Image

ആല്‍ബനിയില്‍ ഒരു പറിച്ചു നടലിന്റെ വേപുഥയില്‍ ജീവനക്കാര്‍

മൊയ്തീന്‍ പുത്തന്‍ചിറ Published on 08 April, 2012
ആല്‍ബനിയില്‍ ഒരു പറിച്ചു നടലിന്റെ വേപുഥയില്‍ ജീവനക്കാര്‍
ആല്‍ബനി (ന്യൂയോര്‍ക്ക്):വാടകക്കെട്ടിടങ്ങളില്‍ നിന്ന് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലേക്ക് ജീവനക്കാരെമാറ്റാനുള്ള ന്യൂയോര്‍ക്ക് ഗവര്‍ണറുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് ആല്‍ബനിയിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തങ്ങളുടെ പുതിയ ജോലി സ്ഥലം കാണാനുള്ള പരക്കം പാച്ചിലാണ്. ഈ പരക്കം പാച്ചില്‍ മറ്റു ജീവനക്കാര്‍ക്ക് തലവേദനയായപ്പോള്‍ സിവില്‍ സര്‍വ്വീസ് കമ്മീഷണര്‍ പട്രീഷ്യാ ഹൈറ്റ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.

ആല്‍ബനിയിലെ ആല്‍ഫ്രഡ് ഇ. സ്മിത്ത് ബില്‍ഡിംഗില്‍ നിന്ന് 430 പേരാണ് എംപയര്‍ സ്റ്റേറ്റ് പ്ലാസയിലുള്ള ഏജന്‍സി ബില്‍ഡിംഗ് ഒന്നിലേക്ക് മാറുന്നത്. തങ്ങള്‍ മാറാനുദ്ദേശിക്കുന്ന സ്ഥലവും ഇരിപ്പിടവും കാണാന്‍ വരുന്നവരാണ് അവിടെ ജോലി ചെയ്തുകൊണ്ടിരിക്കുന്നമറ്റു ജീവനക്കാര്‍ക്ക് തലവേദനയായത്. മുന്‍കൂട്ടി അറിയിക്കാതെ വരുന്നവര്‍ താന്താങ്ങളുടെ പുതിയ ഇരിപ്പിടങ്ങള്‍ കാണാനും, സൗകര്യങ്ങള്‍ വിലയിരുത്താനുംതുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് കമ്മീഷണറുടെ ഓഫീസ് അറിയിച്ചു.

ആല്‍ഫ്രഡ് സ്മിത്ത് ബില്‍ഡിംഗില്‍ നിന്ന് 430 പേര്‍ ഒഴിഞ്ഞു പോകുമ്പോള്‍ സ്റ്റ്യുവസന്റ് പ്ലാസയിലുള്ള ഡിവിഷന്‍ ഓഫ് ക്രിമിനല്‍ ജസ്റ്റിസ് സര്‍വ്വീസ് അവിടേക്ക് മാറും. സ്‌കെനക്ടഡിയിലെ328 സ്റ്റേറ്റ് സ്ട്രീറ്റില്‍ സ്ഥിതി ചെയ്യുന്ന ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പൊര്‍ട്ടേഷനിലെ 200 പേര്‍ ആല്‍ബനി വോള്‍ഫ് റോഡിലേക്ക് മാറും. ആല്‍ബനിയിലെ 20 പാര്‍ക്ക് സ്ട്രീറ്റില്‍ ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന വര്‍ക്കേഴ്‌സ് കോംപന്‍സേഷന്‍ ബോര്‍ഡിലെ 300 പേര്‍ സ്‌കെനക്ടഡിയിലേക്ക് മാറും. ട്രോയിയിലുള്ള ഫ്‌ളാനഗന്‍ സ്‌ക്വയര്‍, ഹെഡ്‌ലി ബില്‍ഡിംഗ് എന്നിവിടങ്ങളിലെ 600 ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ജീവനക്കാര്‍ ആല്‍ബനിയിലെ എംപയര്‍ സ്റ്റേറ്റ് പ്ലാസയിലെ കോണിംഗ് ടവറിലേക്ക് മാറും.

സര്‍ക്കാര്‍ ജോലിക്കാരെ തലങ്ങും വിലങ്ങും മാറ്റി ഖജനാവിന് ലാഭമുണ്ടാക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും അതുകൊണ്ട് പലര്‍ക്കും ബുദ്ധിമുട്ടുകള്‍ ഏറെയാണ് നേരിടേണ്ടിവരുന്നതെന്നുമുള്ള ആരോപണങ്ങള്‍ നിലനില്ക്കുമ്പോള്‍, ഇങ്ങനെ സ്വകാര്യ കെട്ടിടങ്ങളില്‍ നിന്ന് മാറി ഒഴിഞ്ഞുകിടക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്ക് മാറുന്നതുകൊണ്ട് പ്രതിവര്‍ഷം 9 മില്യന്‍ ഡോളറാണ് ലാഭിക്കാന്‍ കഴിയുന്നതെന്ന് ഒ.ജി.എസ്. വക്താവ് ഹെതര്‍ ഗ്രോള്‍ പറഞ്ഞു.

പാര്‍ക്കിംഗ് സൗകര്യത്തോടെ ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് പുതിയ സ്ഥലത്തേക്ക് മാറുമ്പോള്‍ ആ സൗകര്യം നഷ്ടമാകുന്നതാണ് പലര്‍ക്കും പ്രശ്‌നം. ചിലര്‍ക്കാകട്ടേ കുട്ടികളുടെ പഠിപ്പിനെക്കുറിച്ചുള്ള അങ്കലാപ്പും. പുതിയ സ്ഥലങ്ങളിലേക്ക് പറിച്ചു നടപ്പെടുമ്പോള്‍ സ്‌കൂള്‍ ഡിസ്ട്രിക്ട് നഷ്ടപ്പെടുമെന്നാണ് പൊതുവെ പരാതി. പക്ഷേ, സര്‍ക്കാര്‍ കാര്യം മുറപോലെ നടക്കണമല്ലോ എന്ന് കോണിംഗ് ടവറില്‍ നിന്ന് മാറിപ്പോകുന്ന രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞു.
ആല്‍ബനിയില്‍ ഒരു പറിച്ചു നടലിന്റെ വേപുഥയില്‍ ജീവനക്കാര്‍
ആല്‍ബനിയില്‍ ഒരു പറിച്ചു നടലിന്റെ വേപുഥയില്‍ ജീവനക്കാര്‍
ആല്‍ബനിയില്‍ ഒരു പറിച്ചു നടലിന്റെ വേപുഥയില്‍ ജീവനക്കാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക