Image

ശബരിമലയെ രാഷ്ട്രീയ നേട്ടത്തിന്‌ വിട്ടുതരില്ലന്ന്‌ മുഖ്യമന്ത്രി

Published on 20 November, 2018
ശബരിമലയെ രാഷ്ട്രീയ നേട്ടത്തിന്‌ വിട്ടുതരില്ലന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയെ രാഷ്ട്രീയ ലക്ഷ്യത്തിന്‌ ആര്‍ക്കും വിട്ടു തരില്ലെന്നും സംഘപരിവാര്‍ അജണ്ട ശബരമലയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത്‌ വാര്‍ത്താ സമ്മേളനത്തിലാണ്‌ ശബരിമല വിഷയത്തില്‍ നിലപാട്‌ വീണ്ടും കടുപ്പിച്ച്‌ മുഖ്യമന്ത്രി രംഗത്തെത്തിയത്‌.

ശബരിമലയില്‍ ദര്‍ശനത്തിന്‌ എത്തുന്ന ഭക്തര്‍ക്ക്‌ ഒരു അസൗകര്യങ്ങളുമുണ്ടാകുന്നില്ല. പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌ ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ കരുതിക്കൂട്ടി വന്നവരെ മാത്രമാണ്‌. സാധാരണ ഭക്തര്‍ സുഗമമായി ദര്‍ശനം നടത്തിയാണ്‌ മടങ്ങുന്നത്‌. എന്നാല്‍ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ശബരിമലയെ പ്രതിഷേധ ഭൂമിയാക്കി മാറ്റാമെന്ന ധാരണ വച്ചു പുലര്‍ത്തി വരുന്നവരെ പോലീസ്‌ ആ നിലയ്‌ക്ക്‌ തന്നെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ സംഘപരിവാര്‍ നടത്തുന്ന സമരം ഭക്തിയുടെ പേരിലല്ല. സമരക്കാരുടെ ഉള്ളിലിരുപ്പ്‌ നേരത്തെ തന്നെ വ്യക്തമായതാണ്‌.

സമരം ശബരിമലയില്‍ വരുന്ന യുവതികള്‍ക്കെതിരേ അല്ലെന്നും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കെതിരേയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞില്ലെയെന്നും മുഖ്യമന്ത്രി ചോദിച്ചു. കഴിഞ്ഞ രണ്ടു തവണ നട തുറന്നപ്പോഴും പ്രതിഷേധക്കാരുടെ അക്രമങ്ങള്‍ കണ്ടതാണ്‌. സഞ്ചാര സ്വാതന്ത്ര്യം ഭക്തര്‍ക്ക്‌ ഇല്ലാതായ സാഹചര്യത്തില്‍ മാത്രമാണ്‌ പോലീസ്‌ ഇടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു കേന്ദ്രമന്ത്രി കഴിഞ്ഞ ദിവസം ശബരിമല സന്ദര്‍ശിച്ചിട്ട്‌ സുപ്രീംകോടതി വിധിയെക്കുറിച്ച്‌ ഒന്നും പറഞ്ഞു കണ്ടില്ല. ബിജെപിയുടെ ദേശീയ നേതാക്കള്‍ ശബരിമല ദര്‍ശനത്തിന്‌ വരുമെന്ന്‌ കേള്‍ക്കുന്നു. ദര്‍ശനത്തിനാണ്‌ വരുന്നതെങ്കില്‍ അവര്‍ക്ക്‌ എല്ലാ സൗകര്യവും ചെയ്‌തു കൊടുക്കും. മറിച്ച്‌ സംഘര്‍ഷമുണ്ടാക്കുകയാണ്‌ ലക്ഷ്യമെങ്കില്‍ ആ നിലയ്‌ക്ക്‌ അതിനെ കാണേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ്‌ നല്‍കി.

ശബരിമലയെ കലാപ ഭൂമിയാക്കാന്‍ അനുവദിക്കുന്ന പ്രശ്‌നമില്ല. അവിടെ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ കൂട്ടം കൂടാന്‍ പാടില്ല എന്ന ഉദ്ദേശം വച്ചുള്ളതല്ല. ക്രമസമാധാന പ്രശ്‌നമുണ്ടായപ്പോള്‍ പ്രതിഷേധങ്ങള്‍ സന്നിധാനത്ത്‌ വരാതിരിക്കുന്നതിനും പ്രതിഷേധക്കാര്‍ കൂട്ടംകൂടി ഭക്തരെ തടയുന്ന സ്ഥിതിയുണ്ടാകാതിരിക്കാനുമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക