Image

ബാലഭാസ്‌കറിന്റെ മരണത്തെ കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ പിതാവ്‌ ഡിജിപിയ്‌ക്ക്‌ പരാതി നല്‍കി

Published on 23 November, 2018
 ബാലഭാസ്‌കറിന്റെ മരണത്തെ കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ പിതാവ്‌ ഡിജിപിയ്‌ക്ക്‌ പരാതി നല്‍കി


പ്രശസ്‌ത വയലിനിസ്റ്റ്‌ ബാലഭാസ്‌കറിന്റെ മരണത്തെ കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ പിതാവ്‌ ഡിജിപിക്ക്‌ പരാതി നല്‍കി. പണമിടപാട്‌ സംബന്ധിച്ചുള്ള സംശയങ്ങള്‍ കുടുംബം ഉയര്‍ത്തിയിട്ടുണ്ട്‌. ക്ഷേത്രത്തില്‍ പോയ മകനും കുടുംബവും തിടുക്കത്തില്‍ തിരുവനന്തപുരത്തേക്ക്‌ വന്നത്‌ എന്തിനെന്ന്‌ അന്വേഷിക്കണം എന്നും പിതാവ്‌ ഉണ്ണി നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

വാഹനം അപകടത്തില്‍ പെടുമ്പോള്‍ വണ്ടിയോടിച്ചിരുന്നത്‌ ഡ്രൈവര്‍ അര്‍ജുന്‍ തന്നെയായിരുന്നുവെന്ന്‌ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്‌മി പൊലീസിന്‌ മൊഴി നല്‍കിയത്‌ നേരത്തെ സംശയത്തിന്‌ ഇട നല്‍കിയിരുന്നു.

അപകടം നടക്കുമ്പോള്‍ ബാലു പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. മകളും ഞാനുമായിരുന്നു മുന്‍സീറ്റില്‍ ഇരുന്നിരുന്നതെന്നാണ്‌ ലക്ഷ്‌മി പൊലീസിനോട്‌ പറഞ്ഞത്‌.

സെപ്‌റ്റംബര്‍ 25നാണ്‌ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച്‌ അപകടത്തില്‍ പെട്ടത്‌. നിയന്ത്രണം വിട്ട കാര്‍ റോഡ്‌ സൈഡിലെ മരത്തിലിടിക്കുകയായിരുന്നു.

ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്‌മി, മകള്‍ തേജസ്വിനി ബാല, ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരാണു വാഹനത്തില്‍ ഉണ്ടായിരുന്നത്‌. അപകടത്തില്‍ മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്ത്‌ വെച്ചുതന്നെ മരിച്ചു. ചികിത്സയ്‌ക്കിടെ ഒക്ടോബര്‍ രണ്ടിനു ബാലഭാസ്‌കറും മരിച്ചു.

അപകടം നടക്കുമ്പോള്‍ ബാലഭാസ്‌കര്‍ ആയിരുന്നു വണ്ടിയോടിച്ചതെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്‍ നേരത്തെ പൊലീസിന്‌ നല്‍കിയിരുന്ന മൊഴി. തൃശൂര്‍ മുതല്‍ കൊല്ലം വരെ താനായിരുന്നു വാഹനം ഓടിച്ചിരുന്നത്‌. കൊല്ലത്ത്‌ എത്തിയപ്പോള്‍ ബാലഭാസ്‌കര്‍ വാഹനം ഓടിക്കാമെന്നു പറഞ്ഞ്‌ ഓടിക്കുകയായിരുന്നു.

അപകടം നടക്കുമ്പോള്‍ താന്‍ പിന്‍സീറ്റില്‍ മയക്കത്തിലായിരുന്നു എന്നും അര്‍ജുന്‍ പോലീസിനു മൊഴി നല്‍കിയിരുന്നു.ഇരുവരുടെയും മൊഴിയിലെ വൈരുദ്ധ്യം പരിശോധിക്കാനാണു പൊലീസിന്റെ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക