Image

തീര്‍ഥാടക തിരക്കില്‍ ശബരിമല; സുഖദര്‍ശന നിറവില്‍ അയ്യപ്പന്മാര്‍

Published on 19 November, 2018
തീര്‍ഥാടക തിരക്കില്‍ ശബരിമല;  സുഖദര്‍ശന നിറവില്‍ അയ്യപ്പന്മാര്‍
മണ്ഡല പൂജയ്ക്കായി ശബരിമല ക്ഷേത്ര നട തുറന്നു നാലാം ദിനത്തില്‍ സന്നിധാനത്ത് തീര്‍ഥാടക തിരക്ക്. പുലര്‍ച്ചെ മൂന്നു മണിക്ക് ക്ഷേത്ര നട തുറന്നപ്പോള്‍ തന്നെ ദര്‍ശനത്തിനായി തീര്‍ഥാടകരുടെ വലിയ നിര കാത്തുനില്‍പ്പുണ്ടായിരുന്നു. പതിനെട്ടാം പടി കയറി വരുന്ന അയ്യപ്പന്മാരെ പോലീസുകാര്‍ കൈപിടിച്ചാണ് സോപാനത്തേക്ക് കയറ്റി വിടുന്നത്. തീര്‍ഥാടകര്‍ വലിയ തോതില്‍ എത്തുന്നുണ്ടെങ്കിലും തിരക്ക് ഉണ്ടാകാതെ കൃത്യമായി ഇവരെ ദര്‍ശനത്തിനായി കടത്തി വിടാന്‍ പോലീസ് സംവിധാനത്തിനു കഴിയുന്നുണ്ട്. നീണ്ട സമയം ക്യുവില്‍ കാത്തു നില്‍ക്കേണ്ടി വരുന്നില്ലെന്നതും ദര്‍ശനം സുഗമമായി നടത്താന്‍ കഴിയുന്നുവെന്നതും തീര്‍ഥാടകര്‍ക്ക് വലിയ അനുഗ്രഹമാണ്. 

വഴിപാട്, അപ്പംഅരവണ കൗണ്ടറുകളിലും തീര്‍ഥാടകരുടെ തിരക്കുണ്ട്. പുലര്‍ച്ചെ 3.15 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ നെയ്യഭിഷേകം നടത്തുന്നതിന് ആവശ്യമായ ക്രമീകരണം ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. ശബരിമല തീര്‍ഥാടനത്തിലെ സവിശേഷമായ വഴിപാടാണ് നെയ്യഭിഷേകം. നെയ്യഭിഷേകം നടത്തുന്നതിനായി നെയ് തേങ്ങയില്‍ നിന്ന് നെയ്യ് പാത്രത്തിലേക്കു ശേഖരിക്കുന്നതിനായി അയ്യപ്പന്മാര്‍ മാളികപ്പുറത്തിനു സമീപം ചെറു കൂട്ടങ്ങളായി ഇരിക്കുന്നതിനാല്‍ ഈ പ്രദേശത്തും വലിയ തിരക്കുണ്ട്. അഭിഷേക ടിക്കറ്റ് എടുക്കുന്നതിനുള്ള തിരക്ക് മാളികപ്പുറം ക്ഷേത്രത്തിനു സമീപത്തെ കൗണ്ടറിനു മുന്നിലും കാണാം. സുഖദര്‍ശന നിറവിലാണ് വഴിപാടുകള്‍ കഴിച്ച് ദര്‍ശനത്തിനു ശേഷം അയ്യപ്പന്മാര്‍ മലയിറങ്ങുന്നത്. 
സഹാസ് കാര്‍ഡിയോളജി സെന്റര്‍ ശബരിമലയില്‍ പ്രവര്‍ത്തനം തുടങ്ങി.

 സഹാസ് കാര്‍ഡിയോളജി സെന്ററിന്റെ 
മണ്ഡലകാല പ്രവര്‍ത്തനം ശബരിമല സന്നിധാനത്ത് ആരംഭിച്ചു.
===================================
 കൊല്ലം ജില്ലാ ജഡ്ജിയും ശബരിമല സ്‌പെഷല്‍ കമ്മീഷണറുമായ എം.മനോജ് ഉദ്ഘാടനം നിര്‍വഹിച്ചു.  ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് ഹൃദയസംബന്ധമായ അസുഖം ഉണ്ടായാല്‍ ത്വരിത ഗതിയില്‍ സൗജന്യ ചികിത്സ നല്‍കാന്‍ 1993 മുതല്‍  പ്രവര്‍ത്തനം തുടങ്ങിയ ആതുരാലയമാണ് സഹാസ്.
കാര്‍ഡിയോളജി ഒപി, ജനറല്‍ ഒപി., ഐ.സി.യു. സംവിധാനം, ട്രോമ കെയര്‍ എന്നീ സൗകര്യങ്ങള്‍ സഹാസ് ഒരുക്കിയിട്ടുണ്ട്. കൂടാതെ സിംസ് ഹോസ്പിറ്റലുമായി ചേര്‍ന്ന് സഹാസ് കാര്‍ഡിയോളജി സന്നിധാനത്ത് സോപാനം പ്രിവന്റീവ് സെന്റര്‍ എന്ന പ്രാഥമിക ചികിത്സ സൗകര്യവും ആറു വര്‍ഷമായി ഒരുക്കിയിട്ടുണ്ട്. ഹൃദയ സംബന്ധമായ ചികിത്സ കൂടാതെ ശ്വാസകോശ സംബന്ധ രോഗങ്ങള്‍ക്കുള്ള ചികിത്സയും, മറ്റ് ജനറല്‍ മെഡിസിന്‍ സൗകര്യവും ഇവിടെയുണ്ട്. ദിവസവും 250ല്‍ ഏറെ പേര്‍ സഹാസില്‍ സൗജന്യ ചികിത്സ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഡോക്ടര്‍ ഒ.വാസുദേവന്‍ പറഞ്ഞു.

ശബരിമല തീര്‍ഥാടകര്‍ക്ക് സഹാസ് കാര്‍ഡിയോളജി സെന്റര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍
ഹൃദയം, ശ്വാസകോശം എന്നിവ സംബന്ധമായ അസുഖവും പ്രമേഹം, രക്ത സമ്മര്‍ദം തുടങ്ങിയവും ഉള്ളവര്‍ ശബരിമല യാത്രയ്ക്കു മുന്‍പ് ഡോക്ടറെ കണ്ട് നിര്‍ദേശം തേടണം. സ്ഥിരമായി കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍  മലയ്ക്ക് പോകുമ്പോള്‍ എടുക്കാന്‍ മറക്കരുത്. തിളപ്പിച്ചാറിയ വെള്ളം മലകയറുമ്പോള്‍  കൈയില്‍ കരുതുക. മല ചവിട്ടുമ്പോള്‍ കൂടുതല്‍ വെള്ളം കുടിക്കുക, ഭക്ഷണം മിതമായി മാത്രം കഴിക്കുക. ദൂരയാത്ര ചെയ്ത് എത്തുന്നവര്‍ വിശ്രമിച്ച ശേഷം മാത്രം യാത്ര തുടരുക. പമ്പയില്‍ എത്തിയാല്‍ രക്ത സമ്മര്‍ദം പരിശോധിച്ച് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മല ചവിട്ടുക. മല കയറുമ്പോള്‍ ആവശ്യമുള്ള സമയത്ത് ഇരുന്ന് വിശ്രമിച്ച ശേഷം പതിയെ സന്നിധാനത്ത് എത്തുക. സന്നിധാനത്ത് എത്തിയാല്‍ അസ്വസ്ഥത തോന്നിയാല്‍ ഗവണ്‍മെന്റ് ആശുപത്രി, സഹാസ് കാര്‍ഡിയോളജി സെന്റര്‍, സോപാനം ക്ലിനിക്ക് എന്നിവയുടെ സേവനം പ്രയോജനപ്പെടുത്തണം.

തീര്‍ഥാടകരുടെ ദാഹം അകറ്റി ദേവസ്വം ബോര്‍ഡിന്റെ ഔഷധ കുടിവെള്ളം
മലകയറി അയ്യപ്പദര്‍ശനം നടത്താന്‍ എത്തുന്ന തീര്‍ഥാടകര്‍ ദാഹിച്ചു വലയാതിരിക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ ഔഷധ കുടിവെള്ള വിതരണം.  ചുക്കും, പതിമുഖവും, രാമച്ചവും ഉപയോഗിച്ചു തയാറാക്കുന്ന ഔഷധ കുടിവെള്ളം വിതരണം ചെയ്യുന്നു കൗണ്ടറുകള്‍ 24 മണിക്കൂറും സജ്ജമാക്കിയിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്.  തിളപ്പിച്ച ഔഷധ കുടിവെള്ളത്തിന്റെ വിതരണത്തിനായി 40 കൗണ്ടറുകളാണ് നീലിമല മുതല്‍ പാണ്ടിതാവളം വരെ ഒരുക്കിയിരിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ്  സ്‌പെഷല്‍ ഓഫീസര്‍ ബി.സതീശന്‍ പറഞ്ഞു. 305 ജീവനക്കാരെയാണ് കുടിവെള്ള വിതരണത്തിനായി നിയോഗിച്ചിട്ടുള്ളത്. തിരക്ക് കൂടുന്നതനുസരിച്ച് ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും  ബി.സതീശന്‍ പറഞ്ഞു.

സന്നിധാനത്ത് സോപാനം, വലിയനടപന്തല്‍, മാളികപ്പുറം, പാണ്ടിതാവളം, അന്നദാന മണ്ഡപം, ആഴി, വെള്ളനിവേദ്യം കൗണ്ടര്‍ എന്നിവിടങ്ങളിലാണ് കുടിവെള്ള വിതരണ കൗണ്ടറുകള്‍ ഉള്ളത്. 20 കൗണ്ടറുകളില്‍  ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് അവിടെത്തന്നെ വെള്ളം തിളപ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ശരം കുത്തിയില്‍  ബോയിലര്‍ സംവിധാനം ഉപയോഗിച്ച് 1500 ലിറ്റര്‍ വെള്ളം തിളപ്പിക്കാനുള്ള സംവിധാനം രണ്ടു ദിവസത്തിനുള്ളില്‍ സജ്ജമാകും. തിളപ്പിച്ചാറിയ ഔഷധ ഗുണമുള്ള കുടിവെള്ളമാണ് ശബരിമലയിലെത്തുന്ന എല്ലാ ഭക്തരും ദാഹമകറ്റാന്‍ ഉപയോഗിക്കുന്നത്.

തീര്‍ഥാടക തിരക്കില്‍ ശബരിമല;  സുഖദര്‍ശന നിറവില്‍ അയ്യപ്പന്മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക