Image

വൈശാഖന്‍: ഏകാന്തത വളമിട്ട എഴുത്തുജീവിതം

മീട്ടു റഹ്മത്ത് കലാം Published on 17 November, 2018
വൈശാഖന്‍: ഏകാന്തത വളമിട്ട എഴുത്തുജീവിതം
റെയില്‍വേയിലെ ഉദ്യോഗവുമായി ബന്ധപ്പെട്ട് രാത്രികാലങ്ങളില്‍ ഏറെനേരം നീണ്ടുനിന്ന ഏകാന്തതയെത്തുരത്താന്‍ ചലിപ്പിച്ച തൂലിക, മലയാളികള്‍ക്ക് സമ്മാനിച്ചത് കാണാക്കഥകളുടെ വലിയ ലോകമാണ്. ഭാര്യയുടെ മരണത്തെത്തുടര്‍ന്നുള്ള വ്യക്തിജീവിതത്തിലെ ഒറ്റപ്പെടലും വൈശാഖന്‍ എന്ന എഴുത്തുകാരന്‍ നേരിട്ടത് നിരന്തരമായ കഥയെഴുതിലൂടെയാണ്. ജീവിതാനുഭവങ്ങളുടെ പശിമയുള്ള മണ്ണില്‍ കുഴച്ചെടുത്ത ശില്പങ്ങളാണ് ആ രചനകള്‍.കേരള സാഹിത്യ അക്കാദമിയുടെ ചെയര്‍മാന്‍കൂടിയായ കഥാകാരന്റെ ചിന്തകളിലേക്ക്...

വൈവിധ്യങ്ങളായ ഒരുപാട് വിഷയങ്ങള്‍ ചെറുകഥാരൂപത്തില്‍ എഴുതിയിട്ടും, നോവലിന്റെ വിശാലമായ കാന്‍വാസിലേക്ക് കടക്കാതിരുന്നത്?

അതിന്റെ അടിസ്ഥാന കാരണം എന്റെ മടി തന്നെയാണ്. കഥയാകുമ്പോള്‍ ഒരുപാട് ചിന്തിക്കുകയും കുറച്ച് എഴുതുകയും ചെയ്താല്‍ മതി. ചിന്തിക്കുന്നത് ഞാന്‍ ആസ്വദിക്കുന്ന പ്രക്രിയയാണ്. എം.ടി.വാസുദേവന്‍ നായര്‍ പറഞ്ഞിരിക്കുന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള സാഹിത്യശാഖ ചെറുകഥയുടേതാണെന്നാണ്. പരത്തിപ്പറയുന്നതാണ് നോവലിന്റെ രീതി. അതിന് വലിയ അധ്വാനവും ഗവേഷണവും ആവശ്യമാണ്. ജോലിയുടെ തിരക്കുമൂലം എഴുത്തിനായുള്ള മുന്നൊരുക്കങ്ങള്‍ക്ക് സമയം ഉണ്ടായിരുന്നില്ല. ചുരുക്കി പറയുക എന്നതാണെന്റെ സ്വഭാവം തന്നെ. നോവലിന്റെ മാര്‍ക്കറ്റ് വാല്യൂ കണ്ടുകൊണ്ടാണ് കഥയുടെ ലോകത്തുനിന്ന് കൂടുതല്‍ എഴുത്തുകാരും അവിടേക്ക് ചേക്കേറുന്നത്. ടി.പദ്മനാഭന്‍, സി.വി.ശ്രീരാമന്‍ എന്നിങ്ങനെ വളരെക്കുറച്ചുപേരെ ചെറുകഥ തട്ടകമാക്കിയിട്ടുള്ളു.വായനക്കാര്‍ക്കിടയിലും നോവലുകളോട് പ്രിയമുള്ളവരാണ് കൂടുതല്‍. എനിക്ക് തോന്നിയിട്ടുള്ളത് ചെറുകഥ വായിക്കുന്നവര്‍ കൂടുതല്‍ ചിന്തിക്കുന്നവരാണെന്നാണ്. 

എന്നാല്‍, കുട്ടികള്‍ കോമ്പോസിഷന്‍ എഴുതുന്നതുപോലെ ഒരു നോവല്‍ ഞാന്‍ എഴുതി പ്രസിദ്ധീകരിച്ചിരുന്നു. റെയില്‍വേയില്‍ ജോലി ചെയ്യുമ്പോഴാണത്. ആര്‍ക്കും അതറിയില്ലെന്നുമാത്രം.

ആദ്യകാല എഴുത്തുകള്‍ എം.കെ. ഗോപിനാഥന്‍ എന്ന യഥാര്‍ത്ഥ നാമധേയത്തില്‍ ആയിരുന്നല്ലോ?
1963 ല്‍ എം.ടി പത്രാധിപര്‍ ആയിരിക്കെ മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് എം.കെ. ഗോപിനാഥന്‍ എന്ന സ്വന്തം പേരുവച്ച് ഞാനൊരു കഥ അയച്ചു. ആ കഥ മടക്കി അയച്ചതിനൊപ്പം അദ്ദേഹം ഒരുകത്ത് കൂടിവച്ചിരുന്നു. വാസ്തവത്തില്‍, ഒന്നര പേജുള്ള കത്തൊന്നും തിരസ്‌കരിച്ച കഥയ്ക്കൊപ്പം മറ്റൊരു പത്രാധിപരും വയ്ക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അതിലെ ' സുപരിചിതമായ ജീവിതമണ്ഡലങ്ങളില്‍നിന്ന് എഴുതൂ ' എന്ന വാചകമാണ് എന്റെ എഴുത്തിനെ ഉത്തേജിപ്പിച്ചത്. തൊട്ടടുത്ത വര്‍ഷം ചെകുത്താന്‍ ഉറങ്ങുന്നു എന്നൊരുകഥ എഴുതി അയച്ചു. അതാണ് ആദ്യമായി പ്രസിദ്ധീകൃതമായത്. ഉപദേശത്തിനനുസരിച്ച് എഴുത്തില്‍ മാറ്റം വന്നതുകൊണ്ടാകാം തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് നാലുവര്‍ഷത്തോളം ഒന്നും എഴുതിയില്ല.
സ്വന്തംപേരില്‍ സാഹിത്യരചന നടത്തുന്നതിന് ജോലിസംബന്ധമായ തടസ്സങ്ങളുണ്ടായിരുന്നു. പേരുമാറ്റാനായി തലപുകഞ്ഞ് ആലോചിച്ചു. മുന്നിലെ കലണ്ടറിലെ വൈശാഖം എന്ന മാസത്തില്‍ കണ്ണുടക്കി. എനിക്ക് ആസ്മ രോഗത്തിന് കുറവ് അനുഭവപ്പെടുന്ന മാസംകൂടിയായിരുന്നതുകൊണ്ട് ആ പേര് തന്നെ ഉറപ്പിച്ചു.

റെയില്‍വേ ജീവിതം എഴുത്തിനെ സഹായിച്ചിട്ടുണ്ടോ?

തമിഴ്, തെലുങ്ക്, കന്നഡ ഭാഷകള്‍ എഴുതാനും വായിക്കാനും സാധിച്ചത് റെയില്‍വേയില്‍ പലയിടങ്ങളിലായി പോസ്റ്റിങ്ങ് ലഭിച്ചതുകൊണ്ടാണ്. കുഗ്രാമങ്ങളില്‍ നിയമനം ചോദിച്ചുവാങ്ങിയിരുന്ന വ്യക്തിയാണ് ഞാന്‍. അസൗകര്യങ്ങള്‍ നിറഞ്ഞ സ്റ്റേഷനുകളിലാണ് പച്ചയായ മനുഷ്യരെ അടുത്തറിയാന്‍ കൂടുതല്‍ അവസരം. നമ്മുടെ അഹംഭാവങ്ങള്‍ ഇല്ലാതാക്കാനും ഇത് സഹായിക്കും. ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ചുള്ള ബോധ്യപ്പെടുത്തലാണ് ആ സമ്പര്‍ക്കം സമ്മാനിക്കുന്നത്. കേരളത്തിന് തീരെ പരിചിതമല്ലാത്ത കഥാപാത്രങ്ങള്‍ വീണുകിട്ടിയത് ആ കാലയളവിലാണ്.

കൊമ്പന്‍ മീശയുള്ള സാഹിത്യകാരന്‍?

ബുദ്ധിജീവികള്‍ എന്നു സമൂഹം വിളിക്കുന്നവരുടെ ബാഹ്യരൂപത്തിലും ആ തരത്തില്‍ എന്തെങ്കിലും കാണും. മുടിയും താടിയും നീട്ടി വളര്‍ത്തി ഖദര്‍ ധരിച്ച് നടക്കുന്നതൊക്കെ. സാധാരണക്കാരനായി ജീവിക്കാന്‍ ആഗ്രഹിക്കുന്നതുകൊണ്ട് അത്തരത്തിലുള്ള ചമയങ്ങളൊന്നും വേണമെന്ന് തോന്നിയിട്ടില്ല. ഞാന്‍ റെയില്‍വേയില്‍ ചേരുന്ന സമയത്ത് പട്ടാള ട്രെയിനിങ് ഉണ്ടായിരുന്നു. അന്ന് റെയില്‍വേയും പട്ടാളവും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ഫയറിംഗ് പ്രാക്റ്റീസും പരേഡും എല്ലാം ഉണ്ടായിരുന്നു. അതി ന്റെ ഭാഗമായി വളര്‍ത്തിയ മീശ പിന്നെ സന്തതസഹചാരിയായി. ആകെ വന്നൊരു മാറ്റം നരവീണു എന്നതുമാത്രമാണ്.

സാഹിത്യ അക്കാദമി ചെയര്‍മാനായ ശേഷം സംതൃപ്തി നല്‍കിയ പ്രവര്‍ത്തനം...

അക്കാദമിയുമായി ഏറെക്കാലത്തെ ബന്ധമുണ്ട്. 1989ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുമുണ്ട്. മുന്‍പും അവിടുത്തെ ലൈബ്രറിയില്‍ സാഹിത്യ ചര്‍ച്ചകളും പുസ്തകവായനയുമായി ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്. അക്കാദമിയെ ജനകീയമാക്കുക എന്നത് പണ്ടുമുതലേ ഉള്ള ആഗ്രഹമാണ്. എവിടെയോ ഉള്ള ആരുടെയോ കാര്യമാകരുത് സാഹിത്യം. ചെയര്‍മാനായി ചുമതലയേറ്റ ശേഷം പ്രവര്‍ത്തിക്കുന്നതും അതിനുവേണ്ടിയാണ്. വളരെ സാധാരണക്കാരിലേക്ക് സാഹിത്യത്തിന്റെ വലിയലോകം തുറന്നുകൊടുത്തുകൊണ്ട് അക്കാദമി അവരുടേതും കൂടിയാണെന്ന തോന്നല്‍ ഉണ്ടാക്കിയെടുക്കണം എന്നൊരു സ്വപ്നമുണ്ട്.

മഞ്ചേശ്വരം കടപ്പുറത്ത് മത്സ്യബന്ധനത്തൊഴിലാളികളെ മാത്രം പങ്കെടുപ്പിച്ച് ഒരു ക്യാമ്പ് നടത്തിയിരുന്നു. അവരുടെ കുട്ടികളും ഭാര്യമാരുമെല്ലാം പങ്കെടുത്തു. അവരില്‍ കഥയും കവിതയും എഴുതുന്നവരൊക്കെ ഉണ്ടായിരുന്നു. നല്ല മഴയുള്ളൊരു ദിവസം കടല്‍തീരത്ത് പന്തലിട്ടാണ് ക്യാമ്പ് ഒരുക്കിയത്. മീന്‍കറിയുടെ പല രുചികള്‍ പങ്കുവച്ച വീട്ടമ്മമാര്‍ക്ക് ക്യാമ്പില്‍ പങ്കെടുത്ത സാഹിത്യകാരന്മാര്‍ ലോകസാഹിത്യത്തിലെ മലയാള സാഹിത്യത്തിലും കടല്‍ എങ്ങനെ വരുന്നു എന്നൊക്കെ പരിചയപ്പെടുത്തി സംസാരിച്ചു. മെക്‌സിക്കന്‍ കടല്‍തീരത്തെ മുക്കുവന്റെ കഥ പറയുന്ന ജോണ്‍ സ്റ്റീന്‍ബാക്കിന്റെ 'പേള്‍' എന്ന നോവലിന്റെ ചുരുക്കം വളരെ ശ്രദ്ധയോടെയാണവര്‍ കേട്ടത്. ഏര്‍നെസ്റ്റ് ഹെമിങ്വെയുടെ 'ഓള്‍ഡ്മാന്‍ ആന്‍ഡ് ദി സീ'യുടെ ദൃശ്യാവിഷ്‌കാരവും പ്രദര്‍ശിപ്പിച്ചു. അക്കാദമി നിര്‍വാഹക സമിതി അംഗമായ ഇ.ടി. രാജഗോപാലന്‍ മുന്‍കയ്യെടുത്ത് പതിനെട്ടോളം ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്ന് പലതരം മത്സ്യങ്ങളെ വരച്ച് പ്രദര്‍ശിപ്പിച്ചു. കേരളത്തിന്റെ പലഭാഗത്ത് അവ എങ്ങനൊക്കെ അറിയപ്പെടുന്നു എന്നതും ചിത്രത്തിനുതാഴെ എഴുതിക്കാണിച്ചു. സാഹിത്യ അക്കാദമി എന്ന് കേട്ടിട്ടുള്ളവര്‍ കൈ പൊക്കാന്‍ പറഞ്ഞപ്പോള്‍ രണ്ട് കൈകള്‍ മാത്രം ഉയര്‍ന്ന ആള്‍ക്കൂട്ടത്തിനു മുന്‍പാകെ നടത്തിയ മൂന്നുദിവസത്തെ ക്യാമ്പിലെ പ്രതികരണം, എന്നെസംബന്ധിച്ച് മനസ്സ് നിറഞ്ഞ സന്ദര്‍ഭമാണ്. 

മറ്റുകടപ്പുറങ്ങളില്‍ അതിന്റെ തുടര്‍ച്ച നടത്തുന്നതിനിടയില്‍ പ്രളയം വന്നു. തല്‍ക്കാലം ഒരു ഇടവേളയാണ്. കുടുംബശ്രീയിലെ വനിതകള്‍ക്കുവേണ്ടി കോഴിക്കോടും ക്യാമ്പ് നടത്തിയിരുന്നു. വായിക്കുന്ന ഒരുപാട് സ്ത്രീകള്‍ അവര്‍ക്കിടയിലുണ്ട്, എഴുതുന്നവരും കുറവല്ല. ചുമട്ടുതൊഴിലാളികളിലും ഓട്ടോ ഡ്രൈവര്‍മാര്‍ക്കിടയിലും ഇത്തരത്തില്‍ ക്യാമ്പ് നടത്തണമെന്നുണ്ട്.
ഇത്രനാളും കലാ-സാഹിത്യ വേദി വിദ്യാഭ്യാസ ബോര്‍ഡ് തനിച്ചാണ് നടത്തിയിരുന്നത്. വിദ്യാഭ്യാസ ഡയറക്ടറെക്കണ്ടു സംസാരിച്ച് കഴിഞ്ഞ രണ്ടുവര്‍ഷമായി സാഹിത്യ അക്കാദമിക്ക് കീഴിലാണ് വേദി ഒരുങ്ങുന്നത്. കുട്ടികളിലെ എഴുത്ത് പ്രോത്സാഹിപ്പിക്കാനും പരിപോഷിപ്പിക്കാനും ഉപദേശങ്ങള്‍ നല്‍കാനുമുള്ള വിദ്യാരംഗത്തിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞതും സംതൃപ്തി നല്‍കിയ പ്രവര്‍ത്തനമാണ്. 

ബുദ്ധിജീവികള്‍ എന്നുനടിക്കുന്ന ചിലരുടെ മലയാളം തര്‍ജമ ചെയ്യേണ്ട അവസ്ഥയാണുള്ളത്. സാധാരണക്കാര്‍ക്ക് കേട്ടാല്‍ മനസിലാകാത്ത രീതിയില്‍ സംസാരിക്കുന്ന ആളുകളാണ് അക്കാദമിയില്‍ ഉള്ളതെന്ന തോന്നല്‍ പൊളിച്ചടുക്കണം. പ്രളയദുരിതാശ്വാസത്തിന് ഫണ്ട് കണ്ടെത്തുന്നതിന്റെ ഭാഗമായി സാഹിത്യ അക്കാദമി ഒരുപുസ്തകം ഇറക്കിയിട്ടുണ്ട്- 'പ്രളയാക്ഷരങ്ങള്‍', മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനാണ് പ്രകാശനം ചെയ്തത്. ഇറങ്ങിയ ദിവസംതന്നെ പതിനായിരം കോപ്പി ചിലവാകുകയും നാല്പതിനായിരം കോപ്പികള്‍ക്ക് ഓര്‍ഡര്‍ ലഭിക്കുകയും ചെയ്തു. പ്രളയത്താല്‍ ബാധിക്കപ്പെട്ട ഗ്രന്ഥശാലകള്‍ക്ക് അക്കാദമിയുടെ ലൈബ്രറിയില്‍ നിന്നും എന്റെ സ്വകാര്യ ശേഖരത്തില്‍ നിന്നും പുസ്തകങ്ങള്‍ കൊടുത്തതും വായിക്കാന്‍ ആഗ്രഹമുള്ള ആര്‍ക്കും അതിനുള്ള അവസരം ഉണ്ടാകണം എന്ന് കരുതുന്നതുകൊണ്ടാണ്.

വായനയിലെ അഭിരുചി?

ഒരേസമയം കെ.ദാമോദരന്റെ മനുഷ്യനും കാരൂരിന്റെയും ബഷീറിന്റെയും കഥാപ്രപഞ്ചവും സ്‌കൂള്‍കുട്ടിയായ എന്നെ സ്വാധീനിച്ചു. ഇപ്പോഴും ഫിക്ഷന്റെ ഒപ്പം തന്നെ ശാസ്ത്രപുസ്തകങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. കോളജില്‍ പഠിച്ചതും ഫിസിക്സാണ്. എം.ടി യുടെ നാലുകെട്ടും തകഴിയുടെ രണ്ടിടങ്ങഴിയും ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും 

ബ്രിട്ടീഷ് എഴുത്തുകാരന്‍ സോമര്‍സെറ്റ് മോമിന്റെ ശൈലിയോട് വല്ലാത്ത ഇഷ്ടമാണ്. 'ദി റെയ്സേര്‍സ് എഡ്ജ്' ആണ് ഏറ്റവും പ്രചോദനം തന്നത്. ജോനാതന്‍ ലിവിങ്സ്റ്റണ്‍ സീഗള്‍ എഴുതിയ റിച്ചാര്‍ഡ് ബാക്കിനോടും ആരാധനയുണ്ട്. ജീവശാസ്ത്രകാരന്‍ ഡെസ്മണ്ട് മൊറീസിന്റെയും റിച്ചാര്‍ഡ്ഡോക്കിന്‍സി ന്റെയും സ്റ്റീവന്‍ ഹോക്കിങ്സിന്റെയും ശാസ്ത്രപുസ്തകങ്ങളും വായിക്കാറുണ്ട്. ഇസ്രായേല്യന്‍ ചരിത്രകാരന്‍ യുവാള്‍ നോഹാ ഹറാറിയുടെ പുസ്തകങ്ങളും ഒരുപാട് ചിന്തിപ്പിക്കാറുണ്ട്.

എഴുത്തുകാരന്‍ അപ്‌ഡേറ്റഡ് ആകേണ്ടതുണ്ടോ...

തീര്‍ച്ചയായും. പഴമയുടെ എല്ലാ നന്മകളുമുള്‍ക്കൊണ്ടുതന്നെ പുതിയ കാലത്തിന്റെ പ്രവണതകള്‍ അറിഞ്ഞിരിക്കണം. സാംസ്‌കാരികപരവും ശാസ്ത്രീയപരമായും കൂടി എഴുത്തുകാരന്‍ അപ്‌ഡേറ്റഡ് ആകണം, സാഹത്യത്തില്‍ മാത്രം പോരാ എന്നാണ് എന്റെ അഭിപ്രായം. പുതിയ തലമുറയുടെ സംവദിക്കാതെ പുതിയകാലത്തി ന്റെ എഴുത്ത് സാധ്യമാകുമെന്ന് കരുതുന്നില്ല.

സാമൂഹിക കാര്യങ്ങളില്‍ എഴുത്തുകാര്‍ മൗനംപാലിക്കുന്നു എന്നൊരു ആക്ഷേപമുണ്ട്?

പൊതുവെ എല്ലാത്തിനോടും പ്രതികരിക്കുന്ന ആളാണ് ഞാന്‍. അഭിപ്രായം ചോദിച്ചില്ലെങ്കില്‍പോലും പ്രസംഗവേദികളില്‍ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ചുള്ള എന്റെ വീക്ഷണം പങ്കുവയ്ക്കാറുണ്ട്. ശബരിമലയില്‍ സ്ത്രീപ്രവേശാവുമായി ബന്ധപ്പെട്ട് ആളുകള്‍ ചൂണ്ടിക്കാണിക്കുന്ന പലതിലെയും യുക്തിയില്ലായ്മ ഞാന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സര്‍വശക്തനായ ദൈവമാണ് അയ്യപ്പന്‍.

അദ്ദേഹത്തെ രക്ഷിക്കാന്‍ കുറെ ആളുകള്‍ റോഡില്‍ നാമംജപിച്ച് നടക്കുന്നെന്ന് പറഞ്ഞാല്‍ ദൈവത്തിന്റെ കഴിവില്‍ അവര്‍ക്ക് വിശ്വാസമില്ലെന്നാണ് കരുതേണ്ടത്. 

യുവതികള്‍ പ്രവേശിക്കുമ്പോള്‍ ഭഗവാന്റെ ബ്രഹ്മചര്യം ചഞ്ചലപ്പെടുമെന്ന് ചിന്തിക്കുന്നത് അസംബന്ധമാണ്. സാധാരണക്കാരനുപോലും അങ്ങനെ സംഭവിക്കില്ല. പിന്നെയാണോ ഭഗവാന്? ഞാനും ചെറുപ്പം കടന്നുവന്നയാളാണ്. ആശങ്ക ഉണര്‍ത്തുന്ന തരത്തിലാണ് സമൂഹത്തിന്റെ പോക്ക്. വിശ്വാസം സുരക്ഷയ്ക്ക് വേണ്ടിയുള്ളതാണ്. മനസമാധാനം കെടുത്താന്‍വേണ്ടി ആകരുത് മതവും ആചാരവും ഒന്നും. എഴുത്തുകാരന്‍ വിശ്വാസങ്ങളെ ഹനിക്കാതെ സാധാരണക്കാരുമായി ഇതിനെക്കുറിച്ച് സംവദിക്കാറുണ്ട്. രാഷ്ട്രീയക്കാരുടെ ഗൂഢലക്ഷ്യങ്ങള്‍ പുതുതലമുറയ്ക്കുപോലും മനസിലാകുന്നില്ലെന്ന് കാണുമ്പോള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മാറ്റങ്ങള്‍കൊണ്ടുവരാണ് പര്യാപ്തമല്ലെന്ന് തോന്നും. വിശ്വാസങ്ങളിലുമുണ്ട് ഒരു ശാസ്ത്രം. ഡ്രൈവര്‍ വണ്ടിയെടുക്കും മുന്‍പ് ആ വാഹനത്തിലിരുന്ന് പ്രാര്‍ത്ഥിക്കും. ആ സമയം അമ്പലത്തില്‍പോകുന്നത് പ്രായോഗികമല്ലല്ലോ. അപ്പോള്‍ എവിടിരുന്നു വിളിച്ചാലും ദൈവം വിളി കേള്‍ക്കും. നമ്മിലേക്ക് തന്നെ പ്രാര്‍ത്ഥന ചുരുക്കാം. തത്വമസി എന്ന് ശബരിമലയില്‍ എഴുതിവെച്ചിട്ടുണ്ട്. അത് നീ തന്നെ എന്നാണ് അര്‍ഥം. 

ദേവാലയങ്ങളല്ല, ശുദ്ധമായ മനസ്സാണ് പ്രാര്‍ത്ഥനയ്ക്ക് ആവശ്യം. കാലം കൊണ്ടുവന്ന മാറ്റങ്ങള്‍ സ്വീകരിച്ചാണ് ഇപ്പോഴത്തെ സംസ്‌കാരം രൂപപ്പെട്ടത്. നവീകരണം ഇപ്പോഴും ആവശ്യമുള്ള പ്രക്രിയയാണ്. തന്നില്‍തന്നെ ഈശ്വരന്‍ വസിക്കുന്നു എന്ന തിരിച്ചറിവാണ് ഭക്തിയുടെ ഏറ്റവും ഉയര്‍ന്ന പാടി. അവിടേക്കാണ് എത്താന്‍ ശ്രമിക്കേണ്ടത്. അമ്പലം പണിയുന്ന പണംകൊണ്ട് സ്‌കൂള്‍ പണിയാനാണ് ശ്രീനാരായണ ഗുരുദേവന്‍ ആവശ്യപ്പെട്ടത്. അന്നത്തെ സമൂഹം അതൊക്കെ ഉള്‍ക്കൊണ്ടു എന്നതാണ് ശ്രദ്ധേയം. ചൊവ്വയില്‍ പോയി മനുഷ്യന്റെ യന്ത്രം മണ്ണുമാന്തിക്കൊണ്ടിരിക്കുന്നത്രയ്ക്ക് ഇന്ന് ശാസ്ത്രം പുരോഗമിച്ചു. അപ്പോഴും ചൊവ്വാദോഷത്തിന്റെ പേരില്‍ വിവാഹം നടക്കാത്ത സ്ത്രീകള്‍ കേരളത്തിലുണ്ട്. ഈ വിരോധാഭാസം തുടര്‍ന്നുകൂടാ.

സര്‍ദാര്‍ വല്ലഭായ് പട്ടേലിനോട് ബഹുമാനം പ്രകടിപ്പിക്കുന്നത് 3000 കോടി രൂപയുടെ പ്രതിമ പണിതുകൊണ്ട് ആകരുതായിരുന്നു എന്ന അഭിപ്രായവും ഞാന്‍ വ്യക്തമാക്കിയിരുന്നു. നാട്ടുരാജ്യങ്ങള്‍ എല്ലാം യോജിപ്പിച്ച് ഇന്ന് കാണുന്ന ഇന്ത്യ രൂപപ്പെടുത്തിയതില്‍ വലിയ പങ്കുവഹിച്ച ആദ്യ ആഭ്യന്തരമന്ത്രി കൂടിയാണ് പട്ടേല്‍. ഈ തുകയ്ക്ക് വ്യവസായശാലകള്‍ തുടങ്ങി, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നെങ്കില്‍ സമ്പത്വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാകുമായിരുന്നു. ലോകം മുഴുവന്‍ ഒരു വികസ്വര രാജ്യം ഇങ്ങനെ പണം ചെലവഴിച്ചതറിഞ്ഞ് പരിഹസിക്കുന്നുണ്ടാകും.വികസനത്തെക്കുറിച്ച് ഉപദേശിച്ചുകൊണ്ട് ഗാന്ധിജി നെഹ്റുവിന് അയച്ച കത്തില്‍ പറയുന്നത് ' ഖജനാവിലെ പണം മുടക്കുമ്പോള്‍, അതുകൊണ്ട് ഇന്ത്യയിലെ ഏറ്റവും നിര്‍ധനരായവര്‍ക്ക് എന്തുക്ഷേമം ഉണ്ടാകുന്നു, എന്നതിന് ഊന്നല്‍ കൊടുക്കണം ' എന്നാണ്. 

കോടീശ്വരന്മാരുടെ എണ്ണവും അതുപോലെ തന്നെ നിര്‍ധനരായവരുടെ എണ്ണവും വര്‍ധിക്കുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. മെഗലോമാനിയ എന്നൊരു മാനസികരോഗത്തെക്കുറിച്ച് വായിച്ചിട്ടുണ്ട്. ഒരുതരം സുപ്പീരിയോരിറ്റി ഭ്രമം. ഇന്ത്യയില്‍ പൊതുവെ ആ അവസ്ഥയുണ്ട്. വലുതിനെ ആരാധിക്കുന്ന മിഥ്യാബോധം. ആന, ഹിമാലയം അതിനൊക്കെ ആ വലിപ്പത്തിന്റെ പേരില്‍ നമ്മള്‍ ഒരു ബഹുമാനം കൊടുക്കും. ചെറുതിനെയും അംഗീകരിക്കാന്‍ പേടിക്കണം. വലിപ്പം കൂട്ടിക്കൊണ്ടല്ല ആദരവ് സൂചിപ്പിക്കേണ്ടതെന്ന തിരിച്ചറിവും ഉണ്ടാകണം. കത്തിക്ക് മൂര്‍ച്ചകൂട്ടുന്നതും ബുദ്ധിക്ക് മൂര്‍ച്ചകൂട്ടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. 

താരാരാധനയാണ് മറ്റൊരു വിപത്ത്. തമിഴ് സൂപ്പര്‍ സ്റ്റാറിന്റെ കട്ട് ഔട്ടില്‍ പാലഭിഷേകം നടത്തുന്നതിനിടയില്‍ ചെറുപ്പക്കാരന്‍ വീണുമരിച്ച സംഭവത്തിന്റെ ചൂടാറുംമുന്‍പ് കഴിഞ്ഞ ദിവസവും പുതിയ കട്ട് ഔട്ട് നിര്‍മ്മിക്കുന്നത് കണ്ട് ഞാന്‍ കട്ട് ഔട്ട്- ഫാന്‍ സംസ്‌കാരത്തിനെതിരെ തുറന്നടിച്ചു. ലാഭം ഉണ്ടാക്കുന്ന സാധനമാണ് ഇന്‍ഡസ്ട്രി. എന്നിരുന്നാലും സിനിമ ഒരു കല കൂടിയാണ്. കലയുടെ കര്‍മംകൂടി നിര്വഹിക്കപ്പെടണം.

താങ്കളെഴുതിയ സൈലന്‍സര്‍ എന്ന കഥയ്ക്ക് അതേ പേരില്‍ ചലച്ചിത്രഭാഷ്യം ഒരുങ്ങുകയാണ്. കലയെന്ന നിലയില്‍ സിനിമയുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കപ്പെടുമെന്ന ബോധ്യം ഉണ്ടോ?

ഒരുപാട് കഥകള്‍ എഴുതിയിട്ടുണ്ടെങ്കിലും അവയില്‍ സിനിമ ആവശ്യപ്പെടുന്ന ചേരുവകളുള്ളത് വളരെ കുറവാണ്. ഒരു സിനിമ കാണുന്നതുപോലെ മനസ്സില്‍ രൂപപ്പെട്ട കഥയാണ് സൈലന്‍സര്‍. എന്റെ മരുമകള്‍ ഗീതയുടെ വീട്ടില്‍ താമസിക്കുമ്പോള്‍ ഒരു ബൈക്കിന്റെ നിര്‍ത്താതെയുള്ള ശബ്ദംകേട്ട് ആരാണതെന്ന് ചോദിച്ചു. 'ഒരു വൃദ്ധനാണച്ഛാ' എന്ന മറുപടിയില്‍ നിന്നാണ് കഥയുടെ ബീജാവാപം. പ്രായമായൊരാള്‍ അത്രമാത്രം വലിയ ശബ്ദ കോലാഹലം സൃഷ്ടിക്കണമെങ്കില്‍ മനസ്സിനെ കാര്യമായി അലട്ടുന്ന പ്രശ്‌നങ്ങള്‍ കാണുമെന്നും എന്തായിരിക്കും അതെന്നും ചിന്തിച്ചു. 

പുതിയ കാലത്തിന്റെയും പഴയ കാലത്തിന്റെയും അന്തരവും മൂല്യസംഘര്ഷവും തലമുറകളുടെ ചിന്തയിലെ മാറ്റവും എല്ലാം ഈനാശു എന്ന കേന്ദ്രകഥാപാത്രത്തിലൂടെ പറയുന്നതാണ് കഥയുടെ സവിശേഷത. തൃശൂര്‍ ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. പഴയമൂല്യങ്ങള്‍ക്ക് മാറ്റം വരരുതെന്ന് ശഠിക്കുന്നതിലൂടെയുള്ള അയാളുടെ തകര്‍ച്ചയാണ് ഇതിവൃത്തം. ഈനാശുവിന്റെ വാദങ്ങള്‍ക്ക് ഭാര്യയും മകനും ചെവികൊടുക്കാതെ അയാള്‍ ജീവിതത്തില്‍ ഒറ്റപ്പെടുമ്പോള്‍ ബൈക്കിന്റെ സൈലെന്‌സര്‍ അഴിച്ചുമാറ്റി അതിരാവിലെ ആ ബൈക്കുമായി പട്ടണം ചുറ്റി ശബ്ദ കോലാഹലം സൃഷ്ടിച്ചാണ് അയാളുടെ പ്രതിഷേധം അറിയിക്കുന്നത്. ലാലാണ് ഈ കഥാപാത്രം അവതരിപ്പിക്കുന്നത്. ലക്ഷ്മി വാസുദേവാണ് നായിക. 

കഥയോട് പൂര്‍ണമായി നീതിപുലര്‍ത്തിയാണ് കവികൂടിയായ. പി.എന്‍. ഗോപീകൃഷ്ണന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വായിച്ചുകേട്ടതുകൂടാതെ ഷൂട്ടിങ് ലൊക്കേഷനിലും പോയിരുന്നു. പ്രായത്തിലും ആദര്ശങ്ങളിലും വരുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സൂക്ഷ്മമായ ഭാവപ്രകടനങ്ങളാണ് അഭിനേതാക്കള്‍ കാഴ്ചവച്ചിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവുകൂടിയായ പ്രിയനന്ദനന്‍ കഥയുടെ ആത്മാവ് തൊട്ടറിഞ്ഞാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പാട്ടും സ്റ്റണ്ടുമല്ലാതെ ജീവിതഗന്ധിയായ കഥ സിനിമയില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ചിത്രം ആസ്വദിക്കാനാകും. 
കടപ്പാട്: മംഗളം 
വൈശാഖന്‍: ഏകാന്തത വളമിട്ട എഴുത്തുജീവിതം വൈശാഖന്‍: ഏകാന്തത വളമിട്ട എഴുത്തുജീവിതം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക