Image

പൊളിറ്റിക്കല്‍ ഇസ്ലാമും പൊളിറ്റിക്കല്‍ ഹിന്ദുത്വവും ഇന്ത്യന്‍ സാഹചര്യത്തില്‍

കലാകൃഷ്ണന്‍ Published on 26 November, 2018
പൊളിറ്റിക്കല്‍ ഇസ്ലാമും പൊളിറ്റിക്കല്‍ ഹിന്ദുത്വവും ഇന്ത്യന്‍ സാഹചര്യത്തില്‍


അടുത്ത കാലത്ത് സുനില്‍ പി.ഇളയിടത്തിനെ സംഘപരിവാര്‍ കടന്നാക്രമിച്ചത് ഇസ്ലാമിസ്റ്റുകളെ പരാമര്‍ശിക്കുന്ന അദ്ദേഹത്തിന്‍റെ ഒരു പ്രസംഗത്തിന്‍റെ പേരിലാണ്. അതായത് ഹിന്ദുത്വവുമായി സമ്പൂര്‍ണ്ണയുദ്ധമാണ് എന്ന് പ്രസംഗത്തില്‍ പറയുന്ന സുനില്‍ പി.ഇളയിടം അതിന്‍റെ തുടര്‍ച്ചയായി ഇസ്ലാമിസ്റ്റുകള്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ നമ്മള്‍ ഏറ്റെടുക്കേണ്ടതുണ്ട് എന്ന് പറയുന്നു. 
പോരേ പൂരം. 
സുനില്‍ പി.ഇളയിടം ഇസ്ലാമിക തീവ്രവാദികളുടെ കൂലിക്കാരനാണ് എന്ന് മട്ടില്‍ സംഘപരിവാര്‍ ഈ പ്രസംഗത്തിന്‍റെ ഒരു മുറിഭാഗം പ്രചരിപ്പിച്ച് തുടങ്ങി. ശബരിമല വിഷയത്തിലെ സുനില്‍ പി.ഇളയിടത്തിന്‍റെ നിരന്തരമായ വിമര്‍ശനം അദ്ദേഹത്തെ സംഘപരിവാറിന്‍റെ കണ്ണിലെ കരടാക്കിയിരുന്നു. പൊളിറ്റിക്കല്‍ ഇസ്ലാമിനെ പിന്തുണയ്ക്കാന്‍ ഇളയിടം ആവശ്യപ്പെട്ടു എന്ന മട്ടിലായിരുന്നു പ്രചരണം. 
അവസാനം ഇതിന് മറുപടിയുമായി സുനില്‍ പി.ഇളയിടത്തിന് എത്തേണ്ടി വന്നു. 
ഇവിടെ സുനില്‍ പി.ഇളയിടം നല്‍കിയിരിക്കുന്ന വിശദീകരണം ശ്രദ്ധിക്കാം. മതവര്‍ഗീയവാദം എന്ന നിലയില്‍ പൊളിറ്റക്കല്‍ ഇസ്ലാം ഹിന്ദുത്വഭീകരതയില്‍ നിന്ന് വിഭിന്നമായ മറ്റൊന്നല്ല. എന്നുവെച്ചാല്‍ ഇത് രണ്ടും ഒരു പോലെ തന്നെ കണക്കാക്കണം എന്ന് അര്‍ഥം. കേരളത്തില്‍ പോലും ഇത്തരം ഇസ്ലാമിക മതമൗലീകവാദ പ്രസ്ഥാനങ്ങള്‍ തീവ്രസ്വഭാവത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും ഇളയിടം പറയുന്നു. 
എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ അവര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ ജനാധിപത്യവാദികള്‍ക്ക് ഉത്തരവാദിത്വമുണ്ട് എന്നും ഇളയിടം പറഞ്ഞ് പൂര്‍ത്തിയാക്കുന്നു. 
തികച്ചും വസ്തുനിഷ്ഠമായ ഈ വാദഗതിയെയാണ് തീവ്രഹിന്ദുത്വവാദികള്‍ ഒരു പ്രശ്നമായി ഉയര്‍ത്തിക്കാട്ടുന്നത്. അതുകൊണ്ടു തന്നെ സുനില്‍ പി.ഇളയിടം ഉന്നയിച്ച വിഷയത്തെ കൂടതല്‍ വിശദമായി പൊതു സമൂഹം ചര്‍ച്ച ചെയ്യുക തന്നെ വേണം. 
ഇന്ത്യന്‍ സാഹചര്യത്തില്‍ കാനേഷുമാരിയില്‍ എണ്‍പത് ശതമാനം വരുന്നതാണ് ഹിന്ദുജനവിഭാഗം. എതാണ്ട് പതിനാല് ശതമാനം മാത്രമാണ് മുസ്ലിം ജനസംഖ്യ. ഏതെങ്കിലും ഒരു മതജാതിഭാഷാ വിഭാഗം അവരുടെ  അസ്ഥിത്വത്തിന്‍റെ പേരില്‍ പീഡിപ്പിക്കപ്പെടുകയോ ഉപദ്രവിക്കപ്പെടുകയോ ചെയ്യുന്നുവെങ്കില്‍ അത് അവരുടെ പ്രസ്തുത അസ്ഥിത്വത്തിന് നേരെയുള്ള പീഡനമായി തന്നെ കണക്കാക്കേണ്ടതാണ്. 
അതായത് ശ്രീലങ്കയില്‍ ബുദ്ധമത ഭൂരിപക്ഷം തമിഴര്‍ക്ക് നേരെ കലാപം അഴിച്ചുവിട്ടാല്‍ അത് തമിഴ് അസ്ഥിത്വത്തിന് നേരെയുള്ള കലാപം തന്നെയാണ്. ബംഗ്ലാദേശില്‍ മുസ്ലിം ഭൂരിപക്ഷം ഹിന്ദുക്കള്‍ക്ക് നേരെ കലാപം നടത്തിയാല്‍ അത് ഹിന്ദു ഐഡന്‍റിറ്റിക്ക് നേരെയുള്ള കലാപം തന്നെയാണ്. 
അതേ പോലെ തന്നെ ഏതെങ്കിലും വ്യക്തിക്ക് അവകാശ നിഷേധം നേരിടുകയാണെങ്കില്‍ അത് ആ വ്യക്തിയുടെ മതമെന്ന ഐഡന്‍റിറ്റി കാരണമാണെങ്കില്‍ അത് മതത്തോടുള്ള എതിര്‍പ്പായി കണക്കാക്കുക തന്നെ വേണം. 
ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്ലിങ്ങള്‍ നേരിടുന്ന പാര്‍ശ്വവല്‍ക്കരണം ഒരു യഥാര്‍ഥ്യമാണ്. മുസ്ലിമീനെ അപരവല്‍ക്കരിച്ച് ധ്രൂവീകരണം സാധ്യമാക്കുന്ന ഒരു ഹൈന്ദവഭീകരത രാജ്യത്ത് നിലവിലുണ്ട്. പശുസംരക്ഷിക്കപ്പെടണം എന്ന് പറയുമ്പോള്‍ പശുവിനെ ഭക്ഷിക്കുന്നവനെ കൊല്ലണം എന്നായി മാറുന്നത് അത് മുസ്ലിമീന്‍റെ ഭക്ഷണമാണ് എന്നത് കൊണ്ടാകുമ്പോള്‍ മുസ്ലിം അപരവല്‍ക്കരണം ഒരു യഥാര്‍ഥ്യമാണ്. മുസാഫിര്‍പൂര്‍ കലാപം മുസ്ലിമീന് നേരെയാകുമ്പോള്‍ മുസ്ലിം അപരവല്‍ക്കരണം ഒരു യഥാര്‍ഥ്യമാണ്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കപ്പെടണമെന്ന ആവശ്യം ഉന്നയിച്ച് നാടൊടുക്ക് രഥയാത്ര നടത്തപ്പെടുമ്പോള്‍ മുസ്ലിം അപരവല്‍ക്കരണം ഒരു യഥാര്‍ഥ്യമാണ്. അങ്ങനെ നിരവധിയായ പ്രശ്നങ്ങള്‍ക്ക് നടുവിലൂടെയുള്ള മുസ്ലിമിന്‍റെ പ്രശ്നങ്ങള്‍ കാണാതെ പോകരുത്. 
ഒരു മുസ്ലിം യുവാവിനും ഹിന്ദു യുവാവിനും മുംബൈ നഗരത്തിലേക്ക് എത്തുമ്പോള്‍ വാടയ്ക്ക് വീട് ലഭ്യമാകാത്തത് കൈയ്യില്‍ പണം ഇല്ലാത്തത് കൊണ്ടാണെങ്കില്‍ അത് ചെറുപ്പക്കാരുടെ അതിജീവനത്തിന്‍റെ പ്രശ്നമാണ്. എന്നാല്‍ ഒരു ഹിന്ദു യുവാവിന് വാടയ്ക്ക് വീട് ലഭ്യമാകുകയും പണം ഉണ്ടെങ്കിലും ഒരു മുസ്ലിം യുവാവിന് മുസ്ലിം നാമധാരിയാണ് എന്നതിനാല്‍ വാടക വീട് ഇസ്ലമോഫോബിയയുടെ പേരില്‍ ലഭ്യമാകുന്നില്ല എങ്കില്‍ മുസ്ലിം അപരവല്‍ക്കരണം യഥാര്‍ഥ്യമാണ്. 
മേല്‍പ്പറഞ്ഞവയെല്ലാം ഇന്ത്യന്‍ സാഹചര്യത്തില്‍ പകല്‍ പോലെ യഥാര്‍ഥ്യങ്ങളാണ്. ഇത്തരം മുസ്ലിമിന്‍റെ യഥാര്‍ഥ്യങ്ങളെ ഏറ്റെടുത്തുകൊണ്ടാണ് പൊളിറ്റിക്കല്‍ ഇസ്ലാം അവരുടെ തട്ടകം പണിയുന്നത്. അവര്‍ മുസ്ലിം അപരവല്‍ക്കരണത്തിന് എതിരെ ശബ്ദിക്കുന്നവരായി എത്തിക്കൊണ്ട് അവരുടെ നേതൃസ്ഥാനം നേടുന്നു. തുടര്‍ന്ന് മതവര്‍ഗീയതയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നു. അവസാനം സമ്പൂര്‍ണ്ണ മതഫാസിസത്തിനുള്ള വഴിയൊരുക്കുന്നു. സാധിക്കുമെങ്കില്‍ അത് പ്രാവര്‍ത്തികമാക്കുന്നു. 
അതുകൊണ്ടു തന്നെ മുസ്ലിമിന്‍റെ പ്രശ്നങ്ങള്‍ പൊളിറ്റക്കല്‍ ഇസ്ലാമിന് ഏറ്റെടുക്കാനുള്ള അവസരം നല്‍കാതിരിക്കുക എന്നത് പ്രധാനമാണ്. മറിച്ച് മുസ്ലിമിന്‍റെ പ്രശ്നങ്ങള്‍ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഏറ്റെടുക്കകയും ആ പ്രശ്നങ്ങളുടെ പരിഹാര വേദിയില്‍ നിന്ന് പൊളിറ്റിക്കല്‍ ഇസ്ലാമിനെ മാറ്റിനിര്‍ത്തുകയും വേണം. 
ഇതാണ് സുനില്‍ പി.ഇളയിടം പറഞ്ഞതിന്‍റെ പൊരുള്‍. 
എന്നാല്‍ ഹിന്ദുത്വശക്തികള്‍ ഹിന്ദുവിന്‍റെ പ്രശ്നങ്ങളും ഉയര്‍ത്തുന്നില്ലേ എന്ന ചോദ്യം വരാം. തീര്‍ച്ചയായിട്ടുമുണ്ട്. എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ഹിന്ദു എന്ന ഭൂരിപക്ഷത്തിന് ന്യൂനപക്ഷം നേരിടുന്ന പോലെയുള്ള അതിജീവനത്തിന്‍റെ പ്രശ്നങ്ങളില്ല എന്നതാണ് വസ്തുത. അതുകൊണ്ടു തന്നെ രാമക്ഷേത്രനിര്‍മ്മാണം ഹിന്ദുവിന്‍റെ പ്രശ്നമായി ഹിന്ദുത്വവാദികള്‍ ഉയര്‍ത്തിക്കാട്ടുന്നു. അല്ലെങ്കില്‍ പശുവിന്‍റെ സംരക്ഷണം ഹിന്ദുവിന്‍റെ പ്രശ്നമായി ഉയര്‍ത്തിക്കാട്ടുന്നു. ഏത് വിധമാണ് ഇവയെല്ലാം ഹിന്ദുവിന്‍റെ ജീവന്‍റെയോ അതിജീവനത്തിന്‍റെയോ പ്രശ്നമാകുന്നത് എന്ന ചോദ്യം പ്രസക്തമാണ്. സത്യത്തില്‍ ഇവ ഹിന്ദുവിന് മിഥ്യാബോധം കൊണ്ട് രൂപപ്പെടുന്ന അഭിമാന പ്രശ്നമാണ്. അല്ലെങ്കില്‍ ദുരഅഭിമാനത്തിന്‍റെ പ്രശ്നമാണ്. 
ഇവിടെയാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാം ഉയര്‍ത്തുന്ന പ്രശ്നങ്ങളും പൊളിറ്റിക്കല്‍ ഹിന്ദുത്വ ഉയര്‍ത്തുന്ന പ്രശ്നങ്ങളും കൃത്യമായും വ്യത്യസ്തമാകുന്നത്. ഒന്ന് യഥാര്‍ഥ്യവും മറ്റേത് മിഥ്യയുമാണ്. 
 
Join WhatsApp News
Salute Thee 2018-11-27 19:56:55
Salute Thee Sri. Sunil Ilayidam
Let me add a few thoughts to your words of Wisdom
-The difference from the Stupid to the Wise may not be too much. 
Stupid's stupidity is progressive & repetitive.
The stupid do 1 foolishness and do the next one to justify it & the third one to rationalise the 1st and 2nd. 
Then he tries to lure, copy, share or trap more into his foolishness.
The Wise will try not to repeat the foolishness and won't trash them on others.
The amazing fact is the Fool will always have a justification for his foolishness.
The wise will admit the foolishness as they realize it.
* religion & politics are filled with the foolish.-andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക