Image

ഗുരുദക്ഷിണ (ചെറുകഥ: ഷിനോ കുര്യന്‍)

Published on 25 November, 2018
ഗുരുദക്ഷിണ (ചെറുകഥ: ഷിനോ കുര്യന്‍)
“മോളൂട്ടി കുടയെവിടെയാ?” വീട്ടിനുള്ളില്‍ എവിടെയോ ഉച്ചത്തില്‍ ഗൃഹപാഠം ചൊല്ലുന്ന ശബ്ദത്തിന്റെ ദിശ ലക്ഷ്യമാക്കി സതി ടീച്ചര്‍ അല്പം ഉച്ചത്തിലാണ് പേരക്കുട്ടിയോട് ചോദിച്ചത്.

“അമ്മ എങ്ങടാ ഈ അതിരാവിലെ?” പേരക്കുട്ടിയ്ക്ക് പകരം മകളാണെത്തിയത്, രാവിലെ അടുക്കള കാര്യത്തില്‍ പതിവുള്ള സഹായത്തിന് ചൊല്ലാത്തതിലുള്ള പരിഭവം മകളുടെ ശബ്ദത്തില്‍ ഉറഞ്ഞു നിന്നു.

‘’മോളൂട്ടിയെവിടെ, അവളെന്റെ കുട എവിടെയാ വച്ചിരിക്കുന്നത്?’’ ടീച്ചര്‍ ഒഴിഞ്ഞുമാറുവാന്‍ ശ്രമിച്ചു. അമ്മ മൂന്നുനാലു ദിവസമായല്ലോ ഈ ഒരുക്കങ്ങള്‍ തുടങ്ങിയിട്ട് എങ്ങടാ ഈ യാത്ര. മകള്‍ വിടാനുള്ള ഭാവമില്ല. ‘’ഇന്നല്ലേ ഈ സ്കൂളില്‍ യുവജനോത്സവം. അവിടെ വരെയൊന്ന്..’’

‘’അമ്മയ്ക്ക് ഈ വയസ്സുകാലത്ത് എന്തിന്റെ കേടാ, യുവജനോത്സവം യുവജനങ്ങള്‍ക്കല്ലേ, അമ്മ ഈ വെയിലത്ത് അവിടെ പോയി തിരക്കു കൊള്ളണോ?” മകള്‍ ശുണ്ഠിയിലാണ്.
“നീ ബാങ്കില്‍ പണത്തിന്റെ കണക്കുകളല്ലേ പരിശീലിക്കുന്നത്. അതുകൊണ്ടാ, ടീച്ചര്‍മാര്‍ മനസ്സിന്റെ കണക്കുകളാണ് പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നത്. മനസ്സില്‍ ചെറുപ്പം ഉള്ള ആര്‍ക്കും യുവജനോത്സവം ആസ്വദിക്കാം. നീ കുടയെടുത്ത് താ”. ടീച്ചര്‍ വിട്ടുകൊടുക്കില്ല എന്നു കണ്ട് മകള്‍ നിശ്ശബ്ദയായി.

“മോളൂട്ടിയെവിടെ അവള്‍ വരുന്നെന്നു പറഞ്ഞതാണല്ലോ”.
“ങാ നല്ല കഥയായി, അവള്‍ക്ക് “ഹോം വര്‍ക്ക് ചെയ്യാനുണ്ട്. അവള്‍ക്ക് ഇന്ന് സ്കൂളില്‍ പോകണ്ടേ”,
ഹായ് യുവജനോത്സവം ഉള്ളപ്പോള്‍ പഠിപ്പുണ്ടോ? “
“അമ്മേ ഇത് സര്‍ക്കാര്‍ സ്കൂളിലെ യുവജനോത്സവം ആണ്. അവള്‍ ഇംഗ്ലീഷ് മീഡിയത്തിലല്ലേ”.
ആ വ്യത്യാസം മനസ്സിലാക്കുവാന്‍ നില്‍ക്കാതെ ടീച്ചര്‍ കുടയന്വേഷിച്ചു തുടങ്ങി. ഒടുവില്‍ കുടയും ചെരുപ്പും എടുത്ത് ടീച്ചര്‍ വേഗത്തില്‍ നടയിറങ്ങി.

പണ്ടും ഇങ്ങനെയായിരുന്നു. എന്നും മകന്റെയും മകളുടെയും സ്കൂള്‍ വിഷയങ്ങളും അദ്ദേഹത്തിന്റെ വസ്ത്രങ്ങളും ഭക്ഷണപ്പൊതികളും ഒക്കെ തയ്യാറാക്കി കഴിഞ്ഞ് സ്കൂളിലേക്ക് ഓടുകയാകും പതിവ്. പക്ഷേ ആ യാത്രകള്‍ ഉല്ലാസത്തിന്റേതായിരുന്നു. നടവഴിയിലൂടെ ഒരു പറ്റം കുട്ടികള്‍ക്കൊപ്പം. എല്ലാ കുട്ടികളും ടീച്ചറിനോട് നമസ്‌തേ പറയണം. എല്ലാ പ്രഭാതത്തിലും ഒരായിരം നമസ്‌തേ പറഞ്ഞ് തൊണ്ട വേദനിക്കാറുണ്ടെങ്കിലും ടീച്ചറിന്റെ നമസ്‌തേ കേള്‍ക്കുന്ന കുഞ്ഞുങ്ങളുടെ മുഖപ്രകാശം ഒരു സന്തോഷമായിരുന്നു. ഒരിക്കല്‍ ആ യാത്ര കണ്ട അദ്ദേഹം വീട്ടില്‍ വന്നു കുറേയേറെ ചിരിച്ചു. പണ്ടത്തെ കുഴലൂത്തുകാരന്റെ യാത്ര പോലുണ്ടല്ലോ സതീ, നിന്റെ സ്കൂള്‍ യാത്ര. എലികളെയും കുട്ടികളെയും സമുദ്രത്തിലേക്ക് നയിച്ച ബാഗ്‌പെപ്പറുടെ കഥയോര്‍ത്ത് മുഖം കൂര്‍പ്പിച്ചപ്പോള്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു പക്ഷേ ഒന്നുണ്ട് ട്ടോ നീ കുട്ടികളെ അക്ഷരത്തിന്റെ വെളിച്ചത്തിലേക്കാണ് നയിക്കുന്നത്. ജീവിതത്തിലെന്നും സൂക്ഷിച്ചുവെച്ച പ്രശംസകളിലൊന്നായിരുന്നു അദ്ദേഹത്തിന്റെ ആ പ്രസ്താവന.

ഒരിക്കലും മനപൂര്‍വ്വം തന്നെ വേദനിപ്പിക്കാതെ, നേരം പോക്കുകള്‍ പറഞ്ഞ് ജീവിച്ച ആ നാളുകള്‍ ഇന്നലത്തെപ്പോലെ നില്‍ക്കുന്നു.

അദ്ദേഹം പോയിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞു. അദ്ദേഹത്തിന്റെ മരണശേഷം എല്ലാം വിരസങ്ങളായി. ബാങ്കുദ്യോഗസ്ഥയായ മകളും അറബിനാട്ടിലുള്ള മരുമകനും അവരുടെ തിരക്കുകളിലാണ്. അമേരിക്കയില്‍ നിന്ന് മകന്റെ ചെറുവരികളും പണരസീതുകളും മുറ തെറ്റാതെ വരുന്നുണ്ട്. മകന്റെ വിശേഷങ്ങള്‍ തന്റെ സമ്പാദ്യവും പണ രസീതുകള്‍ മകളുടെ അക്കൗണ്ടിലേക്കും കരുതി വെച്ച് ടീച്ചര്‍ ജീവിതം കഴിയ്ക്കുന്നു. മനസ്സില്‍ പോലും മക്കളോട് പരിഭവമില്ല. അവര്‍ ജീവിതം അവരുടേതു പോലെ കഴിയ്ക്കുന്നു. അമ്മയോടുള്ള കടമകള്‍ സാഹചര്യം അനുവദിയ്ക്കും വിധം നിറവേറ്റുന്നുണ്ട്.

അദ്ദേഹം മരിച്ചപ്പോള്‍ കുടുംബവീട്ടില്‍ നിന്നും മകള്‍ക്കൊപ്പം പട്ടണത്തിലേക്ക് മാറണം. അല്ലെങ്കില്‍ അമേരിക്കയിലേക്ക് എന്ന് രണ്ടുപേരും നിര്‍ബ്ബന്ധിച്ചതാണ്. പക്ഷേ കൂട്ടാക്കിയില്ല. അച്ഛന്റെ മരണമറിഞ്ഞ് എത്തിയ മകന്‍ അമ്മയെ ഒറ്റയ്ക്കാക്കി പോകില്ല എന്നായി, ഒടുവില്‍ ഗ്രാമത്തില്‍ നിന്നും പട്ടണത്തിലെ ബാങ്കിലേക്കുള്ള യാത്രയുടെ ബുദ്ധിമുട്ടുണ്ടെങ്കിലും മകള്‍ കുടുംബത്തിലേക്ക് താമസം മാറി.
മോളൂട്ടിയുടെ സ്കൂളില്‍ പോക്കും ഒരു പ്രശ്‌നമാണ്. തിങ്ങി നിറഞ്ഞ സ്കൂള്‍ ബസ്സില്‍ നീണ്ട യാത്രയുണ്ടെങ്കിലും മോളൂട്ടിക്ക് അമ്മയുടെ വീടാണിഷ്ടം. അതിനൊരു കാരണമേയുള്ളൂ-അമ്മയുടെ വീട്ടില്‍ കണ്ണിമാങ്ങയും തുമ്പിയും ധാരാളമുണ്ട്, പിന്നെ എല്ലാറ്റിനും മോളൂട്ടിയെ സപ്പോര്‍ട്ട് ചെയ്യാന്‍ അമ്മമ്മയും.

മോളൂട്ടിയാണ് ഇപ്പോള്‍ ടീച്ചറിന്റെ ജീവിതത്തിന് അല്പമെങ്കിലും നിറം നല്‍കുന്നത്. തുമ്പിയെ പിടിച്ച് കളിച്ചു നടക്കുന്നതില്‍ എന്നും അമ്മയുടെ വഴക്ക് കിട്ടാറുണ്ടെങ്കിലും അമ്മമ്മയുടെ സ്കൂള്‍ കഥകളും നാമം ചൊല്ലലും ഒക്കെയാണ് അവളുടെ ഇഷ്ടങ്ങള്‍. മോളൂട്ടിയുള്ളതുകൊണ്ട് ടീച്ചറിന് സമയം പോകുന്നത് അറിയില്ല. അവള്‍ സ്കൂളില്‍ പോയാല്‍ വരുംവരെ ടീച്ചറിന് ശ്വാസംമുട്ടലാണ്. മക്കള്‍ വളരുന്ന കാലത്ത് പോലും ഇത്ര വേവലാതി ഇല്ലായിരുന്നു. ഓരോന്ന് ആലോചിച്ച് നടന്നതു കൊണ്ടാവും കാലുകള്‍ നീങ്ങുന്നില്ല. പണ്ട് നടത്തവേഗത്തില്‍ ടീച്ചര്‍ ഒരു അത്ഭുതമായിരുന്നു. ഈ നടവഴിയിലൂടെ സ്കൂളിലേക്കും തിരികെയും 28 വര്‍ഷത്തോളം നടന്നു. ഒരിക്കലും മടുപ്പ് തോന്നിയിട്ടില്ല. എല്ലാവര്‍ഷവും പുതുനാമ്പുകളെപ്പോലെ കുട്ടികള്‍ അവരുടെ ചിരി, കരച്ചില്‍, ബഹളം ഒക്കെ ടീച്ചറിന്റെ ചെവിയില്‍ മുഴങ്ങി.

‘പ്രിയ വിദ്യാര്‍ത്ഥികളെ, മാതാപിതാക്കളെ, ഗുരുജനങ്ങളെ…’
മൈക്കിലൂടെ ആരുടെയോ ശബ്ദം പ്രധാനവേദിയില്‍ മുഴങ്ങുന്നു. ഉദ്ഘാടകനായ നമ്മുടെ ബഹുമാനപ്പെട്ട മന്ത്രി അല്പസമയത്തിനുള്ളില്‍ എത്തിച്ചേരുന്നതാണ്. ദയവായി നിശ്ശബ്ദരായി ഇരിക്കുക. പ്രധാനവേദിയില്‍ സദസ്സില്‍ ഒരരുകിലായി ടീച്ചര്‍ ഇരിക്കുന്നു. മന്ത്രി ഇതുവരെ എത്തിയിട്ടില്ല.
പണ്ട് സ്കൂളിലെ ഒരു പരിപാടി ഉദ്ഘാടനം നടത്താമെന്ന് സമ്മതിച്ച ജില്ലാ കളക്ടര്‍ പതിനഞ്ച് മിനിട്ട് വൈകിയതും ഹെഡ്മാസ്റ്ററായിരുന്ന വേലായുധന്‍ സാര്‍ ഒന്നാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ കുട്ടിയെ കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്യിച്ചതും ഒടുവില്‍ കളക്ടര്‍ വന്ന് ആശംസാ പ്രസംഗം ചെയ്തതും ടീച്ചര്‍ ഓര്‍ത്തു. കളക്ടറുടെ പ്രസംഗത്തില്‍ ഒട്ടും പരിഭവം ഇല്ലായിരുന്നു. ഉദ്ഘാടനം ചെയ്യുവാന്‍ തന്നെക്കാള്‍ അര്‍ഹത ആ കൊച്ചുകുട്ടിക്കാണ് എന്ന് പറഞ്ഞാണ് കളക്ടര്‍ പ്രസംഗിച്ചത്.

ഒടുവില്‍ മന്ത്രിയെത്തി സ്വീകരണവും ഉദ്ഘാടനവും രാഷ്ട്രീയ പ്രസംഗങ്ങളും ഒക്കെ കഴിഞ്ഞ് പരിപാടികള്‍ ആരംഭിച്ചപ്പോള്‍ പതിനൊന്ന് മണി കഴിഞ്ഞു. പ്രധാനവേദിയില്‍ പ്രസംഗം, മോണോ ആക്ട്, മിമിക്രിയൊക്കെയാണ് അരങ്ങേറിയത്. പ്രസംഗിച്ച കുട്ടികള്‍ പറഞ്ഞ വലിയ കാര്യങ്ങള്‍ പലതും ടീച്ചര്‍ക്ക് മനസ്സിലായില്ല. മോണോ ആക്ടില്‍ മാമ്പഴവും പിന്നെ ഒഥെല്ലോയിലെ അവസാന രംഗവും ടീച്ചര്‍ക്ക് ഇഷ്ടപ്പെട്ടു. രാഷ്ട്രീയ പരിഹാസങ്ങള്‍ കേട്ട് എല്ലാവരും ചിരിച്ചുവെങ്കിലും ടീച്ചര്‍ നിശ്ശബ്ദയായിരുന്നു. അദ്ദേഹം പത്രം വായിച്ച് വിവരിച്ചിരുന്ന രാഷ്ട്രീയബോധമേ ടീച്ചറിനുള്ളൂ. അദ്ദേഹം പോയതോടെ അതും തീര്‍ന്നു. ഇന്നത്തെ കുഞ്ഞുങ്ങള്‍ ഒരുപാട് വളര്‍ന്നല്ലോ എന്ന് ചിന്തിച്ച് ടീച്ചര്‍ രണ്ടാം വേദിയിലേക്ക് നടന്നു.

രണ്ടാം വേദിയില്‍ നൃത്തപരിപാടികളായിരുന്നു. ടീച്ചര്‍ ചെന്നപ്പോഴേക്കും മോഹിനിയാട്ടത്തില്‍ അവസാന കുട്ടിയായിരുന്നു. നേരത്തെ തന്നെ ഇങ്ങോട്ട് വരാതെ ഒന്നാം വേദിയിലിരുന്ന് മുഷിഞ്ഞതില്‍ ടീച്ചര്‍ക്ക് കുണ്ഠിതം തോന്നി. മോഹിനിയാട്ടം കാണുക അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. നൃത്തത്തെക്കാളേറെ കസവുള്ള ചന്ദനനിറ വസ്ത്രത്തിലായിരുന്നു അദ്ദേഹത്തിന് കമ്പം. എല്ലാ വിശേഷ ദിവസങ്ങളിലും താന്‍ കസവുകരയുള്ള സെറ്റ് ധരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബ്ബന്ധമായിരുന്നു. ഒരു ഓണത്തിന് അദ്ദേഹത്തിന് താന്‍ വാങ്ങിക്കൊടുത്ത കസവ് മുണ്ട് എന്നും അദ്ദേഹം അമൂല്യമായി സൂക്ഷിച്ചു. ഒരു കര്‍ഷകനായ എനിക്ക് എന്റെ സതി ടീച്ചര്‍ നല്‍കിയ ഏറ്റവും സുന്ദരമായ സമ്മാനം എന്ന് സ്വകാര്യ നിമിഷങ്ങളില്‍ പ്രേമപൂര്‍വ്വം പറയാറുണ്ടായിരുന്നത് ഓര്‍ത്ത് ടീച്ചറിന്റെ കണ്ണ് നിറഞ്ഞു. വേദിയില്‍ നാടോടി നൃത്തം തുടങ്ങി കഴിഞ്ഞു. കുറത്തിയെ പ്രതീക്ഷിച്ചിരുന്ന ടീച്ചര്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിച്ച കുട്ടികള്‍ നൃത്തം ചെയ്യുന്നത് കണ്ട് അത്ഭുതം കൂറി.

ഇപ്പോള്‍ കുറത്തികളും ഒരു പാട് പുരോഗമിച്ചു. ആരോ തമാശ പൊട്ടിച്ചു, ആ ഭാഗത്ത് കൂട്ട ചിരി ഉയര്‍ന്നു. ടീച്ചറിന് ഏറ്റവും ഇഷ്ടമുള്ള കുറത്തിയും വേദിയിലെത്തി. എന്നും ഏറ്റവും അധികം ഇഷ്ടപ്പെട്ട നൃത്തം കുറത്തിയുടേതാണ്. നൃത്തം ആസ്വദിച്ചിരിക്കുന്നതിനിടയിലാണ് ഒച്ചത്തിലൊരു വിളി കേട്ടത്,

‘ടീച്ചറെ, സതി ടീച്ചറെ..‘
ആകാംക്ഷ നിറഞ്ഞ ശബ്ദമായിരുന്നു അത്,
നമസ്‌തേ,….
പെട്ടെന്ന് ടീച്ചര്‍ തന്റെ പഴയ ദിവസങ്ങളിലേക്ക് ഉയര്‍ന്നു. നമസ്‌തേ പറഞ്ഞ് ഒരു കൊച്ചുകുട്ടിയുടെ മുഖമാണ് ആള്‍ക്കൂട്ടത്തില്‍ പരതിയത്. പകരം ഒരു തടിച്ച മുഖവും വലിയ മീശയും വില കൂടിയ വസ്ത്രങ്ങളും സ്വര്‍ണ്ണ ചെയിനും ധരിച്ച ഒരാളെയാണ് ടീച്ചര്‍ കണ്ടത്,

ടീച്ചര്‍ക്കെന്നെ മനസ്സിലായില്ലേ, ഞാന്‍ തോമസ്സുകുട്ടി…

ഇരുപത്തെട്ടു വര്‍ഷത്തില്‍ കടന്നുപോയ കുഞ്ഞ് മുഖങ്ങളിലൂടെ മനസ്സ് വേഗത്തില്‍ പാഞ്ഞു.

“ടീച്ചറെ ഞാന്‍ ഒന്ന് ബിയില്‍ ടീച്ചറിന്റെ ക്ലാസില്‍ പഠിച്ചതാണ്. ഒരു തല്ലുകൊള്ളി മണ്ടന്‍. പക്ഷേ ടീച്ചര്‍ എന്നെ തല്ലിയിട്ടില്ല ട്ടോ, ടീച്ചര്‍ ആരേയും തല്ലാറില്ലായിരുന്നല്ലോ.”

വലിയ ഒരു ചിരിയോട് കൂടിയായിരുന്നു തോമസ്സുകുട്ടി പറയുന്നത്. അയാള്‍ വലിയ ആഹ്ലാദത്തിലാണ്. അടുത്തിരിക്കുന്നവരൊക്കെ നോക്കുന്നുവെങ്കിലും അയാള്‍ക്ക് ഒട്ടും നാണം തോന്നിയില്ല. ആളുകള്‍ക്കിടയിലൂടെ അയാള്‍ ടീച്ചറിന്റെ അടുത്തേക്ക് വന്നു. തഴമ്പുള്ള കൈകള്‍ കൊണ്ട് വളരെ അടുപ്പത്തോടെ ടീച്ചറിന്റെ കൈകള്‍ ചേര്‍ത്ത് പിടിച്ചു. ടീച്ചര്‍ ആകെ അത്ഭുതത്തിലായിരുന്നു.

“ടീച്ചറെ കണ്ടതില്‍ സന്തോഷം. എന്റെ മകളുടെ ഡാന്‍സുണ്ടായിരുന്നു. ഇന്നായിരുന്നു അരങ്ങേറ്റം. നേരത്തേയായിരുന്നെങ്കില്‍ അവളെ ടീച്ചര്‍ അനുഗ്രഹിച്ചു..”

അയാള്‍ ഒന്നു നിര്‍ത്തി, പിന്നെ തുടര്‍ന്നു
“സാരമില്ല ഇനിയായാലും കുഴപ്പമില്ല.”
ടീച്ചര്‍ പഴയ മുഖങ്ങള്‍ ആകെ ഓര്‍ത്തുവെങ്കിലും തോമസ്സുകുട്ടിയുടെ തടിച്ച മുഖം ഓര്‍ത്തെടുക്കുവാന്‍ കഴിഞ്ഞില്ല.

അയാള്‍ കൈകൊട്ടിയപ്പോള്‍ നൃത്തച്ചമയങ്ങളോടെ ഒരു കുട്ടി ഓടിയെത്തി. അയാളോട് ചേര്‍ന്ന് നിന്ന് ടീച്ചറിന്റെ മുഖത്തേക്ക് നോക്കി. കുസൃതി നിറഞ്ഞ കൊച്ചുമുഖം. നൃത്തത്തിനായി അണിഞ്ഞ ചമയങ്ങള്‍ വിയര്‍പ്പില്‍ അഴിഞ്ഞു തുടങ്ങിയിരുന്നു.
“ഇത് പപ്പയെ പഠിപ്പിച്ച ടീച്ചറാണ്. ടീച്ചറിന്റെ അനുഗ്രഹം വാങ്ങൂ.”
അയാള്‍ പറഞ്ഞു തീരും മുമ്പ് കുട്ടി കുനിഞ്ഞ് ടീച്ചറിന്റെ കാലുകളില്‍ തൊട്ടുയര്‍ന്നു. ടീച്ചറിന് ആഹ്ലാദം കൊണ്ട് തൊണ്ടയില്‍ ഭാരം തോന്നി. വിറയ്ക്കുന്ന കൈകള്‍ കൊണ്ട് അവര്‍ കുട്ടിയെ തന്റെ ശരീരത്തോട് ചേര്‍ത്ത് നിര്‍ത്തി.

“ഞാന്‍ കുറേനാള്‍ ബോംബേയിലും പിന്നെ ഗള്‍ഫിലും ആയിരുന്നു. ഈയിടെ എല്ലാം മതിയാക്കി നാട്ടിലെത്തിയതാണ്. ടീച്ചറിന്റെ വീടറിയില്ല. കണ്ടതില്‍ ഒരു പാട് സന്തോഷമുണ്ട്.”
ടീച്ചര്‍ക്ക് ഒന്നും മിണ്ടാനായില്ല. കാല്‍വിരലുകളില്‍ അനു‘വിച്ച നമസ്കാരത്തിന്റെ അനു‘ൂതി ജീവിതത്തിലെ ഏറ്റവും വലിയ ദക്ഷിണകളുടെ കൂട്ടത്തിലേക്ക് ചേര്‍ക്കുകയായിരുന്നവര്‍.

അവിടെയിരുന്ന എല്ലാവരുടെയും ശ്രദ്ധ അവരിലേക്കായി.
“എല്ലാവരും എന്നെ തല്ലി നന്നാക്കുവനാണ് ശ്രമിച്ചത്. പക്ഷേ ഞാന്‍ ഭക്ഷണം കഴിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചില്ല. സതി ടീച്ചറാണ് എന്റെ ഒഴിഞ്ഞ പാത്രവും വയറും കണ്ടറിഞ്ഞത്. എനിക്ക് ഒരുപാട് ദിവസങ്ങളില്‍ ടീച്ചറിന്റെ ഉച്ചഭക്ഷണം തന്നിട്ടുണ്ട്. ബോംബേയില്‍ പട്ടിണി കിടക്കേണ്ടി വന്നിട്ടുള്ളപ്പോഴും ഗള്‍ഫില്‍ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച നാളുകളിലും ടീച്ചര്‍ നല്‍കിയ ഭക്ഷണത്തിന്റെ രുചി ഞാനോര്‍ക്കുമായിരുന്നു.”

പകുതി ആത്മഗതം പോലെയും ശേഷം ചുറ്റും നിന്നവരോടുമായാണ് തോമസ്സുകുട്ടി പറഞ്ഞത്. ഒന്നും മിണ്ടാതെ അത്ഭുതത്തോടെ നില്‍ക്കുന്ന ടീച്ചറിന്റെ മുഖം കണ്ടിട്ടാവും തോമസ്സുകുട്ടി തന്റെ പോക്കറ്റില്‍ നിന്നും തടിച്ച പേഴ്‌സ് പുറത്തെടുത്ത് തുറന്നു. അതിന്റെ ഉള്ളറകളില്‍ പരിശോധിച്ച് പഴകിയ ഒരു ഫോട്ടോയുടെ കഷ്ണം എടുത്ത് കാട്ടി. സ്കൂള്‍ വര്‍ഷാവസാനം എടുത്ത ഫോട്ടോ-സെറ്റ് സാരിയിലും ചന്ദനക്കുറിയുടെ ശോഭയിലും ഒരു ചെറുപുഞ്ചിരിയുമായിരിക്കുന്ന ടീച്ചറും കുറെ കുട്ടികളും. ചുറ്റും ഇരുന്നവരൊക്കെ എഴുന്നേറ്റ് നിന്ന് ആ ഫോട്ടോ കണ്ടു.

“ദാ ഈയിരിക്കുന്ന കൂര്‍ത്തമുഖം എന്റേതാണ്.”

തോമസ്സുകുട്ടി തന്റെ തടിച്ചമുഖത്ത് തികഞ്ഞ അഭിമാനത്തോടെയാണ് ഫോട്ടോയില്‍ ടീച്ചറിനു താഴെയിരിക്കുന്ന ഒരു മുഖം തൊട്ടു കാട്ടിയത്. ആ ഫോട്ടോചീന്ത് കൈകളിലേക്ക് വാങ്ങിയപ്പോള്‍ സതി ടീച്ചറിന്റെ കണ്ണ് നിറഞ്ഞു. നനഞ്ഞ കണ്‍പീലികള്‍ക്കിടയിലൂടെ ടീച്ചര്‍ തോമസ്സ്കുട്ടിയെ കണ്ടു....
***********************************************
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക