Image

പാര്‍ട്ടി കോണ്‍ഗ്രസ്സിനായി ചെലവിടുന്നത് കോടികള്‍ എന്ന് റിപ്പോര്‍ട്ട്

Published on 07 April, 2012
പാര്‍ട്ടി കോണ്‍ഗ്രസ്സിനായി ചെലവിടുന്നത് കോടികള്‍ എന്ന് റിപ്പോര്‍ട്ട്
കോഴിക്കോട്: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ചെലവ് സര്‍വകാല റെക്കോഡിലേക്ക്.

ആറുദിവസത്തെ പാര്‍ട്ടി കോണ്‍ഗ്രസ്സിനും രണ്ടു മാസത്തോളം നീണ്ട ഒരുക്കങ്ങള്‍ക്കുമായി പത്തു കോടിയിലേറെ രൂപ ചെലവാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. സമാപനസമ്മേളനത്തിനായി ഒരുക്കുന്ന പടുകൂറ്റന്‍ വേദിക്കു മാത്രം 50 ലക്ഷം രൂപ ചെലവാകുമെന്നാണ് സൂചന. 25 ലക്ഷം രൂപയോളം ഇതിന് ചെലവുവരുമെന്ന് പാര്‍ട്ടി നേതാക്കള്‍ തന്നെ സമ്മതിക്കുന്നുണ്ട്.

പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കായും വന്‍ തുകയാണ് മുടക്കിയിട്ടുള്ളത്. ജില്ലയിലാകെ ശില്പങ്ങളും നൂറുകണക്കിന് ഫഌ്‌സ് ബോര്‍ഡുകളുമാണ് സ്ഥാപിച്ചിട്ടുള്ളത്.

നഗരത്തിലെ 17 പ്രമുഖ ഹോട്ടലുകളിലായി 850ഓളം മുറികളാണ് സമ്മേളന പ്രതിനിധികള്‍ക്ക് താമസിക്കാനായി വാടകയ്‌ക്കെടുത്തിട്ടുള്ളത്. ആറു ദിവസത്തേക്ക് ഇത്രയും മുറികള്‍ക്കായി 50 ലക്ഷം രൂപയോളം വാടകയിനത്തില്‍ നല്‍കേണ്ടിവരും. അത്യാഡംബരമായി സജ്ജീകരിച്ച ഭക്ഷണശാലയിലും പണമേറെ പൊടിയും. ഇത്രയും ദിവസത്തെ ഭക്ഷണത്തിന് 40 ലക്ഷം രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്.

സമാപനദിവസം നടക്കുന്ന റെഡ് വളണ്ടിയര്‍ മാര്‍ച്ചിനും കോടികള്‍ ചെലവാകും. 25,000 റെഡ് വളണ്ടിയര്‍മാര്‍ മാര്‍ച്ചില്‍ അണിനിരക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചത്. വസ്ത്രം ഉള്‍പ്പെടെ ആളൊന്നിന് ആയിരം രൂപ വെച്ച് രണ്ടരക്കോടി ഇതിനു ചെലവാകും. സമാപന റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കാനെത്തുന്നവര്‍ക്കായുള്ള വാഹനങ്ങളുടെയും മറ്റും ചെലവുചേര്‍ത്ത് മൂന്നുകോടിയോളം വരും.

1.6 കോടി രൂപ ചെലവായ നായനാര്‍ കപ്പ് ഫുട്‌ബോളാണ് അനുബന്ധ പരിപാടികളില്‍ ഏറ്റവും ചെലവേറിയത്. ടൂര്‍ണമെന്റിലെ ജേതാക്കള്‍ക്ക് 15 ലക്ഷവും റണ്ണര്‍ അപ്പിന് 10 ലക്ഷവുമാണ് സമ്മാനമായി നല്‍കിയത്. 11 ജില്ലാതല സെമിനാറുകള്‍, 13 ഏരിയാ സെമിനാറുകള്‍, അഖിലേന്ത്യാ വോളിബോള്‍ തുടങ്ങിയ പരിപാടികള്‍ കോണ്‍ഗ്രസ്സിന്റെ ഭാഗമായി നടന്നിരുന്നു. ചരിത്രപ്രദര്‍ശനം, അന്താരാഷ്ട്ര ചലച്ചിത്രോത്സവം, നാടകോത്സവം, കേരള എക്‌സ്‌പോ തുടങ്ങിയ ബൃഹത്തായ പരിപാടികളും ഇതോടനുബന്ധിച്ച് നടക്കുന്നുണ്ട്.

പാര്‍ട്ടി അംഗങ്ങളില്‍ നിന്നും വര്‍ഗബഹുജനസംഘടനകളിലെ അംഗങ്ങളില്‍ നിന്നുമാണ് സമ്മേളനത്തിന്റെ നടത്തിപ്പിനായി പണം കൂടുതലായും ശേഖരിച്ചത്. ജില്ലയിലെ ഓരോ പാര്‍ട്ടി അംഗവും 300 രൂപ വീതമാണ് പാര്‍ട്ടി കോണ്‍ഗ്രസ്സിനായി സംഭാവന നല്‍കിയത്. 27,000 അംഗങ്ങളാണ് ജില്ലയിലുള്ളത്. ഡി.വൈ.എഫ്.ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍, കര്‍ഷകസംഘം അംഗങ്ങള്‍ 10 രൂപ വീതവും കര്‍ഷകത്തൊഴിലാളി യൂണിയന്‍ അംഗങ്ങള്‍ 20 രൂപയും സംഭാവന നല്‍കി. നിര്‍മാണത്തൊഴിലാളി യൂണിയന്‍ അംഗങ്ങളും സി.ഐ.ടി.യു.വില്‍ അഫിലിയേറ്റ് ചെയ്ത മറ്റു തൊഴിലാളികളും ഒരു ദിവസത്തെ വേതനം നല്‍കി. ബ്രാഞ്ചുകളില്‍ നിന്ന് അവസാനഘട്ടത്തില്‍ പ്രത്യേക ഫണ്ടായി അയ്യായിരം രൂപ വീതവും വാങ്ങി. ചെലവു പരിധി വിട്ടപ്പോളാണ് പ്രത്യേക ഫണ്ട് നല്‍കാന്‍ നിര്‍ദേശിച്ചതെന്നാണ് അറിവ്. 2301 ബ്രാഞ്ചുകളാണ് സി.പി.എമ്മിന് ജില്ലയിലുള്ളത്.

പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങിയ ദിവസം മുതല്‍ സമ്മേളനവേദിയായ ടാഗോര്‍ ഹാളിനു സമീപത്തെ റോഡുകളെല്ലാം റെഡ് വളണ്ടിയര്‍മാരുടെ നിയന്ത്രണത്തിലാണ്. സമാപനദിവസമാവുന്നതോടെ നഗരത്തിന്റെ നിയന്ത്രണം പൂര്‍ണമായും റെഡ് വളണ്ടിയര്‍മാരുടെ കൈയിലാവും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക