Image

ചിന്താവിഷ്ടനായ മുഖ്യമന്ത്രി; ഫോര്‍മുല എന്ന നാണക്കേട്‌

Published on 07 April, 2012
ചിന്താവിഷ്ടനായ മുഖ്യമന്ത്രി; ഫോര്‍മുല എന്ന നാണക്കേട്‌
കുഴഞ്ഞുമറിഞ്ഞ ഒരു പദപ്രശ്‌നമാണിപ്പോള്‍ യുഡിഎഫ്‌. കാര്‍ത്തികേയന്‍ സ്‌പീക്കര്‍ പദവി ഒഴിയണോ - കെ.പി.സി.സി പ്രസിഡന്റ്‌ ആകണോ. രമേശ്‌ ചെന്നിത്തല ഉപമുഖ്യമന്ത്രിയാകുമോ - മന്ത്രിയാകുമോ. സ്‌പീക്കറായി മുനീര്‍ എത്തുമോ - അതോ ലീഗ്‌ സ്‌പീക്കറെ തള്ളിക്കളയുമോ. വീതം വെച്ചു വരുമ്പോള്‍ പാവം അനൂപ്‌ ജേക്കബിന്‌ മന്ത്രിസ്ഥാനം കിട്ടുമോ- കിട്ടിയാല്‍ തന്നെ ഏത്‌ വകുപ്പ്‌ എന്നിങ്ങനെ ചേരുംപടി ചേര്‍ക്കാന്‍ കഴിയാതെ ഒരു നൂറ്‌ ചോദ്യങ്ങളാണ്‌ യുഡിഎഫിന്‌ മുമ്പിലുള്ളത്‌. എല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കേണ്ട വിഷയങ്ങള്‍ തന്നെ.

കഴിഞ്ഞ ദിവസങ്ങളില്‍ ചാനലുകള്‍ക്ക്‌ മുമ്പില്‍ പ്രത്യക്ഷപ്പെട്ട ഉമ്മന്‍ചാണ്ടിയുടെ ശരീരഭാഷ ഏതൊരു മലയാളിക്കും വ്യക്തമായി വായിക്കാവുന്നത്‌ തന്നെയായിരുന്നു. അദ്ദേഹം തീര്‍ത്തും അസംതൃപ്‌തനായിരിക്കുന്നു. ക്ഷമയുടെ നെല്ലിപ്പലകയില്‍ നില്‍ക്കുന്ന ഒരു അവസ്ഥ. പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ മുമ്പില്‍ പലപ്പോഴും അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. യുഡിഎഫിലെ വീതംവെക്കല്‍ രാഷ്‌ട്രീയം ഭരണത്തെ അല്‌പം പോലും തുണയ്‌ക്കുന്നില്ലെന്ന്‌ കുറഞ്ഞ പക്ഷം ഉമ്മന്‍ചാണ്ടിക്കെങ്കിലും മനസിലായി തുടങ്ങിയെന്ന്‌ കരുതാം. പക്ഷെ അദ്ദേഹം ഒരാള്‍ വിചാരിച്ചാല്‍ എന്തു ചെയ്യാന്‍.

അഞ്ചാം മന്ത്രി വിവാദം പിറവത്തെ തിരഞ്ഞെടുപ്പ്‌ വിജയത്തിന്റെ നിറം കെടുത്തിയെന്നത്‌ വാസ്‌തവം. ഒപ്പം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വന്ന സ്‌പീക്കര്‍ കാര്‍ത്തികേയന്‍ രാജിവെക്കുമെന്ന അഭ്യൂഹം തന്നെ ജനങ്ങളില്‍ അമ്പരപ്പും അതൃപ്‌തിയും സൃഷ്‌ടിച്ചിട്ടുണ്ടെന്ന്‌ വ്യക്തം. അഞ്ചാം മന്ത്രിക്കുവേണ്ടി അനൂപ്‌ജേക്കബിന്റെ സത്യപ്രതിജ്ഞ വൈകിപ്പിച്ചത്‌ അതിലും വലിയ നാണക്കേടായി. ഇപ്പോഴിതാ ലീഗിന്‌ മുമ്പില്‍ മുട്ടുമടക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസിന്റെ ഉള്ളില്‍ കടത്ത അമര്‍ഷമാണെന്ന്‌ യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍ തന്നെ തുറന്നു പറയുന്നു.

ഹൈക്കമാന്‍ഡ്‌ എന്ന സ്ഥിരം നമ്പരൊന്നും ഇത്തവണ ഒരു ഘടകകക്ഷിയുടെ മുമ്പിലും ചിലവായില്ല എന്ന്‌ വ്യക്തം. അതാണ്‌ യുഡിഎഫ്‌ രാഷ്‌ട്രീയം ഇത്രയും വഷളായത്‌. അതുകൊണ്ടാണ്‌ അനവധി നിരവധിയായ ഫോര്‍മുലകള്‍ യുഡിഎഫ്‌ രാഷ്‌ട്രീയ തന്ത്രജ്ഞര്‍ പുറത്തിറക്കുന്നത്‌. എന്നാല്‍ നിലവിലെ യുഡിഎഫ്‌ രാഷ്‌ട്രീയ സാഹചര്യത്തെ നിരീക്ഷിക്കാന്‍ ഈ ഫോര്‍മുലയൊന്നും പരിശോധിക്കേണ്ട കാര്യമില്ല.

തങ്ങളുടെ നേതാവ്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പ്രഖ്യാപിച്ച ഒരു മന്ത്രിസ്ഥാനം തങ്ങള്‍ക്ക്‌ ലഭിക്കണമെന്ന്‌ മുസ്ലിംലീഗ്‌ ഒരു അന്ത്യശാസനം യുഡിഎഫില്‍ നല്‍കി. നല്ല നിലയില്‍ തുടരുന്ന കോണ്‍ഗ്രസ്‌ മുസ്ലിംലീഗ്‌ ബന്ധം നന്നായി തന്നെ മുമ്പോട്ടു പോകുന്നതിന്‌ ലീഗിനെ ആവിശ്യം അംഗീകരിക്കുക തന്നെ വേണമെന്നതാവണം ഒരുപക്ഷെ ഉമ്മന്‍ചാണ്ടിയുടെയും താത്‌പര്യം. ഇതിപ്പോള്‍ അനൂപ്‌ ജേക്കബിനൊപ്പം ഒരു ലീഗ്‌ മന്ത്രി കൂടി സത്യപ്രതിജ്ഞ ചെയ്യുന്നത്‌ വലിയ കാര്യവുമല്ല. ഏറിയാല്‍ വി.എസും പിണറായിയും നടത്തുന്ന സര്‍ക്കാര്‍ വിരുദ്ധ സ്ഥിരം പ്രസ്‌താവനകള്‍ക്ക്‌ അപ്പുറം മഞ്ഞളാംകുഴി അലി കൂടി മന്ത്രിയായാല്‍ ഒന്നും കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നില്ല.

ഒന്നു കണ്ണുമടച്ച്‌ നിന്നാല്‍ അഞ്ചാം മന്ത്രി പ്രശ്‌നം വലിയ തലവേദനയില്ലാതെ നടന്നു പോകുമായിരുന്നു, നെയ്യാന്‍കരയില്‍ നിന്നും സെല്‍വരാജ്‌ രാജിവെച്ചില്ലായിരുന്നെങ്കില്‍. കേരളത്തില്‍ ജാതി സമവാക്യങ്ങളെ കൃത്യം അനുപാതത്തില്‍ കൂട്ടിക്കിഴിച്ച്‌ നിര്‍ത്തേണ്ടുന്ന ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടിയില്‍ നിക്ഷിപ്‌തമാകുന്നത്‌ വരാന്‍ പോകുന്ന നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ്‌ കാരണമാണ്‌. സെല്‍വരാജിന്റെ രാജി കോണ്‍ഗ്രസിന്റെ ബുദ്ധിയില്‍ വിരിഞ്ഞ രാഷ്‌ട്രീയ തന്ത്രമായിരുന്നുവെങ്കില്‍ അതിപ്പോള്‍ അവര്‍ക്ക്‌ തന്നെ പാരയായി മാറിയിരിക്കുന്നു എന്ന്‌ ചുരുക്കത്തില്‍ പറയാം.

നെയ്യാറ്റിന്‍കരയില്‍ ജയിച്ചു കയറണമെങ്കില്‍ യു.ഡി.എഫിനെ ഭൂരിപക്ഷ ജാതി സംഘടനകള്‍ തന്നെ തുണയ്‌ക്കണം. അവിടെ ലീഗും, കേരളാ കോണ്‍ഗ്രസും, കോണ്‍ഗ്രസുമൊന്നും യുഡിഎഫ്‌ സ്ഥാനാര്‍ഥിയെ രക്ഷിക്കില്ല. അതിന്‌ തെളിവ്‌ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ്‌ തന്നെയാണ്‌.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്‌ ഏറെക്കാലം മുമ്പു തന്നെ ഗ്രൂപ്പ്‌ പോര്‌ കാരണം സി.പി.എം ജില്ലാഘടകത്തിനും ഔദ്യോഗിക പക്ഷത്തിനും അനഭിമിതന്‍ ആയിരുന്നയാളാണ്‌ സെല്‍വരാജ്‌. സെല്‍വരാജിനെ തോല്‍പ്പിക്കാന്‍ വേണ്ടി തന്നെയാണ്‌ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ സ്ഥിരം മണ്‌ഡലത്തില്‍ നിന്നും മാറ്റി നെയ്യാറ്റിക്കരയില്‍ സ്ഥാനാര്‍ഥിയാക്കിയത്‌. ഇത്‌ ഔദ്യോഗിക പക്ഷത്തിന്റെ തന്ത്രമായിരുന്നു. എന്നാല്‍ സംഭവിച്ചതോ നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിനെ പരാജയപ്പെടുത്തി സെല്‍വരാജ്‌ ജയിച്ചു കയറി. നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജിന്‌ സിപിഎം പിന്തുണ ഇല്ലാതിരുന്നിട്ടും അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ യുഡിഎഫിന്‌ കഴിഞ്ഞിരുന്നില്ല. സെല്‍വരാജിന്‌ ജയിക്കാന്‍ കഴിഞ്ഞതിനു പിന്നില്‍ ജാതി സമവാക്യങ്ങളാണെന്ന്‌ ഏവര്‍ക്കും അറിയാം. ജാതി സമവാക്യങ്ങള്‍ തങ്ങള്‍ക്ക്‌ അനുകൂലമാക്കാതെ നെയ്യാറ്റിന്‍കരയില്‍ ജയിക്കുക അസാധ്യമെന്ന്‌ വരുമ്പോള്‍ ഭൂരിപക്ഷ സമുദായങ്ങളെ പിണക്കാന്‍ യുഡിഎഫ്‌ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ലിഗിന്റെ അഞ്ചാം മന്ത്രി എന്‍.എസ്‌.എസിനെയോ മറ്റു ഭൂരിപക്ഷ സമുദായങ്ങളെയോ അതൃപ്‌തരാക്കിയാല്‍ അത്‌ നെയ്യാറ്റികരയില്‍ ഒരു വലിയ തിരിച്ചടിയാവും.

അതുകൊണ്ടാണ്‌ ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം അത്രത്തോളം എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയാതെ പോകുന്നത്‌. ലിഗിന്‌ അഞ്ചാം മന്ത്രിയെ ലഭിച്ചാലും സ്‌പീക്കര്‍ പദവി ലഭിച്ചാലും ഭൂരിപക്ഷ സമുദായഅംഗമായ ഒരു എം.എല്‍.എ കൂടി സത്യപ്രതിജ്ഞ ചെയ്യേണ്ടി വരുമെന്നത്‌ ഉറപ്പ്‌. എന്‍.എസ്‌.എസ്‌ നടത്തുന്ന രാഷ്‌ട്രീയ പ്രസ്‌താവനകള്‍ ഇതാണ്‌ സൂചിപ്പിക്കുന്നത്‌. ഇതിനെ കണ്ടില്ലെന്ന്‌ വെക്കാന്‍ ഉമ്മന്‍ചാണ്ടിക്ക്‌ കഴിയില്ല. ഇങ്ങനെ നോക്കുമ്പോള്‍ അനൂപിനൊപ്പം മൂന്ന്‌ മന്ത്രമാര്‍ തന്നെ സത്യപ്രതിജ്ഞ ചെയ്യാനാണ്‌ സാധ്യതയേറുന്നത്‌.

സെല്‍വരാജിനെ നെയ്യാറ്റികരയില്‍ മത്സരിപ്പിക്കുക എന്ന രഹസ്യ അജണ്ടക്ക്‌ കോണ്‍ഗ്രസിനുള്ളില്‍ ഒരു അഭിപ്രായ ഐക്യമുണ്ടായിരുന്നുവെങ്കില്‍ ഈ പ്രശ്‌നങ്ങളെല്ലാം ഒരുപരിധി വരെ പരിഹരിക്കാമായിരുന്നു. പക്ഷെ തിരുവനന്തപുരത്ത്‌ കെ.മുരളീധരന്‍ ആരംഭിച്ചിരിക്കുന്ന രാഷ്‌ട്രീയധ്രൂവികരണം സെല്‍വരാജ്‌ വിഷയത്തില്‍ പാര്‍ട്ടിക്കുള്ളിലെ ഭിന്നത പുറത്തുകൊണ്ടുവരുന്നു. കെ.പി.സി.സി യോഗത്തിലും യുഡിഎഫ്‌ ചര്‍ച്ചകളിലുമെല്ലാം സെല്‍വരാജിനെ നെയ്യാറ്റിന്‍കരയില്‍ മത്സരിപ്പിക്കുന്നതിനെതിരെ കെ.മുരളീധരന്‍ ശക്തമായി രംഗത്ത്‌ വന്നിരിക്കുന്നു. സെല്‍വരാജിനെ യു.ഡി.എഫ്‌ സ്വതന്ത്രസ്ഥാനാര്‍ഥിയാക്കിയാല്‍ താന്‍ രാജിവെക്കുമെന്ന്‌ വരെ യുഡിഎഫ്‌ യോഗത്തില്‍ മുരളി പറഞ്ഞിരിക്കുന്നു. തിരുവനന്തപുരം ഡി.സി.സിയിലെ മുതിര്‍ന്ന പ്രാദേശിക നേതാക്കളെ തന്നെ നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ഥിയാക്കണം എന്നാണ്‌ മുരളിയുടെ ആവിശ്യം. ചില പ്രദേശിക നേതാക്കളുടെ പേരുകളും മുരളി മുമ്പോട്ടുവെച്ചിട്ടുണ്ട്‌. ഇത്‌ തിരുവനന്തപുരം കോണ്‍ഗ്രസ്‌ ഘടകത്തില്‍ തന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള മുരളിയുടെ തന്ത്രമായിട്ടാണ്‌ സംസ്ഥാന നേതൃത്വം നോക്കികാണുന്നത്‌. സെല്‍വരാജിനെ നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനോട്‌ കോണ്‍ഗ്രസിന്റെ തിരുവനന്തപുരം ജില്ലാഘടകത്തിന്‌ അല്‌പം പോലും താത്‌പര്യമില്ല. അവരുടെ വികാരം തന്നെയാണ്‌ മുരളിയിലൂടെ പുറത്തു വന്നിരിക്കുന്നത്‌. മുരളിയുടെ വാക്കുകള്‍ക്ക്‌ പ്രസക്തിയുണ്ടെന്ന വയലാര്‍ രവിയുടെ പ്രസ്‌താവന കൂടിയാകുമ്പോള്‍ കോണ്‍ഗ്രസ്‌ രാഷ്‌ട്രീയത്തില്‍ നെയ്യാറ്റിന്‍കര അടുത്ത പ്രശ്‌നങ്ങള്‍ക്ക്‌ തുടക്കമാകും. യു.ഡി.എഫിലെ രാഷ്‌ട്രീയ പ്രശ്‌നങ്ങള്‍ക്ക്‌ ഉടനെയൊന്നും ഒരു അവസാനമില്ലെന്ന്‌ തന്നെയാണ്‌ ഇതെല്ലാം വ്യക്തമാക്കുന്നത്‌.

ഇതിനെല്ലാം പരിഹാരമായി യു.ഡി.എഫ്‌ സൃഷ്‌ടിക്കുന്ന ഫോര്‍മുലകള്‍ അത്‌ ജനങ്ങള്‍ക്ക്‌ മുമ്പില്‍ ഒരു സര്‍ക്കാരിനെ അപഹാസ്യരാക്കുക മാത്രമേ ചെയ്യു എന്ന്‌ ഉമ്മന്‍ചാണ്ടി ഇനിയെങ്കിലും മനസിലാക്കേണ്ടതുണ്ട്‌.
ചിന്താവിഷ്ടനായ മുഖ്യമന്ത്രി; ഫോര്‍മുല എന്ന നാണക്കേട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക