Image

മഞ്ഞു പൂക്കള്‍ പൊഴിയുന്ന യാത്രാക്കുറിപ്പുകള്‍ (അശ്വതി ശങ്കര്‍)

Published on 25 November, 2018
മഞ്ഞു പൂക്കള്‍ പൊഴിയുന്ന യാത്രാക്കുറിപ്പുകള്‍ (അശ്വതി ശങ്കര്‍)
കുട്ടിക്കാലത്ത് ക്രിസ്തുമസ് ആവുമ്പോള്‍ അച്ഛന്റെ സുഹൃത്തുക്കളൊ, അമ്മയുടെ വിദേശ ത്തുള്ള സഹോദരങ്ങളോ അയക്കുന്ന മഞ്ഞില്‍ പുതഞ്ഞ ഗ്രീറ്റിംങ് കാര്‍ഡുകള്‍ കൗതുകപൂര്‍വം നോക്കിയിരിക്കുകയും സൂക്ഷിച്ചു വെയ്ക്കുകയും ചെയ്യുമായിരുന്നു. പിന്നീട് വായന തുടങ്ങിയപ്പോള്‍വാക്കുകളിലെ മഞ്ഞില്‍ കൊതി പിടിച്ചു.എം.ടി സാറിന്റെ മഞ്ഞും, ഓര്‍ഹന്‍ പാമുക്കിന്റെ സ്‌നോയും പ്രിയപ്പെട്ടവയായി. ഒരുപാട് കാലത്തിനു ശേഷം ഒരു മഞ്ഞു പുസ്തകം വീണ്ടും ലഭിച്ചു. ഇത് മഞ്ഞ് യാത്രാ വിവരണങ്ങളാണ്.ഇന്ത്യയിലെയും അറേബ്യന്‍ നാടുകളിലെയും മഞ്ഞുപുതച്ച വിവിധയിടങ്ങളിലെ സുന്ദരകാഴ്ചകള്‍ തേടിയുള്ള യാത്രകള്‍ വിവരിക്കുന്ന പുസ്തകമാണ് മന്‍സൂര്‍ അബ്ദു ചെറുവാടിയുടെ യാത്രാ വിവരണം .

ഈ പുസ്തകത്തിന്റെ തലക്കെട്ട് ആണ് ആദ്യം ആകര്‍ഷിക്കുക."ബര്‍മാഗിലെ മഞ്ഞു പൂക്കള്‍ " മഞ്ഞു പൂക്കള്‍ എന്ന പദം ഉരുവിട്ടു കൊണ്ടേയിരുന്നു.. മഞ്ഞു പൂക്കള്‍ പൂത്തു നിറഞ്ഞ നനുത്ത കവര്‍ ചിത്രം അതിലേറെ ആകര്‍ഷകം. എസ്.കെ പൊറ്റെക്കാടിന്റെ ബാലിദ്വീപും നൈല്‍ ഡയറിയുമൊക്കെ വായിച്ചു വളര്‍ന്ന നമുക്ക് യാത്രാ വിവരണം സാഹിത്യത്തിലെ ഒരു മേഖലയായിരുന്നു. ഇന്ന് എല്ലാവരും ഒരുപാട് യാത്രകള്‍ ചെയ്യുന്നു അവര്‍ എഴുതുന്ന കുറിപ്പുകളെല്ലാം ഇന്ന് യാത്രാ വിവ രണങ്ങളാണ്. മിക്കവരും മുന്‍കൂട്ടി റിസോര്‍ട്ടുകള്‍ ബുക്ക് ചെയ്ത് ഗൈഡിന്റെ സഹായത്തോടെ നട ത്തുന്ന പ്രൊഫഷണല്‍ യാത്രകളും ഫോട്ടോകളും വിവരണങ്ങളുമായി യാത്ര പോയി തിരിച്ചു വരുന്നവരാണ്.അടുക്കിപ്പെറുക്കലുകളില്ലാതെ ഏതോ സ്ഥലത്ത് ചെന്നിറങ്ങി അവിടത്തെ തെരുവുകളില്‍ ലയിച്ചുചേരുന്ന യഥാര്‍ത്ഥ യാത്രകള്‍ വളരെ കുറച്ച് മാത്രം സംഭവിക്കപ്പെടുന്നു.

അബ്ദു ചെറുവാടി എന്ന യാത്രികനായിരുന്ന എഴുത്തുകാരന്റെ മകന്‍ മന്‍സൂര്‍ അബ്ദു ചെറുവാടി ആദ്യ കാലങ്ങളില്‍ യാത്രയെ മറ്റൊരു വ്യത്യസ്തയിടത്തിലെ തണുപ്പില്‍ മൂടിപ്പുതച്ചു ഉറങ്ങാനുള്ള ഒന്നായി മാത്രം കണ്ടു.. എപ്പഴോ ഒരിക്കല്‍ പ്രഭാതത്തില്‍ ഉറ്റു വീഴുന്ന മഞ്ഞു തുള്ളികളിലെ പ്രണയം തിരിച്ചറിഞ്ഞുതുടങ്ങി. എഴുത്തുകാരനായ പിതാവിന്റെ യാത്രകളും ലേഖനങ്ങളും കേട്ടും പകര്‍ത്തിയുമാണ് മന്‍സൂര്‍ എഴുത്തിലേക്കെത്തുന്നത്. വൈവിധ്യമാര്‍ന്ന പ്രകൃതിയിലെ മനുഷ്യരടക്കമുള്ള ജീവജാലങ്ങളില്‍ വിശ്വസിക്കുകയും തിരിച്ചറിയുകയും ചെയ്ത യാത്രികന്‍ പല കാലങ്ങളില്‍ പലയിടങ്ങളിലേക്ക് നടത്തിയ യാത്രകളുടെ ഓര്‍മ്മകളാണ്"ബര്‍മാഗിലെ മഞ്ഞു പൂക്കള്‍ "

അതി മനോഹരമായ പതിനഞ്ചു യാത്രാ കുറിപ്പുകള്‍ മൈനസ് 2 ഡിഗ്രിയില്‍ അസര്‍ബൈജാനിലെ ബാക്കുനഗരത്തില്‍, മുഖത്തേക്ക് പാറി വീഴുന്ന ചെറിയ മഞ്ഞുപാളികള്‍ മഞ്ഞു പൂക്കളായി പുഷ്പാര്‍ ച്ചന നടത്തുകയാണ്. ബാക്കുവിലെ തെരുവിന് പ്രണയത്തിന്റെ ഗന്ധമാണ്, മഞ്ഞുഗന്ധം. സോവിയറ്റ് കോളനിയായിരുന്ന അസര്‍ബൈജാന് റഷ്യ എന്ന പേരു പോലും ഓര്‍ക്കാനിഷ്ടമില്ലാത്തപ്പോ യാത്രികന്‍ കരിയിലകള്‍ വീണ റഷ്യന്‍ ഗന്ധമുള്ള റോഡുകളില്‍ ദെസ്തയേവ്‌സ്കിയെ യും അന്നയേയും തിരയുന്നു. ആയിരം വര്‍ഷം പഴക്കമുള്ള ജൈന മത ചരിത്രമുറങ്ങുന്ന ശ്രാവണ ബല്‍ഗോളയിലെവഴികളില്‍ മൗനമുറഞ്ഞു കിടക്കുകയാണ്. ആയാത്രയിലുടനീളം നൂറ്റാണ്ടുകള്‍ക്ക് പിറകിലായിരുന്നു തന്റെ ബോധമെന്ന് യാത്രികന്‍ പറയുന്നു.കര്‍ണ്ണാടകയിലെ ധ്യാനനിരതമാവുന്ന കാടുകള്‍ക്കും, കോടമഞ്ഞിനുമിടയില്‍.. കാറ്റില്‍ ചെമ്പകത്തിന്റെ സുഗന്ധം പേറുന്ന കുദ്രെ മുഖ്മലയുംതാഴ്വാരത്തിലെ കൊച്ചുഗ്രാമവും ആരെയും ആകര്‍ഷിക്കുന്നു. മലകളും മരുഭൂമികളും നിറഞ്ഞ ഒമാനിലെ ഹജര്‍മലകള്‍ക്ക് ഒരുപാട് കഥകള്‍ പറയാനുണ്ടത്രെ.

മനസിനെയും ശരീരത്തെയും കാടുകള്‍ ആഘോഷമാക്കുമ്പോള്‍ അനന്തമായ നിഗൂഢതകളത്രെ മരുഭൂമികള്‍ ബാക്കി വെക്കുന്നത്.ചരിത്രമുറങ്ങുന്ന ബഹ്‌റൈന്‍ കാഴ്ചകളിലേക്കാണ് യാത്രികന്‍ പിന്നീട് നയിക്കുന്നത്.ഡില്‍ മന്‍ സം സ് ക്കാരവും, ബാര്‍ ബാര്‍ ക്ഷേത്രവും, അറാദ്‌ഫോര്‍ട്ടും നിറഞ്ഞ ചരിത്രവഴികളിലെ യാത്രികന്റെ ഓര്‍മ്മകള്‍ ക്ക് ഒരിക്കലും മങ്ങലേല്‍ക്കുന്നില്ല. മിക്ക യാത്രകളിലും ഇടത്താവളമായി മാറുന്ന തുറപ്പള്ളിയിലെ കൊച്ചു ഗ്രാമത്തിലെ റോഡ്ബഞ്ചില്‍ ചൂടു ചായ കുടിച്ച്,സ്വപ്ന ഭാണ്ഡവും പേറി സഞ്ചരിക്കുന്ന വിവിധ മനുഷ്യരുടെ കണ്ണിലെ തിളക്കങ്ങള്‍ കാണുക എഴുത്തു കാരന് എന്നും പ്രിയം.തൊലിയുരിഞ്ഞ യൂക്കാലിപ്റ്റസ് ഗന്ധംസ്വാഗതമോതുന്ന ഊട്ടിയുടെ തണുപ്പ് എല്ലാവര്‍ക്കുംപ്രിയപ്പെട്ടതാണ്.

മഞ്ഞുമൂടിയ പ്രഭാതങ്ങളിലെ പ്രണയം നിറഞ്ഞ ഇടവഴികള്‍, മതിലുകളില്‍ വിരിഞ്ഞുനില്‍ക്കുന്ന മഞ്ഞപ്പൂക്കള്‍, ഊട്ടിയെ കൂടുതല്‍ മനോഹരിയാക്കുന്നു. "കുട്ട" നിറയെ മധുരത്തിന്റെ നിറമാര്‍ന്ന കാഴ്ചകളത്രെ. കര്‍ണ്ണാടകയിലെയും തമിഴ്‌നാട്ടിലെയും ഗ്രാമങ്ങളെ പേറുന്ന ബസുകളും,മുല്ലപ്പൂ ചൂടിയ ഗ്രാമീണ സ്ത്രീകളും ഓറഞ്ചുതോട്ടങ്ങളും യാത്രികന്റെ മായാക്കാഴ്ചകളാവുന്നു
ജൈവവൈവിധ്യങ്ങള്‍ നിറഞ്ഞ ശിരുവാണിക്കാ ടോര്‍മ്മയുടെ സൗന്ദര്യം അതീവ ഹൃദ്യമായ വിവരണമാണ് .നാടുകാണി ചുരവും, വയനാടന്‍ ചുരവുംതങ്ങളുടെ വളവുകളില്‍ തീര്‍ക്കുന്ന സ്വപ്നങ്ങളുംപേറി മുതുമല ബന്ദിപ്പൂര്‍ വനങ്ങളുടെ നിഗൂഢതകളിലേക്ക് അയാള്‍ ഊളിയിടുന്നു. രാത്രിയുടെ നിഗൂഢസൗന്ദര്യം once upon a time in Anatolia സിനിമയില്‍ നാം കണ്ടതാണ്.

കെ.ജി ഹള്ളിയിലേക്കുള്ള യാത്ര കന്നഡഗ്രാമങ്ങളിലെ വിശുദ്ധിയാര്‍ന്ന കാര്‍ഷികയിടങ്ങളിലെ നേര്‍ക്കാഴ്ചകളത്രെ. പ്രഭാതത്തില്‍ സൂര്യകാന്തി
പൂക്കളിലെ മഞ്ഞു തുള്ളികള്‍ ഇളം വെയിലില്‍ മിന്നി ത്തിളങ്ങുന്ന കാഴ്ച... കളത്തില്‍ നിറയുന്നപെണ്‍മ.. കന്നഡ ഗ്രാമങ്ങളില്‍ മാത്രമുള്ള സുന്ദരദൃശ്യങ്ങള്‍. കേരളത്തിലെ ഏറ്റവും മനോഹര റെയില്‍വേ സ്‌റ്റേഷനായ നിലമ്പൂരും സ്‌റ്റേഷനില്‍ അങ്കലാപ്പ്നിറഞ്ഞ മുഖത്തോടെ ആരെയോ കാത്തു നിന്ന പെണ്‍കുട്ടിയില്‍ വേവലാതി പൂണ്ട ആളുകളുംഅയാളുടെ ഓര്‍മ്മകളില്‍ നിറയുന്നുപൂത്തുലഞ്ഞ കബനിക്കാടുകളും ഉച്ചവെയില്‍തിളയ്ക്കുന്ന കബനീനദിയുടെ തൊട്ടറിയാവുന്ന സൗന്ദര്യവും മറ്റൊരു നിറക്കാഴ്ചയാണീ പുസ്തകത്തില്‍. പരമ്പരാഗത കൃഷിരീതികളില്‍ ഇന്നും മുറുകെ പിടിച്ചു നില്‍ക്കുന്ന ഒമാനിലെ ഫലാജ് അല്‍ഷാമിലേക്കുള്ള യാത്ര കൗതുകകരമാണ്. പുകയിലയുടെ ഗന്ധം നിറഞ്ഞ വീരനഹോസഹള്ളിയിലെതണുപ്പാര്‍ന്ന ദിനങ്ങള്‍ കുടിയേറ്റ അതിജീവനത്തിന്റെ ഇരുണ്ട ദിനങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. കല്‍ക്കത്തയിലെ തല്‍തോല ബസാറിലേക്ക് യാത്രികനെനയിച്ചത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ പിതാവെഴുതിയ "താല്‍ തോല ബസാറിലെ മുഗള്‍ ചക്രവര്‍ത്തികള്‍ " എന്ന അന്വേഷണാത്മകമായ ലേഖനമാണ് .

ആ ലേഖനത്തിന്റെ അടിസ്ഥാനത്തിലാണ് യുവത്വത്തിലെ സ്വാതന്ത്ര്യ ദിനങ്ങളൊന്നില്‍ കിരീടവുംചെങ്കോലും നഷ്ടപ്പെട്ട് ഒരു നേരത്തെ ഭക്ഷണത്തിന് വേവലാതിപ്പെടുന്ന രാജപിന്‍മുറക്കാരുടെ ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യത്തിലേക്ക് യാത്രികനെ നയിച്ചത്അതി മനോഹരമായ ഈ മഞ്ഞു പൂക്കള്‍ പൊഴിയുന്ന യാത്രാക്കുറിപ്പുകള്‍ വായിച്ചാലും വായിച്ചാലും കൊതിതീരാത്ത വാക്കുകളിലൂടെയും വാചകങ്ങളിലൂടെയും നമ്മെ നയിക്കുന്നു ബര്‍ മാഗിലെ മഞ്ഞു പൂക്കള്‍ വില :90
പൂങ്കാവനം ബുക്‌സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക