Image

ആന്‍ട്രിക്‌സ്-ദേവാസ് കരാര്‍: മാധവന്‍ നായര്‍ വീഴ്ച വരുത്തിയതിനാല്‍ നടപടി എടുത്തു: കേന്ദ്ര സര്‍ക്കാര്‍

Published on 07 April, 2012
ആന്‍ട്രിക്‌സ്-ദേവാസ് കരാര്‍: മാധവന്‍ നായര്‍ വീഴ്ച വരുത്തിയതിനാല്‍ നടപടി എടുത്തു: കേന്ദ്ര സര്‍ക്കാര്‍
കൊച്ചി: ആന്‍ട്രിക്‌സ്‌ദേവാസ് കരാറില്‍ മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി. മാധവന്‍ നായരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായിരുന്നതായി കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്ച കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ അറിയിച്ചു.

കരാറിലെ വീഴ്ചകള്‍ ഉന്നതതല അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പുറത്തുവന്നതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന് എതിരെ നടപടി ഉണ്ടായത്. അവ റദ്ദാക്കാന്‍ ജി.മാധവന്‍ നായര്‍ ട്രിബ്യൂണലില്‍ നല്‍കിയിരുന്ന ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ മറുപടി സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്. കരാറിനെ മുന്‍നിര്‍ത്തി മാധവന്‍ നായര്‍ ഉള്‍പ്പെട്ട നാല് ശാസ്ത്രജ്ഞരെ കേന്ദ്ര സര്‍ക്കാരിന്റെ സമിതികളില്‍നിന്ന് നീക്കി. ഭാവിയില്‍ കേന്ദ്രവുമായി ബന്ധപ്പെട്ട യാതൊരു പദ്ധതികളിലും ശാസ്ത്രജ്ഞര്‍ക്ക് പങ്കാളിത്തം നല്‍കില്ലെന്നും കേന്ദ്രം ഉത്തരവിട്ടിരുന്നു.

എസ്ബാന്‍ഡ് അനുവദിക്കുന്നത് സംബന്ധിച്ചാണ് ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സും വിദേശ കമ്പനിയായ ദേവാസും തമ്മില്‍ കരാര്‍ ഉണ്ടായിരുന്നത്. കരാര്‍ വിവാദമായതിനെ തുടര്‍ന്നാണ് ശാസ്ത്രജ്ഞര്‍ക്ക് എതിരെ കേന്ദ്രം നടപടി എടുത്തത്.

മാധവന്‍ നായര്‍ മുന്‍കൈ എടുത്തതിനെ തുടര്‍ന്നാണ് 2005 ജനവരി 28ന് കരാര്‍ പ്രാബല്യത്തില്‍ വന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. അതില്‍ ഗുരുതരമായ ക്രമക്കേടുകള്‍ തുടര്‍ന്ന് കണ്ടെത്തിയിരുന്നു. കരാറിന്റെ മറവില്‍ ഇന്ത്യന്‍ വിപണിയില്‍ വിദേശ ടെലികോം കമ്പനികള്‍ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞപ്പോള്‍ അവയ്‌ക്കെതിരെ മുന്‍കരുതലുകള്‍ വേണ്ടത്ര ഉണ്ടായിരുന്നില്ലെന്ന് കേന്ദ്രം പറഞ്ഞു. കരാര്‍ സുതാര്യമല്ലായിരുന്നുവെന്നും കേന്ദ്രം ഇപ്പോള്‍ ആരോപിക്കുന്നു. ഇതേ തുടര്‍ന്ന് മുന്‍ ക്യാബിനറ്റ് സെക്രട്ടറി ബി.കെ. ചതുര്‍വേദിയും പിന്നീട് മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ പ്രത്യൂഷ് സിന്‍ഹയും അധ്യക്ഷന്മാരായി രണ്ട് അന്വേഷണങ്ങള്‍ കേന്ദ്രം നടത്തി. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അനുസരിച്ചായിരുന്നു ശാസ്ത്രജ്ഞര്‍ക്ക് എതിരെ നടപടി.

ദേവാസ് കമ്പനിക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു കരാറിന്റെ ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു. തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്‌പേസ് സെന്ററിലെ വിശിഷ്ട ശ്രേണിയിലെ പ്രൊഫസര്‍ സ്ഥാനത്ത് നിന്നും ജി. മാധവന്‍ നായരെ നീക്കിയത് അങ്ങനെയാണെന്ന് സത്യവാങ്മൂലത്തില്‍ പറഞ്ഞു.

കേന്ദ്ര നടപടിക്ക് എതിരെ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് മാധവന്‍ നായര്‍ ഇക്കഴിഞ്ഞ ജനവരി 17ന് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കിയപ്പോള്‍ അക്കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടില്ലെന്ന് കേന്ദ്രം പറഞ്ഞു. നിവേദനം ഇപ്പോഴും കേന്ദ്രത്തിന്റെ പരിഗണനയിലാണ്.

കേന്ദ്ര നടപടിയെ തുടര്‍ന്ന് കേന്ദ്രത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്ന് കേന്ദ്രം പറഞ്ഞു. നിരുത്തരവാദപരമായിട്ടാണ് പ്രസ്തുത പ്രവൃത്തി. കരാറില്‍ മാധവന്‍ നായര്‍ വരുത്തിയ വീഴ്ചകളെ തുടര്‍ന്നാണ് അദ്ദേഹത്തിന് എതിരെ നടപടി ആവശ്യമായതെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. മാധവന്‍ നായരുടെ ഹര്‍ജിയില്‍ ട്രിബ്യൂണല്‍ പിന്നീട് വാദം കേള്‍ക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക