Image

നിങ്ങളുടെ അടുത്ത ഫോണ്‍കാള്‍ ഒരു തട്ടിപ്പ് ശ്രമമാകാം (എബ്രഹാം തോമസ്)

എബ്രഹാം തോമസ് Published on 26 November, 2018
നിങ്ങളുടെ അടുത്ത ഫോണ്‍കാള്‍ ഒരു തട്ടിപ്പ് ശ്രമമാകാം (എബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: നിങ്ങളുടെ ലാന്‍ഡ് ലൈനിലോ മൊബൈലിലോ വരുന്ന അടുത്ത കാള്‍ ഒരു തട്ടിപ്പിനുള്ള ശ്രമമാകാം.

നിങ്ങളുടെ പണമോ സ്വകാര്യ വിവരങ്ങളോ തട്ടിയെടുക്കുവാനുള്ള ശ്രമമായി ഒട്ടുമിക്ക ഫോണ്‍കോളുകളും മാറിയിരിക്കുകയാണെന്ന് ഡേറ്റ അനാലിസ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അക്കര്‍സ ആസ്ഥാനമായ ഫസ്റ്റ് ഒറിയോണ്‍ എന്ന കാള്‍ മാനേജ്‌മെന്റ് കമ്പനി പറയുന്നു ഈ വര്‍ഷം ഫോണുകളില്‍ വരുന്ന കാളുകളില്‍ 30% വും തട്ടിപ്പായിരുന്നു. 2019 ല്‍ നിങ്ങള്‍ക്ക് ലഭിക്കുവാനിടയുള്ള ഫോണ്‍ കോളുകളുടെ 50%വും തട്ടിപ്പായിരിക്കും എന്നും കമ്പനി പറയുന്നു.

റോബോകാളുകള്‍ ജനങ്ങളുടെ ഉത്കണ്ഠയും അത്യാര്‍ത്തിയുമാണ് മുതലെടുക്കുവാന്‍ ശ്രമിക്കുന്നത്. വളരെ തുച്ഛമായ പ്രീമിയത്തിനുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, സൗജന്യ വിനോദയാത്ര, സ്റ്റുഡന്റ് ലോണ്‍ തിരിച്ചടയ്ക്കുവാനുള്ള കാലാവധി നീട്ടി നല്‍കല്‍ മുതല്‍ ആമസോണില്‍ വീട്ടില്‍ നിന്ന് ചെയ്യാവുന്ന, നല്ല വരുമാനം ഉള്ള ജോലി വരെ ഈ ഫോണ്‍ കാളുകള്‍ വാഗ്ദാനം ചെയ്യുന്നു. തട്ടിപ്പ് കാളുകള്‍ വര്‍ധിക്കുന്നത് പുതിയ സാങ്കേതിക വിദ്യയിലൂടെ വളരെ കുറഞ്ഞ ചെലവില്‍ തട്ടിപ്പ് സംഘത്തിന്റെ വിവരങ്ങള്‍ മറച്ചു വച്ച് ഫോണ്‍ കാളുകള്‍ നടത്താന്‍ കഴിയുമെന്നതിനാലാണ്.

തട്ടിപ്പുകാര്‍ വ്യക്തമായ ധാരണകള്‍  ഉള്ളവരാണ്. സാധാരണ വിപണന കമ്പനികള്‍ ചെയ്യുന്നത് പോലെ 'എ-ബി' ടെസ്റ്റിംഗ് നടത്തുന്നു. പരീക്ഷണം വിജയിച്ചാല്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. ഫസ്റ്റ് ഓറിയോണിന്റെ മാര്‍ക്കറ്റിംഗ് ആന്റ് ബിസിനസ് ഡെവലപ്‌മെന്റ് സീനിയര്‍ വൈസ് പ്രസിഡന്റ് ഗാവിന്‍ മകോമ്പര്‍ പറയുന്നു.

റോബോകാള്‍ ഒരു സാംക്രമികരോഗം പോലെ പടര്‍ന്ന് പിടിച്ചിരിക്കുകയാണ്. ടെലികോം വ്യവസായ സ്ഥാപനങ്ങള്‍ ഇത് നിയന്ത്രിക്കുവാന്‍ പുതിയ കണ്ടു പിടുത്തങ്ങളുമായി രംഗത്തെത്തുവാന്‍ ശ്രമിക്കുന്നു. ഒരു ഫോണിലേയ്ക്ക് വരുന്ന കാളുകളുടെ ഐഡി പരിശോധിക്കുവാനുള്ള സാങ്കേതികത കോംകാസ്റ്റ് നടപ്പിലാക്കും. ടിമൊബൈലും ഇതിന് തയ്യാറെടുക്കുകയാണ്. പരീക്ഷണങ്ങള്‍ക്ക് ശേഷം അടുത്ത വര്‍ഷം ഇത് ആരംഭിക്കുമെന്ന് കമ്പനി പറയുന്നു. ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ ചെയര്‍മാന്‍  അജീത് പൈ 2019 ല്‍ തന്നെ ഫോണ്‍കമ്പനികള്‍ കാള്‍ ഓതറൈസേഷന്‍ സിസ്റ്റം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു, അടുത്ത വര്‍ഷത്തേയ്ക്കുള്ള ഹെല്‍ത്ത് പ്ലാനുകളില്‍ ജനങ്ങള്‍ ചേരുന്ന സമയമാണിത്. വിവിധ പ്ലാനുകളും വ്യാജ വിവരങ്ങളും നല്‍കി ഫോണ്‍ വിളികള്‍ തകൃതിയായി നടക്കുന്നു. യുമെയില്‍ എന്ന കാലിഫോര്‍ണിയ കണ്ടെത്തിയത് ഒക്ടോബറില്‍ 50 കോടി വ്യാജഫോണ്‍കോളുകള്‍ ഇതിനായി മാത്രം നടത്തി എന്നാണ്. ആമാസം നടന്ന 510  കോടിയിലേറെ  കാളുകളുടെ 10% ഇതായിരുന്നു. വളരെ ചെലവുകുറഞ്ഞതെന്ന് അവകാശപ്പെടുന്ന ആരോഗ്യ സുരക്ഷാപദ്ധതികള്‍ അവതരിപ്പിച്ച് ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുക്കുകയും ചിലപ്പോള്‍ ആദ്യപ്രീമിയമെന്ന പേരില്‍ ക്രെഡിറ്റ് കാര്‍ഡില്‍ ചാര്‍ജ് ചെയ്യുകയും ചെയ്യുന്നു.

കാളര്‍ ഐഡികള്‍ വ്യാജമാക്കുന്നതാണ് മറ്റൊരു തട്ടിപ്പ്. നിങ്ങളുടെ ഫോണ്‍ നമ്പര്‍ തന്നെ ആയിരിക്കും കാളര്‍ ഐഡിയില്‍ തെളിയുക. ടെലികോം കമ്പനിയില്‍ നിന്നാണ് വിളിക്കുന്നതെന്നറിയിച്ച് നിങ്ങളുടെ വിവരം ചോര്‍ന്നു എന്ന് പറയുന്നു. നിങ്ങളുടെ കൂടുതല്‍ സ്വകാര്യ വിവരങ്ങള്‍ നിങ്ങളില്‍ നിന്ന് ചോര്‍ത്തി തട്ടിപ്പ് നടത്തുന്നു.
സൗജന്യമായോ ഇളവുകളോടോ കൂടിയ വിനോദയാത്രയുടെ ഓഫറാണ് ഇനിയൊരു തട്ടിപ്പ്. ഡിസ്‌നി വേള്‍ഡാകാം, ബഹാമാസാകാം ഒരു നോമിനല്‍ ബുക്കിംഗ് ഫീ നല്‍കാന്‍ പറയുന്നു. ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ നേടിയെടുത്ത് തട്ടിപ്പ് ആരംഭിക്കുന്നു.

സാറാഫ്രെം ആമസോണ്‍ പ്രോഫിറ്റ്‌സ് ഡോട്ട് ഓര്‍ഗ് വീട്ടിലിരുന്ന് ആമസോണ്‍ ജോലിയുടെ വാഗ്ദാനവുമായി എത്തുന്നു. മണിക്കൂറിന് 17 മുതല്‍ 32 വരെ ഡോളറാണ് വാഗ്ദാനം. ആമസോണ്‍ ഈയിടെ ഉയര്‍ത്തിയ മിനിമം വേതനംപോലും ഇത്രയും വരില്ല. കഴിഞ്ഞ മാസം നടന്ന 14 കോടി ലക്ഷം 'ഈസി മണി' വാഗ്ദാന റോബോകാളുകളില്‍ ഈ തട്ടിപ്പ് പ്രധാനമായിരുന്നു.

വിദ്യാഭ്യാസ വായ്പ അടയ്ക്കാനാവാതെ വിഷമിക്കുന്നവരെ നിശ്ചയിക്കുകയാണ് മറ്റൊരു റോബോകാള്‍. പഌക് സര്‍വീസ് ലോണ്‍ ഫൊര്‍ഗിവിനെസ് പ്രോഗ്രാം അവസാനിച്ചു എന്ന ശരിയായ വിവരം നല്‍കി വിശ്വാസ്യത നേടിയാണ് സ്വകാര്യ വിവരങ്ങള്‍ നേടാന്‍ ശ്രമിക്കുന്നത്.

നിങ്ങളുടെ അടുത്ത ഫോണ്‍കാള്‍ ഒരു തട്ടിപ്പ് ശ്രമമാകാം (എബ്രഹാം തോമസ്)
Join WhatsApp News
Sudhir Panikkaveetil 2018-11-26 08:24:43
പ്രബോധനപരമായ ഇത്തരം ലേഖനങ്ങൾ 
സ്വാഗതാർഹമാണ്. വായിക്കാൻ താല്പര്യമില്ലാത്തവർ 
ഇതൊന്നും അറിയാതെ തട്ടിപ്പിനിരയാകുന്നു.
അവരെ ദൃശ്യ മാധ്യമങ്ങളിലൂടെ ബോധവാന്മാരാക്കാം.
ഇ മലയാളിക്കും ലേഖകനും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക