Image

റിപ്പബ്ലിക്കന്‍ കോട്ടതകര്‍ത്ത് ജൂലി മാത്യു കൗണ്ടി ജഡ്ജി പദവിയിലേക്ക്

ഫ്രാന്‍സിസ് തടത്തില്‍ Published on 19 November, 2018
റിപ്പബ്ലിക്കന്‍ കോട്ടതകര്‍ത്ത് ജൂലി മാത്യു കൗണ്ടി ജഡ്ജി പദവിയിലേക്ക്
ഹ്യൂസ്റ്റണ്‍: രാഷ്ട്രീയ തലതൊട്ടപ്പന്‍മാരില്ല, രാഷ്ട്രീയത്തില്‍ മുന്‍പരിചയവുമില്ല; അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഉദിച്ചുവരുന്ന ജൂലി മാത്യു എന്ന യുവ അറ്റോര്‍ണി ഹ്യൂസ്റ്റണ്‍ ഫോര്‍ട്ട് ബെന്റ് കൗണ്ടി കോര്‍ട്ടിലെ മൂന്നാം നമ്പര്‍ കോടതിയുടെ ജഡ്ജിയായി തിളക്കമാര്‍ന്ന വിജയം കൈവരിച്ചത് ഏവരെയും അമ്പരിപ്പിക്കുന്നതായിരുന്നു. കാലാകാലങ്ങളായി റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ മത്സരിച്ചു ജഡ്ജിയായി വിധി നടപ്പാക്കിക്കൊണ്ടിരുന്ന ഈ കോടതിയില്‍ 2019 ജനുവരി മുതല്‍ വ്യവഹാരങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കുക അതിമിടുക്കിയായ ഈ ഇന്ത്യക്കാരിയായിരിക്കുംഅതും മലയാളികളുടെ അഭിമാനപാത്രമായി ഇതിനകം മാറിക്കഴിഞ്ഞ ജൂലി മാത്യു എന്ന യുവ അഭിഭാഷകയായ വീട്ടമ്മ..

ഹ്യൂസ്റ്റണ്‍ ഫോര്‍ട്ട് ബെന്റ് കോര്‍ട്ടിലെ ആദ്യത്തെ വെള്ളക്കാരിയല്ലാത്ത വനിത വിധികര്‍ത്താവായി ജൂലി വിജയിച്ചപ്പോള്‍ സമാനതകളില്ലാത്ത ഒട്ടനവധി റിക്കോര്‍ഡുകളാണ് തിരുത്തപ്പെട്ടത്. കാലാകാലങ്ങളായി റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ കൈയ്യടക്കി വച്ചിരുന്ന ഈ സ്ഥാനം കടുത്ത പോരാട്ടത്തിലൂടെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജൂലി പിടിച്ചെടുത്തപ്പോള്‍ ചരിത്രം ഒരു വലിയ സത്യത്തിനും നീതിക്കുമായി വഴി മാറി. ഭൂരിപക്ഷമുള്ള ന്യൂനപക്ഷങ്ങളെ കേവലം ന്യൂനപക്ഷമായ ഭൂരിപക്ഷവിഭാഗക്കാര്‍ കാലാകാലങ്ങളായി വിധി കല്‍പ്പിച്ചുകൊണ്ടിരുന്ന ഒരു കോടതിയുടെ ജഡ്ജിയായി ജൂലി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്ഒരു പുതിയ ആദ്യത്തിനായി ചരിത്രം വഴിമാറിയത്.

കൂടുതല്‍ വ്യക്തമായി പറയാം. ഇവിടെ വെള്ളക്കാര്‍ 36 ശതമാനം, ഏഷ്യന്‍ വംശജര്‍ 20 ശതമാനം, കറുത്തവര്‍ഗക്കാര്‍ 20 ശതമാനം. ബാക്കിയുള്ളവര്‍ സ്പാനിഷ് വംശജരും മറ്റ് ന്യൂനപക്ഷക്കാരും. എന്നാല്‍ ഈ കോടതിയുടെ ചരിത്രത്തില്‍ വെള്ളക്കാരല്ലാത്ത ഒരു ജഡ്ജിമാരും ഇതുവരെ ഉണ്ടായിട്ടില്ല. മാത്രവുമല്ല 36 ശതമാനം വരുന്ന വെളുത്ത വര്‍ഗക്കാരുടെ പ്രതിനിധിയായി വരുന്നവര്‍ ന്യൂനപക്ഷക്കാര്‍ക്ക് വേണ്ടത്ര നീതി നടപ്പിലാക്കി കൊടുക്കില്ലെന്ന തിരിച്ചറിവുമാണ് 15 വര്‍ഷം അറ്റോര്‍ണിയായി പ്രാക്ടീസു ചെയ്തു വരുന്ന ജൂലിമാത്യു എന്ന അറ്റോര്‍ണിയെ മത്സരരംഗത്ത് എത്തിക്കാന്‍ കാരണമായത്.

തീര്‍ന്നില്ല, ഇവിടെ മക്കള്‍ രാഷ്ട്രീയ വാഴ്ചയുടെ അരങ്ങു വാണിരുന്ന കാലമുണ്ടായിരുന്നു. നിലവിലുള്ള ജഡ്ജിമാര്‍ വിരമിച്ചാല്‍ അവരുടെ മക്കളോ സഹോദരങ്ങളോ ബന്ധുക്കളോ ആയിരിക്കും അടുത്ത ജഡ്ജിമാര്‍. കാരണം മറ്റൊന്നുമല്ല, സായ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്നവര്‍ ആണ് ന്യൂനപക്ഷക്കാര്‍. അപ്പോള്‍ പിന്നെ നീതി തീരുമാനിക്കുന്നത് അവര്‍ തന്നെയാകുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. ഈ കുത്തകയെ ചോദ്യം ചെയ്യാന്‍ ആരുണ്ട്? ഈ അസമത്വവും അനീതിയും നീതിന്യായക്കോടതിയുടെ കാവല്‍ക്കാരില്‍ നിന്നു തന്നെ തുടങ്ങുമ്പോള്‍ എന്തു ചെയ്യാന്‍ കഴിയും? തന്റെ 15 വര്‍ഷത്തെ അഭിഭാഷക വൃത്തിയില്‍ ഉണ്ടായ അനുഭവങ്ങള്‍ തന്നെയാണ് ഇതിനൊരു പരിഹാരം കാണണമെന്നുള്ള ഒരു ഉറച്ച തീരുമാനമെടുക്കാന്‍ ജൂലിയെ പ്രേരിപ്പിച്ചത്. അങ്ങനെയാണ് ജൂലി മത്സരരംഗത്തു വരാന്‍ കാരണമായത്.

ഒരിക്കല്‍ പോലും രാഷ്ട്രീയത്തെക്കുറിച്ചു ചിന്തിക്കാതിരുന്ന ജൂലി തെരഞ്ഞെടുപ്പു രംഗത്തു വരാനുള്ള കാരണങ്ങള്‍ ന്യൂനപക്ഷപ്രീണനം ഒന്നുകൊണ്ടുമാത്രമാണ്. ജൂലിയുടെ അഭിപ്രായത്തില്‍ അടുത്ത തലമുറയെങ്കിലും അതായത് നമ്മുടെ മക്കള്‍ ഈ വിവേചനത്തിനു പാത്രമാകരുത്. അവര്‍ക്ക് തുല്യ നീതി ലഭ്യമാക്കണം. എന്തുകൊണ്ട് ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമുള്ളിടത്ത് ന്യൂനപക്ഷത്തുനിന്നുള്ള ഒരു ജഡ്ജി ഉണ്ടായിക്കൂടാ? ഈ ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരമാണ് തിളക്കമാര്‍ന്ന വിജയത്തിലൂടെ ജൂലി മറുപടി നല്‍കിയത്.

രാഷ്ട്രീയത്തില്‍ ഒരു മുന്‍ പരിചയവുമില്ല അതുകൊണ്ടുതന്നെ രാഷ്ട്രീയ ഗോഡ് ഫാദര്‍മാര്‍ ആരും തന്നെയില്ല. ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ ശക്തമായ പിന്തുണയുണ്ടായിരുന്നു. സ്വന്തം നാട്ടുകാരില്‍നിന്ന് ആദ്യം അല്‍പ്പം വിമര്‍ശനമൊക്കെയുണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ ഒരു പരിചയവുമില്ലാത്ത, വെള്ളക്കാരുടെ കുത്തകയായ ഈ ജഡ്ജിസ്ഥാനത്ത് ഒരു വനിതയായ നീ ജയിക്കുമോ അതും ഒരു മലയാളി.ഇതായിരുന്നു ആദ്യം മലയാളി സമൂഹത്തില്‍ നിന്നുണ്ടായ പ്രതികരണം. എന്നാല്‍ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചപ്പോള്‍ ജൂലി മാത്യു എന്ന ധീരവനിത ആരെന്ന് സ്വന്തം നാട്ടുകാര്‍ക്കും വെളളക്കാര്‍ക്കും വരെ ശരിക്കും മനസിലായി. നീതി നടപ്പാക്കി കൊടുക്കുന്നതില്‍ കഴിഞ്ഞ 15 വര്‍ഷം കോടതിമുറികളില്‍ ഒരു ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്നു ജൂലി പക്ഷേ വ്യക്തി ജീവിതത്തില്‍ ഒരു ശാന്തപ്രകൃതക്കാരിയും സൗമ്യസ്വഭാവമുള്ളവളുമാണ്. സ്‌നേഹത്തോടും വാത്സല്യത്തോടുമുള്ള പെരുമാറ്റം അണികളുടെ ഇടയില്‍ ജൂലിക്ക് വലിയ മതിപ്പ് ഉളവാക്കി.

രാഷ്ട്രീയത്തില്‍ പരിചയമില്ലാത്ത ജൂലി എന്തുകൊണ്ട് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി? ഉത്തരം ഒന്നു മാത്രം. 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുശേഷം രാജ്യം നേരിടുന്ന ന്യൂനപക്ഷപീഡനവും അസമത്വവുമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ വെറുക്കാന്‍ കാരണമായത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ന്യൂനപക്ഷങ്ങള്‍ക്കു നീതി നല്‍കുകയില്ലെന്ന തിരിച്ചറിവാണ് ജൂലി മറ്റൊന്നും ആലോചിക്കാതെ ഡെമോക്രാററ് സ്ഥാനാര്‍ത്ഥിയുടെ കുപ്പായമണിഞ്ഞത്. പരമ്പരാഗതമായ റിപ്പബ്ലിക്കന്‍ കോട്ടയില്‍ മത്സരം കടുപ്പമേകുമെന്ന് അറിഞ്ഞു കൊണ്ടുതന്നെയാണ് മത്സരരംഗത്ത് ഇറങ്ങിയത്. ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായതിനാല്‍ പലരും തന്റെ വിജയം അസാധ്യമെന്ന് നേരത്തെ തന്നെ വിധിയെഴുതി.

ജൂലിയുടെ കണക്കുകൂട്ടല്‍ വളരെ ലളിതമായിരുന്നു. വെറും 36 ശതമാനമുള്ള വെള്ളക്കാരില്‍ നിന്നാണ് എല്ലാത്തവണയും റിപ്പബ്ലിക്കനിലും ഡെമോക്രാറ്റിലും സ്ഥാനാര്‍ത്ഥികള്‍ വരുന്നത്. അതില്‍ നിന്ന് ഒന്നു വ്യക്തമായി. ന്യൂനപക്ഷങ്ങളുടെ വോട്ടുവാങ്ങിയാണ് ഇവര്‍ ജയിക്കുന്നത്. അതുകൊണ്ട് ന്യൂനപക്ഷവോട്ടുകള്‍ ഒരുമിച്ചാല്‍ വിജയം അനായാസം. ഫോര്‍മുല വിജയിച്ചു. ജൂലി വന്‍ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ്തു. ആകെ രണ്ടു സ്ഥാനാര്‍ത്ഥികള്‍. ജൂലിക്ക് (ഡെമോക്രാറ്റ്) 54.25 ശതമാനം. എതിരാളിക്ക് കിട്ടിയത് 45.75 ശതമാനം മാത്രം.

രാഷ്ട്രീയത്തില്‍ ഗുരുക്കന്മാരില്ലെങ്കിലും ഒരു രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യ ലബ്ദിക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെയാണ് ജൂലി ഏറ്റവും മാതൃകയുള്ള രാഷ്ട്രനേതാവായി കാണുന്നത്. ലോകത്തിന്റെ മാറ്റങ്ങള്‍ കാണണമെങ്കില്‍ നാമും അതിന്റെ ഭാഗഭാക്കായിരിക്കണം' എന്ന മഹാത്മാഗാന്ധിയുടെ ആപ്തവാക്യമാണ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലെ ജനങ്ങളിലൂടെ കാണുവാനായിട്ട് ജൂലി ആഗ്രഹിക്കുന്നത്. ജുഡീഷ്യല്‍ സ്ഥാനത്തേക്കുള്ള തൊപ്പി ധരിക്കാന്‍ ഇതാണ് ഉചിതമായ സമയമെന്ന തിരിച്ചറിവാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിച്ചത്. കൗണ്ടി കോര്‍ട്ടില്‍ നിലവിലുള്ള ഏകവനിതാ ജഡ്ജി വിരമിക്കുന്ന ഒഴിവിലാണ് ജൂലി മത്സരിക്കുന്നത്.

കഴിഞ്ഞ 15 വര്‍ഷമായി അറ്റോര്‍ണിയായി പ്രവര്‍ത്തിക്കുന്ന ജൂലി മാത്യുവിന് മലയാളികളുടെ ഇടയില്‍ നല്ല മതിപ്പുളള വ്യക്തിയാണ്. ഷുഗര്‍ലാന്‍ഡില്‍ നിന്നുള്ള ജൂലി 1980ല്‍ മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയില്‍ എത്തി. കേരളത്തില്‍ ഫാര്‍മസിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്ന പിതാവ് തോമസ് ഡാനിയേലിനും നഴ്‌സ് ആയ അമ്മ സൂസാമ്മയ്ക്കും സഹോദരന്‍ ജോണ്‍സണ്‍ തോമസിനുമൊപ്പം ഫിലാഡല്‍ഫിയായിലാണ് ആദ്യം എത്തിയത്. പിന്നീട് 2002 ല്‍ ഷുഗര്‍ലാന്‍ഡിലെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലേക്ക് താമസം മാറ്റി.

ഫിലാഡല്‍ഫിയായില്‍ ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയായശേഷം പൊന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അണ്ടര്‍ഗ്രാജുവേറ്റ് ബിരുദം നേടി. യൂണിവേഴ്‌സിറ്റി പാര്‍ക്കില്‍ ഫ്രെഷ്‌മെന്‍ കഴിഞ്ഞശേഷം ലോക്കല്‍ ക്യാമ്പസില്‍ നിന്നും പഠനം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കെ അതിപ്രശസ്തമായ ഫിലാഡല്‍ഫിയ ലോ ഫേര്‍മില്‍ ജോലി കരസ്ഥമാക്കി. പഠനകാലത്ത് സ്റ്റുഡന്റ് ഗവണ്‍മെന്റില്‍ സജീവമായി പങ്കെടുത്ത ജൂലി വിവിധ കാമ്പസ് സംഘടനകളിലും ഭാഗമായിരുന്നു. ലീഡര്‍ഷിപ്പ് മികവിനുള്ള പെന്‍സില്‍വാനിയ ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സിന്റെ ഫലകവും കരസ്ഥമാക്കിയ ജൂലി ചെറുപ്പം മുതലെ എല്ലാ മേഖലയിലും സജീവമായി നേതൃപാടവം തെളിയിച്ച വ്യക്തിയാണ്. ലിങ്കണ്‍ ഹൈസ്ക്കൂളിലെ പരിസ്ഥിതി ടെക്‌നോളജി അക്കാദമിയിലും പങ്കാളിയായിരുന്നു. പഠനകാലത്ത് എന്‍വൊയര്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ സഹകരണത്തോടെ ഗവേഷണ പഠനത്തിനായി റഷ്യ സന്ദര്‍ശിക്കാനുള്ള അവസരവും ലഭിച്ചു. എര്‍ത്ത്‌സ്‌പേസ് സയന്‍സിന്റെ ഡലവെയര്‍വാലി സയന്‍സ് ഫെയറില്‍ ജൂലിയുടെ പ്രൊജക്ടിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു
.
വൈഡ്‌നര്‍ ഡെലവറിലെ അതിപ്രശസ്തമായ ലോ സ്ക്കൂളില്‍ നിന്നും നിയമപഠനം പൂര്‍ത്തിയാക്കിയ ജൂലി നിയമപഠനകാലത്ത് പരിസ്ഥിതി നിയമക്ലിനിക്കിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ ലോ സ്ക്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ രണ്ടു ജോലികള്‍ ചെയ്ത് കഠിനാധ്വാനത്തിലൂടെയാണ് കടന്നു വന്നത്. അമേരിക്കയിലെ പ്രശസ്തമായ സ്വിക്കര്‍ ആന്‍ഡ് അസോസിയേഷന്‍(ടംശരസലൃ & അീൈരശമശേീി) എന്ന ലോഫേര്‍മില്‍ കഴിഞ്ഞ മൂന്നര വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ജൂലി കഴിഞ്ഞ 15 വര്‍ഷമായി സിവില്‍ ക്രിമിനല്‍ നിയമ കേസുകള്‍ കൈകാര്യം ചെയ്തു വരുന്നു..

ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയിലെ മൂന്നാം കോടതിയിലെ പ്രിസൈസിംഗ് ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ട ജൂലി സിവില്‍, ക്രിമിനല്‍, പ്രൊബേറ്റ്, ജൂവനല്‍ കേസുകളുടെ തീര്‍പ്പുകല്‍പ്പിക്കുന്നതാണ്. എല്ലാ മനുഷ്യരും സൃഷ്ടിക്കപ്പെട്ടത് തുല്യതയിലാണ്. ആയതില്‍ തുല്യതയും നീതിയും(ഋൂൗമഹശ്യേ മിറ ഖൗേെശരല) എല്ലാവര്‍ക്കും ലഭ്യമാക്കണമെന്നതാണ് നിയുക്ത ജഡ്ജി ജൂലിമാത്യുവിന്റെ വിശ്വാസം.

അമേരിക്കയിലെ രണ്ടാം തലമുറയില്‍പ്പെട്ട ഇന്ത്യക്കാരിയായ ജൂലി തന്റെ വിജയം തന്റെ തലമുറയിലെ യുവജനങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് കരുതുന്നു. നാം(ഈ തലമുറ) ഒരുപാട് വളരേണ്ടിയിരിക്കുന്നു. ഈ രാജ്യം ഈ തലമുറക്കു നല്‍കുന്ന സമാനതകളില്ലാത്ത അവസരങ്ങള്‍ കണ്ടെത്തി ഇനി ഉയരങ്ങള്‍ താണ്ടാന്‍ തന്റെ വിജയം പ്രചോദനമാകുമെന്നു വിശ്വസിക്കുന്നതായി നിയുക്ത ജഡ്ജി പറഞ്ഞു. വിജയം സുനിശ്ചിതമെന്ന ആത്മവിശ്വാസത്തോടെ രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഏഷ്യന്‍ സമൂഹം കടന്നുവരണം. പ്രത്യേകിച്ച് ഇന്ത്യക്കാര്‍ കഴിവുള്ളവരാണ്. മാറി നില്‍ക്കരുത്. നിരന്തരമായ പരിശ്രമം വിജയതീരത്ത് എത്തിക്കും. അസാധ്യമായിട്ട് ഒന്നുമില്ല ഇതാണ് പുതിയ തലമുറക്കായി നിയുക്ത ജഡ്ജിയുടെ സന്ദേശം.

ഇന്റേണല്‍ ഡിസൈനിംഗ് കമ്പനി നടത്തുന്ന ജിമ്മി മാത്യുവാണ് ഭര്‍ത്താവ്. എട്ടാം ക്ലാസുകാരി അലീന, മൂന്നു വയസുകാരി ഇവ, രണ്ടു വയസുകാരി സോഫിയ എന്നിവര്‍ മക്കളാണ്.
റിപ്പബ്ലിക്കന്‍ കോട്ടതകര്‍ത്ത് ജൂലി മാത്യു കൗണ്ടി ജഡ്ജി പദവിയിലേക്ക് റിപ്പബ്ലിക്കന്‍ കോട്ടതകര്‍ത്ത് ജൂലി മാത്യു കൗണ്ടി ജഡ്ജി പദവിയിലേക്ക്
Join WhatsApp News
John Kunthara 2018-11-19 23:48:41
Very bad heading for the article. I am a Republican and I voted for you because of your Kerala heritage. Now you are trashing Republicans? You should be neutral as a judge for all people not only for Democrats.
?
Shalom 2018-11-20 20:30:07
I don't think she wrote the headline and I don't think she trashed the republicans either, just said that her chances would have been more limited if she was a republican candidate, which most people would agree is true?? I'm proud that Juli won the election and I trust she will be a fair judge to everyone who comes in the court.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക