Image

ആത്യന്തികമായ വിജയം മനുഷ്യന്‍ തന്നെ കൊണ്ടുപോകും: ഷിബു ഗോപാലകൃഷ്ണന്‍

Published on 27 November, 2018
ആത്യന്തികമായ വിജയം മനുഷ്യന്‍ തന്നെ കൊണ്ടുപോകും: ഷിബു ഗോപാലകൃഷ്ണന്‍
ശബരിമല വിഷയത്തില്‍ പലവിധ നിലപാട് ഉള്ളവരെ കണ്ടുമുട്ടാനും കേട്ടുമുട്ടാനുമുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്.

1. മനുഷ്യനാണോ ആചാരമാണോ ആദ്യം ഉണ്ടായതെന്നു ചോദിച്ചാല്‍ യാതൊരു സംശയുമില്ലാതെ ആചാരമാണെന്നു തറപ്പിച്ചു പറയുന്നവര്‍. ഒരുനിലയ്ക്കും യുവതികളെ ശബരിമലയില്‍ കയറാന്‍ തമ്മസിക്കൂല്ല എന്നു തീരുമാനിച്ചുറപ്പിച്ചവര്‍. അവര്‍ പറഞ്ഞാല്‍ പറഞ്ഞതാണ്! ആചാരം ലംഘിക്കാന്‍ അവര്‍ സാക്ഷാല്‍ അയ്യപ്പനെ പോലും അനുവദിക്കാറില്ല. വേറെ എന്തൊക്കെ ലംഘിച്ചാലും അവര്‍ ആചാരം മാത്രം ലംഘിക്കൂല്ല, അങ്ങനെയും ഒരു ആചാരം. എന്നാ പിടിവാശിയാന്നെ! ഇവര്‍ക്ക് പ്രത്യേകിച്ച് പാര്‍ട്ടി ഒന്നും ഇല്ല, ഇവര്‍ എല്ലാ പാര്‍ട്ടികളിലും ഉണ്ട്. ആചാരത്തിന്റെ കാര്യം വന്നാല്‍ കൈമെയ്യ് മറന്നു ഒന്നിച്ചുനില്‍ക്കാനും, വികാരം വൃണപ്പെടാനും, യാതൊരു മടിയുമില്ലാത്ത ഇവര്‍, ചിലപ്പോഴൊക്കെ കടുത്ത ജനാധിപത്യ വിശ്വാസികളായും, ഭരണഘടനാനുഭാവികളായും കാണപ്പെടുകയും ചെയ്യുന്നു. നോക്കണ്ട ഉണ്ണ്യേയ്!

2. ആചാരം മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ച്ചിട്ട് ഇറക്കാനും വയ്യാത്ത, ഒറ്റനോട്ടത്തില്‍ നിഷ്‌കളങ്കരും സമാധാനപ്രിയരും എന്നുതോന്നിപ്പിക്കുന്ന സാവകാശവാദികള്‍. യുവതികള്‍ കയറുന്നതില്‍ പ്രശ്‌നമില്ല എന്നിവര്‍ ഇടയ്ക്കിടെ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും, ഇനി എങ്ങാനും നമുക്ക് സംശയം തോന്നിയാലോ! എന്നാല്‍ കുറച്ചു സാവകാശത്തില്‍ മതി, ഇപ്പോള്‍ കയറ്റണ്ട. ഗംഗ ഇപ്പോള്‍ പോവണ്ട! ഇത്തിരി സാവകാശം എടുത്തിരുന്നെങ്കില്‍ യുവതികള്‍ക്ക് സുഗമമായി ദര്‍ശനഭാഗ്യം ലഭിക്കുമായിരുന്നു എന്നതാണ് ഇവരുടെ ഒരു വിശ്വാസം, അങ്ങനെയും ഒരു വിശ്വാസം! ആചാരവാദികളാണോ എന്നുചോദിച്ചാല്‍ അല്ല, എന്നാല്‍ പുരോഗമനവാദികള്‍ അല്ലേ എന്നുചോദിച്ചാല്‍, ആണ്. ആകെമൊത്തം അതുതാനല്ലയോ ഇതെന്നെരു വര്‍ണ്യത്തിലാശങ്ക! താനാരാണെന്നു തനിക്കറിയത്തില്ലെങ്കില്‍ താനെന്നോടു ചോദിക്ക്!

3. ഇനിയൊരു കൂട്ടരുണ്ട്. അവര്‍ക്ക് യുവതികളോട് യാതൊരു വിരോധവുമില്ല, ഭരണഘടനയോടു ഭയഭക്തിബഹുമാനം മാത്രം, സുപ്രീംകോടതിയോട് അങ്ങേയറ്റത്തെ ആദരവ്, കേന്ദ്ര സര്‍ക്കാരിനോട് പരിഭവങ്ങളൊന്നുമില്ല എന്നുമാത്രമല്ല, പ്രണയമാണ്. കുഴപ്പങ്ങള്‍ മുഴുവന്‍ ഉണ്ടാക്കുന്നത് ഈ പിണറായി വിജ്യനാണ്. കേന്ദ്രം ഭരിക്കുന്ന, ഹിന്ദുത്വത്തെ അടിസ്ഥാന പ്രമാണമാക്കിയ ഒരു ദേശീയ പാര്‍ട്ടിക്ക്, വിശ്വാസികളുടെ താല്പര്യം സംരക്ഷിച്ചുകൊണ്ട് നിയമപരമായും ഭരണപരമായും സാധ്യമായതെല്ലാം ചെയ്യാനുള്ള, എല്ലാ ധാര്‍മിക ഉത്തരവാദിത്തവും നിലനില്‍ക്കെ, അവര്‍ ഇതുവരെ എന്തൊക്കെ ചെയ്തു എന്നൊന്നും ചോദിച്ചേക്കരുത്. സംസ്ഥാന സര്‍ക്കാറിനിട്ടുള്ള നാമജപമല്ലാതെ മറ്റൊന്നും ആ നാവില്‍ വന്നുവിളയാടില്ല. ആരും അവിശ്വസിക്കരുത്, അവരും വിശ്വാസികള്‍ക്കൊപ്പമാണ്!

ആരൊക്കെ ഏതൊക്കെ പക്ഷത്തു നിന്നു പോരടിച്ചാലും ആത്യന്തികമായ വിജയം മനുഷ്യന്‍ തന്നെ കൊണ്ടുപോകും. അവന്റെ അടങ്ങാത്ത അന്വേഷണങ്ങള്‍ക്കും, അറ്റമില്ലാത്ത മുന്നേറ്റങ്ങള്‍ക്കും, അന്തമില്ലാത്ത പരിശ്രമങ്ങള്‍ക്കും മുന്നില്‍, ലോകം വഴിമാറുക തന്നെ ചെയ്യും. പുരുഷന്‍ കാലുകുത്തിയ എല്ലാ മാമലകളിലും പെണ്ണിന്റെയും കാല്‍പ്പാടുകള്‍ പതിയും. അവന്‍ മുറിച്ചുകടന്ന എല്ലാ നീരൊഴുക്കുകളിലും അവളും മുങ്ങിനിവരും. അവന്‍ നടന്നുതീര്‍ത്ത എല്ലാ കാട്ടുവഴികളും, കല്ലും മുള്ളും, അവളും നടന്നുതീര്‍ക്കും. മനുഷ്യനെന്ന മഹാസത്യത്തിനു കീഴില്‍ അവര്‍ തോളോടുതോള്‍ ചേര്‍ന്നു നീങ്ങും. അവരുടെ സമഭാവനയുടെ രാഷ്ട്രീയത്തിന് മുന്നില്‍ മറ്റെല്ലാ അജണ്ടകളും കടലെത്തും ചിതലെടുത്തും വീരചരമം പ്രാപിക്കും.

ആത്യന്തികമായ വിജയം മനുഷ്യന്‍ തന്നെ കൊണ്ടുപോകും: ഷിബു ഗോപാലകൃഷ്ണന്‍
Join WhatsApp News
josecheripuram 2018-11-29 21:03:28
The real fact is we men are really afraid of women.Just think in your home if no mother/ no wife, what would be your condition.All your existence is based on women.If a woman says Why should I become pregnant.(Now a days women started saying that).The very existence of Human being on earth will cease.If without man Jesus can be born(The best person ever lived on earth)Why the women should carry your good for nothing children.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക