Image

രണ്ടരക്കോടിയുടെ സ്വര്‍ണവുമായി ബാങ്ക്‌ മാനേജര്‍ മുങ്ങി

Published on 19 November, 2018
രണ്ടരക്കോടിയുടെ സ്വര്‍ണവുമായി ബാങ്ക്‌ മാനേജര്‍  മുങ്ങി


ആലുവ: യൂണിയന്‍ ബാങ്ക്‌ ആലുവ ശാഖ അസിസ്റ്റന്റ്‌ മാനേജര്‍ അങ്കമാലി സ്വദേശിനി സിസ്‌ മോള്‍ (36) ലോക്കറില്‍ സൂക്ഷിച്ചിരുന്ന രണ്ടര കോടിയോളം രൂപയുടെ സ്വര്‍ണവുമായി മുങ്ങി. ബാങ്കില്‍ നിന്നും സ്വര്‍ണ പണയത്തിന്മേല്‍ ഈടായി സ്വീകരിച്ച 128 പേരുടെ 8,852 ഗ്രാം സ്വര്‍ണമാണ്‌ കാണാതായത്‌. ഇവരുടെ ഭര്‍ത്താവിനെയും കാണാതായിട്ടുണ്ട്‌.

ശനിയാഴ്‌ച രാത്രി ബാങ്ക്‌ മാനേജര്‍ ഷൈജി നല്‍കിയ പരാതിയെ തുടര്‍ന്ന്‌ ആലുവ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. സിസ്‌ മോളും ഭര്‍ത്താവും ബാംഗ്ലൂരിലുണ്ടെന്ന സൂചനയെ തുടര്‍ന്ന്‌ പൊലീസ്‌ ഇന്ന്‌ വൈകിട്ട്‌ ബാംഗ്ലൂരിലേക്ക്‌ തിരിക്കുമെന്ന്‌ സി.ഐ വിശാല്‍ ജോണ്‍സണ്‍  പറഞ്ഞു.

ബാങ്കില്‍ പണയമായി വച്ച സ്വര്‍ണം കൈക്കലാക്കിയ ശേഷം അതേരൂപത്തിലും തൂക്കത്തിലുമുള്ള മുക്കുപണ്ടം തിരികെ വെയ്‌ക്കുകയായിരുന്നു. പലപ്പോഴായാണ്‌ ഇത്രയധികം സ്വര്‍ണം കവര്‍ന്നത്‌. പണമടച്ച്‌ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചെടുക്കാനെത്തിയ ഒരാള്‍ സ്വര്‍ണം പരിശോധിച്ചപ്പോഴാണ്‌ തട്ടിപ്പ്‌ പുറത്തായത്‌.

തുടര്‍ന്ന്‌ ലോക്കറുകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ 128 പേരുടെ കവറുകളില്‍ മുക്കുപണ്ടങ്ങളാണെന്ന്‌ വ്യക്തമായി. ഒന്നോ രണ്ടോ ദിവസം കൊണ്ട്‌ നടത്താവുന്ന തട്ടിപ്പല്ലെന്നും മാസങ്ങളായി നടത്തിയ തട്ടിപ്പാണെന്നുമാണ്‌ പൊലീസ്‌ കരുതുന്നത്‌. ബാങ്കുമായി ബന്ധപ്പെട്ട മറ്റാര്‍ക്കെങ്കിലും തട്ടിപ്പില്‍ പങ്കുണ്ടോയെന്നും പൊലീസ്‌ അന്വേഷിക്കുന്നു.

ഇന്ന്‌ ബാങ്കിലെ മറ്റ്‌ ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യും. പല സഹകരണ ബാങ്കുകളിലും ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ഇടയ്‌ക്ക്‌ പണയ ഉരുപ്പടികള്‍ പരിശോധിക്കക്കണമെന്ന്‌ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക