Image

ഫറോക്കില്‍ വീട്ടില്‍ നിന്ന് പട്ടാപ്പകല്‍ 56 പവന്‍ കവര്‍ന്നു

Published on 07 April, 2012
ഫറോക്കില്‍ വീട്ടില്‍ നിന്ന് പട്ടാപ്പകല്‍ 56 പവന്‍ കവര്‍ന്നു
ഫറോക്ക്: ഫറോക്ക് നഗരത്തിന് സമീപം വീട്ടില്‍ നിന്ന് പട്ടാപ്പകല്‍ 56 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ഫറോക്ക്കടലുണ്ടി റോഡില്‍ ബാബ കോംപ്ലക്‌സിനു സമീപം ബാബാ കോട്ടേജില്‍ എ.എം. അബ്ദുള്‍ നാസറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. 

വീട് അടച്ചിട്ട് അബ്ദുള്‍ നാസറിന്റെ ഭാര്യ നജ്മ ബന്ധുവിനെ ഡോക്ടറെ കാണിക്കാനായി നഗരത്തിലേക്ക് പോയ സമയത്തായിരുന്നു കവര്‍ച്ച. രണ്ട് മണിക്ക് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യമറിഞ്ഞത്. 

താഴത്തെ നിലയില്‍ കിടപ്പുമുറിയില്‍ അലമാരയില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് മോഷണം പോയത്. വീട്ടില്‍ നിന്നും പുറത്ത് പോകുന്നതിന് മുമ്പുതന്നെ മോഷ്ടാവ് അകത്ത് കടന്നിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. പുറത്തു പോകുന്നതിന് മുമ്പ് അകത്ത് നിന്ന് താക്കോല്‍ വീഴുന്നതുപോലൊരു ശബ്ദം കേട്ടിരുന്നതായും പിന്നീട് ഒച്ചയൊന്നും കേള്‍ക്കാതിരുന്നതിനാല്‍ സംശയിച്ചില്ലെന്നും വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു.

ഇവര്‍ പോയശേഷം സ്‌കൂള്‍ വിട്ടുവന്ന മകന്‍ ശബ്ദം കേട്ട് വീട്ടുകാര്‍ ഉള്ളിലുണ്ടെന്ന സംശയത്തില്‍ വാതിലില്‍ തട്ടി വിളിച്ചിരുന്നു. പിന്നീട് ഒച്ചയൊന്നും കേള്‍ക്കാത്തതിനാല്‍ ഫറോക്ക് ടൗണില്‍ കച്ചവടം നടത്തുന്ന അബ്ദുള്‍ നാസറിന്റെ കടയിലേക്ക് പോയി. പിന്നീട് നജ്മയും മക്കളും വീട്ടിലേക്ക് തിരിച്ചുവന്നു. മകന്‍ വാതില്‍ തുറന്നതിനുശേഷം പുറത്തേക്ക് പോയി. ഈ സമയം മോഷ്ടാവ് രക്ഷപ്പെട്ടതാവാമെന്ന് പോലീസ് പറഞ്ഞു. 

അസി. പോലീസ് കമ്മീഷണര്‍ കെ.ആര്‍. പ്രേമചന്ദ്രന്‍, തീരദേശ പോലീസ് സ്‌റ്റേഷന്‍ സി.ഐ. പികെ. രാജു, ഫറോക്ക് എസ്.ഐ.എം.ആര്‍. ബിജു, വിരലടയാള വിദഗ്ധന്‍ വി.പി. കരീം എന്നിവര്‍ തെളിവുകള്‍ ശേഖരിച്ചു. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പോലീസ് ചോദ്യം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക