Image

പിണറായിക്കു പിന്തുണയുമായി സ്വാമി അഗ്നിവേശ് കേരളത്തിലേക്ക്

Published on 20 November, 2018
പിണറായിക്കു പിന്തുണയുമായി സ്വാമി അഗ്നിവേശ് കേരളത്തിലേക്ക്
ന്യൂയോര്‍ക്ക്: ശബരിമലയിലെ സുപ്രീംകോടതി വിധിക്കു പിന്നില്‍ അടിയുറച്ചു നില്‍ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനേയും സര്‍ക്കാരിനേയും അഭിനന്ദിച്ച് ആര്യസമാജത്തിന്റെ മുന്‍ സാരഥികൂടിയായ സ്വാമി അഗ്നിവേശ്. ഏറ്റവും വലിയ ധര്‍മ്മശാസ്ത്രം ഇന്ത്യന്‍ ഭരണഘടനയാണ്. അതനുസരിച്ചണു കോടതി വിധി.പുരോഗമന ശക്തികള്‍ക്ക് പിന്തുണയുമായി ഡിസംബര്‍ 1 മുതല്‍ 4 വരെ താന്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന മീറ്റിംഗുകളില്‍ പങ്കെടുക്കും.

ടൊറന്റോയില്‍ വേള്‍ഡ് റിലീജിയസ് പാര്‍ലമെന്റില്‍ പങ്കെടുത്ത് മടങ്ങുംവഴി ന്യൂയോര്‍ക്കില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വാമി. അടുത്തയിടക്ക് ആക്രമണത്തിനിരയായ സ്വാമി പൂര്‍ണമായി ഭേദപ്പെട്ടു വരുന്നതയുള്ളു.

ഹിന്ദുമതം പൗരാണിക മതമാണെന്നും അതിനാല്‍ കാലത്തിനനുസൃതമായ പരിഷ്‌കാരങ്ങള്‍ ഉണ്ടാവുകതന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളിലും ഇതേപോലെ മാറ്റങ്ങള്‍ ഉണ്ടാകണം. മതത്തിന്റെ അന്തസത്തയിലേക്ക് മടങ്ങുകയാണ് വേണ്ടത്.

കല്ലുകൊണ്ടുള്ളപ്രതിഷ്ഠയുടെ ബ്രഹ്മചര്യം സ്ത്രീകളെ കണ്ടാല്‍ എങ്ങനെയാണ് ഇല്ലാതാവുക. രാമനും കൃഷ്ണനുമൊക്കെ സ്ത്രീകളില്‍ നിന്നാണ് പിറവികൊണ്ടത്. ആര്‍ത്തവം അശുദ്ധമാണെന്നു പറയുന്നത് ഹീനമാണ്. സ്ത്രീകളെ ബഹുമാനിക്കുകയാണ് വേണ്ടത്.

വിദ്യാഭ്യാസമുള്ളതു കൊണ്ട് പുരോഗമനാശയങ്ങള്‍ ഉണ്ടാകണമെന്നില്ല. 1987-ല്‍ സതിക്കെതിരേ താന്‍ രാജസ്ഥാനില്‍ ജാഥ നയിച്ചപ്പോള്‍ തന്നെ ഭീഷണിപ്പെടുത്താന്‍ വന്നവരുടെ കൂടെ റിട്ട. ഐ.എ.എസ് ഓഫീസറുമുണ്ടായിരുന്നു. കൂടാതെ സ്ത്രീകളും.

എന്തായാലും കേരള ഗവണ്‍മെന്റും എസ്.എന്‍.ഡി.പി പോലുള്ള സംഘടനകളും സമരക്കാര്‍ക്ക് എതിരാണെന്നതില്‍ സന്തോഷമുണ്ട്. ഗവണ്‍മെന്റിന്റെ ഉറച്ച നിലപാടാണ് പ്രധാനം. 1987-ല്‍ രാജീവ് ഗാന്ധി സതിയെ മഹത്വവത്കരിക്കുന്നവരെ ഏഴു വര്‍ഷം തടവിനു ശിക്ഷിക്കുമെന്ന നിയമമുണ്ടാക്കിയത് വലിയ മാറ്റങ്ങള്‍ വരുത്തി.

ആക്രമിക്കപ്പെട്ട സ്വാമി സന്ദീപാനന്ദ ഗിരിയേയും സന്ദര്‍ശിക്കും. ഹിന്ദുമതത്തിന്റെ ഏറ്റവും വലിയ ശത്രു ഹിന്ദുത്വം ആണെന്നു പറഞ്ഞ സ്വാമി അടുത്ത ലോക്സഭാ ഇലക്ഷനില്‍ ബി.ജെ.പി പരാജയപ്പെടുമെന്നും പറഞ്ഞു. പ്രതിപക്ഷം ഒരുമിച്ച് നില്‍ക്കണം. ജനകീയ മുന്നേറ്റമാണ് ഉണ്ടാകേണ്ടത്.

ബി.ജെ.പിയെ തോല്‍പിച്ച് അധികാരത്തില്‍ വരുന്നവര്‍ ജനങ്ങളോട് ഉത്തരവാദിത്വമുള്ളവരായിരിക്കണം. ഇന്ത്യയില്‍ ജനാധിപത്യം അപകടാവസ്ഥയിലാണ്. നാം മിണ്ടാതെ അലസരായി ഇരിക്കേണ്ട സമയമല്ലിത്. മോഡി പ്രധാനമന്ത്രി ആയശേഷം സ്ഥിതിഗതികള്‍ വഷളായി. ഇലക്ഷന്‍ പ്രചാരണകാലത്തേ അത് പ്രകടമായിരുന്നു. ഗുജറാത്ത് കലാപത്തെപ്പറ്റി മോഡി പറഞ്ഞത് ഒരു നായ കാറിനടിയില്‍ വീണു ചത്താല്‍കൂടി വിഷമമുണ്ടാകുമെന്നാണ്.

ന്യൂനപക്ഷങ്ങളും ദളിതരും ആദിവാസികളുമൊക്കെ മോഡി ഉന്നമനം കൊണ്ടുവരുമെന്നു കരുതി. അവരെയെല്ലാം നിരാശപ്പെടുത്തുകയാണ് മോഡി ചെയ്തത്. ഇലക്ഷന് ആറേഴു മാസമുള്ളപ്പോള്‍ മോഡി അങ്കലാപ്പിലാണ്. മതപരമായ വിഷമങ്ങളാണ് ഇപ്പോള്‍ പൊക്കിക്കൊണ്ടുവരുന്നത്.

അമിത് ഷായും കൂട്ടരും ഭരണഘടനയേയും സുപ്രീം കോടതിയേയും ധിക്കരിക്കുന്നു. ഇന്ത്യയുടെ ധര്‍മ്മശാസ്ത്രമാണ് ഭരണഘടന. കോടതിയെ ധിക്കരിക്കുമ്പോള്‍ ഭരണഘടനയെ ധിക്കരിക്കുന്നു.

പാവങ്ങളില്‍ പാവങ്ങള്‍ക്കൊപ്പമാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. 500 മില്യന്‍ ആണ് അവരുടെ എണ്ണം. അതില്‍ പകുതി സ്ത്രീകളും.കുറഞ്ഞകൂലി കിട്ടാത്തവരും അടിമപ്പണിക്കാരാണെന്നാണ് താന്‍ വിലയിരുത്തുന്നത്.

നൂറു മില്യന്‍ കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ കഴിയാതെ വലയുന്നു. ഇതാണ് സാഹചര്യമെങ്കിലും അംബാനിമാരും അദാനിമാരും തടിച്ചു കൊഴുക്കുന്നു. ജി.ഡി.പി വളര്‍ച്ച ജനങ്ങളുടെ പുരോഗതിയുടെ വളര്‍ച്ചയല്ല കാനിക്കുന്നത്.

അടിച്ചമര്‍ത്തലും അക്രമവുമാണ് എങ്ങും. പത്രക്കാരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും അടിച്ചമര്‍ത്തുന്നു. പത്രങ്ങളെ വിലയ്ക്കുവാങ്ങുന്നു. 'അര്‍ബന്‍ നക്സല്‍' എന്നാണ് തന്നെ വിശേഷിപ്പിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും താന്‍ അറസ്റ്റിലാകാം.

ആര്‍.എസ്.എസും മോഡിയുമൊക്കെ പറയുന്ന വെറുപ്പിന്റെ തത്വശാസ്ത്രങ്ങള്‍ പൂര്‍ണമായി നിരാകരിക്കുന്നു. എതിരഭിപ്രായം പറയുന്നവരെ രാജ്യദ്രോഹിയെന്നും ദേശവിരുദ്ധനെന്നുമൊക്കെ പറയുന്നത് ശരിയല്ല. അനീതിക്കെതിരേ നാം ചെറുത്തുനിന്നില്ലെങ്കില്‍ നാം യഥാര്‍ത്ഥ ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്ലീമോ ആകില്ല.

ഹിന്ദുത്വത്തെ അനുകൂലിക്കുന്നവര്‍ മറ്റുള്ളവരെക്കൂടി ലജ്ജിപ്പിക്കുന്നു. അവര്‍ക്കാകട്ടെ യാതൊരു നാണവുമില്ല. പ്രഖ്യാപിക്കാത്ത അടിയന്തരാവസ്ഥ പോലെയാണ് ഇപ്പോഴത്തെ സ്ഥിതി. അടിയന്തരാവസ്ഥയില്‍ 13 മാസം താന്‍ ജയിലില്‍ കിടന്നതാണ്.

ന്യൂനപക്ഷങ്ങള്‍ക്ക് ഇപ്പോള്‍ ഇന്ത്യയില്‍ മതസ്വാതന്ത്ര്യമില്ല. ഹിന്ദുരാഷ്ട്രം എന്നുള്ള സങ്കല്‍പം സ്വീകാര്യമല്ല.

ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ പോലുള്ള സംഘടനകള്‍ അമേരിക്കയില്‍ ഇന്ത്യയെപ്പറ്റി തെറ്റായി ചിത്രീകരിക്കുന്നു. വസ്തുതകള്‍ താന്‍ കോണ്‍ഗ്രസ് അംഗങ്ങളെ ധരിപ്പിച്ചപ്പോള്‍ പലരും അതിശയിച്ചു. അമേരിക്കയിലെ ഇന്ത്യക്കാര്‍ ഉണ്ടാക്കുന്ന ശബ്ദം ഇന്ത്യയില്‍ കൂടുതലായി കേള്‍ക്കും. അതിനാല്‍ജനാധിപത്യ വിശ്വാസികള്‍ ഇത്തരം ശക്തികള്‍ക്കെതിരേ രംഗത്തുവരണം.

താന്‍ ദീക്ഷ സ്വീകരിച്ചിട്ട് 50 വര്‍ഷമായെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ 80 വയസായി. 11 തവണ ജയിലില്‍ കിടന്നു. പലപ്പോഴും മര്‍ദ്ദനമേറ്റു. അവയെല്ലാം അതിജീവിച്ചത് ദൈവത്തിന്റെ കരുണ കൊണ്ടാണ്. അവശേഷിക്കുന്ന കാലവും പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും.

എങ്ങനെ നമുക്ക് ജാതിസമ്പ്രദായത്തെ സ്വീകരിക്കാനാവും- സ്വാമി ചോദിച്ചു.

മാധ്യമ പ്രവര്‍ത്തകര്‍ക്കു പുറമെ, പുരോഗമന ഹിന്ദുക്കളുടെ സംഘടന സാധനയുടെ സ്ഥാപക സുനിത വിശ്വനാഥ്, ഇന്ത്യന്‍ പനോരമ എഡിറ്റര്‍ ഇന്ദ്രജിത്ത് സലൂജ, ബല്‍ദേവ്‌സിംഗ് ഗാരെവാള്‍, ഐ.എന്‍.ഒ.സി നേതാവ് ജോര്‍ജ് ഏബ്രഹാം തുടങ്ങിയവരും പങ്കെടുത്തു
പിണറായിക്കു പിന്തുണയുമായി സ്വാമി അഗ്നിവേശ് കേരളത്തിലേക്ക്പിണറായിക്കു പിന്തുണയുമായി സ്വാമി അഗ്നിവേശ് കേരളത്തിലേക്ക്പിണറായിക്കു പിന്തുണയുമായി സ്വാമി അഗ്നിവേശ് കേരളത്തിലേക്ക്
Join WhatsApp News
Vayanakkaran 2018-11-21 10:34:39
Enthina Kumara swami ollathu parajappam oranju thullunnathe? Nagna sathyangal angikarikkan sangikalkku pattilla!!! 
ex - Congress man , now BJP 2018-11-21 18:15:06
Congratulations to note that INOC USA is supporting this. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക