Image

ശബരിമല വിഷയത്തില്‍ എന്‍.എസ്‌.എസിനും സുകുമാരന്‍ നായര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എസ്‌

Published on 22 November, 2018
ശബരിമല വിഷയത്തില്‍ എന്‍.എസ്‌.എസിനും  സുകുമാരന്‍ നായര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി വി.എസ്‌

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പ്രതിഷേധത്തിന്‌ നേതൃത്വം നല്‍കുന്ന എന്‍.എസ്‌.എസിനും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്‌. അച്യുതാനന്ദന്‍.

വര്‍ഗീയതയുടെ രാസത്വരകമായി വര്‍ത്തിക്കുകയാണ്‌ എന്‍.എസ്‌.എസ്‌. നായന്മാരെല്ലാം തന്റെ കാല്‍ക്കീഴിലാണെന്നാണ്‌ സുകുമാരന്‍ നായര്‍ വിചാരിക്കുന്നത്‌. എന്‍.എസ്‌എസിന്‌ 2011ല്‍ സമദൂരമായിരുന്നു അവരുടെ ലൈന്‍. ഇപ്പോള്‍ ദൂരം കുറഞ്ഞിട്ടുണ്ട്‌.

ബി.ജെ.പി.ക്കും കോണ്‍ഗ്രസിനുമിടയിലെ പാലമായി സുകുമാരന്‍നായര്‍ അരങ്ങിലെത്തുകയാണ്‌. ബ്രാഹ്മണ മേധാവികളുടെ കാര്യസ്ഥന്റെ റോളിലാണ്‌ താന്‍ എന്നാണ്‌ നിലപാട്‌. സുകുമാരന്‍ നായരുടെ ഉള്ളിലിരുപ്പ്‌ തുറന്നുകാട്ടണമെന്നും പാലക്കാട്ട്‌ വി.എസ്‌. പറഞ്ഞു.

ബി.ജെ.പി.യുടെയും എന്‍.എസ്‌.എസിന്റെയും വാലായി രമേശ്‌ ചെന്നിത്തല മാറരുതെന്നാണ്‌ പറയാനുള്ളത്‌. കോണ്‍ഗ്രസ്സിന്റെ ആദ്യകാല ചരിത്രം ചെന്നിത്തല ഓര്‍ക്കുന്നത്‌ നന്നായിരിക്കും.

കെ. സുധാകരനെ പോലുള്ളവര്‍ തീവ്ര നിലപാടുകള്‍ പ്രഖ്യാപിക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ കാല്‍ച്ചുവട്ടിലെ മണ്ണാണ്‌ ഒലിച്ചുപോവുന്നതെന്നും വി.എസ്‌ പറഞ്ഞു. ശബരിമല സമരം നയിക്കുന്ന എന്‍.എസ്‌എസിനെതിരെ ആദ്യമായാണ്‌ സിപിഎമ്മിന്റെ ഒരു നേതാവ്‌ വിമര്‍ശനവുമായി രംഗത്തെത്തുന്നതെന്നും ശ്രദ്ധേയമാണ്‌.

അതേസമയം, ശബരിമലയിലെ ആചാരാനുഷ്‌ഠാനങ്ങള്‍ പാലിച്ചുകൊണ്ടു ഭക്തര്‍ക്കു നിര്‍ഭയം ദര്‍ശനം നടത്താനുള്ള സാഹചര്യം സന്നിധാനത്ത്‌ ഉറപ്പു വരുത്തണമെന്ന്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. അതു സാധ്യമാകണമെങ്കില്‍ നിരോധനാജ്ഞ പോലെയുള്ള കരിനിയമങ്ങളും കടുംപിടിത്തങ്ങളും ഉടന്‍ പിന്‍വലിക്കണം.

ശബരിമല പോലെയുള്ള പവിത്രമായ ആരാധനാലയങ്ങളിലും അനുബന്ധ താവളങ്ങളിലും 144 പ്രഖ്യാപിച്ചതു തന്നെ തെറ്റാണ്‌. ഭാരതത്തിലെ ഒരു ദേവാലയത്തിലും ഇതുവരെ 144 പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക