Image

ശബരിമലയില്‍ നിയന്ത്രണങ്ങള്‍ പൊലീസ്‌ പിന്‍വലിച്ചു; വലിയനടപ്പന്തലില്‍ വിരിവെക്കാനും വിശ്രമിക്കാനും അനുമതി; വിട്ടുവീഴ്‌ചയ്‌ക്ക്‌ സര്‍ക്കാര്‍

Published on 20 November, 2018
ശബരിമലയില്‍ നിയന്ത്രണങ്ങള്‍ പൊലീസ്‌ പിന്‍വലിച്ചു; വലിയനടപ്പന്തലില്‍ വിരിവെക്കാനും വിശ്രമിക്കാനും അനുമതി;  വിട്ടുവീഴ്‌ചയ്‌ക്ക്‌ സര്‍ക്കാര്‍


ശബരിമല: ശബരിമല സന്നിധാനത്ത്‌ നാലുദിവസമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ മിക്കതും പൊലീസ്‌ പിന്‍വലിച്ചു.

സന്നിധാനത്ത്‌ വലിയനടപ്പന്തലില്‍ വിരിവെക്കാനും വിശ്രമിക്കാനും അനുമതി നല്‍കി. എന്നാല്‍, ഇവിടെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന്‌ സന്നിധാനത്തിന്റെ ചുമതലയുള്ള ഐ.ജി. വിജയ്‌ സാഖറെ പറഞ്ഞു. എന്നാല്‍, താഴെതിരുമുറ്റം, വടക്കേനട എന്നിവിടങ്ങളില്‍ നിയന്ത്രണം തുടരും.

പ്രായമുള്ളവരെയും സ്‌ത്രീകളെയും കുട്ടികളെയും വലിയനടപ്പന്തലില്‍ വിരിവെക്കാന്‍ അനുവദിക്കണമെന്ന്‌ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ഉത്തരവ്‌ ലഭിച്ചില്ലെന്നു പറഞ്ഞ്‌ പൊലീസ്‌ ചൊവ്വാഴ്‌ച വൈകീട്ടുവരെ നിയന്ത്രണങ്ങള്‍ തുടര്‍ന്നു. ചൊവ്വാഴ്‌ച രാത്രി 10-നാണ്‌ നിയന്ത്രണങ്ങള്‍ നീക്കിയ വിവരം ഐ.ജി. അറിയിച്ചത്‌.

എന്നിട്ടും രാത്രിയില്‍ വിരി വയ്‌ക്കാന്‍ അനുവദിച്ചില്ല. കിടന്ന്‌ ഉറങ്ങിയവരെ പൊലീസ്‌ മാറ്റി. നേരത്തേ, ആയിരക്കണക്കിന്‌ തീര്‍ത്ഥാടകര്‍ക്ക്‌ ഒരേസമയം വിരിവെക്കാന്‍ സൗകര്യമുള്ള വലിയനടപ്പന്തലിലേക്ക്‌ കടക്കാന്‍പോലും പൊലീസ്‌ അനുവദിച്ചിരുന്നില്ല.

സന്നിധാനത്ത്‌ തീര്‍ത്ഥാടകര്‍ വര്‍ഷങ്ങളായി നെയ്യഭിഷേകത്തിന്‌ കാത്തിരിക്കാനും വിശ്രമിക്കാനും ഉപയോഗിച്ചിരുന്ന സ്ഥലങ്ങളാണ്‌ താഴെതിരുമുറ്റം, വടക്കേനട, വലിയനടപ്പന്തല്‍, മാളികപ്പുറം നടപ്പന്തല്‍, പാണ്ടിത്താവളത്തിലെ മാംഗുണ്ട നിലയം എന്നിവ.

വലിയ നടപ്പന്തല്‍, താഴെ തിരുമുറ്റം, വടക്കേനട എന്നിവിടങ്ങളില്‍ നില്‍ക്കാന്‍പോലും പൊലീസ്‌ അനുവദിച്ചിരുന്നില്ല. ഇതിനാണ്‌ ഭാഗികമായി മാറ്റം വരുത്തുന്നത്‌. പരിവാറുകാര്‍ തമ്‌ബടിക്കാതിരിക്കാനായിരുന്നു നിയന്ത്രണങ്ങള്‍.

മാളികപ്പുറം നടപ്പന്തലിലും മാളികപ്പുറം ക്ഷേത്രത്തിന്‌ താഴെയുമാണ്‌ വിരിവെക്കാന്‍ അനുമതിയുണ്ടായിരുന്നത്‌. നടപ്പന്തല്‍ വലുപ്പം കുറഞ്ഞതാണ്‌. ഇതെല്ലാം വലിയ പ്രതിസന്ധിയായി മാറിയിരുന്നു. ഇതിനെതിരെ നാമജപ പ്രതിഷേധം ഉയരുമ്‌ബോഴാണ്‌ പൊലീസ്‌ വിട്ടു വീഴ്‌ചകള്‍ക്ക്‌ തയ്യാറാകുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക