Image

ഒഴിവ് ദിനയാത്ര: മേക്കപ്പും ബേബിപൗഡറും തീവ്രപരിശോധനയ്ക്ക് വിധേയമാകും (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 22 November, 2018
ഒഴിവ് ദിനയാത്ര: മേക്കപ്പും ബേബിപൗഡറും തീവ്രപരിശോധനയ്ക്ക്  വിധേയമാകും (ഏബ്രഹാം തോമസ്)
വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ അമേരിക്കക്കാര്‍ വിമാനയാത്ര നടത്തുന്നത് താങ്ക്‌സ് ഗിവിംഗിനോടടുത്ത ദിനങ്ങളിലാണ്. എന്നാല്‍ താങ്ക്‌സ് ഗിവിംഗിങ്ങ് ദിനത്തിലല്ല തുടര്‍ന്ന് വരുന്ന ഞായാറാഴ്ചയിലും ബുധനാഴ്ചയിലുമായിരിക്കും കൂടുതല്‍ വിമാനയാത്ര നടത്തുക എന്നാണ് അനുമാനം. ശക്തമായ സാമ്പത്തികാവസ്ഥയും താരതമ്യേന കുറവ് ആഭ്യന്തര വിമാന യാത്രാചെലവും ഈ വര്‍ഷം വിമാനയാത്രക്കാരുടെ പുതിയ റിക്കാര്‍ഡ് സൃഷ്ടിക്കും.

ഈ വര്‍ഷം നവംബര്‍ 16 മുതല്‍ 27 വരെ അമേരിക്കന്‍ എയര്‍പോര്‍ട്ടുകളിലൂടെ മൂന്ന് കോടി ആറ് ലക്ഷം യാത്രക്കാര്‍ കടന്ന് പോകുമെന്നാണ് കണക്ക് . ഇത് 2017 നെ അപേക്ഷിച്ച് പതിനാറ് ലക്ഷം യാത്രക്കാരുടെ വര്‍ധനയാണ് രേഖപ്പെടുത്തുക. ഈ വര്‍ഷം സ്പ്രിംഗ് ബ്രേക്കിലും മെമ്മോറിയല്‍ ഡേയിലും ലേബര്‍ ഡേയിലും വിമാനയാത്രക്കാരുടെ എണ്ണം ചരിത്രം സൃഷ്ടിച്ചിരുന്നു. നാല് കോടി എണ്‍പത്തഞ്ച് ലക്ഷം അമേരിക്കക്കാര്‍ ഇതിന് പുറമെ കാര്‍മാര്‍ഗ്ഗം യാത്രചെയ്യുമെന്ന് എഎഎ പറയുന്നു.

യാത്രയില്‍ സ്വീകരിക്കേണ്ട സുരക്ഷയെക്കുറിച്ചും ചില നിര്‍ദേശങ്ങളും പുറത്ത് വന്നു. വലിയ ടിന്നുകളില്‍ മേക്കപ് സാധനങ്ങളും ബേബിപൗഡറും വിമാനയാത്രക്കാര്‍  കൈയ്യില്‍ കൊണ്ടുപോകരുതെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അ്ഡ്മിനിസ്‌ട്രേഷന്‍ നിര്‍ദ്ദേശിച്ചു. ഇവയാണ് തീവ്രപരിശോധനയ്ക്ക് വിധേയമാകുന്ന പുതിയ ഇനങ്ങള്‍. 12 ഔണ്‍സില്‍(ഏകദേശം 360 ഗ്രാം) കൂടുതലുള്ള പൗഡര്‍ ടിന്നുകള്‍ ചെക്ക്ഡ് ബാഗേജില്‍ അയച്ചില്ലെങ്കില്‍ തീവ്രപരിശോധനയ്ക്ക് വിധേയമാകും എന്നാണ് ടിഎസ്എയുടെ മുന്നറിയിപ്പ്.

ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ് വിമാനയാത്രക്കാര്‍ ടാബ് ലെറ്റ് കമ്പ്യൂട്ടറുകളും വലിയ ഇലക്ട്രോണിക് ഉപകരണങ്ങളും പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കണം എന്ന് ടിഎസ്എ നിര്‍ദ്ദേശിച്ചത്. അതിന്റെ പിന്‍തുടര്‍ച്ചയായാണ് പുതിയ നിര്‍ദ്ദേശം. സ്മാര്‍ട്ട് ലഗേജ് എന്ന ഓമനപേരിട്ട് യാത്രക്കാര്‍ കൂടെ കൊണ്ടുപോകുന്ന ഇനങ്ങള്‍ പുതിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണെന്ന് ഉറപ്പ് വരുത്തണമെന്ന് ടിഎസ്എ പറഞ്ഞു. വേര്‍തിരിക്കാനാവാത്ത ലിതിയം അയേണ്‍ ബാറ്ററികള്‍ ഒരു ബാഗിലും കൊണ്ടു പോകുന്നത് അമേരിക്കയിലെ എയര്‍ലൈനുകള്‍ 2018 ല്‍ നിരോധിച്ചു. വിമാനയാത്രക്കാര്‍ യാത്രാനിരക്കുകള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. രണ്ടു വര്‍ഷം മുമ്പ് അമേരിക്കന്‍ എയര്‍ലൈന്‍സും യുണൈറ്റഡ് എയര്‍ലൈന്‍സും ബെയ്‌സിക് എക്‌ണോമി(നോഫ്രില്‍സ്) ടിക്കറ്റ് നിരക്കുകള്‍ പ്രാബല്യത്തില്‍ കൊണ്ടു വന്നു. ചില റൂട്ട് ശൃംഖലകളില്‍ ലഭ്യമായ ഈ നിരക്കുകളില്‍ പല സൗകര്യങ്ങളും ആനുകൂല്യങ്ങളും കുറിച്ചിട്ടുണ്ട്. ഇവരില്‍ ആദ്യത്തേത് സീറ്റുകളുടെ അലോട്ട്‌മെന്റ് മുന്‍കൂട്ടി ഉറപ്പാക്കണമെങ്കില്‍ പ്രത്യേകം ഫീസ് നല്‍കണം എന്നതാണ്. ബെയ്‌സിക് എക്കണോമി ചാര്‍ജുകള്‍ നല്‍കിയ യാത്രക്കാര്‍ക്ക് അമേരിക്കനിലും ഡെല്‍റ്റയിലും സീറ്റിന് മുകളിലുള്ള ബിന്നില്‍ ഒരു ബാഗ് വയ്ക്കാം. യുണൈറ്റഡില്‍ സീറ്റിന് താഴെ ഉള്‍ക്കൊള്ളിക്കാവുന്ന ഒരു പേഴ്‌സണല്‍ ഐറ്റം മാത്രമേ അനുവദിക്കുകയുള്ളൂ.

ഈ മൂന്ന് എയര്‍ലൈനുകളിലും ബെയ്‌സിക് എക്കോണമി യാത്രക്കാര്‍ക്ക് മറ്റ് യാത്രക്കാര്‍ കയറിയതിന് ശേഷം മാത്രമേ വിമാനത്തിനുള്ളില്‍ പ്രവേശിക്കുവാന്‍ കഴിയൂ. ഫ്‌ളൈറ്റുകള്‍ മാറ്റാന്‍ കഴിയുകയില്ല. ഒരു ബാഗ് ചെക്ക് ഇന്‍ചെയ്യുവാനുള്ള ചാര്‍ജ്ജ് ഈയാഴ്ച മുതല്‍ കൂടിയിട്ടുണ്ട്. അമേരിക്കന്‍, ഡെല്‍റ്റ, ജെറ്റ്ബ്‌ളൂ, അലാസ്‌ക, യുണൈറ്റഡ് തുടങ്ങിയ മിക്കവാറും എല്ലാ എയര്‍ലൈനുകളും ആദ്യത്തെ ചെക്ക്ഡ് ബാഗിന് 5 ഡോളര്‍ വര്‍ധിപ്പിച്ച് 30 ഡോളറാക്കിയിട്ടുണ്ട്. സൗത്ത് വെസ്റ്റ്  എയര്‍വെയ്‌സില്‍ മാത്രമേ ഓരോ യാത്രക്കാരനും സൗജന്യമായി രണ്ട് ബാഗുകള്‍ ചെക്ക് ഇന്‍ ചെയ്ത് കൊണ്ടുപോകാന്‍ കഴിയുകയുള്ളൂ. എന്നാല്‍ സൗത്ത് വെസ്റ്റ് ഒരു ഫീസ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഏര്‍ളിബേര്‍ഡ് സംവിധാനത്തില്‍ നേരത്തെ ചെക്ക് ഇന്‍ ചെയ്യുന്നതിന് ഇപ്പോള്‍ 25 ഡോളര്‍ നല്‍കണം.
ചെക്ക് ഇന്‍ ഫീസ് ഒഴിവാക്കാന്‍ ചില യാത്രക്കാര്‍ ചെറിയ ബാഗുകള്‍ ഒപ്പം കൊണ്ടു പോകാന്‍ ശ്രമിക്കാറുണ്ട്. ഈ ബാഗിന്റെ വലിപ്പം അല്പം കൂടിയാല്‍ ചെക്ക്്ഡ് ഇന്‍ ബാഗിന്റെ ഫീ നല്‍കേണ്ടി വരും. സാധാരണ എയര്‍ലൈനുകള്‍ ക്യാരി ഓണ്‍ ബാഗുകള്‍ക്ക് അനുവദിക്കുന്ന അളവുകളെക്കാള്‍ കുറവാണ് സ്പിരിറ്റ് എയര്‍ലൈന്‍സ് അനുവദിക്കുന്നതെന്നും മറ്റ് എയര്‍ലൈനുകള്‍ അനുവദിക്കുന്ന ക്യാരി ഓണ്‍ ബാഗുകള്‍ക്ക് സ്പരിറ്റ് ചാര്‍ജ് ഈടാക്കുന്നുണ്ടെന്നും പരാതിയുണ്ട്.

ഒഴിവ് ദിനയാത്ര: മേക്കപ്പും ബേബിപൗഡറും തീവ്രപരിശോധനയ്ക്ക്  വിധേയമാകും (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക