Image

നന്ദി.....നിരന്തരം നന്ദി (കവിത: മാര്‍ഗരറ്റ് ജോസഫ്)

Published on 18 November, 2018
നന്ദി.....നിരന്തരം നന്ദി (കവിത: മാര്‍ഗരറ്റ് ജോസഫ്)
ഓങ്കാരമാദ്യം മുഴക്കിയ വേദിയില്‍,
ആത്മവെളിച്ചമോടെന്നെ,
ആയുസിന്‍ വീഥിയിലെത്തിച്ച ശില്പിക്ക്,
ജീവസ്പന്ദനങ്ങളാല്‍ നന്ദി....

സര്‍വചരാചര രാഗതരംഗങ്ങള്‍,
വ്യത്യസ്ത താളങ്ങളോടെ,
കാറ്റായ്, മഴയാ,യിടിയായിടയ്ക്കിടെ-
സാഗര ഗര്‍ജ്ജനമായി,
അട്ടഹാസങ്ങളും, ചിരിയും, കരച്ചിലും
കളകൂജനങ്ങളുമായി;
മാറ്റൊലിക്കൊള്ളുന്നു, നീളെയതിന്‍ പൊരുള്‍,
നന്ദി...നിരന്തരം നന്ദി....

മാതൃഗര്‍ഭത്തിലണുവായ നാള്‍ മുതല്‍,
സ്‌നേഹാര്‍ദ്രബന്ധനമേകി,
ബന്ധങ്ങള്‍ കൈപിടിച്ചാനയിക്കുന്നിതില്‍,
സൗഭഗതീരത്തണയ്ക്കാന്‍;
എത്രപേരോട് കടപ്പാടുകള്‍ ഭൂവി-
മൃത്യുവോളം നമുക്കോര്‍ത്താല്‍;
പ്രത്യുപകാരം മറക്കുന്നവര്‍ നരന്‍,
ചിത്തമിനിയും തുറക്കാം;

പഞ്ചേന്ദ്രിയം വരമാകുമീ ജീവിതം,
പാരില്‍ മഹത്തരദാനം,
നാവിനാല്‍ 'നന്ദി'യോതാന്‍ കഴിവുറ്റവന്‍,
മാനവന്‍ മാത്രമീ മന്നില്‍;
ചിന്തയാല്‍, വാക്കാല്‍, പ്രവൃത്തിയാലെപ്പോഴും,
കൈവന്ന നന്മകള്‍ക്കെല്ലാം;
അന്വേ, കൃതജ്ഞതകാട്ടാതെയെങ്ങനെ -
ജന്മം കൃതാര്‍ത്ഥമായ്ത്തീരും?

താന്തരായ്ത്തീരുന്ന വേള നിഗൂഢമായ്-
താങ്ങിത്തഴുകുന്നതാരോ?
ആലംബമേകിടുമാമഹാശക്തിക്ക്,
നന്ദി....നിരന്തരം നന്ദി.....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക