Image

വിവാഹ വേദിക്കരികില്‍ വെച്ച്‌ വരന്‌ വെടിയേറ്റു; തോളില്‍ തറഞ്ഞ ബുള്ളറ്റുമായി വരന്‍ താലിചാര്‍ത്തി

Published on 20 November, 2018
വിവാഹ വേദിക്കരികില്‍ വെച്ച്‌ വരന്‌ വെടിയേറ്റു; തോളില്‍ തറഞ്ഞ ബുള്ളറ്റുമായി വരന്‍ താലിചാര്‍ത്തി
ദില്ലി: വിവാഹ ദിവസം വരന്‌ നേരെ അജ്ഞാത സംഘം വെടിയുതിര്‍ത്തു. സൗത്ത്‌ ദില്ലിയിലെ മദന്‍ഗീറില്‍ ഞായറാഴ്‌ചയാണ്‌ സംഭവം. വിവാഹ വേദിക്കരികില്‍ ചെവ്വ്‌ അജ്ഞാത സംഘം വെടിയുതിര്‍ക്കുകയായിരുന്നു. പരിഭ്രാന്തരായ ബന്ധുക്കള്‍ വരനരികിലേക്ക്‌ ഓടിയെത്തുന്നതിനിടെ അക്രമികള്‍ രക്ഷപെട്ടു.

വെടിയേറ്റ യുവാവ്‌ പ്രാഥമിക ചികിത്സ തേടിയ ശേഷം മണ്ഡപത്തിലെത്തി ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്‌തു. പോലീസ്‌ വധശ്രമത്തിന്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. വിശദാംശങ്ങള്‍ ഇങ്ങനെ:

25കാരനായ ബാദലിനാണ്‌ വിവാഹ വേദിയിലേക്ക്‌ പ്രവേശിക്കുന്നതിന്‌ തൊട്ടുമുന്‍പ്‌ വെടിയേറ്റത്‌. തിങ്കളാഴ്‌ച രാത്രിയിലായിരുന്നു ബാദലിന്റെ വിവാഹം. ബാദലിന്റെ ഇടത്തേ തോളിനാണ്‌ വെടിയേറ്റത്‌. തോളെല്ലുകള്‍ക്കിടയില്‍ ബുളളറ്റ്‌ തറച്ച നിലയിലായിരുന്നു.

തിങ്കളാഴ്‌ച രാത്രി പത്ത്‌ മണിയോടെയാണ്‌ സംഭവം.കാണ്‍പൂര്‍ സ്വദേശിയാണ്‌ ബാദല്‍. വിവാഹ വേദിക്ക്‌ 400 മീറ്റര്‍ അകലെവെച്ചാണ്‌ വെടിയുതിര്‍ക്കുന്നത്‌. ഈ സമയം ബാദല്‍ അലങ്കരിച്ച കുതിര വണ്ടിക്കുള്ളിലായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന വലിയൊരു സംഘം നൃത്തം ചെയ്‌താണ്‌ ബാദലിനെ അനുഗമിച്ചത്‌.

വിവാഹ റാലിക്കിടയില്‍ നിന്നും രണ്ട്‌ പേര്‍ പെട്ടെന്ന്‌ കുതിരവണ്ടിക്കുള്ളിലേക്ക്‌ ചാടിക്കയറുകയും വെടിയുതിര്‍ക്കുകയായിരുന്നുവെന്ന്‌ ബാദല്‍ പോലീസിന്‌ മൊഴി നല്‍കി. ആദ്യം എന്താണ്‌ സംഭവിച്ചതെന്ന്‌ തനിക്ക്‌ മനസിലായില്ല. വലിയ ശബ്ദത്തില്‍ പാട്ടുവെച്ചിരുന്നതിനാല്‍ ആരും വെടിയുതിത്ത ശബ്ദം കേട്ടിരുന്നില്ല.

വെടിയേറ്റ ഭാഗത്ത്‌ നിന്നും രക്തം ഒഴുകിത്തുടങ്ങിയതോടെ ബാദല്‍ ഭയപ്പെട്ട്‌ വാഹനത്തില്‍ നിന്നും ചാടിയിറങ്ങി ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടയില്‍ അക്രമി സംഘം ഓടി രക്ഷപെട്ടു. ബന്ധുക്കള്‍ ഉടന്‍ തന്നെ ബാദലിനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിരമായി ശസ്‌ത്രക്രിയ വേണമെന്ന്‌ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു.

വധശ്രമത്തിന്‌ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. ഹീറോ ബൈക്കിലെത്തിയ രണ്ടുപേരാണ്‌ വെടിയുതിര്‍ത്തതെന്ന്‌ വിവാഹ റാലിയില്‍ പങ്കെടുത്ത ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്‌. ബൈക്ക്‌ സംഭവസ്ഥലത്തിനടുത്ത്‌ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ചില അതിഥികളുമായി ബൈക്കിലെത്തിയ സംഘം തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമായിട്ടുണ്ട്‌. കൊലപാതക ശ്രമത്തിന്‌ ബാദലിനെതിരെ ഒരു കേസ്‌ നിലനില്‍ക്കുന്നുണ്ട്‌. എന്തെങ്കിലും മുന്‍വൈഗാര്യമാണോ കൊലപാതകത്തിന്‌ പിന്നിലെന്ന്‌ പോലീസ്‌ അന്വേഷിച്ച്‌ വരികയാണെന്ന്‌ സൗത്ത്‌ ദില്ലി ഡിസിപി വിജയ്‌ കുമാര്‍ പറഞ്ഞു.

സംഭവം നടന്ന ഉടന്‍ തന്നെ ബാദലിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പ്രാഥമിക ചികിത്സകള്‍ എടുത്ത ശേഷം ബാദലും ബന്ധുക്കളും വിവാഹവേദിയിലേക്കെത്തി ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. വിവാഹശേഷം ശസ്‌ത്രക്രിയയ്‌ക്കായി ബാദലിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക