Image

ബുദ്ധദേവിനെ ഒഴിവാക്കാന്‍ സാധ്യതയില്ല'

Published on 07 April, 2012
ബുദ്ധദേവിനെ ഒഴിവാക്കാന്‍ സാധ്യതയില്ല'
ന്യൂഡല്‍ഹി: ബംഗാള്‍ മുന്‍മുഖ്യമന്ത്രി ബുദ്ദദേവ് ഭട്ടാചാര്യയെ പോളിറ്റ് ബ്യൂറോയില്‍ നിന്നു ഒഴിവാക്കാന്‍ സാധ്യതയില്ല. ഒരു ബംഗാളി ചാനലിനു പ്രകാശ് കാരാട്ട് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. അനാരോഗ്യം ചൂണ്ടിക്കാട്ടി കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസില്‍ ബുദ്ധദേവ് പങ്കെടുക്കാനെത്താത്തതു ശ്രദ്ധേയമായിരുന്നു. ബുദ്ധദേവ് വിട്ടുനിന്നതിനെ പലരും പല രീതിയിലാണു വ്യാഖ്യാനിച്ചത്. 

ബംഗാളില്‍ പാര്‍ട്ടി യോഗങ്ങളില്‍ ഏറെക്കാലമായി ബുദ്ധദേവ് പങ്കെടുക്കുന്നില്ലായിരുന്നു. ബംഗാളില്‍ പാര്‍ട്ടിയുടെ തോല്‍വിയോടെ നേതൃത്വവുമായി ബുദ്ധദേവ് അകന്നിരുന്നു. 'ബുദ്ധദേവ് പാര്‍ട്ടിയുടെ സംസ്ഥാനഘടകത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. അദ്ദേഹത്തിനു കൊല്‍ക്കത്തയില്‍ നിന്നു പുറത്തു പോകാന്‍ കഴിയാത്തതു കൊണ്ടു മാത്രം പിബിയില്‍ നിന്നു ഒഴിവാക്കാന്‍ കഴിയില്ല. - പ്രകാശ് കാരാട്ട് വ്യക്തമാക്കി. 

മാത്രമല്ല തിരഞ്ഞെടുപ്പില്‍ തോല്‍വി അറിഞ്ഞെങ്കിലും ഇപ്പോഴും ബുദ്ധദേവ് ബംഗാളിനു പ്രിയപ്പെട്ടവനാണെന്നത് അവിടെ നടക്കുന്ന പരിപാടികളില്‍ ബുദ്ധദേവ് പങ്കെടുക്കുന്നതില്‍ നിന്നു തന്നെ നേതൃത്വത്തിനു വ്യക്തമാണ്. മാത്രമല്ല ബുദ്ധദേവിനെ ഒഴിവാക്കുന്നത് ബംഗാള്‍ ഘടകത്തെ  ഒഴിവാക്കുന്നതിനു തുല്യമായി കാണുമെന്നും നേതൃത്വം ഭയപ്പെടുന്നു. 

ബംഗാള്‍ ഘടകവുമായി ഇടയാന്‍ നേതൃത്വം തയാറല്ലെന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്. രണ്ടു ദിവസം മുന്‍പു ചോദിച്ചപ്പോള്‍ മൂന്നു ദിവസം കാത്തിരിക്കൂ എന്നാണ് കാരാട്ട് പറഞ്ഞത്. അതേ നിലപാടു തന്നെയാണോ വിഎസ് അച്യുതാനന്ദന്റെ കാര്യത്തില്‍ പിബി എടുക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക