, ധൃതിയില്‍ കാര്യങ്ങള്‍ കഴിഞ്ഞ് ഉറങ്ങാന്‍ വെമ്പല്‍. ഒളിച്ചോട്ടം. പ്രശ്‌നങ്ങളെ നേരിടാന്‍ കഴിയാത്ത ഭീരുവിന്റെ തളര്‍ച്ച. കുടുംബം ഒരു തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തുകയാണോ? ഹൃദയത്തിന്റെ അടിത്തട്ടില്‍ അവളെക്കുറിച്ചുള്ള ഒരു കരുതല്‍. മോന്‍ വളരുകയാണ്. മൂന്നു മാസം. അവള്‍ വീണ്ട ും ഛര്‍ദ്ദിക്കയാണ്.

“”വേണ്ട .... ഉടനെ ഒരു തനിയാവര്‍ത്തനം.... കഴിഞ്ഞുപോയ പീഡനകാലത്തെ ഓര്‍ത്തവള്‍ പറഞ്ഞു.’’

ഗവണ്‍മെന്റ് ആശുപത്രിയുടെ പിന്നാമ്പുറത്ത്, ചവറ്റുകൂനയില്‍ എവിടെയോ ഒരു കരച്ചില്‍. രക്തവും മാംസവുമായി അത് എവിടേക്കോ ഒലിച്ചുപോയി. ഓര്‍മ്മയുടെ കണക്കുപുസ്തകത്തില്‍ ആരും തുറക്കാത്ത ഏടുകളില്‍ അതു കുറിയ്ക്കപ്പെട്ടു. കുമ്പസാരക്കൂട്ടില്‍ ഏറ്റു പറഞ്ഞ് പാപമുക്തനാകാന്‍ അയാള്‍ ഒരു വിശ്വാസിയും ആയിരുന്നില്ലല്ലോ. ആ ഓര്‍മ്മകള്‍ അയാള്‍ കൊണ്ട ു നടന്നു. ആ കരച്ചില്‍ അവരെ പിന്തുടരുന്നു. ജീവിതത്തിലെ കരച്ചില്‍ അവസാനിക്കുന്നില്ലല്ലോ.

ആലീസമ്മാമ്മ എഴുതി, നിങ്ങള്‍ക്ക് അമേരിക്കക്കു വരുവാന്‍ വേണ്ട കാര്യങ്ങള്‍ ശരിയായി വരുന്നു. വേണ്ട പേപ്പറുകള്‍ അയച്ചു തരിക. ആ വാര്‍ത്ത തന്ന ആശ്വാസം കാഴ്ച ഇല്ലാത്തവന്റെ കണ്ണുകള്‍ക്ക് പെട്ടെന്ന് കാഴ്ച കിട്ടിയാലത്തെ അവസ്ഥ. അല്ലെങ്കില്‍ ചുഴിയില്‍ നിന്നും ചുഴിയിലേക്കുഴലുമ്പോള്‍ കിട്ടുന്ന ഒരു പിടിവള്ളി. ജീവിതം അപ്രതീക്ഷിതമായ വഴിത്തിരുവുകളിലൂടെ നമ്മെ വഴി നടത്തുകയാണ്. എല്ലാം കാണിച്ചു തരികയാണ്. പണ്ട ് കൃഷ്ണന്‍ യശോദയ്ക്ക് താന്‍ ആരാണെന്നു വെളിപ്പെടുത്തിയതുപോലെ. ജീവിതം നമ്മെ സ്വം കാണിച്ചു തരികയാണ്.

സ്വന്തം മണ്ണില്‍ ജീവിതം വഴിമുട്ടി നില്‍ക്കുന്നു. സ്റ്റുഡിയോ അതിന്റെ അധഃപതനത്തിന്റെ വക്കില്‍ ആയിരുന്നു. വേണ്ട ഉപകരണങ്ങളില്ലാതെ, പൂപ്പല്‍ പിടിച്ച ലെന്‍സില്‍ പ്രതിഛായകള്‍ വെള്ളെഴുത്തുകാരന്റെ നേര്‍കാഴ്ചകള്‍പോലെ അവ്യക്തമായിരുന്നു. പുതിയ ക്യാമറകള്‍.... ടെക്‌നോളജികള്‍... കാലം ആവശ്യപ്പെടുന്ന രീതിയില്‍ മുതല്‍ മുടക്കാനില്ലാത്തവന്‍. എന്തൊക്കെയോ ദുഃസ്വപ്നങ്ങളില്‍ ആയിരുന്നു. ജീവിതം ഒരു ഭാരവണ്ട ിപോലെ അയാളുടെ പുറകെ ഇഴഞ്ഞു. അരങ്ങിലെ അഭിനേതാവിനെപ്പോലെ സ്വത്വം മറ്റാരും അറിയാതെ അയാള്‍ മുഖം മൂടിയില്‍ ഒളിച്ചു.

പ്രതീക്ഷയുടെ പുത്തന്‍ മുദ്രാവാക്യങ്ങളുമായി പ്രത്യയശാസ്ത്രങ്ങളില്‍ അഭയം പ്രാപിക്കാന്‍ ശ്രമിച്ചു. പക്ഷേ അവിടെയും തിരിച്ചടികളായിരുന്നു. മുഖം മൂടികളെ തിരിച്ചറിയുമ്പോഴേക്കും പ്രത്യയശാസ്ത്രങ്ങള്‍ക്ക് നവഭാഷ്യങ്ങള്‍ ചമച്ച് അവര്‍ മുന്നേറുന്നു. ജാതിയും മതവും വര്‍ക്ഷീയതയും വിഭാഗീയതയും അതിനുള്ളില്‍ താളം ചവിട്ടുകയാണ്. ഉള്ളില്‍ കടന്നവര്‍ തിരിച്ചറിയുന്നു. ഒരു തിരിഞ്ഞു നടപ്പിനു കഴിയാത്തവര്‍ അതിനുള്ളില്‍ കിടന്ന് നട്ടം തിരിയുന്നു. ആത്മാര്‍ത്ഥതയുടെ നെയ് വിളക്ക് കെട്ടിട്ടില്ലാത്തവര്‍ പുറത്തിറങ്ങി നിരാശയുടെ ചീന വല തീര്‍ത്ത് അതില്‍ സ്വയം കെട്ടപ്പെടുന്നു. അങ്ങനെ ഒരു കാലം ആയിരുന്നു അത്. ഡി.വൈ.എഫ്.ഐ.യുടെ യൂണിറ്റ് പ്രസിഡന്റ് പദവി സ്വയം ഒഴിഞ്ഞ്, നാട്ടിലെ പുരോഗമന വാദികളായ ചെറുപ്പക്കാരുടെ നാണമില്ലാത്ത വിധേയത്തെക്കുറിച്ചോര്‍ത്ത് സ്വയം ലജ്ജിച്ച കാലം. നാലുപാടുനിന്നും ശരങ്ങള്‍ വായ് പിളര്‍ന്നു വരുന്നു. ഒളിയ്ക്കുവാനൊരിടമില്ല. മുന്നില്‍ സദാ ഉള്ളില്‍ സങ്കടങ്ങള്‍ ഒളിപ്പിച്ചു ചിരിക്കുന്ന സിസിലി. ലോകം എന്തെന്നറിയാത്ത കുഞ്ഞ്. ഉള്ളില്‍ നൊന്തു കഴിയുന്ന സ്വന്തക്കാര്‍. ഇതിനിടയില്‍ ഭാര്യയ്ക്കും മകനും ആഹാരം വസ്ത്രം കയറിക്കിടക്കാനൊരിടം എന്ന അടിസ്ഥാന ആവശ്യത്തിന്മേല്‍ അടയിരിക്കുന്ന സ്വപ്നാടനക്കാരനായ കുടുംബനാഥന്‍.

ഈ ദശാസന്ധിയിലാണ് അമേരിയ്ക്ക ഒരു പ്രതീക്ഷയായി മാടിവിളിച്ചത്. മറ്റൊന്നും ആലോചിക്കാനില്ലായിരുന്നു. പരാജിതന്റെ പലായനം വിടവാങ്ങല്‍ പാര്‍ട്ടിയില്‍ സുഹൃത്തുക്കളോടു പറഞ്ഞു. ഞാന്‍ തിരിച്ചു വരും. മദ്യത്തിന്റെ ലഹരിയില്‍ പറഞ്ഞ വെറും വാക്കായിരുന്നില്ല. ഹൃദയത്തിന്റെ അടിത്തട്ടിലെ സ്വത്വ വിചാരമായിരുന്നു. തോറ്റോടുന്നവന്റെ ഉള്ളിലെ കരച്ചിലായിരുന്നു. നാടിനെ ഞാന്‍ ഉപേക്ഷിക്കുകയായിരുന്നില്ല. പകരം ജന്മഭൂമി എന്നോടു പറയുകയായിരുന്നു. നീ പരാജിതനാണ്. നിന്റെ ഭാരം എനിക്ക് അപമാനമാണ്. നീ ഇവിടം വിട്ടോടുക. നിനക്ക് എന്റെ മറുകരയില്‍ ഞാന്‍ ഒരവസരം കൂടി ഒരുക്കാം. പ്രകൃതി ദയാവതിയാണ്. അവള്‍ എനിക്കായി ഒരുക്കിയ പുതിയമണ്ണ്.

പക്ഷേ.... ഇതു ഭീരുക്കളുടെ ഭൂമിയല്ല. യോദ്ധാക്കളുടെ ഭൂമിയാണ്. പൊരുതി നേടേണ്ട ജീവിതം. ഒന്നും നിനക്കനുകൂലമല്ല. എല്ലാം വെട്ടിപ്പിടിക്കണം. ധീരനായ യോദ്ധാവ് പടവെട്ടി മരിക്കുന്ന ചാവേറല്ല. വെട്ടിപ്പിടിച്ച് സാമ്രാജ്യം സ്ഥാപിക്കുന്നവനാ സാമ്രാട്ട്.

(തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക