Image

ഭക്തസ്ത്രീകളുടെ ചക്കുളത്തുകാവും പൊങ്കാല വിശേഷങ്ങളും (എ.എസ് ശ്രീകുമാര്‍)

Published on 21 November, 2018
ഭക്തസ്ത്രീകളുടെ ചക്കുളത്തുകാവും പൊങ്കാല വിശേഷങ്ങളും (എ.എസ് ശ്രീകുമാര്‍)
ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച വിവാദങ്ങള്‍ ആഴിയിലെ അഗ്നിനാളങ്ങള്‍ പോലെ കത്തി ഉയരുംമുമ്പ്  സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന തിരുവനന്തപുരത്തെ ആറ്റുകാല്‍ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇക്കഴിഞ്ഞ മാര്‍ച്ച് രണ്ടാം തീയതി ഭക്തി നിര്‍ഭരവും സമാധാന പൂര്‍ണവുമായി ആചരിച്ചു. ശബരിമലയിലെ പ്രശ്‌നം ഇപ്പോള്‍ അനുദിനം സംഘര്‍ഷ പൂരിതമാകുമ്പോള്‍ പതിനായിരക്കണക്കിന് സ്ത്രീകള്‍ ഭക്തിയുടെ സമുദ്രം തീര്‍ക്കുന്ന 'മധ്യതിരുവിതാംകൂറിലെ ശബരിമല' എന്നറിയപ്പെടുന്ന ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ മറ്റൊരു പൊങ്കാല കൂടി സമാഗതമാകുന്നു...കേള്‍വികേട്ട ചക്കുളത്തുകാവ് പൊങ്കാല.

ഭക്ത സ്ത്രീകള്‍ ക്ഷ്രേത്ര സന്നിധിയിലും പരിസരങ്ങളിലും വച്ച് പുത്തന്‍ മണ്‍കലങ്ങളില്‍ നിവേദ്യം തയ്യാറാക്കുന്നു. മേല്‍ശാന്തി ആ നിവേദ്യം ദേവിക്ക് സമര്‍പ്പിക്കുകയാണ്. തുടര്‍ന്ന് തയ്യാറാക്കപ്പെട്ട നിവേദ്യം അവര്‍ വീട്ടില്‍ കൊണ്ടുപോകുകയോ പരസ്പരം പങ്കിടുകയോ ചെയ്യുന്നു. ജീവിത ഭദ്രതയ്ക്കും ഐശ്വര്യം, സമാധാനം, ധനാഗമം, ഇഷ്ടകാര്യ ലബ്ധി എന്നിവ ഉദ്ദേശിച്ചുമാണ് സ്ത്രീകള്‍ പൊങ്കാലയിടുന്നത്. അനേകായിരം പേര്‍ ഒരുമിച്ചിരുന്ന് നാമസങ്കീര്‍ത്തനങ്ങളോടു കൂടി തയ്യാറാക്കുന്ന പൊങ്കാല ദേവിക്ക് അമൃതഭക്ഷ്യമാണ്. അതുകൊണ്ടാണ് പൊങ്കാല ഇടുന്നവര്‍ക്ക് അഭീഷ്ടങ്ങള്‍ ലഭിക്കുന്നത്. എല്ലാ വര്‍ഷവും വൃശ്ചിക മാസത്തിലെ തൃക്കാര്‍ത്തിക ദിവസം ജനസഹസ്രങ്ങളുടെ സാന്നിധ്യത്തില്‍ നടത്തുന്ന വഴിപാടാണ് ചക്കുളത്തുകാവ് പൊങ്കാല. ഇത്തവണത്തെ പൊങ്കാല നവംബര്‍ 23-നാണ്. 

ക്ഷേത്ര ചരിത്രത്തെ പറ്റി... ചെമ്പകശ്ശേരി രാജാവിന്റെ കാലം മുതല്‍ പേരും പെരുമയും ആര്‍ജിച്ച പ്രദേശമാണ് ആലപ്പുഴ ജില്ലയിലെ തലവടി. ഇവിടെയാണ് പുകള്‍പെറ്റ തീര്‍ത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതിക്ഷേത്രവും പുണ്യസ്ഥലമായ നീരേറ്റുപുറവും. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളുടെ അതിര്‍ത്തിയില്‍ പമ്പാനദിയുടെയും മണിമലയാറിന്റെയും സംഗമസ്ഥാനത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമപ്രദേശത്തിന്റെ പ്രകൃതി സൗന്ദര്യത്തിന് വിസ്തൃതമായ വയലേലകളും ശാന്തമായൊഴുകുന്ന നദികളും കൊച്ചരുവികളും മാറ്റു കൂട്ടുന്നു. അങ്ങനെ പമ്പയാറും മണിമലയാറും ക്ഷേത്രത്തോട് ചേര്‍ന്ന് ഒഴുകി പവിത്ര നദികളായി മാറുന്നു. 

ചക്കുളത്തുകാവിന്റെ നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള അവസ്ഥ അതി ഭയാനകമായിരുന്നു. ഇന്ന് ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലം വന്‍മരങ്ങളും വള്ളിപ്പടര്‍പ്പുകളും തിങ്ങി നിറഞ്ഞ ഘോരവനമായിരുന്നു. പച്ചപ്പകല്‍ പോലും ഇരുണ്ട കാട്. അവിടെ ഉഗ്രസര്‍പ്പങ്ങള്‍ യഥേഷ്ടം ഇഴഞ്ഞിരുന്നു. നട്ടുച്ചയ്ക്കു പോലും ചെകിടടപ്പിക്കുന്ന ശബ്ദവും നരിച്ചീറിന്റെ ചിറകടിയുമൊക്കെ അന്തരീക്ഷത്തെ സ്‌തോഭജനകമാക്കി. അതിനാല്‍ അക്കാലത്ത് ആരും ഇവിടേയ്ക്ക് പ്രവേശിച്ചിരുന്നില്ല. ഒരിക്കല്‍ ഒരു വേടന്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം വിറകുവെട്ടാന്‍ ഈ വനത്തിലെത്തി. പെട്ടെന്ന് വേടന്റെ നേര്‍ക്ക് ഒരു സര്‍പ്പം ചീറ്റിയടുത്തു. പ്രാണരക്ഷാര്‍ത്ഥം അയാള്‍ സര്‍വശക്തിയുമുപയോഗിച്ച് സര്‍പ്പത്തെ കോടാലി കൊണ്ട് ആഞ്ഞു വെട്ടി. ചോര ചീറ്റിത്തെറിക്കുമെന്നും സര്‍പ്പം ചാകുമെന്നുമുള്ള വേടന്റെ കണക്കുകൂട്ടലുകള്‍ അപ്പാടെ പാളിപ്പോയി. പാമ്പ് ചത്തില്ലെന്നു മാത്രമല്ല, അത് കാട്ടിനുള്ളിലേക്ക് വേഗത്തില്‍ ഇഴഞ്ഞു പോയി. 

വെട്ടേറ്റ പാമ്പ് ചാകുമെന്ന് വേടന് നല്ല ഉറപ്പുണ്ടായിരുന്നു. എന്നാല്‍ പാമ്പ് ചാകാതിരുന്നതോടെ ഭയചകിതനായ വേടന്‍ നോവിച്ച പാമ്പിനെ വെറുതെ വിട്ടാലുള്ള വിപത്തിനെ കുറിച്ച് ഓര്‍ത്ത് ആകെ വിയര്‍ത്തു. ആ പാമ്പ് മടങ്ങിവന്ന് തന്നെ കൊല്ലുമെന്ന് അയാള്‍ ഉറപ്പിച്ചു. മരണം തൊട്ടു മുന്നില്‍ നില്‍ക്കുന്നു. ഭീതിയുടെ നിമിഷങ്ങള്‍. ഏതായാലും പാമ്പിനെ കണ്ടെത്തി കൊല്ലാന്‍ തന്നെ അയാള്‍ തീരുമാനിച്ചു. വേടന്‍ കാടുമുഴുവന്‍ പാമ്പിനെ തിരഞ്ഞു നടന്നു. ഒടുവില്‍ വനമധ്യത്തില്‍ കാവും ഒരു കുളവും അതിന്റെ കരയില്‍ ചിതല്‍പ്പുറ്റും വേടന്‍ കണ്ടു. അതാ, ചിതല്‍പ്പുറ്റിനു മുകളില്‍ താന്‍ നോവിച്ചു വിട്ട പാമ്പ് കിടക്കുന്നു. മരണഭയവും കടുത്ത മാനസിക സംഘര്‍ഷവും രൂപപ്പെടുത്തിയ പ്രതികാര ശക്തിയില്‍ വേടന്‍ പാമ്പിനെ പലവട്ടം വെട്ടി. പക്ഷേ വെട്ടുകളൊന്നും ഏറ്റില്ല. ഒരു ചോരത്തുള്ളി പോലും അവിടെ വീണതുമില്ല.

വേടന്റെ പരിഭ്രാന്തി ആകാശം മുട്ടെ ഉയര്‍ന്നു. സ്തംഭിച്ചു നില്‍ക്കെ പൊട്ടിയ ചിതല്‍പ്പുറ്റില്‍ നിന്നും ജലപ്രവാഹമുണ്ടായി.                                    ഒപ്പം അരിയും നെല്ലും യവവും ദര്‍ഭയുമെല്ലാം പുറത്തു വന്നു. അതും കൂടി കണ്ടപ്പോള്‍ വേടന്‍ പൂര്‍വാധികം പകച്ചു പോയി. ഇതിനിടെ ഭാര്യയും മക്കളും വേടനെ അന്വേഷിച്ച് അവിടെയെത്തി. അവരും മിണ്ടാനാവാതെ അത്ഭുതസ്തംബ്ധരായി നിന്നു പോയി. പെട്ടെന്ന് ഒരു സന്ന്യാസി അവിടെ പ്രത്യക്ഷപ്പെട്ടിട്ട് ഇപ്രകാരം പറഞ്ഞു... ''കുട്ടികളെ, നിങ്ങള്‍ ഭയപ്പെടേണ്ട. വെള്ളത്തിന് പാലും തേനും ചേര്‍ന്ന നിറം വരുമ്പോഴായിരിക്കും ജലപ്രവാഹം അവസാനിക്കുക. ഈ ചിതല്‍പ്പുറ്റിനകത്താണ് പരാശക്തി കുടികൊള്ളുന്നത്. ആ ശക്തി ജലശയനം നടത്തിയ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്. പുറ്റ് ഉടച്ചു നോക്കുക. ഒരു അരൂപ വിഗ്രഹം കാണാം. അതിനെ വനദുര്‍ഗയെന്ന് സങ്കല്പിച്ച് ആരാധിച്ചാല്‍ നിങ്ങള്‍ക്കും ഈ നാടിനും ഐശ്വരം ഉണ്ടാകും...'' 

തുടര്‍ന്ന് സന്ന്യാസി തന്നെ ചിതല്‍പ്പുറ്റുടച്ച് വിഗ്രഹം പുറത്തെടുത്തു വച്ചു. അതിനു മുമ്പില്‍ വേടനും കുടുംബവും കമിഴ്ന്നു വീണ് പ്രാര്‍ത്ഥിച്ചു. സന്ന്യാസി അപ്പോഴേക്കും അപ്രത്യക്ഷനായി. വേടന്‍ പ്രണമിച്ച് എഴുന്നേല്‍ക്കുമ്പോള്‍ സന്ന്യാസി നിന്നിടം ശൂന്യം. അയാള്‍ ഉടനെ തന്നെ പൂക്കളും മാലകളും കൊണ്ടു വന്ന് വിഗ്രഹത്തെ അലങ്കരിച്ച് വണങ്ങി. അന്നത്തെ രാത്രി വേടനും കുടുംബവും കാവിനു പുറത്ത് താമസിച്ചു. രാത്രി വേടന് സ്വപ്ന ദര്‍ശനമുണ്ടായി. സന്ന്യാസിയുടെ രൂപത്തില്‍ വന്നത് സാക്ഷാല്‍ നാരദമുനിയായിരുന്നുവത്രേ.

നേരം വെളുത്തു. ദേവീ വിഗ്രഹത്തെക്കുറിച്ച് അറിഞ്ഞു കേട്ട് ആള്‍ക്കാരുടെ ഒഴുക്കായി. അവര്‍ ദേവിക്ക് നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിച്ചു. വേടനും കുടുംബവും പൂജ ചെയ്ത് അവിടെ താമസിച്ചു. സഹസ്രാബ്ധങ്ങള്‍ ഒരുപാട് കടന്നുപോയി. ചക്കുളത്തുകാവ് പ്രമുഖ ആരാധനാ കേന്ദ്രമായി. പൂജാദികര്‍മങ്ങള്‍ക്ക് ആളുകളും നിബന്ധനകളും വന്നു. ഇന്നത്തെ പട്ടമന ഇല്ലത്തുകുടുംബക്കാര്‍ കുളം നികത്തി ക്ഷേത്രം പണിതു. മൂവായിത്തിലേറെ കൊല്ലം മുമ്പ് നാരദമുനിയാല്‍ പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹം വേദവിധിപ്രകാരം ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചു. 

ചക്കുളത്തുകാവിലെ പൊങ്കാലയുടെ ചരിത്രമിങ്ങനെ... ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് കാരണക്കാരായ വേടനും കുടുംബവും വനത്തില്‍ താമസിക്കുന്ന കാലം. അവര്‍ മണ്‍കലങ്ങളിലായിരുന്നു ആഹാരം പാകം ചെയ്ത് കഴിച്ചിരുന്നത്. ഉണ്ടാക്കിയ ഭക്ഷണത്തില്‍ നിന്നും  ദേവിക്ക് കൊടുത്ത ശേഷം ബാക്കിയുള്ളതാണ് വേടനും കുടുംബവും ഭക്ഷിച്ചിരുന്നത്. ഒരു ദിവസം രാവിലെ വിറകുവെട്ടാന്‍ പോയ അവര്‍ വളരെ വൈകിയാണ് തിരിച്ചെത്തിയത്. അതിനാല്‍ ദേവിക്ക് ഭക്ഷണം നല്‍കാന്‍ കഴിഞ്ഞില്ല. ഇന്ന് അമ്മ പട്ടിണിയാണല്ലോ എന്നോര്‍ത്ത് താങ്ങാനാവാത്ത ദുഖത്താല്‍ പശ്ചാത്താപ വിവശരായി ഭയഭക്തിബഹുമാനത്തോടെ അവര്‍ ദേവീ പാദത്തില്‍ സാഷ്ടാഗം പ്രണമിച്ച് മാപ്പപേക്ഷിച്ചു. 

പിന്നീട് അമ്മയ്ക്ക് ആഹാരം പാകം ചെയ്യാന്‍ മരച്ചുവട്ടില്‍ നോക്കുമ്പോള്‍ കലം നിറച്ച് ചോറും കറികളും കായ്കനികളും. വേടത്തി അത്ഭുതപ്പെട്ടു. ഇതാര് പാചകം ചെയ്തു..? ഭക്തവത്സലയായ അമ്മ തന്നെയാണ് പാകം ചെയ്തതെന്ന് പരമഭക്തരായ വേടനും കുടുബവും മനസ്സിലാക്കി. വേടന്റെ ഭാര്യ ഉച്ചത്തില്‍ വിളിച്ച് പ്രാര്‍ത്ഥിച്ചു... ''സ്‌നേഹനിധിയായ അമ്മേ ഞങ്ങളെ രക്ഷിക്കേണേ...'' അപ്പോള്‍ ഒരു അശരീരി മുഴങ്ങി... '' മക്കളേ, ഞാന്‍ നിങ്ങള്‍ക്കു വേണ്ടി തയ്യാറാക്കിയതാണ് ഈ ആഹാരം. ആവശ്യത്തിനു കഴിച്ച് വിശ്രമിക്കുക. നിങ്ങളുടെ നിഷ്‌ക്കളങ്കമായ ഭക്തിയില്‍ ഞാന്‍ സന്തുഷ്ടയായി. തീരാ ദുഖങ്ങളില്‍ പോലും എന്നെ കൈവിടാതിരിക്കുക. ഞാന്‍ ദാസിയും തോഴിയും ആയിരിക്കും. ഭക്തിപൂര്‍വം എവിടെ നിന്ന് എന്നെ വിളിച്ചാല്‍ പോലും അവരോടൊപ്പം ഞാന്‍ എപ്പോഴും ഉണ്ടായിരിക്കും...''

അങ്ങനെ വേടനും കുടുംബവും അമ്മയ്ക്ക് മണ്‍കലങ്ങളില്‍ നിവേദ്യം അര്‍പ്പിച്ച് വരികയും പരാശക്തിയായ ദുര്‍ഗാ ദേവി ഭക്തരായ ആ കുടുംബത്തിനും ആഹാരം പാകപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. അങ്ങനെ അമ്മയും ഭക്തജനങ്ങളും ഒത്തൊരുമിച്ച് തയ്യാറാക്കുന്ന ആഹാരമാണ് ചക്കുളത്തുകാവിലെ പൊങ്കാല. ഭക്തജനങ്ങള്‍ തയ്യാറാക്കുന്ന പൊങ്കാല ദേവി സന്തോഷപൂര്‍വം ഭക്ഷിക്കുകയും തന്മൂലം ഭക്തര്‍ക്ക് സര്‍വ ഐശ്വര്യങ്ങളും നല്‍കുകയും ചെയ്യുന്നു. അങ്ങനെ ഭക്തജനങ്ങളും ദേവിയും ഒന്നായി മാറുന്നു എന്ന മഹത്വം ചക്കുളത്തുകാവ് പൊങ്കാലയുടെ സവിശേഷതയാണ്. ഈ പൊങ്കാലയില്‍ പങ്കു കൊള്ളാന്‍ ജാതിമത ചിന്തകള്‍ മറന്ന് ഭക്ത ജനങ്ങള്‍ ദേവീ സന്നിധിയിലെത്തുന്നു. സ്ത്രീകള്‍ പൊങ്കാലയിടുമ്പോള്‍ അവരിലൊരാളായി ചക്കുളത്തമ്മയും ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. 

'പൊങ്കാല' എന്ന് വാക്കിനര്‍ത്ഥം തിളച്ചു മറിയുക എന്നാണ്. മനം ഉരുകി കരയുന്ന മങ്കമാരുടെ മനസ്സിലെ മാതൃത്വസ്‌നേഹം നിറഞ്ഞു തുളുമ്പുന്ന നൈവേദ്യമാണ് പൊങ്കാല. അമ്മയുടെ തിരുസന്നിധിയില്‍ മകള്‍ അമ്മയോടെന്ന പോലെ തന്റെ ദുഖങ്ങള്‍ക്ക് ആശ്വാസമേകുമെന്ന പ്രതീഷയോടുകൂടി അര്‍പ്പിക്കുന്ന പൊങ്കാല ഒരു ദിവ്യ ഔഷധമായാണ് കരുതിപ്പോരുന്നത്. ആചാരപരമായി അരിയും, ശര്‍ക്കരനീരും നാളികേരം ചിരകിയതും അണ്ടിപരിപ്പുകളും ഉണക്ക മുന്തിരിയും ചേര്‍ത്തുണ്ടാകുന്ന വിഭവം ദൈവത്തിനു നേദിക്കലാണ്.

ഭക്തസ്ത്രീകളുടെ ചക്കുളത്തുകാവും പൊങ്കാല വിശേഷങ്ങളും (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക