Image

1500 വര്‍ഷം പഴക്കമുള്ള യുവാവായ യേശുവിന്റെ ചിത്രം കണ്ടെത്തിയതായി റിപ്പോര്‍ട്ട്

Published on 19 November, 2018
1500 വര്‍ഷം പഴക്കമുള്ള യുവാവായ യേശുവിന്റെ ചിത്രം കണ്ടെത്തിയതായി റിപ്പോര്‍ട്ട്
നെഗേവ്: ഇസ്രായേലിലെ നെഗേവ് മരുഭൂമിയിലെ ഉപേക്ഷിക്കപ്പെട്ട ബൈസന്റൈന്‍ ദേവാലയാവശിഷ്ടങ്ങളില്‍ നിന്നും യേശുവിന്റേതെന്ന് കരുതപ്പെടുന്ന ആയിരത്തിഅഞ്ഞൂറോളം വര്‍ഷം പഴക്കമുള്ള ഛായചിത്രം കണ്ടെത്തി. ഇസ്രായേലി പുരാവസ്തു ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നില്‍. ആന്റിക്വിറ്റി എന്ന കേംബ്രിജ് ജേര്‍ണലിലാണ് കണ്ടെത്തലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളത്. യുവാവായ യേശുവിന്റേതെന്ന് പുരാവസ്തുഗവേഷകര്‍ അവകാശപ്പെടുന്ന ഈ ചിത്രത്തില്‍ നീളം കുറഞ്ഞ ചുരുണ്ട മുടിയിഴകളും, നീണ്ട മുഖവും, വലിയ കണ്ണുകളും, നീണ്ട മൂക്കുമാണുള്ളത്. ചിത്രം പുനര്‍രചിക്കുവാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.

തെക്കന്‍ ഇസ്രായേലിലെ പുരാതന ഗ്രാമമായ ഷിവ്ടായിലെ ഒരു ദേവാലയത്തിനുള്ളില്‍ നിന്നുമാണ് ആറാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഈ പെയിന്റിംഗ് കണ്ടെത്തിയിരിക്കുന്നത്. ദേവാലയത്തിലെ മാമ്മോദീസ തൊട്ടിക്ക് മുകളിലായിട്ടായിരിന്നു പെയിന്റിംഗ് ആലേഖനം ചെയ്തിരുന്നത്. കാലപഴക്കം കൊണ്ട് യഥാര്‍ത്ഥ പെയിന്റിംഗിന്റെ രൂപരേഖമാത്രമാണ് ഇപ്പോള്‍ ഉള്ളത്. അതിനാല്‍ തന്നെ യഥാര്‍ത്ഥ പെയിന്റിംഗ് എപ്രകാരമായിരുന്നു എന്ന് നിര്‍ണ്ണയിക്കുവാന്‍ സാധ്യമല്ല. നീളം കുറഞ്ഞ മുടികളോട് കൂടിയ യേശുവിന്റെ ചിത്രങ്ങള്‍ ഈജിപ്ത്, സിറോപാലസ്തീന്‍ എന്നിവിടങ്ങളില്‍ വളരെയേറെ പ്രചാരത്തിലിരുന്നതായിരുന്നുവെന്ന്! പുരാവസ്തു ഗവേഷകര്‍ പറയുന്നു.

1920കളില്‍ ഈ പെയിന്റിംഗ് ശ്രദ്ധയില്‍പ്പെട്ടതെങ്കിലും വിശദമായ പരിശോധനകള്‍ ഇപ്പോഴാണ് നടക്കുന്നത്. പെയിന്റിംഗിന്റെ ഇടതുവശത്തായി വിശുദ്ധരുടെ പ്രതീകമായ ദീപ്തിവലയത്തോട് കൂടിയ മറ്റൊരു വലിയ മുഖത്തിന്റെ ചിത്രവുമുണ്ട്. ഒരു വലിയ ദൃശ്യത്തിന്റെ ഭാഗമാണ് ഈ മുഖങ്ങളെന്നും, ഇടത് വശത്തായി കാണുന്നത് വിശുദ്ധ സ്‌നാപകയോഹന്നാന്റെ ചിത്രമായിരിക്കാമെന്നുമാണ് പുരാവസ്തു ഗവേഷകരുടെ അനുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക