Image

ശബരിമലയില്‍ ഇന്ന് സമാധാനം, നാളെ സംഘര്‍ഷം (എ.എസ് ശ്രീകുമാര്‍)

Published on 25 November, 2018
ശബരിമലയില്‍ ഇന്ന് സമാധാനം, നാളെ സംഘര്‍ഷം (എ.എസ് ശ്രീകുമാര്‍)
മണ്ഡല മഹോല്‍സവത്തിനായി നട തുറന്ന് ഒന്‍പത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശബരിമലയില്‍ എന്തും സംഭവിക്കാമെന്ന സ്ഥിതിയാണുള്ളത്. ഒരു ദിവസം സമാധാനപരമായി കടന്നുപോയാല്‍ പിറ്റെ ദിവസം സംഘര്‍ഷരൂരിതമായിരിക്കും. കാര്യങ്ങള്‍ ഒരുവിധം സന്തുലിതാവസ്ഥയിലെത്തുമ്പോഴായിരിക്കും ചിലര്‍ നാമജപവുമായെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ ഇരുമുടിക്കെട്ടും തോള്‍സഞ്ചിയുമായൊക്കെയായി എത്തുന്ന ഇവരുടെ ഐഡന്റിറ്റി കണ്ടുപിടിക്കുക പ്രയാസമാണ്. അതിനാല്‍ ഇവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുക മാത്രമാണ് പോലീസിനു മുന്നിലുള്ള പോംവഴി. ഈ കൂട്ടത്തില്‍ അറിയാതെ യഥാര്‍ത്ഥ വിശ്വാസികളും പെട്ടുപോയെന്നു വരാം. ഇന്നലെ (നവംബര്‍24) രാത്രി പത്തുമണിയോടെ ഇതുതന്നെയാണവിടെ സംഭവിച്ചത്.

രാത്രി ഹരിവരാസനം പാടി നടയടയ്ക്കുന്നതിന് തൊട്ട് മുന്‍പ് ബി.ജെ.പി കോട്ടയം ജില്ലാ ട്രഷറര്‍ കെ.ജി കണ്ണന്റെ നേതൃത്വത്തില്‍ ഒരു സംഘം പ്രതിഷേധ നാമജപം തുടങ്ങി. അതേസമയം നിരോധനാജ്ഞ ലംഘിച്ച് നാമജപ പ്രതിഷേധം നടത്തിയത് ബി.ജെ.പി സര്‍ക്കുലര്‍ പ്രകാരമെത്തിയവരെന്ന് റിപ്പോര്‍ട്ടുകളുമുണ്ട്. കെ.ജി കണ്ണന്‍ അടക്കം 82 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. സന്നിധാനത്ത് നടന്നത് സ്വാഭാവിക നാമജപം അല്ലെന്നും ആസൂത്രിതമായ പ്രതിഷേധം തന്നെ ആയിരുന്നു എന്നുമാണ് വ്യക്തമാകുന്നത്. ശബരിമലയില്‍ നിരോധനാജ്ഞ ലംഘിക്കാനും നാമജപ പ്രതിഷേധത്തിന് ആളെ എത്തിക്കാനും ബി.ജെ.പി നേരത്തെ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇത് പ്രകാരം 24-ാം തിയതി പ്രതിഷേധത്തിന് നേതൃത്വം കൊടുക്കേണ്ട ചുമതല കെ.ജി കണ്ണനാണ്.

'സംഘജില്ല'യായ പൊന്‍കുന്നത്തിന്റെ ചുമതലയുളള ജില്ലാ നേതാവ് എന്നാണ് സര്‍ക്കുലറില്‍ കെ.ജി കണ്ണന്റെ പേരിനൊപ്പം രേഖപ്പെടുത്തിയിരിക്കുന്നത്. 24ന് പൂഞ്ഞാര്‍, പാല, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ നിന്ന് പ്രതിഷേധത്തിന് ശബരിമലയിലേക്ക് ആളെ എത്തിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. കെ.ജി കണ്ണനെ കൂടാതെ മറ്റ് ബി.ജെ.പി, യുവമോര്‍ച്ച നേതാക്കളും സന്നിധാനത്ത് നിന്ന് പിടിയിലായി. ഇതോടെ സംഘര്‍ഷമൊഴിഞ്ഞ ശബരിമലയില്‍ വീണ്ടും അശാന്തി വിതയ്ക്കാനുളള ആസൂത്രിത ശ്രമമാണ് ബി.ജെ.പി നടത്തുന്നത് എന്ന വിമര്‍ശനത്തിന് കരുത്തേറുന്നു. പോലീസിന്റെ കണ്ണ് വെട്ടിച്ചാണ് ഒരു സംഘം വാവര്‍ നടയ്ക്ക് മുന്നിലെ ബാരിക്കേഡ് കടന്ന് ശരണം വിളിച്ചത്. പതിനെട്ടാം പടിക്ക് സമീപത്ത് മുപ്പതോളം പേരും ശരണംവിളി പ്രതിഷേധം നടത്തി. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാലും അതീവ സുരക്ഷാ മേഖല ആയതിനാലും പിന്മാറണമെന്ന് പോലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ പിന്മാറാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ഹരിവരാസനം കഴിഞ്ഞയുടനെ ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പോലീസ് നടപടിയായിരുന്നു ഇത്.

പോലീസ് നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയും കൂടുതല്‍ ഭക്തരെത്തിയും ശബരിമല സമാധാനത്തിലേക്ക് മടങ്ങവേ ഇന്ന് (നവംബര്‍ 25) നിലയ്ക്കലില്‍ പ്രതിഷേധത്തിന് എത്തിയ ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും അടങ്ങുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വി.കെ സജീവ് അടക്കമുളളവരാണ് അറസ്റ്റിലായിരിക്കുന്നത്. നിലയ്ക്കലിലേക്ക് നിരോധനാജ്ഞ ലംഘിച്ച് ജനകീയ മാര്‍ച്ച് നടത്തും എന്നായിരുന്നു ബി.ജെ.പി പ്രഖ്യാപിച്ചിരുന്നത്. ഇരുമുടിക്കെട്ടടക്കം എടുത്താണ് പ്രതിഷേധക്കാര്‍ എത്തിയത്. രണ്ട് വാഹനങ്ങളിലായി ഒന്‍പത് പേരായിരുന്നു സംഘത്തില്‍. ഇവരെ പമ്പയിലേക്ക് പോകാന്‍ അനുവദിക്കാതെ നിലയ്ക്കലില്‍ വെച്ച് പോലീസ് തടഞ്ഞു. സാധാരണ ഭക്തരായി കടന്ന് പോകണമെന്നും പ്രശ്‌നമുണ്ടാക്കരുതെന്നും പോലീസ് ഇവര്‍ക്ക് നിര്‍ദേശം നല്‍കി. 

ഇക്കാര്യം ഉറപ്പ് വരുത്താന്‍ നോട്ടീസില്‍ ഒപ്പിട്ട് നല്‍കണമെന്നും പോലീസ് ഇവരോട് ആവശ്യപ്പെട്ടു. എന്നാല്‍ നോട്ടീസ് കൈപ്പറ്റാന്‍ ഇവര്‍ തയ്യാറാകാത്തതിനാല്‍ ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. അപ്പോള്‍ ഉദ്ദേശ്യം വ്യക്തം. അറസ്റ്റ് ഭക്തരോടുളള വെല്ലുവിളിയാണെന്ന് വി.കെ സജീവന്‍ ആരോപിച്ചു. യുവതികളാരും പ്രവേശിക്കാത്തതിനെ തുടര്‍ന്ന് ശബരിമലയിലെ സമരം ചൂടാറിത്തുടങ്ങിയതോടെയാണ് നിരോധനാജ്ഞയുടെ പേരില്‍ വിഷയം സജീവമാക്കി നിര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുന്നത്. ശബരിമല സംഘര്‍ഷ ഭൂമിയാക്കി നിലനിര്‍ത്തണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടത്രേ. കേരളത്തലെ അയോധ്യയായി ശബരിമലയെ മാറ്റി രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണ് അവരുടെ കൃത്യമായ അജണ്ട. അതിനാല്‍ ശബരിമല ഇടതു സര്‍ക്കാരും ബി.ജെ.പിയും തമ്മിലുള്ള രാഷ്ട്രീയ പോരിന്റെ വളക്കൂറുള്ള വേദിയായിമാറിയിരിക്കുന്നു.

അതേസമയം പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധി ഇതുവരെ കേരള സര്‍ക്കാരിന് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ശ്രദ്ധേയം. ലിംഗ സമത്വ വാദിയും കൊടും ആക്ടിവിസ്റ്റുമായ തൃപ്തി ദേശായിക്കുപോലും പമ്പയില്‍ 'തീര്‍ത്ഥയാത്ര' അവസാനിപ്പിക്കേണ്ടി വന്നു. അപ്പോള്‍ മറ്റുള്ളവരുടെ കാര്യം പറയണോ. 10നും 50 ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ ശബരിമലയിലെത്തുന്നില്ല. ഈ പ്രായത്തില്‍ പെടാത്ത സ്ത്രീകളുടെ എണ്ണവും കുറവാണ്. ഈ പശ്ചാത്തലത്തില്‍ വിധി നടപ്പാക്കാനായി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. മൂന്ന് ദിവസത്തിനുള്ളില്‍ ഹര്‍ജി നല്‍കുമത്രേ. ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ തങ്ങളെ വിധി നടപ്പാക്കുന്നതില്‍ നിന്ന് തടയുന്നുവെന്ന് പോലീസ് പറയുന്നു. 

സന്നിധാനത്തെയും പമ്പയിലെയും നിലയ്ക്കലെയുമൊക്കെ പോലീസ് നടപടികള്‍ വന്‍ വിമര്‍ശനങ്ങള്‍ ക്ഷണിച്ചിവരുത്തിയിരുന്നു. എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെയും ബി.ജെ.പി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതും പോലീസ് ഗൗരവമായി എടുത്തിട്ടുണ്ട്. ഹൈക്കോടതിയില്‍ നിന്ന് വിമര്‍ശനം പോലീസിന് നേരെയുണ്ടായിരുന്നു. ഭക്തരെ തടയുന്ന സമീപനമാണ് പോലീസിന്റേതെന്നും ചെറിയ കുട്ടികള്‍ക്ക് വരെ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഇതെല്ലാം ഹര്‍ജിയില്‍ ഉന്നയിക്കുന്നുണ്ട്. ഇത്തരം പരാമര്‍ശങ്ങള്‍ പോലീസിന്റെ വീര്യം ഇല്ലാതാക്കുന്നതാണെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ പറയുന്നു. സുപ്രീം കോടതിയുടെ വിധി അനുസരിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും, ഇനി മറിച്ച് ഏതെങ്കിലും തരത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അതിന് സുപ്രീം കോടതി നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ഉന്നയിക്കും.

ഇന്നലത്തെയും ഇന്നത്തെയും അറസ്റ്റുകളുടെ പശ്ചാത്തലത്തില്‍ സംഘസന്നിധാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ തുടര്‍ന്നേക്കുമെന്ന് സൂചന. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിരുന്നെങ്കിലും നിരോധനാജ്ഞ തുടരുന്നുണ്ട്. സാഹചര്യം പരിശോധിച്ച ശേഷം പിന്‍വലിക്കാമെന്നാണ് പോലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ 24 രാത്രിയുണ്ടായ പ്രതിഷേധവും അറസ്റ്റും ശക്തമായ നടപടി തുടരാന്‍ പോലീസിനെ നിര്‍ബന്ധിച്ചിരിക്കുകയാണ്. ഇനി സാഹചര്യം വിശദമായി പരിശോധിച്ച ശേഷം മാത്രമേ നിരോധനാജ്ഞ പിന്‍വലിക്കൂ എന്നാണ് പോലീസ് പറയുന്നത്. ജനുവരി 14 വരെ നിരോധനാജ്ഞ നീട്ടണമെന്നാണ് പോലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പിന്‍വലിക്കാമെന്ന അഭിപ്രായം മുന്നോട്ടുവച്ചു. പ്രതിഷേധങ്ങള്‍ കുറഞ്ഞ സാഹചര്യത്തിലായിരുന്നു ഇത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നിരോധനാജ്ഞ പിന്‍വലിക്കുന്നതിനെ അനുകൂലിച്ചിരുന്നു. തുടര്‍ന്നാണ് നാല് ദിവസം പരിശോധിച്ച ശേഷം പിന്‍വലിക്കാമെന്ന് പോലീസ് തീരുമാനിച്ചത്. അതിനിടെയാണ് 24ന് രാത്രി പ്രതിഷേധവും കൂട്ട അറസ്റ്റുമുണ്ടായത്. പിന്നെ ഇന്നത്തെ നിലയ്ക്കല്‍ അറസ്റ്റും കൂടിയായപ്പോള്‍ പോലീസിന്റെ ഭാഗത്തുനിന്ന് വിട്ടുവീഴ്ച ഒട്ടും പ്രതീക്ഷിക്കേണ്ട. അങ്ങനെ വിശ്വാസികള്‍ക്ക് ഒരിടത്തും ശരണമില്ലാതാവുന്നു.

ശബരിമലയില്‍ ഇന്ന് സമാധാനം, നാളെ സംഘര്‍ഷം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക