Image

മരണത്തിന്‍ നിഴല്‍ (കവിത: റോബിന്‍ കൈതപ്പറമ്പ്)

Published on 20 November, 2018
മരണത്തിന്‍ നിഴല്‍ (കവിത: റോബിന്‍ കൈതപ്പറമ്പ്)
മരണത്തിന്‍ നിഴലെന്നെ മൂടിടുന്നു
ഇരുളിന്‍ കയത്തിലായ് വീഴുന്നു ഞാന്‍
ഒരുനൊടി ഇല്ലിനി നില്‍ക്കുവാനായ്
തമസിലായ് എന്നെ തള്ളിടുന്നു

ഒരു മണ്‍ചിരാതായ് എരിഞ്ഞൊരി
ജീവിതമാം തിരി നാളമിതാ
ഓരിളം തെന്നലായ് എത്തിയൊരാ
മരണമായ് എന്നെ പുല്‍കിടുന്നു

യാത്ര ചോദിപ്പൂ ഞാന്‍ മൂകനായി
ഇനി നാം കാണില്ലീ ജീവിതത്തില്‍
നശ്വരമാം ഈ കൂടാരത്തെ
മണ്ണിലേക്കായിന്ന് വിട്ടിടുന്നു

ഓര്‍ക്കുന്നിതാ ഞാന്‍ ഓടിയൊരെന്‍
ജീവിതമാം ഈ പോര്‍ക്കളത്തില്‍
നേടിയതായ് ഞാന്‍ കരുതിയതോ
ഒരു മഞ്ഞിന്‍ കണമായ് അലിഞ്ഞിടുന്നു

ഇല്ലയെന്‍ കൈയ്യിലായ് ഒന്നുമില്ല
പണവുമെന്‍ പദവിയും കൂട്ടിനില്ല
അരികിലായ് ഉണ്ടെന്ന് കരുതിയൊരെന്‍
സഖിയുമീ യാത്രയില്‍ കൂട്ടിനില്ല

എവിടേക്കീ യാത്ര എന്നറിയില്ല
വഴികാട്ടുവാനായ് ആരുമില്ല
ഏകനായ് ഏറ്റം നിശബ്ദനായ്
മരണത്തിന്‍ വഴിയെ ഞാന്‍ പോയിടട്ടെ

എന്‍ കുഴിമാടത്തോളമെന്നെ
അനുഗമിച്ചീടും നിങ്ങളെല്ലാം
ഒരു പിടി പൂഴിയും വിതറിയിതാ
എന്നെ തനിച്ചാക്കി പിരിഞ്ഞിടുന്നു

നിങ്ങളി എന്നെയും ഓര്‍ത്തിടേണെ
ഒരുമിച്ചുകൂടും വേളകളില്‍
ഏകനായ് ഏറ്റം നിശബ്ദനായ്
മരണത്തിന്‍ വഴിയെ ഞാന്‍ പോയിടട്ടെ


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക