Image

എന്റെ സ്‌നേഹം (ഓര്‍മ്മകള്‍ 2: ബിന്ദു ടിജി)

Published on 26 November, 2018
എന്റെ സ്‌നേഹം (ഓര്‍മ്മകള്‍ 2: ബിന്ദു ടിജി)

സ്‌കൂള്‍ വിട്ടു പോകും വഴി പഴുവില്‍ അന്തോണീസ് പുണ്യവാളന്റെ കപ്പേളയില്‍ കയറി പ്രാര്‍ത്ഥിച്ചു. ചെറിയ പാലത്തിനു മുകളിലൂടെ നടക്കുമ്പോള്‍ പുഴയിലേക്ക് ഞാന്‍ നോക്കി. കുളവാഴയും പായലും മൂടി സദാ വീര്‍പ്പുമുട്ടി കിടക്കാറുള്ള പുഴയില്‍ നിറയെ ചിരിച്ചു നില്‍ക്കുന്ന ആമ്പല്‍പ്പൂക്കള്‍

എന്റെ കാപ്പിരി മുടിയില്‍ ഒരു കുടം വാസന തൈലം ആരോ കമിഴ്ത്തി . ഇനി അത് അനുസരണയില്ലാതെ അല്പം തണുപ്പിനായ് തപിച്ചു പാറി പറക്കില്ല .

വീട്ടിലേക്കു നടക്കുന്ന വഴി ഉച്ചക്ക് മനസ്സില്‍ വന്ന വരികള്‍ക്കു ഒരു രൂപം വെച്ചു. ശരിക്കും ബാലപംക്തിയില്‍ വായിക്കുന്ന പോലത്തെ കഥ . വീട്ടില്‍ ചെന്നയുടനെ അത് കടലാസിലേക്ക് എഴുതി. ഒന്നര പേജ് എഴുതിയതോടെ കഥ തീര്‍ന്നു. സ്നേഹം എന്ന് പേരിട്ടു . ഇത് ഇനി ആരെ കാണിക്കും .

എഴുതാന്‍ ആവേശമായിരുന്നു. തീര്‍ന്നപ്പോഴാണ് ഇതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല എന്ന സത്യം എന്നെ പേടിപ്പെടുത്തിയത് . കാരണം ഈ വരികള്‍ എഴുതാനുള്ള ഒരു യോഗ്യതയും എനിക്കില്ല. എനിക്ക് പൊതുവിജ്ഞാനം ഇല്ല . ഡോക്ടര്‍ ഷിവാഗോ, മൊബീഡിക് തുടങ്ങിയ അനേകം മഹാഗ്രന്ഥങ്ങള്‍ ആരെഴുതി എന്നെനിക്കറിയില്ല . എന്തിനധികം അമേരിക്ക ഹിരോഷിമയില്‍ അണുബോംബിട്ട വര്‍ഷം പോലും എനിക്കറിയില്ല ഇക്കാരണത്താല്‍ വിഡ്ഢി ശിരോമണി എന്നൊരു ഓമനപ്പേരുകൂടി എനിക്ക് വീട്ടിലുണ്ട്.

എന്റെ സഹോദരന് കഥയെഴുതാനുള്ള അര്‍ഹതയുണ്ട് . കാരണം അവനു ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ചെറുപ്പത്തിലേ അറിയാം. സിന്‍ഡ്രേല്ലയെ പോലെ വളരെ കുഞ്ഞു നാളില്‍ തന്നെ അടുക്കളയിലേക്കു പ്രൊമോഷന്‍ കിട്ടാന്‍ ഭാഗ്യമുണ്ടായ അപൂര്‍വ്വം കുട്ടികളില്‍ ഒരുവളായിരുന്നു ഞാന്‍. അതുകൊണ്ട് പരിപ്പുകറി തിളച്ചു തൂവാതെ എങ്ങനെ വേവിക്കും, ഒരു നല്ല മാങ്ങാ ചമ്മന്തി എങ്ങനെയുണ്ടാക്കും തുടങ്ങിയ അവനറിയാത്ത അപൂര്‍വ്വ വിദ്യകള്‍ എനിക്കറിയാം. സിന്‍ഡ്രേല്ലയെ പോലെ ഞാനും അനാഥയാണോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും എനിക്ക് അമ്മയുടെ അതേ മുഖമാണെന്ന നാട്ടുകാരുടെ വാക്കുകളില്‍ അഭയം കണ്ടെത്തി .

പക്ഷേ അപ്പോഴൊക്കെ 'അമ്മ എന്തിനത് നിരസിച്ചിരുന്നു എന്നതിന് ഒരുത്തരം ഇന്നും ലഭിച്ചില്ല. 'അമ്മയുടെ മുഖം പ്രായമാകുന്തോറും അമ്മാമയെ പോലെ ' എന്ന് എന്റെ മകള്‍ ഇന്ന് പറയുമ്പോള്‍ ഒരു കുഞ്ഞിനെ പോലെ ഞാനെന്തിന് തുള്ളിച്ചാടുന്നു . രോഹിണിയെന്ന ജന്മനക്ഷത്രത്തിന്റെയും പിന്നാലെ സംഭവിച്ച ബാലാരിഷ്ടതകളുടെയും ചില സങ്കീര്‍ണ്ണതകള്‍ കൊണ്ട് അമ്മയ്ക്കും വിജ്ഞാനമില്ലാത്തതു കൊണ്ട് അച്ഛനും സ്വന്തമല്ലാത്ത ഒരു കുട്ടിയായിരുന്നു ഞാന്‍. മാത്രമല്ല അച്ഛന്റെ എഴുത്ത് വീട്ടില്‍ ലോകയുദ്ധങ്ങള്‍ ഉണ്ടാക്കിയതൊന്നും ഞാന്‍ മറന്നിട്ടില്ല . അമ്മ പണിപ്പെട്ട് എഴുത്ത് എന്ന ദുശ്ശീലം മാറ്റിയെടുത്ത് ഒരു 'നമ്പൂതിരിയെ മനുഷ്യനാക്കിയ' കാലത്താണ് മകള്‍ കഥയുമായി പ്രത്യക്ഷപ്പെടുന്നത് . ശരിയാവില്ല എന്ന് എന്റെ സാമാന്യ ബുദ്ധി പറഞ്ഞു .

പൊടുന്നനെ മലയാളം ഒന്നാം പേപ്പറിലെ ചോദ്യം ഓര്‍മ്മയില്‍ വന്നു. വിലാസിനി എന്ന തൂലികാ നാമത്തില്‍ എഴുതുന്ന സാഹിത്യകാരന്‍ ആര്‍ . ഒരു കള്ളപ്പേരില്‍ എഴുതുക. സിന്ധുവിനെ പോലെ യൂത്ത് ഫെസ്റ്റിവലില്‍ കഥയെഴുതാന്‍ പോകാന്‍ എനിക്ക് അറിവില്ല . കഥയെഴുതാന്‍ അവര്‍ ഇരുത്തുന്ന മുറിയില്‍ സതീഷ് വന്ന് വീണ്ടും ഛായാചിത്രം വരച്ചാലേ മറ്റൊരു കഥക്കുള്ള വരികള്‍ കിട്ടൂ . അത് സാധ്യമല്ല. സ്വന്തമായി ഒന്നും ചെയ്യാന്‍ എനിക്ക് കഴിവില്ല. ഞാന്‍ ഒരു കഥ എഴുതി എന്നാരും അറിയേണ്ട. കാരണം എനിക്ക് ഇനിയൊരു കഥ എഴുതാന്‍ കഴിയുമോ എന്നറിയില്ല . ഞാന്‍ യാതൊരു സമ്മാനവും പ്രതീക്ഷിച്ചല്ല ഇതെഴുതിയത് .

സതീഷ് വരച്ച എന്റെ ഛായാ ചിത്രം നോക്കിയപ്പോള്‍ എനിക്ക് വെറുതെ കുറെ വരികള്‍ കിട്ടി . മുത്തു മാലയും പൂമാലയും കോര്‍ക്കുന്ന പോലെ കോര്‍ത്തപ്പോള്‍ ഒരു ഭംഗി യുണ്ട്. പൂമാല തലയില്‍ ഒരു ദിവസമേ ഇരിക്കൂ അല്പസമയം സുഗന്ധം ഉണ്ടാകും . അത് കഴിഞ്ഞാല്‍ വാടും. അതുപോലെ ഇതും . വെറുതെ ആരെങ്കിലും വായിക്കും പിന്നെ അവര്‍ മറന്നുപോകും .

സതീഷ് വെള്ളിയാഴ്ചകളില്‍ കുട്ടികളുടെ രചനകള്‍ വീക്കിലി ഡൈജസ്റ്റില്‍ നിന്ന് വായിക്കും . ഇത് കൂടി വായിക്കാന്‍ പറഞ്ഞാലോ . പക്ഷേ പേര് . അപ്പോള്‍ തന്നെ ആവര്‍ത്തിച്ചു പഠിച്ച് സ്പെല്ലിങ് ഹൃദിസ്ഥമാക്കിയ ഇംഗ്ലീഷ് വാക്ക് ഓര്‍മ്മ വന്നു. 'അനോണിമസ് ' അര്‍ഥം അജ്ഞാതന്‍, പേരില്ലാത്തവന്‍ അത് മതി . കഴിയാവുന്നത്ര ഭംഗിയില്‍ പകര്‍ത്തി എഴുതിയ കഥയ്ക്ക് മുകളില്‍ 'സ്നേഹം ' മിനി കഥ, എഴുതിയത്: അനോണിമസ്. എല്ലാം ശരിയായത് പോലെ. ഇനി ഇത് സതീഷിനെ ഏല്‍പ്പിക്കണം. സതീഷിനോട് എന്റെ പേര് വെക്കരുത് ..മാഷ് അടക്കം ആര് ചോദിച്ചാലും പറയരുത് വീട്ടില്‍ അറിഞ്ഞാല്‍ കുഴപ്പമുണ്ട് അതാ എന്ന് പറയാം .

ഓര്‍ത്തപ്പോള്‍ പേടി വന്നു. എങ്കില്‍ ഈ മിനി കഥ കൊടുക്കേണ്ട എന്ന് തീരുമാനിക്കാം അതോര്‍ത്തപ്പോള്‍ വല്ലാത്തൊരു മ്ലാനത എന്നെ മൂടുന്നു. ഇത്രയും വരികള്‍ ഒറ്റയടിക്ക് ഇതുവരെ എഴുതാന്‍ കിട്ടിയിട്ടില്ല . മാഷെ കേള്‍പ്പിക്കാന്‍ ഇതിലും പറ്റിയ അവസരം ഇല്ല അതെങ്ങാനും നന്നായി എന്ന് പറഞ്ഞാല്‍ ഇടയ്ക്കിടെ എവിടെ നിന്ന് എന്നറിയാതെ ഒഴുകി വരുന്ന വാക്കുകള്‍ ചേര്‍ത്ത് എനിക്ക് ഇനിയും കഥകള്‍ എഴുതാം . ധൈര്യപ്പെട്ട് ഞാന്‍ കടലാസ്സ് തുണ്ട് സതീഷിനെ ഏല്‍പ്പിച്ചു .ഒരക്ഷരം മിണ്ടിയില്ല . വീക്കിലി ഡൈജസ്റ്റില്‍ കൊടുക്കാന്‍ എന്ന് മാത്രം ഞാന്‍ പറഞ്ഞു . അവന്‍ അത് വാങ്ങി സൂക്ഷിച്ചു .

വെള്ളിയാഴ്ച അവസാന പീരീഡ് എത്തി . സതീഷ് വീക്കിലി ഡൈജസ്റ്റ് ' ഡയറി എടുത്തു അതില്‍ അനോണിമസ് കാണും . മാഷ് വന്നു ആദ്യത്തെ ഇരുപത് മിനിറ്റ് 'ഇന്ദുലേഖ' തുടര്‍ന്നു. ബാക്കി ഇരുപത് മിനിറ്റ് സതീഷിന്റെ ഊഴമാണ് . വീക്കിലി ഡൈജസ്റ്റ് വായിക്കണം . ആ സമയങ്ങളില്‍ സതീഷിനെ മാഷ് 'എടോ എഡിറ്റര്‍ ' എന്നേ വിളിക്കൂ . സതീഷ് അപ്പൊ വെറും വിദ്യാര്‍ത്ഥി അല്ല മാഷുടെ മുന്നില്‍ . വളരെ ഉത്തരവാദിത്ത മുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ എഡിറ്റര്‍ ആയാണ് നിവര്‍ന്നു നില്‍ക്കുക .

വെള്ളിയാഴ്ചകളില്‍ സതീഷ് ബ്രില്‍ ക്രീം പുരട്ടി തലമുടിയില്‍ കിളിക്കൂട് ഉണ്ടാക്കിയാണ് വരിക . അപാര സ്റ്റൈല്‍ ആണ് . അവനതൊക്കെ നടക്കും അവന്റെ അച്ഛന്‍ പേര്‍ഷ്യയില്‍ ആണ്.

ഈ ആഴ്ചത്തെ''വരവ് ' എങ്ങനെ ഉണ്ടെടോ എന്ന പതിവ് ചോദ്യം കുഴപ്പം ഇല്ല മാഷേ ..ഒരു കഥ , ഒരു മിനിക്കഥ , പദ്യം, ഫലിതബിന്ദുക്കള്‍ . (ഫലിത ബിന്ദുക്കള്‍ ചാക്കുണ്ണി പഴയ മനോരമയില്‍ നിന്ന് കോപ്പി അടിക്കുന്നതാണെന്നു ചിലര്‍ അസൂയ പരത്താറുണ്ട് ..അവന്റെ അപ്പന്‍ മനോരമ യുടെ അവിടുത്തെ ഏജന്റ് ആയിരുന്നു . കെട്ടികിടക്കുന്ന പഴയ വാരികകളില്‍ നിന്ന് അടിച്ചു മാറ്റുന്നതാണത്രേ പലതും ..അതിന്റെ പേരൊന്നു മാറ്റി ചിരിവട്ടം എന്നോ ഹാസ്യേന്ദുക്കള്‍ എന്നോ ആക്കാന്‍ പോലും ചെക്കന് ബുദ്ധി ഇല്ലെന്നു കഥാരചനക്കു സമ്മാനം കിട്ടാറുള്ള സിന്ധു കെ സി എന്നോട് പറയാറുണ്ട് )

സതീഷ് വായന തുടങ്ങി . ''മന്ദാകിനി ''സിന്ധു കെ സി എഴുതിയ കഥ . ഫാക്ടറി ഒഴുക്കിയ രാസ മാലിന്യങ്ങള്‍ കുമിഞ്ഞു കൂടി ഒരു പുഴ നിറം മാറി പോയെന്നും ആ വെള്ളം കുടിച്ച തീരത്തെ പുല്‍നാമ്പുകള്‍ പുഴുക്കളായി മാറുന്നു എന്നുമുള്ള വിചിത്ര ഭാവന. കാരണം എനിക്ക് മനസ്സിലായി ..മത്സരങ്ങള്‍ക്ക് സമ്മാനം കിട്ടാന്‍ അവര്‍ കൃത്രിമമായി എഴുതി പഠിക്കുന്ന സംഗതികളാണിവ . പുഴ വറ്റുന്നതില്‍ സത്യത്തില്‍ ഇവര്‍ക്ക് ഒരു ഖേദവും ഇല്ല .
പക്ഷേ തിരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ പുതുമ നിറഞ്ഞതും സമൂഹത്തിനു പ്രയോജനപ്പെടുന്നതായിരിക്കണം എന്നും യുവജന കലാസമിതി സെക്രട്ടറിയും പാര്‍ട്ടി പ്രവര്‍ത്തകനുമായ രവികുമാര്‍ കെ പി എന്ന വത്സന്റെ ചേട്ടന്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ സാഹിത്യ ക്യാംപ് നടത്തിയപ്പോള്‍ അവരോട് പറഞ്ഞിരുന്നു എന്ന് സിന്ധു കെ സി പറഞ്ഞത് ഞാനോര്‍ത്തു . ഒരു വിഷയം ആദ്യം കണ്ടു വെച്ച് അതെങ്ങനെയാണ് ഈശ്വരാ കഥയാക്കുന്നത് . ഓര്‍ത്തിട്ടു എനിക്കൊരു പിടിയും കിട്ടിയില്ല .

അടുത്തതായി വത്സന്‍ കെ . പി എഴുതിയ കവിത . അതും പ്രകൃതി സംരക്ഷണം തന്നെ വിഷയം

'പേരിടല്‍'
തീരത്തു പടര്‍ന്ന ശീമകൊന്നയും
വെള്ളിലം പാലയും കാട്ടുറോസും
കാട്ടു തുമ്പയും വെട്ടി
വഴി നിരത്തി
മുകളില്‍ പരന്ന പച്ച പായലും
പ്രണയം പറഞ്ഞ ആമ്പല്‍ വള്ളിയും
ഒളിച്ചിരുന്ന താമര മുളപ്പും
പടര്‍ന്നു പൂവിട്ട കുളവാഴയും മാറ്റിയപ്പോള്‍
ഒടുവില്‍ ശേഷിച്ച രണ്ടുതുള്ളി
യന്ത്രം കുടിച്ചു വറ്റിച്ചു
ആര്‍ത്തിപൂണ്ടവളുടെ കരള്‍ മാന്തി പറിച്ചു
കിട്ടിയ തെല്ലാം വണ്ടിയില്‍ കയറ്റി യെടുത്ത്
സിമന്റു കുഴച്ചു പണിത ഹര്‍മ്മ്യത്തിനു
പേര് പണ്ടേ നിശ്ചയിച്ചിരുന്നു
'ഹരിതം!'

ഫലിത ബിന്ദുക്കള്‍ കഴിഞ്ഞു സതീഷ് പേജ് മറിച്ചു . വരാനിരിക്കുന്ന മിനി കഥ അനോണിമസ് എന്നത് വെട്ടി അവന്‍ എന്റെ പേര് എഴുതിക്കാണുമോ എന്ന ഭയത്താല്‍ വിറച്ചു മരവിച്ചു തുടങ്ങിയിരുന്നു ഞാന്‍ . പക്ഷേ എന്റെ എല്ലാ ഭയത്തെയും അസ്ഥാനത്താക്കി കൊണ്ട് അവന്‍ വായിച്ചു .'സ്നേഹം ' അനോണിമസ് എഴുതിയ മിനി കഥ ..ഞാന്‍ പേടിച്ചു ..പേരില്ലെങ്കില്‍ കഥ വായിക്കേണ്ട എന്ന് മാഷ് പറയുമോ . ഇല്ല അതും ഉണ്ടായില്ല .അവന്‍ വായിച്ചു . കഴിഞ്ഞു .

മാഷ് എണീറ്റു ..സിന്ധുവിനേയും വത്സനെയും അഭിനന്ദിച്ചു . മകനെ വത്സാ ... നീ വീടിനിട്ട പേര് കലക്കി എന്നും സിന്ധു വിനോട് അല്പം വിമര്‍ശനാത്മകമായും ... വിഷം തീണ്ടിയ ജലം കുടിച്ചു പുല്ലു പുഴുവായി എന്നതില്‍ അല്പം പാളിച്ച പറ്റിയിട്ടില്ലേ എന്നൊന്ന് ആവര്‍ത്തിച്ചു വായിച്ചു നോക്കാന്‍ താക്കീതും നല്‍കി . മാഷ്‌ക്ക് പുതിയ സങ്കല്‍പ്പങ്ങള്‍ മനസ്സിലാവില്ല്യ എന്നായിരുന്നു അവളുടെ മുഖഭാവം . ഇന്നത്തെ ഒരു സവിശേഷത .. അറ്റന്‍ഡന്‍സ് റെജിസ്റ്റര്‍ല്‍ മറ്റേതോ പേരുള്ളയൊരു കുട്ടി അനോണിമസ് എന്ന തൂലിക നാമത്തില്‍ എഴുതിയ മിനി കഥയാണ് .

സാധാരണ കഥകള്‍ ഒരു പ്രമേയത്തെ ഏറെ വിശദമായി പല കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുകയാണ് പതിവ് എന്നാല്‍ മിനികഥകളിലാവട്ടെ ഏറ്റവും കുറഞ്ഞ വാക്കുകളില്‍ തീവ്രമായ ഒരു ജീവിത യാഥാര്‍ഥ്യത്തെ വരച്ചു കാട്ടുകയാണ് വേണ്ടത് . അത് തന്നെയാണ് അനോണിമസ് ചെയ്തത് .

ഈ 'മിനി' ഭയങ്കരി തന്നെ. എല്ലാ സണ്‍ഡേ സണ്‍ഡേ സപ്ലിമെന്റ്‌ലും അവള്‍ കഥ എഴുതും എന്ന് ചിന്തിച്ച എന്റെ പ്രൈമറി സ്‌കൂള്‍ കാലങ്ങളും പിന്നീട് സണ്‍ഡേ സപ്ലിമെന്റ്ല്‍ കൂടുതല്‍ സ്ഥലമില്ലാത്തതു കൊണ്ട് ഒരു പാരഗ്രാഫില്‍ കുറച്ചു സ്ഥലത്ത് ഒതുക്കുന്ന കഥയെ മിനി കഥ എന്നും വിളിക്കും എന്നതില്‍ കവിഞ്ഞ് കഥയും മിനി കഥയും തമ്മിലുള്ള വ്യത്യാസം ഒന്നും എനിക്കന്നറിയില്ലായിരുന്നു.

അന്ന് ആ കഥ കുറച്ചു വരികള്‍ എഴുതിക്കഴിഞ്ഞപ്പോള്‍ നിന്ന് പോയതുകൊണ്ട് മാത്രമാണ് ഞാന്‍ അതിനെ മിനി കഥ എന്ന് വിളിച്ചത് .പിന്നീട് രസിക ശിരോമണിയായ മാഷുടെ അനുഗ്രഹാശിസ്സുകള്‍ ആയിരുന്നു . സ്വതസിദ്ധമായ നര്‍മ്മചിരിയോടെ 'യൂഫ്രട്ടിസ് ടൈഗ്രീസ് / സിന്ധു നദീതട സംസ്‌കാരങ്ങള്‍ പോലെ അനോണിമസ് /സിന്ധു വത്സ തടങ്ങളിലും അവരവരുടേതായ ഒരു എഴുത്തു സംസ്‌കാരം രൂപപ്പെടട്ടെ .പുതുതായി രംഗപ്രവേശം ചെയ്ത അനോണിമസ്‌നും സര്‍വ്വ മംഗളങ്ങളും'!

ഒരച്ഛനും മകളുടെ ആദ്യാക്ഷരങ്ങള്‍ ഇത്രയും ഗുരു വാത്സല്യത്തോടെ അനുഗ്രഹിച്ചിട്ടുണ്ടാകില്ല . ഇത്രയുമായപ്പോള്‍ സതീഷ് പഴയ പോലെ എന്നേ വീണ്ടും നോക്കി . ആ നിമിഷത്തില്‍ ഞാന്‍ അവനു മുന്നില്‍ ഒന്നുമല്ലാതായി . എന്റെ കുപ്പിവളകളും മുത്തുമാലകളും തലയില്‍ ചൂടിയ പൂമാലകളും ഒന്നൊന്നായി ഒന്നുമല്ലാതായി . കളിമണ്ണില്‍ നിന്നും ശില്‍പം ചമയ്ക്കുന്ന അവനു മാത്രമേ എന്നിലെ അനോണിമസ്‌നെ വായിക്കാന്‍ കഴിയൂ എന്ന ഏറെ താഴ്മയുള്ള നാണം ഒഴിച്ച് മറ്റൊരു ചിന്തയും എന്നില്‍ ശേഷിച്ചില്ല .

കുറെ നാളുകള്‍ക്കു ശേഷം കോരി ചൊരിയുന്ന മഴയുള്ള ഒരു രാത്രി നനഞ്ഞു കുതിര്‍ത്ത മുല്ലവള്ളികളെയും മൈലാഞ്ചി ചെടിയെയും നോക്കി കുറെ വരികള്‍ എഴുതി . അന്നത് വീട്ടില്‍ കാണിക്കാന്‍ ധൈര്യമുണ്ടായി . 'ഈശോയെ നമ്മടെ ബിന്ദു കവിത എഴുതിയോ' എന്ന് ചോദിച്ച് 'അമ്മ കരഞ്ഞു . എന്റെ വരികളെ സ്നേഹിക്കാത്ത 'അമ്മ എന്ന് കരച്ചില്‍ വന്നു.

അമ്മയുടെ പ്രതികരണം കണ്ടപ്പോള്‍ അച്ഛനും തിരിഞ്ഞു നോക്കിയില്ല. പക്ഷേ ഞാനത് ചിറക്കല്‍ പള്ളിയിലെ സാഹിത്യ പ്രിയനായ അക്കരയച്ചനു കൊടുക്കുകയും അച്ചന്‍ പള്ളിയില്‍ കയ്യെഴുത്തു മാസിക ഉണ്ടാക്കിയപ്പോള്‍ അതില്‍ പെടുത്തുകയും ചെയ്തു . നല്ല കവിത എന്ന് വീട്ടില്‍ വന്നു പറഞ്ഞിട്ടും അച്ഛനും അമ്മയും അത് കേട്ടതായി ഭാവിച്ചില്ല . വേദന തോന്നിയെങ്കിലും എഴുത്ത് ദുഃഖമാണെന്നു ജീവിതം അമ്മയെ പഠിപ്പിച്ചതാകാം കാരണം എന്ന് മാത്രം ആശ്വസിച്ചു .

പിന്നീട് കവിതകള്‍ കാണുമ്പോഴൊക്കെ വല്ലാത്ത ഭാരത്തോടെ എന്നോടെന്തോ പറയാന്‍ ശ്രമിച്ചിട്ട് മനഃപൂര്‍വ്വം ഒഴിവാക്കും. സുഗതകുമാരിയുടെ 'കൊല്ലേണ്ടതെങ്ങനെ' ഒരു ദൃശ്യശില്പമായി ചെയ്തത് നോക്കി ഞാനെന്ന അമ്മയെ സ്റ്റേജില്‍ കണ്ട് ഏറെ ദുഃഖിച്ചിരുന്നു എന്നെനിക്കറിയാം. 'അമ്മ എന്തായിരുന്നു എന്നോട് പറയാതെ പോയത് എന്നോര്‍ത്ത് ഇടയ്ക്കിടെ എനിക്ക് ഹൃദയത്തില്‍ ഒരു നീറ്റല്‍ അനുഭവപ്പെടും .

തൃശ്ശൂരില്‍ ഇന്ന് പ്രസിദ്ധനായ കൊറിയോഗ്രാഫര്‍ നൃത്താധ്യാപകന്‍ അന്ന് വേദപാഠ ക്ലാസിലെ സ്നേഹിതന്‍ നൃത്തകമ്പക്കാരന്‍, വായനക്കാരനായ കുട്ടി എല്ലാമായിരുന്നു . അവനും വന്ന് എന്നോട് സ്വകാര്യം പറഞ്ഞു 'ടീ ബിന്ദു നല്ല കവിത' . ഈ പരന്ന ഭൂമിയില്‍ മനുഷ്യരെല്ലാം സഹജര്‍ ആണെന്നും, വീടും ബന്ധുക്കളും ഒന്നും കാണാത്ത മനുഷ്യസ്പന്ദനങ്ങള്‍ അജ്ഞാതര്‍ തിരിച്ചറിയുമെന്നും സാര്‍വലൗകിക സ്നേഹം വളര്‍ത്തിയെടുക്കുന്നതില്‍ ആണ് ജീവിതവിജയമെന്നും തോന്നി

പുസ്തകപ്രകാശനം അനുബന്ധിച്ചു അച്ഛന് തന്റെ പഴയ സാഹിത്യ സൗഹൃദങ്ങള്‍ മറഞ്ഞു പോയ സ്നേഹ ബന്ധങ്ങള്‍ കുറെയൊക്കെ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞു . മാഷ്‌ടെ പത്താം ക്ലാസ്സില്‍ റാങ്ക് വാങ്ങിയ മകനെ പണ്ടേ ഞങ്ങള്‍ക്കറിയാമായിരുന്നു . പക്ഷേ ബിന്ദുവിനെ ഞങ്ങള്‍ കേട്ടിട്ടേ ഇല്ല . അച്ഛന്‍ മറുപടിയും പറഞ്ഞു സത്യമാണ് ഇവള്‍ക്ക് ഇങ്ങനെ ഒരു മുഖമുണ്ടെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല ..ശ്രദ്ധിച്ചിട്ടുമില്ല പണ്ട് പണ്ടൊരു അനോണിമസ്‌നെ ഓര്‍ക്കുന്നുണ്ടോ ഒന്‍പതാം ക്ലാസ്‌ലെ എന്ന് ചോദിയ്ക്കാന്‍ തോന്നിയെങ്കിലും മനഃപൂര്‍വ്വം ഒഴിവാക്കി . ഇത് വായിച്ചു ഓര്‍ക്കുന്നെങ്കില്‍ ആകട്ടെ .

ഒരച്ഛനും അമ്മയ്ക്കും സ്വന്തം മകള്‍ ഇത്രമേല്‍ 'അനോണിമസ്' ആയിട്ടുണ്ടാവില്ല ഭൂമിയില്‍ അച്ഛനെയും അമ്മയെയും ഇത്രയേറെ അറിഞ്ഞ മറ്റൊരു മകളും ഭൂമിയില്‍ ഉണ്ടാവരുതേ എന്ന തീവ്ര മായ 'സ്വാര്‍ത്ഥ സ്നേഹം ' എന്റെ ഉള്ളിലെവിടെയോ ആശയായി വെറുതെ പടരുന്നു .
part-1
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക