Image

പിള്ളയുടെ മലക്കം മറിച്ചില്‍; ജാമ്യം കിട്ടിയിട്ടും സുരേന്ദ്രന് പുറത്തിറങ്ങാനാവുന്നില്ല (ശ്രീകുമാര്‍)

Published on 21 November, 2018
പിള്ളയുടെ മലക്കം മറിച്ചില്‍; ജാമ്യം കിട്ടിയിട്ടും സുരേന്ദ്രന് പുറത്തിറങ്ങാനാവുന്നില്ല (ശ്രീകുമാര്‍)
പത്തനംതിട്ട: നിലയ്ക്കലില്‍ പോലീസ് വിലക്ക് ലംഘിച്ച് സന്നിധാനത്തേക്ക് പോവാന്‍ ശ്രമിച്ചതിന് അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് പത്തനംതിട്ട കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചെങ്കിലും അദ്ദേഹത്തിന് പുറത്തിറങ്ങാനാവുന്നില്ല. കണ്ണൂര്‍ കോടതിയുടെ വാറണ്ട് നിലനില്‍ക്കുന്നതിനാലാണിത്. വാറണ്ടില്‍ ജാമ്യം ലഭിച്ചാലെ സുരേന്ദ്രന് പുറത്തിറങ്ങാന്‍ കഴിയു. കണ്ണൂരില്‍ പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതി വാറണ്ട് അയച്ചിരുന്നു. സ്‌റ്റേഷന്‍ മാര്‍ച്ചിനിടെ പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എന്ന കേസില്‍ നിരവധി തവണ നോട്ടീസ് അയച്ചിട്ടും ഹാജരാവാത്തതിനെ തുടര്‍ന്നാണ് വാറണ്ട് അയച്ചത്.

സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. കണ്ണൂര്‍ പോലീസ് സ്‌േേറ്റഷനിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ചില്‍ സുരേന്ദ്രന്‍ ഡി.വൈ.എസ്.പിയേയും സി.ഐയേയും ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം, സുരേന്ദ്രന് എതിരെയുളള അറസ്റ്റ് വാറണ്ട് കൊട്ടാരക്കര ജയില്‍ സൂപ്രണ്ടിന് കൈമാറി. കണ്ണൂരിലേക്ക് സുരേന്ദ്രനേയും കൊണ്ടുളള യാത്രയ്ക്ക് ആവശ്യമെങ്കില്‍ പോലീസ് സുരക്ഷയ്ക്ക് സൂപ്രണ്ട് അപേക്ഷ നല്‍കിയിട്ടുണ്ട്. കൊട്ടരക്കര ജയിലിലെ ഉദ്യോഗസ്ഥര്‍ കണ്ണൂര്‍ കോടതിയില്‍ ഹാജരായി വിവരം ധരിപ്പിക്കും. പോലീസ് വിലക്ക് ലംഘിച്ച ശബരിമലയില്‍ പ്രവേശിക്കാനൊരുങ്ങിയ സുരേന്ദ്രനെ 17-ാം തീയതി വൈകിട്ടോടെയാണ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തയത് അടക്കമുള്ള വകുപ്പുകളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

കരുതല്‍ തടങ്കെലെന്ന് പറഞ്ഞാണ് സുരേന്ദ്രനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. എന്നാല്‍ ചിറ്റാര്‍ സ്‌റ്റേഷനിലെത്തിയ ശേഷം പോലീസ് നിലപാട് മാറ്റുകയായിരുന്നു. ഇതോടെ പ്രവര്‍ത്തകരുടെ പ്രതിഷേധം കനത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് അതീവ നാടകീയ രംഗങ്ങളാണ് കെ സുരേന്ദ്രന്‍ പോലീസ് സ്‌റ്റേഷനില്‍ സൃഷ്ടിച്ചത്. പോലീസ് തനിക്ക് ഭക്ഷണമോ വെള്ളമോ തന്നില്ലെന്നും ഇരുമുടിക്കെട്ട് താഴെയിട്ട് ചവിട്ടിയെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപിച്ചു. എന്നാല്‍ പോലീസ് സ്‌റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ആ കളളം പൊളിഞ്ഞു. ഇരുമുടിക്കെട്ട് സുരേന്ദ്രന്റെ കയ്യില്‍ നിന്ന് തന്നെ താഴെ വീണതാണെന്നും പോലീസ് എടുത്ത് കൊടുക്കുകയായിരുന്നുവെന്നും തെളിഞ്ഞു. ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ ആയുധമാക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്.

നിലയ്ക്കലും ചിറ്റാര്‍ പോലീസ് സ്‌റ്റേഷനിലും 17ന് രാത്രി മുഴുവന്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് സുരേന്ദ്രനെ പുലര്‍ച്ചെ ആശുപത്രിയിലേക്കും പിന്നീട് കോടതിയിലേക്കും കൊണ്ടുപോയത്. പത്തനം തിട്ട മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ സുരേന്ദ്രനെ കോടതി 14 ദിവസത്തേക്കേ റിമാന്‍ഡ് ചെയ്യുകയായിരുന്നു. സുരേന്ദ്രന്റെ ജാമ്യഹര്‍ജി കോടതി പരിഗണിച്ചപ്പോള്‍ പ്രോസിക്യൂഷന്‍ ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. സുരേന്ദ്രന്‍ ശബരിമലയില്‍ എത്തിയത് ഗൂഢലക്ഷ്യത്തോടെയാണ്. ജാമ്യം നല്‍കിയാണ് കൂടുതല്‍ പ്രശ്‌നമുണ്ടാകുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

നവംബര്‍ 26ന് കോടതിയില്‍ സുരേന്ദ്രന്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും അപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെക്കുകയായിരുന്നു. പോലീസ് റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുമെന്നായിരുന്നു പത്തനംതിട്ട കോടതി അറിയിച്ചത്. പിന്നീട് ഇന്ന് (നവംബര്‍ 28ന്) രാവിലെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി സുരേന്ദ്രന് ഉള്‍പ്പടെയുള്ളവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ശബരിമല ഉള്‍പ്പെടുന്ന റാന്നിതാലൂക്കില്‍ രണ്ട് മാസത്തേക്ക് പ്രവേശിക്കരുത്. 20000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം എന്നീ ഉപാധികളോടെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.

ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. പോലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിന് ഐ.പി.സി 353 വകുപ്പാണ് ചുമത്തിയിരുന്നത്. സുരേന്ദ്രനോടൊപ്പം ഒ.ബി.സി മോര്‍ച്ച തൃശൂര്‍ ജില്ല അധ്യക്ഷന്‍ രാജന്‍ തറയില്‍, കര്‍ഷക മോര്‍ച്ച പത്തനംതിട്ട ജില്ല കമ്മിറ്റിയംഗം എം.എസ് സന്തോഷ് എന്നിവരും അന്ന്അറസ്റ്റിലായിരുന്നു. സുരേന്ദ്രന്റെ ജാമ്യഹര്‍ജിയോടൊപ്പം നടപ്പന്തലില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലായ ആര്‍.എസ്.എസ് നേതാവ് ആര്‍ രാജേഷ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയും കോടതി പരിഗിച്ചിരുന്നു. 69 പേരടങ്ങുന്ന ഈ സഖ്യത്തിനും മേല്‍സൂചിപ്പിച്ച അതേ വ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിച്ചു.

ഇതിനിടെ സുരേന്ദ്രന്റെ അമ്മയും സംസാര വിഷയമായി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയുടെ മലക്കം മറിച്ചിലും പരിഹാസ്യമായി. അമ്മ മരിച്ച് ആറ് മാസം പോലും പൂര്‍ത്തിയാകാതെ ആണ് കെ സുരേന്ദ്രന്‍ ശബരിമല സന്ദര്‍ശനം നടത്തിയത്. ഇത് ആചാര ലംഘനം ആണെന്ന രീതിയില്‍ ആക്ഷേപം ഉയരുന്നുണ്ട്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തന്നെ ഇത്തരം ഒരു ആരോപണവുമായി രംഗത്ത് വന്നത്.

മന്ത്രിയുടെ ആരോപണത്തിനെതിരെ ശ്രീധരന്‍ പിള്ള രംഗത്ത് വന്നിരുന്നു. ഓരോ സ്ഥലങ്ങളില്‍ ഓരോ ആചാരങ്ങള്‍ ആണ് എന്നായിരുന്നു പിള്ള കഴിഞ്ഞ ദിവസം പറഞ്ഞത്. കുറേ കഴിഞ്ഞപ്പോള്‍ ശ്രീധരന്‍ പിള്ളയുടെ വിശദീകരണം വേറൊരു രീതിയില്‍ ആയി. അതിന് വേണ്ടി കടകംപള്ളിയുടേയും കെ സുരേന്ദ്രന്റേയും ജാതി പോലും പരോക്ഷമായി പറയുകയും ചെയ്തു. താന്‍ ജാതി പറയുകയല്ലെന്ന് പറഞ്ഞായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിശദീകരണം. സുരേന്ദ്രനെതിരെ കടകംപള്ളി ഉന്നയിച്ചത് ഹിമാലന്‍ വിഡ്ഢിത്തം ആണെന്നായിരുന്നു ശ്രീധരന്‍ പിള്ള പറഞ്ഞത്. കടകംപള്ളിയുടെ നാട്ടിലെ ചടങ്ങുകള്‍ അല്ല, മലബാറില്‍ ഉള്ളത് എന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. കെ സുരേന്ദ്രന്‍ ആചാര ലംഘനം നടത്തി എന്ന ആരോപണത്തോട് കഴിഞ്ഞ ദിവസം ആയിരുന്നു ശ്രീധരന്‍ പിള്ള ഇത്തരം ഒരു പ്രതികരണം നടത്തിയത്.

ദേവസ്വം മന്ത്രി കാര്യങ്ങള്‍ മനസ്സിലാക്കാതെ ആണ് ആക്ഷേപം ഉന്നയിക്കുന്നത് എന്നാണ് ശ്രീധരന്‍ പിള്ള പറയുന്നത്. കടകംപള്ളി സുരേന്ദ്രന്‍ ശ്രീനാരായണ ധര്‍മത്തില്‍ വിശ്വസിക്കുന്ന ആളാണ്. കെ സുരേന്ദ്രനും ആ സമുദായക്കാരന്‍ ആണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. താന്‍ ജാതി പറയുകയല്ലെന്ന മുന്‍കൂര്‍ ജാമ്യത്തോടെ ആയിരുന്നു ഇത്. ഏവരേയും ഞെട്ടിച്ച ആചാര ലംഘനങ്ങള്‍ നടത്തിയിട്ടുള്ള ആളാണ് ശ്രീനാരായണ ഗുരു. ഇപ്പോള്‍ അതേ ഗുരുവിനെ ഉദ്ധരിച്ചാണ് കെ സുരേന്ദ്രനെ ശ്രീധരന്‍ പിള്ള ന്യായീകരിക്കുന്നത്. മരണശേഷം കുടുംബാംഗങ്ങള്‍ക്ക് ഉള്ള പുല 11 ദിവസം കൊണ്ട് തീരും എന്ന് ഗുരു പറഞ്ഞിട്ടുണ്ടല്ലോ എന്നാണ് ശ്രീധരന്‍ പിള്ള പറയുന്നത്.

ശ്രീനാരായണ ഗുരു പറഞ്ഞ കാര്യം അംഗീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാപ്പ് പറയണം എന്നാണ് ശ്രീധരന്‍ പിള്ളയുടെ ആവശ്യം. മന്ത്രി തെറ്റ് തിരുത്തണം എന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെടുന്നത്. ഇത്തരം ഒരു കാര്യം പോലും അറിയാത്ത ആളാണ് ദേവസ്വം മന്ത്രി. ഇതൊന്നും അറിയാത്ത സര്‍ക്കാരാണ് ഇവിടെ ഭരിക്കുന്നത്. ഇവരുടെ നീക്കം ശബരിമലയെ തകര്‍ക്കാന്‍ ആണെന്നും ശ്രീധരന്‍ പിള്ള ആക്ഷേപിച്ചു. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് മാത്രമല്ല നിയന്ത്രണം ഉള്ളത് എന്നാണ് തന്ത്രി സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. കുടുംബത്തില്‍ ഒരു മരണം നടന്നാല്‍ അടുത്ത വര്‍ഷമേ വ്രതമെടുത്ത് ശബരിമല സന്ദര്‍ശനം നടത്താന്‍ പാടുള്ളൂ എന്നും തന്ത്രി സത്യവാങ്മൂലം നല്‍കിയിരുന്നതായി പ്രചരിക്കുന്നുണ്ട്.

പിള്ളയുടെ മലക്കം മറിച്ചില്‍; ജാമ്യം കിട്ടിയിട്ടും സുരേന്ദ്രന് പുറത്തിറങ്ങാനാവുന്നില്ല (ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക