Image

നിപ ബാധിച്ച്‌ മരിച്ചത്‌ 21 പേരെന്ന്‌ അന്താരാഷ്ട്ര റിപ്പോര്‍ട്ട്‌; സര്‍ക്കാര്‍ കണക്കില്‍ 17 പേര്‍

Published on 24 November, 2018
നിപ ബാധിച്ച്‌ മരിച്ചത്‌ 21 പേരെന്ന്‌ അന്താരാഷ്ട്ര റിപ്പോര്‍ട്ട്‌; സര്‍ക്കാര്‍ കണക്കില്‍ 17 പേര്‍
നിപ ബാധിച്ച്‌ 21 പേര്‍ മരിച്ചതായി അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ടുകള്‍ . 17 പേര്‍ മരിച്ചതായാണ്‌ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്‌. എന്നാല്‍ അഞ്ച്‌ പേര്‍ നിപ തിരിച്ചറിയാതെ മരിച്ചതായി ബ്രിട്ടീഷ്‌ മെഡിക്കല്‍ ജേര്‍ണല്‍, ദി ജേര്‍ണല്‍ ഓഫ്‌ ഇന്‍ഫെക്ഷ്യസ്‌ ഡിസീസസ്‌ എന്നിവയില്‍ പ്രസിദ്ധീകരിക്കപ്പെട്ട രണ്ട്‌ ഗവേഷണ പഠന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഒക്ടോബര്‍ 26, നവംബര്‍ ഒമ്പത്‌ എന്നീ രണ്ട്‌ ദിവസങ്ങളിലാണ്‌ പഠന റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്‌. സംസ്ഥാനസര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകളെ തള്ളികൊണ്ടുള്ളതാണ്‌
പുതിയ റിപ്പോര്‍ട്ട്‌.

23 പേര്‍ക്ക്‌ നിപ ബാധിച്ചെന്നും 21 പേര്‍ മരിച്ചെന്നുമാണ്‌ റിപ്പോര്‍ട്ടിലുള്ളത്‌. നിപ്പ ബാധിച്ച്‌ മരിക്കുന്ന കേരളത്തിലെ ആദ്യ ആരോഗ്യവകുപ്പ്‌ സ്റ്റാഫ്‌ സിസ്റ്റര്‍ ലിനിയല്ലെന്നും ആദ്യമരണം മെഡിക്കല്‍ കോളേജിലെ റേഡിയോളജി അസിസ്റ്റന്റിന്റേതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മെയ്‌ 19ാം തീയതിയാണ്‌ ഇവര്‍ മരിക്കുന്നത്‌. മെയ്‌ 20നാണ്‌ ലിനി മരിക്കുന്നത്‌. എന്നാല്‍, പേരാമ്പ്ര താലൂക്ക്‌ ആശുപത്രിയിലെ സിസ്റ്റര്‍ ലിനി മാത്രമാണ്‌ നിപ്പ ബാധിച്ച്‌ മരിച്ച ആരോഗ്യപ്രവര്‍ത്തകയെന്നാണ്‌ സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌.

`19 പേര്‍ക്കാണ്‌ നിപ്പ രോഗബാധയുണ്ടായത്‌. ഇതില്‍ 17 പേര്‍ മരിച്ചു. രണ്ടുപേര്‍ രക്ഷപെട്ടുവെന്നുമാണ്‌ സംസ്ഥന ആരോഗ്യവകുപ്പ്‌ പുറത്തുവിട്ട ഔദ്യോഗിക വിവരം. രണ്ടാമത്തെ രോഗിയില്‍ നിന്ന്‌ തന്നെ നിപ്പ തിരിച്ചറിഞ്ഞുവെന്നാണ്‌ ആരോഗ്യവകുപ്പ്‌ അവകാശപ്പെട്ടിരുന്നത്‌.

മെയ്‌ അഞ്ചിന്‌ മരിച്ച സാബിത്‌ ആണ്‌ കേരളത്തിലെ ആദ്യ നിപ രോഗി. സാബിത്തിന്റെ സഹോദരന്‍ സാലിഹ്‌ ആണ്‌ രണ്ടാമത്തെ രോഗിയെന്നുമാണ്‌ സര്‍ക്കാരിന്റെ കണക്കിലുള്ളത്‌. മെയ്‌ 18നാണ്‌ സാലിഹ്‌ മരിച്ചത്‌.

എന്നാല്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഗവേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌, പേരാമ്പ്ര താലൂക്ക്‌ ആശുപത്രി, ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളിലായി രോഗം തിരിച്ചറിയപ്പെടുന്നതിന്‌ മുമ്പ്‌ മൊത്തം അഞ്ചുപേര്‍ മരിച്ചിട്ടുണ്ട്‌.

ആറാമത്തെ രോഗിയായ സാലിഹില്‍ എത്തിയപ്പോള്‍ മാത്രമാണ്‌ സര്‍ക്കാര്‍ രോഗം തിരിച്ചറിയപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക