Image

കെ.സുരേന്ദ്രന്‍ റിമാന്‍ഡില്‍, കൊട്ടാരക്കര സബ്‌ജയിലിലേക്ക്‌ മാറ്റിയേക്കും

Published on 18 November, 2018
കെ.സുരേന്ദ്രന്‍ റിമാന്‍ഡില്‍, കൊട്ടാരക്കര സബ്‌ജയിലിലേക്ക്‌ മാറ്റിയേക്കും


ശബരിമലയിലെ സുരക്ഷ പരിഗണിച്ച്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ റിമാന്‍ഡ്‌ ചെയ്‌തു. 14 ദിവസത്തേക്കാണ്‌ റിമാന്‍ഡ്‌. സുരേന്ദ്രന്‌ പുറമെ ഒപ്പമുണ്ടായിരുന്ന മറ്റ്‌ മൂന്ന്‌ പേരെയും പത്തനംതിട്ട ഫസ്റ്റ്‌ക്ലാസ്‌ ജുഡീഷല്‍ മജിസ്‌ട്രേറ്റ്‌ കോടതി റിമാന്‍ഡ്‌ ചെയ്‌തിട്ടുണ്ട്‌.

ഇവരുടെ അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌ സുരക്ഷാ നടപടിയുടെ ഭാഗമായിട്ടാണെന്ന്‌ പൊലീസ്‌ കോടതിയെ അറിയിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചു, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നീ കുറ്റങ്ങളാണ്‌ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിക്കതിരെ പൊലീസ്‌ ചുമത്തിയത്‌.

നേരത്തെ ചിത്തിര ആട്ട വിശേഷത്തിനും, തുലമാസ പൂജകള്‍ക്കും ശബരിമല നടതുറന്നപ്പോള്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതില്‍ രണ്ടിലും സുരേന്ദ്രന്‌ പങ്കുണ്ട്‌. ഇരുതവണയും നടതുറന്നപ്പോള്‍ സുരേന്ദ്രന്‍ ശബരിമലയില്‍ ഉണ്ടായിരുന്നതായി പൊലീസ്‌ റിമാന്‍ഡ്‌ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

അതേസമയം കോടതി റിമാന്‍ഡ്‌ ചെയ്‌ത സാഹചര്യത്തില്‍ സുരേന്ദ്രനെ കൊട്ടാരക്കര സബ്‌ജയിലിലേക്ക്‌ മാറ്റാന്‍ പൊലീസ്‌ ആലോചിക്കുകയാണ്‌.

ഇന്നലെ നിലക്കല്‍ ബേസ്‌ ക്യാമ്പില്‍ നിന്ന്‌ കെ.എസ്‌.ആര്‍.ടി.സി ബസില്‍ പമ്പയിലേക്ക്‌ പോകുമ്പോഴാണ്‌ എസ്‌.പി യതീശ്‌ ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലീസ്‌ സുരേന്ദ്രനെയും സംഘത്തെയും തടഞ്ഞത്‌.

ക്രമസമാധാന പ്രശ്‌നമുള്ളതിനാല്‍ ഇന്ന്‌ പമ്പയിലേക്ക്‌ പോകാന്‍ അനുവദിക്കില്ലെന്ന്‌ എസ്‌.പി യതീശ്‌ ചന്ദ്ര അറിയിക്കുകയും തുടര്‍ന്ന്‌ പൊലീസ്‌ സ്റ്റേഷനില്‍ എത്തിച്ച്‌ വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ്‌ രേഖപ്പെടുത്തുകയുമാണ്‌ ചെയ്‌തത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക