Image

'ട്യൂബിങന്‍ ശേഖര 'ത്തിന്റെ ആശ്ചര്യകരമായ പുനര്‍ജ്ജന്മം (വിശ്വപ്രഭ)

വിശ്വപ്രഭ Published on 21 November, 2018
'ട്യൂബിങന്‍ ശേഖര 'ത്തിന്റെ ആശ്ചര്യകരമായ പുനര്‍ജ്ജന്മം (വിശ്വപ്രഭ)
മലയാളത്തിനെന്നല്ല, ദക്ഷിണഭാരതഭാഷകള്‍ക്കെല്ലാം അവയുടെ ജീവസ്മരണകളില്‍ എക്കാലവും ഓര്‍ത്തുവെക്കേണ്ട ഒരു മഹാസംഭവം ഇന്നലെ, 2018 നവംബര്‍ 20നു്, യൂറോപ്പിലെ ഒരു വിശ്രുതസര്‍വ്വകലാശാലയില്‍ വെച്ചു നടന്നു.

ഏകദേശം 130 വര്‍ഷം ഒട്ടുമിക്കവാറും അനാഥപ്രേതം പോലെ മറഞ്ഞുകിടന്നിരുന്ന ട്യൂബിങന്‍ ശേഖരത്തിന്റെ ആശ്ചര്യകരമായ പുനര്‍ജ്ജന്മവും തികച്ചും യാദൃച്ഛികമായി അതിനു സഹായിച്ച 1986ലെ 'നിധി കണ്ടെത്തലും' നാം ജീവിച്ചിരിക്കുന്ന കാലത്തെ ഏറ്റവും ശ്രദ്ധേയമായ ചില ഭാഷാചരിത്രമുഹൂര്‍ത്തങ്ങളായി വേണം തിരിച്ചറിയാന്‍.
ആ പരമ്പരയുടെ ഹര്‍ഷപര്യവസായിയായ സമാപ്തിരംഗമാണു് ഇന്നലെ ജര്‍മ്മനിയിലെ ആ മഹാവിദ്യാപീഠത്തില്‍ അരങ്ങേറിയതു്.

204 വര്‍ഷങ്ങള്‍ക്കുമുന്നേ (1814) ജര്‍മ്മനിയിലെ സ്റ്റുട്ഗാര്‍ട്ടില്‍ ജനിച്ച് 22ആം വയസ്സില്‍ (1836) സുവിശേഷപ്രചരണത്തിനായി ഇന്ത്യയിലേക്കു് തിരിച്ച ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ഇരുപതു വര്‍ഷത്തോളമാണു് കൈരളിയുടെ പടിഞ്ഞാറ്റികളിലിരുന്നു് മലയാളമൊഴിപ്പടര്‍പ്പിന്‍ പൂനിലാവു തൂകിയതു്. 45-മത്തെ   വയസ്സില്‍ രോഗാതുരത്വത്താല്‍ അവശനായി ജര്‍മ്മനിയിലേക്കു തിരിച്ചു പോകുമ്പോള്‍ അതുവരെ അദ്ദേഹം സമ്പാദിച്ച കയ്യെഴുത്തുകളും താളിയോലകളും അച്ചടിപ്പുസ്തകങ്ങളും ഏതാനും ചണച്ചാക്കുകളിലാക്കി കൂടെ കൂട്ടിയിരുന്നു. അവയ്‌ക്കൊപ്പം, പില്‍ക്കാലത്തു് അദ്ദേഹം ജര്‍മ്മനിയില്‍വെച്ചുതന്നെ സന്നിവേശിപ്പിച്ചു പ്രസിദ്ധീകരിച്ച കൃതികളും ചേര്‍ത്തു് ട്യൂബിങ്ങന്‍ യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ സംഭരിച്ചു വെച്ചിരുന്ന ദക്ഷിണഭാഷാ ഗ്രന്ഥസഞ്ചയമാണു് 'ട്യൂബിംഗന്‍ നിധി' എന്നറിയപ്പെടുന്നതു്.

ലോകം ഡിജിറ്റല്‍ ചുട്ടികുത്തി അതിന്റെ പഴന്തനിമപ്പച്ചകളേയും ചോന്നാടിമാരേയും കത്തികളേയും സത്യലോകത്തിലേക്കു തിരപ്പുറപ്പാടു നടത്താന്‍ തുടങ്ങുന്ന, നാമൊക്കെ പിച്ചവെച്ചു കയ്യിലടിച്ചോടിക്കളി നടത്തിക്കൊണ്ടിരിക്കുന്ന ഈ നാളുകളില്‍ മലയാളത്തമ്മ നമുക്കുവേണ്ടി നൂറ്റാണ്ടുകളോളം കരുതിവെച്ച ഇങ്കു വിളമ്പിക്കിട്ടുന്നതു് പ്രൊഫെസ്സര്‍ സ്‌കറിയാ സഖറിയ (Scaria Zacharia), ഷിജു അലക്‌സ് (Shiju Alex), ഹെയ്‌കെ ഒബെര്‍ലിന്‍ മൊസാര്‍ (Heike Oberlin), എലീന (Elena Mucciarelli) തുടങ്ങിയ ഏതാനും വ്യക്തികളുടെ ചിരപരിശ്രമം കൊണ്ടാണു്. അവരോടൊപ്പം നിശ്ശബ്ദമായി അണിയറയിലിരുന്നു് ഈ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച ഇരുനൂറോളം കൂട്ടുകാരെയും നമുക്കെല്ലാം നന്ദിയോടെ ഓര്‍ത്തുവെയ്ക്കാം.

ഇനിയും ഒരു നൂറുകൊല്ലം കൂടിക്കഴിഞ്ഞാല്‍ ഗുണ്ടര്‍ട്ടിനെയും ബെഞ്ചമിന്‍ ബെയ്‌ലിയെയും രാജരാജവര്‍മ്മയേയും ശ്രീകണ്‌ഠേശ്വരത്തെയും ഗണപതി ശാസ്ത്രികളെയും പോലെ, അത്രത്തോളം തന്നെ തലയെടുപ്പോടെ, മൊഴിപുരാണങ്ങളുടെ മാസ്മരകുടീരങ്ങളില്‍ ഇവരുടെ വിഗ്രഹങ്ങളും എഴുന്നു നില്‍ക്കും എന്നു മൂന്നരമുണ്ടാണിയോളം ഉറപ്പു്!

'ട്യൂബിങന്‍ ശേഖര 'ത്തിന്റെ ആശ്ചര്യകരമായ പുനര്‍ജ്ജന്മം (വിശ്വപ്രഭ)
'ട്യൂബിങന്‍ ശേഖര 'ത്തിന്റെ ആശ്ചര്യകരമായ പുനര്‍ജ്ജന്മം (വിശ്വപ്രഭ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക