Image

ജീവിച്ചിരിക്കുന്നവരേ....നിങ്ങളുടെ മരണശേഷം...? (ഉമാ രാമന്‍)

Published on 17 November, 2018
ജീവിച്ചിരിക്കുന്നവരേ....നിങ്ങളുടെ മരണശേഷം...? (ഉമാ രാമന്‍)
നിങ്ങളിലാരെങ്കിലും ഓര്‍ത്തുനോക്കീട്ടുണ്ടോ നിങ്ങള്‍ മരിച്ചാല്‍ നിങ്ങളുടെ ശവം വീട്ടില്‍ നിലത്തിറക്കുന്നത് (പൊതുദര്‍ശനം) എവിടെയാണെന്ന്? 

നിങ്ങളുടെ ഹാളിലേക്കു ഒന്നു കണ്ണോടിച്ചു ആ സ്ഥലമൊന്നു മനസ്സില്‍ കണ്ടോളു...വെള്ളപ്പൊക്കം വരുമ്പോള്‍ വെള്ളമെത്ര കയറിയെന്നു അടയാളപ്പെടുത്താന്‍ പറയണപോലെ, നിങ്ങളുടെ വീട്ടിലെ മുന്‍പു മരിച്ചവരെ ഇറക്കിക്കിടത്തിയത് എവിടെയാണോ അവിടെത്തന്നെയാകും നിങ്ങളെയും കിടത്തുക...
അവിടെ തെക്കോട്ടു തലയാക്കി നിങ്ങളെയങ്ങിനെ മറ്റുള്ളവര്‍ കിടത്തും....!

നിങ്ങളാലോചിച്ചിട്ടുണ്ടോ ആശുപത്രിയില്‍ വച്ചു നിങ്ങള്‍ മരിക്കുമ്പോള്‍ വീട്ടില്‍ എന്തൊക്കെ ഒരുക്കങ്ങള്‍ നടത്തുമെന്ന്?! നിങ്ങളെ കിടത്താനുള്ള ഹാളില്‍ സൗകര്യമൊരുക്കലാണ് ആദ്യം ചെയ്യുക...ഫര്‍ണീച്ചറും മറ്റു മാറ്റാന്‍ പറ്റാവുന്ന സാധനങ്ങളൊക്കെ മാറ്റിവെച്ചു നിലമൊക്കെ തുടച്ചു വൃത്തിയാക്കി വയ്ക്കും... നിങ്ങളെ ആംബുലന്‍സില്‍ നിന്നും തലയിലും നടുവിലും കാലിലുമൊക്കെ ആരൊക്കെയോ ചേര്‍ത്തുപ്പിടിച്ച് ഹാളില്‍ കൊണ്ടുകിടത്തും...!

നിങ്ങളെ ഓരോരുത്തരായി വന്നു കണ്ടു പോകും... ചിലര്‍ കുറച്ചു നേരത്തേക്കു കരയും... അതുവരെ ശത്രുക്കളായിരുന്നവരും നിങ്ങളെ കാണാന്‍ വന്നെന്നിരിക്കും..!പക്ഷേ, നിങ്ങളതൊന്നും കാണില്ല്യ... ജീവിച്ചിരിക്കുമ്പോള്‍ കണ്ണുണ്ടായിട്ടും പലതും കാണാതിരുന്ന നിങ്ങള്‍ക്ക് മരണത്തോടെ കാണാനും സ്പര്‍ശിക്കാനും പറ്റാതാകും...

ഒരിക്കലിട്ട നിങ്ങളുടെ ശരീരത്തിലെ ആഭരണങ്ങള്‍ നിങ്ങളാലോചിച്ചിട്ടുണ്ടോ നിങ്ങളല്ലാത്ത ഒരാള്‍ ഊരിയെടുക്കേണ്ടി വരുന്നത്?!നിങ്ങളുടെ ശരീരം തണുത്തു ബലം വയ്ക്കുന്നതിനുമുമ്പു അതൊക്കെ ഊരിയെടുക്കും..!

നിങ്ങള്‍ക്കറിയാമോ - മരണം നടന്നു കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞാല്‍ നിങ്ങളുടെ ചുണ്ടിലും കണ്ണിലുമൊക്കെ ഈച്ചകള്‍ വന്നിരിക്കും.. നിങ്ങള്‍ക്കതിനെ ആട്ടിപ്പായിക്കാന്‍ സാധിക്കില്ല്യ... ഇന്നലെ വരെ നിങ്ങളണിഞ്ഞൊരുങ്ങിയ ശരീരം നിശ്ചലമായി ദേഹത്തിരിക്കുന്ന ഈച്ചയെയും വഹിച്ചുകൊണ്ടങ്ങിനെ കിടക്കും...

കുറച്ചു മണിക്കൂറുകള്‍ കഴിഞ്ഞാല്‍ നിങ്ങളെ അവിടന്നു എല്ലാരുംകൂടി താങ്ങിയെടുത്തു കുഴിച്ചിടാനോ കത്തിയ്ക്കാനോ കൊണ്ടുപോകും.. എങ്ങോട്ടാണ് നിങ്ങളെ കൊണ്ടുപോകേണ്ടതെന്നു തീരുമാനിക്കുന്നത് വീട്ടിലെ കാര്‍ന്നോന്മാരോ അല്ലങ്കില്‍ നാട്ടുകാരോ ആയിരിക്കും...!

നിങ്ങളിതുവരെ വഴക്കടിച്ചും ആക്രമിച്ചും കൈക്കലാക്കിയ ഭൂമിയില്‍ ഒരുപക്ഷേ നിങ്ങളെ കുഴിച്ചിടാനോ ദഹിപ്പിക്കാനോ വീട്ടുകാരോ നാട്ടുകാരോ തയ്യാറായീന്നു വരില്ല്യ - നിങ്ങളെയവര്‍ ആംബുലന്‍സില്‍ കയറ്റി വൈദ്യുതി ശ്മശാനത്തിലോ അല്ലെങ്കില്‍ പുഴവക്കിലോ കൊണ്ടുപോയി കത്തിക്കും...!

ജീവിച്ചിരിക്കുമ്പോള്‍ നല്ലൊരു വാക്കുപോലും പറയാത്തൊരാളാണു നിങ്ങളെങ്കില്‍ നിങ്ങളെ താങ്ങിയെടുത്തു കൊണ്ടുപോയതിനു പിന്നാലെ ഓരോരുത്തരായി ആ പടിയിറങ്ങിപ്പോരും... പിന്നെ നിങ്ങളെക്കുറിച്ച് എന്തെങ്കിലും പറയുമെങ്കില്‍ ഇങ്ങനെയായിരിക്കും പറയുക _ ''ഹോ! ചത്തുപോയീലോ...സാമാന്യം ബുദ്ധിമുട്ടിച്ചു... ജീവിച്ചിരിക്കുമ്പോള്‍ ഒരാള്‍ക്കുപോലും ഒരു സഹായവും ചെയ്തില്ല്യ... ചെയ്യാനുദ്ദേശിക്കുന്നവരെ മുടക്കുകയും ചെയ്യും... തിന്നുകയുമില്ല്യ ,തീറ്റുകയുമില്ല്യ എന്ന സ്ഥിതിയായിരുന്നു... എന്ന്..!''

നിങ്ങള്‍ പോയതിനു പിന്നാലെ നിങ്ങളുടെ വീട്ടുകാര്‍ നിങ്ങളതുവരെ കിടന്ന കിടക്ക കത്തിയ്ക്കും.. ജീവിച്ചിരിക്കുമ്പോള്‍ ഒരു നൂല്‍ക്കഷ്ണംപോലും കൊടുക്കാതിരുന്ന നിങ്ങളുടെ വസ്ത്രങ്ങള്‍ അനാഥാലയത്തിലേക്കു കൊടുക്കും, ചിലത് കത്തിക്കും..!

സഹായം ചോദിക്കുമ്പോള്‍ നയാപൈസ കൊടുക്കാതെ നിങ്ങള്‍ സമ്പാദിച്ചു കൂട്ടിയ പണമെല്ലാം നിങ്ങളുടെ മക്കളോ ബന്ധുക്കളോ വീതം വച്ചെടുക്കും... പിശുക്കു കാണിച്ചു നിങ്ങള്‍ ഭക്ഷണം കഴിക്കാതെയുണ്ടാക്കിയ പണമെടുത്ത് മക്കളും ബന്ധുക്കളും വിസ്തരിച്ചു പാര്‍ട്ടി നടത്തി പൊടിപൊടിക്കും...

നിങ്ങള്‍ മരിച്ചു ഒരു കൊല്ലമാവുമ്പോള്‍ എല്ലാരേം വിളിക്കണമെന്നൊക്കെ മക്കളും ബന്ധുക്കളും വിചാരിക്കുകയൊക്കെ ചെയ്യും - പക്ഷേ ,അവര്‍ക്കു ലീവു കിട്ടാത്തോണ്ട് ആ പരിപാടി വേണ്ടാന്നു വയ്ക്കും...

പുഴുക്കുത്തിയ മാങ്ങപോലും തൊട്ടടുത്തുള്ളവര്‍ക്കു കൊടുക്കാതെ ആ പറമ്പിന്റെ ഉടമസ്ഥ/ ഉടമസ്ഥന്‍ ഞാനാണെന്നഹങ്കരിച്ചു ജീവിച്ചിരുന്ന നിങ്ങളെ നിങ്ങളുടെ പേരിലുള്ള വീടോ പറമ്പോ വിറ്റുപോകുന്നതോടെ നിങ്ങളുടെ പേരും അന്നാട്ടിലുള്ളവര്‍ക്കു അപരിചിതമായി കാലം മാറ്റിയിരിക്കും...!

നിങ്ങളുടെ മരണശേഷം ആ പറമ്പെല്ലാം കഷ്ണം കഷ്ണമാക്കി മുറിച്ചു കൊടുത്തു നിങ്ങളുടെ മക്കളും ബന്ധുക്കളും പൈസയുണ്ടാക്കും... പുറത്തേക്കിറങ്ങിയാല്‍ പൈസ ചിലവാകുമല്ലോന്നു വിചാരിച്ചു പുറത്തിറങ്ങാതെ സമ്പാദിച്ചുകൂട്ടിയ നിങ്ങളുടെ സ്വത്തുവിറ്റ പൈസയെടുത്തു നിങ്ങളുടെ മക്കള്‍ ടൂര്‍ പോകും... നന്നായി ആസ്വദിക്കും...!

ജീവിച്ചിരിക്കുന്നവരേ....ആര്‍ക്കു വേണ്ടി നിങ്ങളിങ്ങനെ പിശുക്കു കാണിച്ചു ഒന്നും വേണ്ടാന്നു വയ്ക്കണം? ആലോചിക്കുക മനസില്‍ കാണുക - ആ തെക്കോട്ടു തലയാക്കി വെള്ളപ്പുതപ്പിച്ചു കിടത്തിയിരിക്കുന്ന നിങ്ങളാവാന്‍ അധികസമയമൊന്നും വേണ്ട - അതിനുമുമ്പു നല്ല വാക്കുകളും പ്രവര്‍ത്തികളും ചെയ്യാന്‍ പറ്റുന്ന ഈ സമയം പ്രയോജനപ്പെടുത്തൂ....

ജീവിച്ചിരിക്കുന്നവരേ....നിങ്ങളുടെ മരണശേഷം...? (ഉമാ രാമന്‍)
Join WhatsApp News
josecheripuram 2018-11-17 18:50:52
Ok uma,are you willing to See God to day,We all talk but when the realty is we don't want leave this earth.If heaven is that beautiful why we cling here.Fear is what our weakness&they know.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക