Image

മസ്‌ക്കറ്റില്‍ ഇന്റര്‍ സ്‌കൂള്‍ വിജ്ഞാനോത്സവം സമാപിച്ചു

ബിജു വെണ്ണിക്കുളം Published on 27 November, 2018
മസ്‌ക്കറ്റില്‍  ഇന്റര്‍ സ്‌കൂള്‍ വിജ്ഞാനോത്സവം സമാപിച്ചു
മസ്‌കറ്റ് - ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം സംഘടിപ്പിച്ച എന്റെ കേരളം എന്റെ മലയാളം ഇന്റര്‍ സ്‌കൂള്‍ വിജ്ഞാനോത്സവം സമാപിച്ചു. ഒമാനിലെ പ്രവാസി വിദ്യാര്‍ത്ഥികളില്‍ മലയാള ഭാഷയോടും സാഹിത്യത്തോടും അഭിരുചി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പതിനാറാം തവണയാണ് കേരള വിഭാഗം പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നത്.

ഒമാനിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി 600 ല്‍ പരം കുട്ടികള്‍ പ്രശ്‌നോത്തരിയില്‍ പങ്കെടുത്തു. പ്രശസ്ത സാഹിത്യകാരനുമായ നാരായണന്‍ കാവുമ്പായി ആണ് പ്രശ്‌നോത്തരി നയിച്ചത്.
പ്രശസ്ത കഥാകാരന്‍ ടി പത്മനാഭന്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മത്സരാര്‍ഥികളെ അഭിസംബോധന ചെയ്തു. മാതൃഭാഷയായ മലയാളം അമ്മയുടെ മുലപ്പാല്‍ പോലെ നമ്മിലെക്കെത്തുന്നതാനെന്നും അത് എന്നെന്നും നമ്മുടെ വളര്ച്ചയുടെ അടിസ്ഥാനമാണെന്നും ടി പത്മനാഭന്‍ പറഞ്ഞു. മലയാള ഭാഷയ്ക്കായി പ്രവാസികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സീനിയര്‍ ജൂനിയര്‍ വിഭാഗങ്ങളില്‍ നിന്നായി പ്രാഥമിക മത്സരങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത ആറു ടീമുകള്‍ വീതമാണ് ഫൈനലില്‍ എത്തിയത്. കല സാഹിത്യം, രാഷ്ട്രീയം, കായികം, ആനുകാലികം തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി നടത്തിയ മത്സരം ആവേശമായി.

ജൂനിയര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ ഡാര്‍ സൈറ്റിലെ ചിത്ര പി.വി, ആയിഷ ദാവൂദ്, അനുശ്രീ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനവും പവിത്ര നായര്‍, രേഷ്മ രാജ് മോഹന്‍, ഭാവേഷ് എസ് (ഇന്ത്യന്‍ സ്‌കൂള്‍ അല്‍ ഗുബ്ര), ശ്രുതി സുധീഷ്, നന്ദന എം മേനോന്‍, ഗൗരി പ്രവീണ്‍ രാജ് (ഇന്ത്യന്‍ സ്‌കൂള്‍ ഡാര്‍സൈറ്റ്) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ നിരഞ്ജന്‍ ജിതീഷ്, മാളവിക ശിവപ്രസാദ്, ലക്ഷ്മി എച്ച് സജീവ് (ഇന്ത്യന്‍ സ്‌കൂള്‍ അല്‍ ഗുബ്ര) എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനവും ആതിര ഉണ്ണി, കെ പ്രവീണ, മൊഹമ്മദ് സിനാല്‍ (ഇന്ത്യന്‍ സ്‌കൂള്‍ അല്‍ മൊബേല), അദില്‍ ഷരഫുദ്ദീന്‍, ദേവിക മോഹനന്‍, ഹനീന്‍ മൊഹമ്മദ് (ഇന്ത്യന്‍ സ്‌കൂള്‍ ഡാര്‍സൈറ്റ്) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

വിജയികള്‍ക്ക് നാരായണന്‍ കാവുമ്പായി പ്രശസ്തി പത്രവും ഫലകവും വിതരണം ചെയ്തു. നാരായണന്‍ കാവുമ്പായിക്ക് കേരള വിഭാഗത്തിന്റെ ഉപഹാരം ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ ജനറല്‍ സിക്രട്ടറി ബാബു രാജേന്ദ്രന്‍ സമ്മാനിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ബേബി സാം ആശംസകള്‍ നേര്‍ന്നു.
മസ്‌ക്കറ്റില്‍  ഇന്റര്‍ സ്‌കൂള്‍ വിജ്ഞാനോത്സവം സമാപിച്ചുമസ്‌ക്കറ്റില്‍  ഇന്റര്‍ സ്‌കൂള്‍ വിജ്ഞാനോത്സവം സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക