Image

പൊതുമാപ്പ്: ദുബൈ കെ.എം.സി.സിയും മലബാര്‍ ഗോള്‍ഡും ചേര്‍ന്ന് എമിഗ്രേഷന്‍ ഫീസും വിമാന ടിക്കറ്റും നല്‍കും

Published on 20 November, 2018
പൊതുമാപ്പ്: ദുബൈ  കെ.എം.സി.സിയും മലബാര്‍ ഗോള്‍ഡും ചേര്‍ന്ന് എമിഗ്രേഷന്‍ ഫീസും വിമാന ടിക്കറ്റും നല്‍കും
ദുബൈ: യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടുന്ന ഇന്ത്യക്കാരുടെ എമിഗ്രേഷന്‍ ഫീസും, അവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റും ദുബൈ കെ.എം.സി.സി നല്‍കുമെന്ന് പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി ഇസ്മായില്‍  എന്നിവര്‍ അറിയിച്ചു. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ സഹകരണത്തോടെയാണ് പ്രവാസികള്‍ക്ക് ഏറെസഹായകരമായ ഈ പദ്ധതി ദുബൈ കെ.എം.സി.സി. നടപ്പിലാക്കുന്നത്. പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പൊതുമാപ്പ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന എക്‌സിറ്റ് പാസിന്റെ ഫീയും വിമാന ടിക്കറ്റുമാണ് ഈ പദ്ധതിയുടെ ഭാഗമായി ലഭിയ്ക്കുക. പൊതുമാപ്പ് കേന്ദ്രത്തില്‍ നിന്ന് രാജ്യം വിടാനുള്ള അവസാന നടപടിയും പൂര്‍ത്തീകരിച്ചതിന്റെ രേഖകളുടെ പകര്‍പ്പ് സഹിതം അപേക്ഷിക്കുന്നവര്‍ക്കാണ് ഈ പദ്ധതിയുടെ അനുകൂല്യം ലഭ്യമാക്കുക. സാമൂഹിക പ്രതിബദ്ധതയോടെ ഈ പദ്ധതിയുമായി സഹകരിക്കുന്ന മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന് ദുബൈ കെ.എം.സി.സി. നേതാക്കള്‍ കൃതജ്ഞത രേഖപ്പെടുത്തി. 'പദവി ശരിയാക്കി സ്വയം സുരക്ഷിതരാവൂ' എന്ന സന്ദേശത്തില്‍ കഴിഞ്ഞ ആഗസ്റ്റ് ഒന്ന് മുതലാണ് യു.എ.ഇ പൊതുമാപ്പ് ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് നയതന്ത്രകാര്യാലയങ്ങളുടെ അഭ്യര്‍ഥനമാനിച്ച് അധികൃതര്‍ ഒരുമാസത്തേക്ക് കൂടി നീട്ടി നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഇനിയും പൊതുമാപ്പിന്റെ പ്രയോജനം ഉപയേഗപ്പെടുത്താത്തവര്‍ക്ക് അവരുടെ താമസകുടിയേറ്റ രേഖകള്‍ നിയമവിധേയമായി ശരിയാക്കി രാജ്യം വിടാനും അവര്‍ക്ക് യു.എ.ഇയിലേക്ക് തന്നെ തിരിച്ചത്താനുമുള്ള അവസരം ഒരുക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള പദ്ധതിക്ക് ദുബൈ കെ.എം.സി.സി. മുന്നോട്ടു വന്നതെന്ന് പി.കെ അന്‍വര്‍ നഹ പറഞ്ഞു. എന്നാല്‍ നിയമ ലംഘകര്‍ക്ക് പിഴയോ മറ്റു ശിക്ഷാ നടപടികളോ കൂടാതെതന്നെ മറ്റൊരു വിസയിലേക്ക് മാറുവാനുള്ള അവസരവും പുതിയ ജോലി അന്വേഷിക്കുന്നതിന് ആറുമാസത്തെ വിസയും ഈ കാലയളവില്‍ അധികൃതര്‍  നല്‍കുന്നുണ്ട്. ഇന്ത്യന്‍ സമൂഹത്തിലേക്കും മറ്റ് ഇതര രാജ്യക്കാരിലേക്കും യു.എ.ഇ. പൊതുമാപ്പ് പ്രചാരണ സന്ദേശങ്ങള്‍ എത്തിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച വിദേശിയരുടെ ഏക ഔദ്യോഗിക സംഘടന ദുബൈ കെ.എം.സി.സിയായിരുന്നു. ദുബൈ എമിഗ്രേഷന്‍ വിഭാഗവുമായി ചേര്‍ന്ന് പൊതുമാപ്പിന്റെ സന്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും സമൂഹിക മാധ്യമങ്ങള്‍ വഴിയും എത്തിക്കുന്നതിന് വേണ്ടി ഈ കാലയളവില്‍ സജീവമായി രംഗത്തുണ്ടായിരുന്നു. മാത്രവുമല്ല, പൊതുമാപ്പ് ഉപയേഗപ്പെടുത്തുന്നവര്‍ക്ക് വേണ്ടി ആദ്യമായി ഹെല്‍പ്പ് ഡെസ്‌ക്ക് തുടങ്ങുന്നതിനും ദുബൈ കെ.എം.സി.സി. മുന്നോട്ടു വന്നിരുന്നു. അതിന്റെ പ്രയോജനം ഉപയേഗപ്പെടുത്തി നിരവധി പേരാണ് തങ്ങളുടെ താമസകുടിയേറ്റ രേഖകള്‍ ശരിയാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക