Image

മേടുകളുടയ്ക്കുമ്പോള്‍ (കവിത: മഞ്ജുള ശിവദാസ്)

Published on 20 November, 2018
മേടുകളുടയ്ക്കുമ്പോള്‍ (കവിത: മഞ്ജുള ശിവദാസ്)
പ്രപഞ്ചനാഥന്‍ നല്‍കിയ ദാനം
കുന്നുകള്‍ മാമലകള്‍.

പ്രകൃതിക്കഴകായാരോഗ്യ
വുമായ് വര്‍ത്തിച്ചീടുന്നോര്‍.

പച്ചപ്പട്ടുടയാടയുടുത്തവ
യൊരുങ്ങി നില്‍ക്കും പോല്‍.

അസുലഭ കാഴ്ചകളൊരുക്കി
മേടുകള്‍ സമൃദ്ധിയോതുംപോല്‍.

സസ്യലതാദികള്‍ പക്ഷിമൃഗാദി
കളൊത്തു വസിച്ചീടും.

പ്രകൃതീശ്വരിയുടെ മാറില്‍
സോമജമൂറും സ്രോതസ്സ്.

അസ്തമയത്തില്‍ അര്‍ക്കനു
റങ്ങാന്‍ പോകും നേരത്ത്

ചുവന്നു തുടുത്താ മാനം
കാട്ടിത്തന്നവയിവയെന്നും.

കരയെ പുല്‍കാനാഞ്ഞടുക്കും
കടലിന്‍ തിരകളെയും,

വൃക്ഷത്തലകള്‍ കണ്ണാടി നോക്കും
തെളിഞ്ഞ കായലിനേം,

മുതുകിലിരുത്തി കാട്ടിത്തന്ന
വരീ മുത്തച്ഛന്‍മാര്‍.

സ്വാര്‍ത്ഥത കൈമുതലായ
മനുഷ്യര്‍ ജനനിയെ വില്‍ക്കുന്നോര്‍.

ഒറ്റക്കയ്യന്‍ രാക്ഷസയന്ത്ര
ക്കൂട്ടു പിടിച്ചെത്തി,

പച്ചപ്പട്ടുടയാടകളൂരി
യെറിഞ്ഞൂ നിഷ്കരുണം.

കൂര്‍ത്തനഖങ്ങള്‍ക്കൊണ്ടു
പിളര്‍ന്നൂ കുന്നുകളോരോന്നായ്.

വിളയും വയലു നികത്തി
യെടുത്താ ചെമ്മണ്‍ ചോരയാല്‍.

ആശ്രിതരായവയഭയാര്‍ത്ഥികളാ
യനാഥരായ്ത്തീര്‍ന്നു.

അഭയംതേടിപ്പായുകയാണവ
ദിക്കുകളറിയാതെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക