Image

കേന്ദ്രമന്ത്രി കോടികള്‍ കൈക്കൂലി വാങ്ങിയെന്ന് സ്ഥലം മാറ്റിയ സിബിഐ ഉദ്യോഗസ്ഥന്‍

Published on 19 November, 2018
കേന്ദ്രമന്ത്രി കോടികള്‍ കൈക്കൂലി വാങ്ങിയെന്ന് സ്ഥലം മാറ്റിയ സിബിഐ ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രി ഹരിഭായ് പാര്‍ഥിഭായ് ചൗധരി സിബിഐ നിരീക്ഷണത്തിലുള്ള വ്യവസായിയില്‍നിന്ന് കോടികള്‍ കൈക്കൂലി വാങ്ങിയെന്ന് സിബിഐ ജോയിന്റ് ഡയറക്ടര്‍  മനീഷ് കുമാര്‍ സിന്‍ഹ. സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ അലോക് വര്‍മയ്‌ക്കെതിരായ അഴിമതിക്കേസ് അന്വേഷിക്കുന്ന സംഘത്തിലുണ്ടായിരുന്ന ആളാണ് മനീഷ് കുമാര്‍ സിന്‍ഹ.  ഒക്ടോബറില്‍ സിബിഐ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയവരുടെ കൂട്ടത്തില്‍ മനീഷ് കുമാര്‍ സിന്‍ഹയെ നാഗ്പൂരിലേക്ക് മാറ്റിയിരുന്നു. അന്വേഷണത്തിന്റെ ദിശ മാറ്റി അസ്താനയെ സഹായിക്കാനാണ് തന്നെ സ്ഥലം മാറ്റിയതെന്ന് കാണിച്ച് മനീഷ് കുമാര്‍ സുപ്രീം കോടതിയില്‍ പരാതി നല്‍കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കോടതിയില്‍ ഹാജരായപ്പോഴാണ് ഇദ്ദേഹം കേന്ദ്രമന്ത്രിക്കെതിരായ വെളിപ്പെടുത്തല്‍ നടത്തിയത്. മന്ത്രിക്കെതിരെ ഞെട്ടിക്കുന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് മനീഷ് കുമാര്‍ പറഞ്ഞെങ്കിലും ഒന്നും തങ്ങളെ ഞെട്ടിക്കില്ലെന്ന് പ്രതികരിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കേസിന്റെ വാദം പെട്ടെന്ന് കേള്‍ക്കണമെന്ന അപേക്ഷയും തള്ളി.  നേരത്തെ നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കുമെതിരായ ബാങ്ക് ക്രമക്കേട് ഉള്‍പ്പെടെയുള്ള കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന ആളാണ് മനീഷ് കുമാര്‍ സിന്‍ഹ. അസ്താനയ്‌ക്കെതിരായ കേസില്‍ സര്‍ക്കാര്‍ തലത്തില്‍ മറ്റു പലരുടേയും ഇടപെടലുകളുണ്ടായതായും ഇദ്ദേഹത്തിന്റെ പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക