Image

ഡബ്ല്യുഎംഎഫ് ഓസ്ട്രിയ പ്രൊവിന്‍സ് വാര്‍ഷിക പൊതുയോഗവും മുഖാമുഖം പരിപാടിയും

Published on 22 November, 2018
ഡബ്ല്യുഎംഎഫ് ഓസ്ട്രിയ പ്രൊവിന്‍സ് വാര്‍ഷിക പൊതുയോഗവും മുഖാമുഖം പരിപാടിയും
 
വിയന്ന: ആഗോള മലയാളി പ്രവാസി സംഘടനയായ ഡബ്ല്യുഎംഎഫിന്റെ ഓസ്ട്രിയ പ്രൊവിന്‍സിന്റെ വാര്‍ഷിക പൊതുയോഗവും യുഎന്‍ പരിസ്ഥിതി പ്രോഗാമില്‍ അത്യാഹിത ദുരന്ത ലഘൂകരണ വകുപ്പിന്റെ മേധാവിയുമായ ഡോ. മുരളി തുമ്മാരുകുടിയുമായി മുഖാമുഖം പരിപാടിയും സംയുക്തമായി സംഘടിപ്പിച്ചു.

റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എന്ന കേരള സര്‍ക്കാര്‍ സംവിധാനത്തിന്റെ ഉപദേശക സമിതി അംഗവും ഡബ്ല്യുഎംഎഫ് പ്രധാന ഉപദേഷ്ട്ടാവും കൂടിയായ ഡോ. മുരളി, നവകേരളം പടുത്തുയര്‍ത്തുമ്പോള്‍ വേണ്ട മുന്‍കരുതലുകളും ലോകത്തിന്റെ പല ഭാഗങ്ങളില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് എങ്ങനെ കേരളത്തെ സഹായിക്കാമെന്നും ഉപദേശങ്ങള്‍ നല്‍കി. അതേസമയം കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനുള്ള തയാറെടുപ്പുകള്‍ പിന്നണിയില്‍ ഊര്‍ജിതമായി നടക്കുന്നെണ്ടെന്നും പുതിയ ആശയങ്ങളും, സാധ്യതകളും ഉപയോഗപ്പെടുത്തി നാടിനെ തിരികെ കൊണ്ടുവരാന്‍ ഏവരും മുന്‍പോട്ടു വരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

സംഘടന നല്‍കി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും പുറമെ, ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന പഠിതാക്കള്‍ക്ക് യുറോപ്യന്‍ യൂണിവേഴ്‌സിറ്റികള്‍ പരിചയപ്പെടുത്തുക, വിവിധ രാജ്യങ്ങളില്‍ മലയാളികള്‍ക്കുള്ള ജോലി സാധ്യതകള്‍ കൃത്യമായി കണ്ടെത്തി കബളിപ്പിക്കപ്പെടാതെ ജീവിതം കെട്ടിപ്പടുക്കാന്‍ ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുക, ആഗോള മലയാളികളെ കോര്‍ത്തിണക്കി സംഘടിപ്പിക്കുന്ന സര്‍വേയിലൂടെ കേരളത്തില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ ജീവിക്കുന്നവരുടെ വിഭവശേഷി സ്ഥിതി വിവരങ്ങള്‍ പ്രതിപാദിക്കുന്ന വിവരണങ്ങള്‍ സംഘടനയുടെ പ്രൊവിന്‍സുകളിലൂടെ ലഭ്യമാക്കുക തുടങ്ങിയ പുതിയ ആശയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ സംഘടനയുടെ മുതിര്‍ന്ന ഭാരവാഹികള്‍ ഡോ. മുരളിയുമായി നടത്തിയ ഗ്ലോബല്‍ കാബിനറ്റ് മീറ്റില്‍ തീരുമാനിച്ചു.

ഡോ. മുരളി തുമ്മാരുകുടി മുഖ്യ അതിഥിയായി പങ്കെടുത്ത സമ്മേളനത്തില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ് പഞ്ഞിക്കാരന്‍, ഗ്ലോബല്‍ ജോയിന്റ് സെക്രട്ടറി അരുണ്‍ മോഹന്‍, ബിസിനസ് കോഓര്‍ഡിനേറ്റര്‍ ഡോ. ഉമേഷ് മേനോന്‍, ഇലക്ഷന്‍ കോഓര്‍ഡിനേറ്റര്‍ ആന്റണി പുത്തന്‍പുരയ്ക്കല്‍, ഇവന്റ് കോഓര്‍ഡിനേറ്റര്‍ അഡ്വ. ഘോഷ് അഞ്ചേരില്‍, യൂറോപ്പ് റീജണ്‍ കോഓര്‍ഡിനേറ്റര്‍ സാബു ചക്കാലയ്ക്കല്‍, ഡോ. പ്രിയംവദ വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക