Image

''ബിജെപി സമരം ശബരിമലയില്‍ സ്‌ത്രീകള്‍ പ്രവേശിക്കുന്നതിനെതിരല്ല, കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ'': പുതിയ നിലപാടുമായി ശ്രീധരന്‍പിള്ള

Published on 19 November, 2018
''ബിജെപി സമരം ശബരിമലയില്‍ സ്‌ത്രീകള്‍ പ്രവേശിക്കുന്നതിനെതിരല്ല,  കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ'': പുതിയ നിലപാടുമായി ശ്രീധരന്‍പിള്ള


കോഴിക്കോട്‌ : ശബരിമല വിഷയത്തില്‍ വീണ്ടും നിറം മാറി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ്‌ ശ്രീധരന്‍പിള്ള. ബിജെപിയുടെ സമരം ശബരിമലയില്‍ സ്‌ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെയല്ലെന്നും കമ്മ്യൂണിസ്റ്റുകള്‍ക്കെതിരാണെന്നുമാണ്‌ ശ്രീധരന്‍ പിള്ളയുടെ ഇന്നത്തെ നിലപാട്‌.

കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെയാണ്‌ സമരമെന്നും അല്ലാതെ സ്‌ത്രീകള്‍ വരുന്നോ പോകുന്നോയെന്ന്‌ നോക്കാന്‍ വേണ്ടിയല്ലെന്നും ബിജെപിയുടെ അജണ്ട വ്യക്തമാക്കിക്കൊണ്ട്‌ ശ്രീധരന്‍പിള്ള പറഞ്ഞു.

അതേസമയം സ്‌ത്രീകള്‍ വരുന്നതില്‍ പ്രതിഷേധമുള്ള വിശ്വാസികളുണ്ടെങ്കില്‍ ഞങ്ങളവരെ പിന്തുണയ്‌ക്കുമെന്നേയുള്ളൂവെന്നും ശ്രീധരന്‍ പിള്ള കോഴിക്കോട്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

അതേസമയം ശബരിമലയില്‍ പോകാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ അടുത്ത പ്രസ്‌താവന. ആര്‍എസ്‌എസുകാര്‍ക്കും ബിജെപികാര്‍ക്കും സംഘപരിവാരുകാര്‍ക്കും എല്ലാവര്‍ക്കും ശബരിമലയില്‍ പോകാന്‍ അവകാശമുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമലയില്‍ സ്‌ത്രീ പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധി വന്നശേഷം നിരവധി തവണയാണ്‌ ശ്രീധരന്‍പിള്ള നിലപാടുകളില്‍ മലക്കം മറിഞ്ഞത്‌. ആദ്യം വിധിയെ സ്വാഗതം ചെയ്‌ത പിള്ളയും ബിജെപിയും രാഷ്‌ട്രീയ മുതലെടുപ്പിനുള്ള അവസരം മുന്നില്‍ക്കണ്ട്‌ അധികം വൈകാതെ വിധി നടപ്പിലാക്കുന്നതിനെതിരെ സമരവുമായി രംഗത്തെത്തി.

ആദ്യം ഭക്തരാണ്‌ സമരരംഗത്തുള്ളത്‌ എന്ന പിള്ളയുടെ വാദം യുവമോര്‍ച്ചയുടെ രഹസ്യ യോഗത്തില്‍ നടത്തിയ പ്രസംഗം പുറത്തുവന്നതോടെ പൊളിഞ്ഞു. ശബരിമല വിഷയത്തില്‍ ബിജെപി മുന്നോട്ടുവച്ച അജണ്ടയില്‍ എല്ലാവരും വീണെന്നും ബിജെപിക്കിത്‌ സുവര്‍ണാവസരമാണെന്നുമായിരുന്നു ശ്രീധരന്‍പിള്ള രഹസ്യയോഗത്തില്‍ പറഞ്ഞത്‌.

നടയടക്കുമെന്ന പ്രഖ്യാപനത്തിന്‌ മുന്‍പ്‌ തന്ത്രി തന്നെ വിളിച്ചിരുന്നു എന്നു പറഞ്ഞ ശ്രീധരന്‍പിള്ള പിന്നീട്‌ നിയമോപദേശം തേടുക മാത്രമാണുണ്ടായത്‌ എന്നു തിരുത്തി. തന്ത്രി കണ്‌ഠര്‌ രാജീവര്‌ ഇത്‌ നിഷേധിച്ചതോടെ എന്നാല്‍ മറ്റാരെങ്കിലുമാകും വിളിച്ചതെന്നായി പിള്ളയുടെ നിലപാട്‌.

അടിക്കടി നിറം മാറുന്നതു കാരണം സാമൂഹ്യമാധ്യമങ്ങളിലും കണക്കിന്‌ പരിഹാസം ഏറ്റുവാങ്ങുകയാണ്‌ പിള്ള. അതിനിടെയാണ്‌ സ്‌ത്രീപ്രവേശനത്തിനെതിരെ ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ മുഴുവന്‍ വിഴുങ്ങി പുതിയ നിലപാടുമായി ഇന്ന്‌ പിള്ള രംഗത്തെത്തിയത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക